ടി കെ വിനോദന്‍

May 10, 2021, 4:45 am

സമരവും പഠനവും സമന്വയിപ്പിച്ച സഖാവ്

Janayugom Online

ബോബി പൗലോസ്, വിദ്യാര്‍ത്ഥികാലം മുതല്‍ക്കെ മനുഷ്യരില്‍ ബൗദ്ധിക ബോധം വളര്‍ത്തിയെടുക്കാന്‍ യത്നിച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരില്‍ ഒരാള്‍. രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും സംരക്ഷിക്കാന്‍ പോരിനിറങ്ങിയ പ്രക്ഷോഭകാരി. രാജ്യം കോവിഡിന് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, ഡല്‍ഹിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സിപിഐയുടെ മുന്നണിപ്പോരാളിയായി നിലകൊണ്ട ജനനേതാവ്. തന്റെ ശരീരത്തിലും കടന്നുകൂടിയ കൊറോണയെയും തളര്‍ത്തി വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് മരണം മറ്റൊരുവഴിയിലൂടെ തേടിയെത്തിയത്. ഹൃദയാഘാതം ബോബിയെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍, തകര്‍ന്നത് വലിയൊരുകൂട്ടം സുഹൃത്തുക്കളും സഖാക്കളും രാജ്യതലസ്ഥാന നഗരത്തിലെ ഒട്ടേറെ സാധാരണക്കാരുടെ ഹൃദയങ്ങളുമാണ്.

തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ ഡൽഹിയിലെ എഐഎസ്എഫിന്റെ സംസ്ഥാന നേതൃനിരയിൽ തിളങ്ങിനിന്ന ബോബി ഏവരുടെയും ആവേശമായിരുന്നു. 1989ലാണ് ജെഎൻയുവിൽ വിദ്യാർത്ഥിയായി ചേരുന്നത്. വൈകാതെ തന്നെ ബോബി എഐഎസ്എഫിന്റെ സജീവ പ്രവർത്തകനായിക്കഴിഞ്ഞിരുന്നു. 1989, 90, 91, 92 വർഷങ്ങൾ പലകാരണങ്ങൾ കൊണ്ടും ഇന്ത്യയിലും ലോകത്താകെയും സംഘർഷങ്ങൾ നിറഞ്ഞ കാലമായിരുന്നു. ആ സംഘർഷങ്ങൾ ജെഎൻയു ക്യാമ്പസിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലും സൃഷ്ടിച്ച വലിയ ചലനങ്ങളിൽ എഐഎസ്എഫും ഭാഗഭാക്കായി. സംഘർഷനിർഭരമായ ആ കാലഘട്ടം വളർത്തിയെടുത്ത പൊതുപ്രവർത്തകനും ബുദ്ധിജീവിയുമാണ് ബോബി പൗലോസ്.

1989 ൽ ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് ഭരണകൂടം നേരിട്ട കിരാതമായ രീതിയെ എഐഎസ്എഫ് അതിശക്തമായാണ് അന്ന് പ്രതിഷേധിച്ചത്. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും നിലനിന്ന ഭരണകൂടങ്ങൾ വലിയ എതിർപ്പുകൾ നേരിട്ട കാലം. തുറന്ന ചർച്ചകൾക്ക് എഐഎസ്എഫ് ജെഎൻയു യൂണിറ്റ് നേതൃത്വം നല്‍കി. ആ ചർച്ചകളിൽ സജീവ പങ്കാളിയായിരുന്നു ബോബി. പഠിക്കാനും മനസിലാക്കാനും പഠിച്ച കാര്യങ്ങൾ പ്രവർത്തനത്തിൽ ഉപയോഗപ്പെടുത്താനുമുള്ള ബോബിയുടെ താല്പര്യവും ഉത്സാഹവും എസ്എഫിന്റെ കമ്മിറ്റികളിലും പാർട്ടി ബ്രാഞ്ച് യോഗങ്ങളിലും സംസാരിക്കുമ്പോഴെല്ലാം വ്യക്തമാകുമായിരുന്നു.

1990ൽ മണ്ഡൽ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുമെന്ന വി പി സിംഗ് സർക്കാരിന്റെ പ്രഖ്യാപനത്തിന് പൂർണ പിന്തുണ നല്‍കാൻ സിപിഐയും എഐഎസ്എഫും തീരുമാനിച്ചപ്പോൾ ആ തീരുമാനത്തോടൊപ്പം എഐഎസ്എഫ് ജെഎൻയു യൂണിറ്റ് ശക്തമായി നിലകൊണ്ടു. മണ്ഡലിന്റെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാനും അക്രമാസക്തമായ മണ്ഡൽ വിരുദ്ധ സമരത്തെ നേരിടാനുമുള്ള പ്രവർത്തനങ്ങളിൽ ബോബി മുന്നിലുണ്ടായിരുന്നു. എ ബി ബർധൻ, സ്വാമി അഗ്നിവേശ്, എസ് ജയപാൽ റെഡ്ഡി തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് എഐഎസ്എഫ് സംഘടിപ്പിച്ച യോഗങ്ങളും മണ്ഡൽ വിരുദ്ധ സമരത്തിനെതിരായ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കുന്നതിൽ ബോബി നേതൃത്വം വഹിച്ചു.

1991 ൽ സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്ന് സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയെക്കുറിച്ചുള്ള ചർച്ചകളിലും ജെഎൻയുവിലെ എഐഎസ്എഫ് യൂണിറ്റ് നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. 1991ലെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെ, ഇടതുപക്ഷത്തിനുള്ളിലെ ആശയ സമരത്തിനും ചർച്ചയ്ക്കുമുള്ള വേദിയായി എഐഎസ്എഫ് മാറ്റി. മുന്നണിയായല്ലാതെ എഐഎസ്എഫ് തനിച്ച് മത്സരിച്ച ആ തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബോബി മത്സരിക്കുകയും ചെയ്തു.
ബാബറി മസ്ജിദ് സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുക്കുകയായിരുന്നു ആ കാലത്തെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. അയോധ്യയിലേക്കുള്ള മാർച്ച് ഉൾപ്പെടെ പാർട്ടിയും എസ്എഫും സംഘടിപ്പിച്ച എല്ലാ പരിപാടികളിലും 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുള്ള പ്രതിഷേധങ്ങളിലും ബോബി മുന്നിൽ തന്നെയുണ്ടായിരുന്നു.

പഠനത്തിനു ശേഷം വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുമ്പോഴും പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ബോബി ഒരു വീഴ്ചയും വരുത്തിയില്ല. മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ സഹോദരിയുടെ പുത്രന്‍, ജെഎൻയുവിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ടി പൗലോസിന്റെ മകന്‍, ഈ ബന്ധങ്ങളൊന്നും വ്യക്തിഗതമായ നേട്ടങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ പാടില്ല എന്ന കാര്യത്തിൽ ബോബിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരിക്കൽ അജോയ്ഭവനിൽ വച്ച് ബോബിയെ അന്ന് കേരളത്തിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പി കെ വിക്ക് പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചത് ഇന്നും മറന്നിട്ടില്ല. പി കെ വി മറ്റു നേതാക്കളോട് ബോബിയെക്കുറിച്ച് സംസാരിച്ചിരുന്നു എന്നറിയുന്നത് 1996 ലെ തെരഞ്ഞെടുപ്പ് കാലത്ത് വെളിയം ഭാർഗവൻ എന്നെ പാർട്ടി ഓഫീസിൽ വിളിപ്പിച്ചപ്പോഴാണ്. 

ബോബിയെ അടൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് പാർട്ടി നേതൃത്വം ആലോചിക്കുന്നുവെന്ന് വെളിയം പറഞ്ഞു. മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെന്നതിനാൽ ആ ആലോചന മുന്നോട്ടുപോയില്ല. നിഷ്കളങ്കതയായിരുന്നു ബോബിയുടെ മുഖമുദ്ര. എപ്പോഴും കൂടുതൽ അറിയാനും പഠിക്കാനുമുള്ള വ്യഗ്രത സഖാവിന്റെ ശീലമായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞ് ഫലം വരുന്നതിനു മുമ്പ് എന്നെ വിളിച്ചപ്പോഴും ഡൽഹിയിലെ പാർട്ടി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. അവസാന നിമിഷം വരെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു വിശ്വസിച്ച ബോബിയുടെ പാർട്ടിയോടുള്ള കൂറ് അചഞ്ചലമായിരുന്നു. പ്രിയ സഖാവേ, ലാൽ സലാം.