ചെക് റിപ്പബ്ലിക്കിലെ ഭരണാധികാരികൾ സുപ്രധാനമായ ഒരു നിയമനിർമ്മാണം നടത്തിയിരിക്കുകയാണ്. ഫാസിസ്റ്റ് അടിച്ചമർത്തലുകളുടെയും ശീതയുദ്ധ കാലത്തെ പ്രതികാര വാഞ്‍ഛയുടെയും പ്രേതം പിടികൂടിയ ഭരണാധികാരികൾ നിയമ നിർമ്മാണസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ 2025 മേയ് 30ന് രാജ്യത്തെ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നതും അതിനെ പിന്തുണയ്ക്കുന്നതും ശിക്ഷാർഹമാക്കി. ഭേദഗതി പ്രകാരം പത്തു വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തെയും അനുഭാവത്തെയും മാറ്റി. കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുക, ആശയങ്ങൾ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, പ്രക്ഷോഭം നടത്തുക, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നിവയ്ക്ക് പത്ത് വർഷത്തെ ജയിൽവാസം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുതലാളിത്തത്തെ വെല്ലുവിളിക്കാൻ ധൈര്യപ്പെടുകയാണെങ്കിൽ പത്ത് വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നർത്ഥം. ഏതെങ്കിലും നവ ഫാസിസ്റ്റ് സംഘടന മുന്നോട്ടുവച്ച കേവല നിർദേശമല്ല ഇത്. യൂറോപ്യൻ യൂണിയനിൽ അംഗമായ, ഉദാര ജനാധിപത്യമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തെ ഭരണാധികാരികൾ നിയമനിർമ്മാണസഭ വഴി പാസാക്കിയെടുത്തതാണ്. സഭയിൽ ഒരു പാർട്ടിപോലും ഈ ജനാധിപത്യ വിരുദ്ധനീക്കത്തെ എതിർത്തില്ലെന്നത് അവിടെ നിൽക്കട്ടെ. സെനറ്റും പ്രസിഡന്റും അംഗീകരിച്ചാൽ മാത്രമേ ബില്ല് നിയമമമായി പ്രാബല്യത്തിലാവുകയുള്ളു എങ്കിലും, ഉടൻതന്നെ അംഗീകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഈ നിയമനിർമ്മാണത്തിന്റെ ആത്യന്തിക ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബൊഹീമിയ ആന്റ് മൊറാവിയ (കെഎഎസ്‌സിഎം) ആണെന്നതിൽ സംശയമില്ല. ഈ പുതിയ നിയമം പാർട്ടിയെ തന്നെയാണ് വ്യക്തമായി ലക്ഷ്യമിടുന്നതെന്നും കിരാത നടപടിക്കെതിരെ അന്താരാഷ്ട്ര ഐക്യദാർഢ്യം വളർന്നുവരണമെന്നും കെഎഎസ്‌സിഎം വൈസ് ചെയർപേഴ്സൺ മിലാൻ ക്രാജ്ക അഭിപ്രായപ്പെടുകയുണ്ടായി. ഇത് ചെക്ക് റിപ്പബ്ലിക്കിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ലെന്നും യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലും വിദേശത്തും സമാനമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങളുണ്ടാകാനുള്ള സാധ്യത വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം തകർന്നടിഞ്ഞ രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെക്ക്, സ്ലോവാക് ജനവിഭാഗങ്ങൾ ഇന്നും അനുഭവിക്കുന്ന വ്യാവസായിക, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ഫാസിസത്തെ ചെറുത്ത് തോല്പിക്കുകയും ചെയ്ത ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) യുടെ പിൻഗാമിയാണ് കെഎസ്‌സിഎം. 1989‑ലെ പ്രതിവിപ്ലവത്തിനുശേഷം, സിസിപി വേട്ടയാടപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്തു. പിന്നീട് 1989ൽ തന്നെ കെഎഎസ്‌സിഎം എന്ന പേരിൽ പുനഃസ്ഥാപിതമാവുകയായിരുന്നു. പ്രസ്തുത പാർട്ടി തൊഴിലാളി വർഗത്തിനുവേണ്ടി ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ്, അല്ലാതെ ഏതെങ്കിലും കുറ്റകൃത്യം ചെയ്തതിന്റെ പേരിലല്ല പൂർണമായും നിരോധിക്കപ്പെടാൻ പോകുന്നത്. അതുകൊണ്ടുതന്നെ നിയമനിർമ്മാണത്തോട് രോഷംകൊള്ളുവാൻ പാർട്ടിക്ക് അവകാശമുണ്ടെന്നും മിലാൻ പറയുന്നു.ചെക്ക് റിപ്പബ്ലിക്കിലെ കമ്മ്യൂണിസ്റ്റ് നിരോധന നീക്കം ഒറ്റപ്പെട്ടതല്ല. വളർന്നു വരുന്ന പുതിയ പ്രവണതയുടെ ഉദാഹരണമാണ്. പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം, പ്രത്യയശാസ്ത്രപരമായ ബഹുസ്വരത എന്നിവയോട് പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെടുന്ന ഉദാര ജനാധിപത്യ ഭരണ സംവിധാനങ്ങളാണ് തെറ്റായ നയങ്ങൾക്കെതിരെ ഇടതുപക്ഷം വെല്ലുവിളി ഉയർത്തുമ്പോൾ ക്രൂരമായ നയങ്ങളിലേക്ക് തിരിയുന്നത്. ഭൂഖണ്ഡത്തിൽ ഉടനീളം വൻതോതിലുള്ള ആയുധശേഖരണത്തിന് നേതൃത്വം നൽകുകയും അത്തരം തീരുമാനങ്ങളെ അനുകൂലിക്കുകയും ചെയ്യുന്നതും ഇതേ പാർട്ടികൾ തന്നെയാണ്.
ജർമ്മനിയുടെ ഉദാഹരണം എടുക്കുക. ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി (ഡികെപി) യിലെയും രാജ്യത്തെ ചുരുക്കം ചില സോഷ്യലിസ്റ്റ് പത്രങ്ങളിൽ ഒന്നായ ജുൻഗെ വെൽട്ടി (Junge welt) ലെയും പ്രവർത്തകരെ ജർമൻ ജർമ്മൻ ഭരണകൂടം ഉപദ്രവിക്കുകയും നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ദുർബലമായ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് 2021ൽ രജിസ്റ്റർ ചെയ്ത പാർട്ടികളുടെ പട്ടികയിൽ നിന്ന് ഡികെപിയെ നീക്കം ചെയ്യുന്നതിന് ബർലിൻ ഭരണാധികാരികൾ ശ്രമിച്ചത്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും ഫാസിസത്തിന്റെയും കേന്ദ്രമായിരുന്ന ഒരു രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു ഭീഷണിയായി കാണുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നു. അതേസമയം തന്നെ ഫാസിസ്റ്റ് ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എഎഫ്ഡി) യിലെ ഏറ്റവും വലിയ പാർട്ടികളിൽ ഒന്നായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയിരിക്കുകയാണ്. ബാൾട്ടിക് സംസ്ഥാനങ്ങളായ ലാത്വിയ, ലിത്വാനിയ എന്നിവിടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ മാത്രമല്ല, അതിന്റെ ചിഹ്നങ്ങളെ പോലും പൂർണമായി നിരോധിച്ചു. ഡികമ്മ്യൂണിസ്റ്റേഷൻ എന്ന പ്രാദേശിക സംജ്ഞയിലൂടെ ചരിത്രത്തെ തന്നെ മായ്ച്ചു കളയുകയാണ് ഈ നടപടികളുടെ ലക്ഷ്യം. നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും പിന്തുണയുള്ള ഈ സർക്കാരുകൾ 80 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ മണ്ണിൽ ഫാസിസത്തെ പരാജയപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കുറ്റകരമാക്കുമ്പോൾ തന്നെ ജനാധിപത്യത്തിന്റെ സംരക്ഷകരാണെന്ന് സ്വയം ചിത്രീകരിക്കുകയും ചെയ്യുന്നു.
ജനാധിപത്യത്തിനായുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ നിൽക്കുന്നു എന്ന് കരുതപ്പെടുന്ന രാജ്യമായ ഉക്രെയ്നിൽ 2015 മുതൽ എല്ലാ കമ്മ്യൂണിസ്റ്റു പാർട്ടികളെയും നിരോധിച്ചിരിക്കുകയാണ്. അവയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, നേതാക്കന്മാരെ നാടുകടത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്തു. ജനാധിപത്യത്തിന്റെ ദീപസ്തംഭം എന്ന് പാശ്ചാത്യർ വാഴ്ത്തിയ ഒരു സർക്കാരാണ് ഈ നടപടികൾ സ്വീകരിച്ചത്. യൂറോപ്പിന് പുറത്തും പല രാജ്യങ്ങളിലും ഈ രീതി പിന്തുടരുന്നുണ്ട്. ഇന്ത്യയിലെ നരേന്ദ്ര മോഡി സർക്കാർ കമ്മ്യൂണിസ്റ്റുകാർ, സോഷ്യലിസ്റ്റുകാർ, ട്രേഡ് യൂണിയൻ പ്രവർത്തകർ എന്നിവർക്കെതിരെ അടിച്ചമർത്തൽ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യമെന്ന് വിളിക്കപ്പെടുന്ന ഇസ്രയേലിൽ സമാധാനത്തിനായി വാദിക്കുകയും വിവേചനത്തെ എതിർക്കുകയും ചെയ്യുന്ന സർക്കാരിതര, സാമൂഹ്യ പ്രസ്ഥാനങ്ങളെ തീവ്രവാദ സംഘടനകൾ ആയി പ്രഖ്യാപിക്കുന്നു. ഇസ്രയേൽ പാർലമെന്റ് ആയ നെസെറ്റിൽ നിന്നും ഹദാഷിന്റെ (സമാധാനത്തിനും സമത്വത്തിനും വേണ്ടിയുള്ള ജനാധിപത്യ കൂട്ടായ്മ) നേതാക്കളെ പുറത്താക്കാൻ സർക്കാർ നിരന്തരം ശ്രമിച്ചു. അതിലെ അംഗങ്ങൾ പലപ്പോഴും പൊലീസിന്റെ ഉപദ്രവത്തിന് വിധേയരാകുന്നു. പലപ്പോഴും ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വരുന്നു. അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഓഫിസിനെ ഉപയോഗിച്ച് സമാധാന പ്രവർത്തകരെ നിശബ്ദരാക്കാനും അറസ്റ്റ് ചെയ്യാനും ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ വിയോജിപ്പിനെതിരെ ഭരണകൂട അതിക്രമങ്ങളുടെ മാതൃക തന്നെ ഇവിടെ സൃഷ്ടിക്കുന്നു.
യാദൃച്ഛികമായ ഒരു വ്യതിയാനത്തെയല്ല, മുതലാളിത്ത പ്രതിസന്ധിയുടെ രാഷ്ട്രീയ കുതന്ത്രത്തെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നവ ഉദാരവൽക്കരണം സ്ഥിരത പോലും നൽകാനാകാതെ — തൊഴിലാളികൾക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, ഭവനം തുടങ്ങിയവ — പരാജയപ്പെടുമ്പോൾ എതിർപ്പുകളെ ഇല്ലാതാക്കുന്നതിന് എല്ലാ മാർഗങ്ങളും സ്വീകരിക്കുകയും തങ്ങളുടെ വ്യവസ്ഥയെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. ഫാസിസമാണ് ഉപകാരപ്രദമാകുക എങ്കിൽ ലിബറലിസം അതിനെ തങ്ങളുടെ അടുത്ത പങ്കാളിയാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് കാണുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ നിയമഭേദഗതി അക്രമമോ തീവ്രവാദമോ തടയുന്നതിനു വേണ്ടിയുള്ളതല്ല. മറിച്ച് മുതലാളിത്തത്തിനെതിരായ വിമർശനങ്ങളെ നിശബ്ദമാക്കുന്നതിന് വേണ്ടിയുള്ളതാണ്. വ്യത്യസ്തമായ ഒരു ലോകത്തിനായി വാദിക്കാൻ ഒരു സാധ്യതയുമില്ലെന്നു വരുത്തുകയും ലോകത്ത് ആകെയുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ദുർബലപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യുന്നതിനു വേണ്ടിയുമാണീ നടപടികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.