24 April 2025, Thursday
KSFE Galaxy Chits Banner 2

മണ്ഡല പുനർനിർണയം സംബന്ധിച്ച ആശങ്കകൾ

എ ജി വെങ്കിടേഷ്
March 2, 2025 4:35 am

മണ്ഡല പുനർനിർണയം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. 2026ൽ നടക്കുമെന്ന് കരുതപ്പെടുന്ന കാനേഷുമാരിയുടെ അടിസ്ഥാനത്തിൽ മണ്ഡല നിർണയ പ്രക്രിയ നടത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഈ ഘട്ടത്തിൽ പ്രധാനമായി ഉന്നയിക്കപ്പെടുന്ന ആശങ്ക തെക്കൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണം കുറയുമെന്നതാണ്. ജനസംഖ്യാ നിയന്ത്രണം ഒരു പ്രധാന ദേശീയ ലക്ഷ്യമാണെങ്കിലും അത് ഫലപ്രദമായി നടത്തിവരുന്നത് ബിജെപിയിതര രാഷ്ട്രീയത്തിന് വേരോട്ടമുള്ള സംസ്ഥാനങ്ങളിലാണ് എന്നതിനാലാണ് ഈ ആശങ്ക പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടുത്തിടെ പറഞ്ഞതുപോലെ ഈ സംസ്ഥാനങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും വലിയ പരിഗണനയാണ് നൽകുന്നത്. അതിനാൽത്തന്നെ ജനസംഖ്യയിലെ കുറവ് മണ്ഡലങ്ങളുടെ എണ്ണത്തിൽ ഇടിവുണ്ടാക്കുമെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. അതിർത്തി നിർണയത്തിന്റെ ഭീഷണി ഡെമോക്ലസിന്റെ വാൾ പോലെ തെക്കൻ സംസ്ഥാനങ്ങൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നുവെന്നും മാനവ വികസന സൂചികകളിൽ മുൻപന്തിയിലുള്ള തമിഴ്‌നാട് ഗുരുതരമായ ഭീഷണിയാണ് അഭിമുഖീകരിക്കുവാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
തമിഴ്‌നാട്ടിൽ നിലവിലുള്ള 39 ലോക്‌സഭാ സീറ്റുകൾ അതിർത്തി പുനർനിർണയ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ 31 ആയി കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ഇത് എണ്ണത്തിലെ കുറവ് മാത്രമല്ല, അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും തമിഴ്‌നാടിന്റെ ശബ്ദം അടിച്ചമർത്തപ്പെടുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് മാർച്ച് അഞ്ചിന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികളുടെ യോഗം അദ്ദേഹം വിളിച്ചുചേർത്തിരിക്കുകയാണ്. 

എം കെ സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിറകെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അതിർത്തി നിർണയം ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിക്കുകയുണ്ടായി. അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഒരു ലോക്‌സഭാ സീറ്റ് പോലും കുറയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പാക്കിയിട്ടുണ്ടെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമിത് ഷാ നടത്തിയ പ്രതികരണത്തിലെ കൗശലം തിരിച്ചറിയുമ്പോഴാണ് അതിലെ വൈരുദ്ധ്യം മനസിലാക്കാനാകുക. ആദ്യഭാഗത്ത് അതിർത്തി നിർണയം ബാധിക്കില്ലെന്ന് പറയുന്ന അമിത് ഷാ, ന്യായമായ വിഹിതം ലഭിക്കുമെന്ന് വിശദീകരിക്കുന്നതിൽ അപകടത്തിന്റെ സൂചനയുണ്ട്. കാരണം 2026ലെ ജനസംഖ്യാനുപാതികമായ വിഹിതമെന്ന് അതിനെ വായിച്ചെടുക്കണം. അതിനർത്ഥം ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലായ സംസ്ഥാനങ്ങൾക്ക് വിഹിതത്തിൽ കുറവുണ്ടാകുമെന്ന് തന്നെയാണ്.
അതുപോലെതന്നെ ഇക്കാര്യത്തിൽ പ്രധാനമായി ഉയരുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമായിട്ടുമില്ല. നിലവിലുള്ള നിയോജകമണ്ഡലങ്ങളുടെ എണ്ണമാണോ അതോ ജനസംഖ്യയാണോ അനുപാതം കണക്കാക്കുന്നതിന് സ്വീകരിക്കുക എന്നതാണത്. ഇതുസംബന്ധിച്ച് മുൻ കേന്ദ്ര സെക്രട്ടറി ഇ എ എസ് ശർമ്മ വിശദമായൊരു ലേഖനം കൗണ്ടർ കറന്റ് ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ സ്റ്റാലിനും മറ്റ് പ്രതിപക്ഷ നേതാക്കളും ഉന്നയിക്കുന്ന ആശങ്കകളെ സാധൂകരിക്കുന്ന വസ്തുതകൾ നിരത്തിയിട്ടുമുണ്ട്. 2021 ഓഗസ്റ്റ് 24ന് ഈ ആശങ്കകൾ പങ്കുവച്ച് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അദ്ദേഹം അയച്ച കത്തിന്റെ കോപ്പിയും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

നിലവിൽ 1971ലെ ജനസംഖ്യ അടിസ്ഥാനമാക്കി നിശ്ചയിച്ച മണ്ഡലങ്ങളാണ് ഓരോ സംസ്ഥാനത്തും നിലവിലുള്ളത്. അതിനനുസൃതമായാണ് പിന്നീട് രണ്ടുതവണ അതിർത്തി പുനർനിർണയം നടത്തിയപ്പോഴും എണ്ണത്തിൽ കുറവ് വരാതിരുന്നത്. അവസാനം നടന്ന മണ്ഡല പുനർനിർണയ പ്രക്രിയയ്ക്കുശേഷം 2009ലാണ് രാജ്യത്ത് ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. വയനാട് എന്ന പുതിയ മണ്ഡലവും മറ്റുള്ളവയുടെ ഘടനയിലും ചിലതിന്റെ പേരുകളിലും മാറ്റമുണ്ടായെങ്കിലും നമ്മുടെ സംസ്ഥാനത്ത് എണ്ണം 20ൽ തന്നെ നിന്നു. അതേസമയം ജനസംഖ്യാനുപാതികമായിരുന്നുവെങ്കിൽ എണ്ണത്തിൽ കുറവ് വരേണ്ടതായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ കൃത്യമായ ഉത്തരം നൽകാത്ത സാഹചര്യത്തിൽ എണ്ണം കുറയാനിടയുണ്ടെന്ന ആശങ്ക തന്നെയാണ് ഇ എ എസ് ശർമ്മ തന്റെ ലേഖനത്തിലും പങ്കുവയ്ക്കുന്നത്.
2001ലെ 84, 2003ലെ 87 ഭരണഘടനാ ഭേദഗതികളനുസരിച്ചാണ് അവസാന മണ്ഡല പുനർനിർണയം നടത്തിയത്. 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലേക്കും നിയമസഭകളിലേക്കും അനുവദിച്ചിട്ടുള്ള നിലവിലുള്ള സീറ്റുകളുടെ എണ്ണം 2026 വരെ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രസ്തുത ഭേദഗതികകളിൽ വ്യക്തമാക്കിയിരുന്നത്. അതനുസരിച്ച് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം നിശ്ചയിക്കപ്പെടേണ്ടതുണ്ട്, നിലവിലുള്ളവ തുടരണമെങ്കിലും പുതിയവ നടപ്പിലാക്കണമെങ്കിലും. ഇതിൽ ഏതാണ് ബിജെപി തെരഞ്ഞെടുക്കുകയെന്ന് അനുമാനിക്കണമെങ്കിൽ ചില കണക്കുകൾ പരിശോധിക്കണം. 

1971ലെ ജനസംഖ്യയല്ല മാനദണ്ഡമാക്കുന്നതെങ്കിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട്, കർണാടക, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എണ്ണം കുറയുകയും ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വർധിക്കുകയുമാണ് ചെയ്യുക. ദശവാർഷിക ജനസംഖ്യാ വളർച്ച ആദ്യ ഏഴ് സംസ്ഥാനങ്ങളിൽ വിപരീത നിലയിലായിരുന്നു. കേരളത്തിൽ 12.8, ആന്ധ്രാ പ്രദേശ് 6.7, തെലങ്കാന, തമിഴ്‌നാട് 2.1, കർണാടക 2.1, ഒഡിഷ 3.7, പശ്ചിമ ബംഗാൾ 3.9 ശതമാനം നിരക്കിലാണ് കുറഞ്ഞത്. എന്നാൽ ഉത്തർപ്രദേശ് 2.5, ബിഹാർ 7.7, മധ്യപ്രദേശ് 2.6, ഹരിയാന 2.2, ഗുജറാത്ത് 1.6, രാജസ്ഥാൻ 3.6 എന്ന നിലയിൽ മുകളിലോട്ട് കുതിക്കുകയും ചെയ്തു. ആദ്യ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 35.4 ശതമാനത്തിൽ നിന്ന് 34.3 ആയി കുറയുമ്പോൾ രണ്ടാം വിഭാഗത്തിലെ ആറിടങ്ങളിൽ 38.6ൽ നിന്ന് 40.9 ശതമാനമായി പങ്കാളിത്തം ഉയരുകയും ചെയ്യും. 

ജനസംഖ്യ കുറ‍ഞ്ഞ ആദ്യ ഏഴ് സംസ്ഥാനങ്ങളിൽ ഒരിടത്താണ് ബിജെപിക്ക് ഭരണമുള്ളത്. ആന്ധ്രയിൽ സഖ്യകക്ഷിഭരണവും. അവശേഷിക്കുന്നതെല്ലാം പ്രതിപക്ഷ സംസ്ഥാനങ്ങളാണ്. എന്നാൽ ജനപ്പെരുപ്പം കൂടിയ ആറും ബിജെപിക്ക് മേൽകൈ ഉള്ളവയുമാണ്. 2026ന് ശേഷമുള്ള മണ്ഡല പുനർനിർണയം തീരുമാനിക്കുന്നതിനുള്ള ഭരണഘടനാഭേദഗതി നടത്തുന്നതിനും ഇപ്പോഴത്തെ സാഹചര്യത്തിൽ അവരെ സംബന്ധിച്ച് വലിയ പ്രശ്നങ്ങളില്ല. സുപ്രധാനമായ പല നിയമനിർമ്മാണങ്ങളും സഭയെ ബഹളത്തിൽ നിർത്തി പാസാക്കിയെടുക്കുക എന്ന പതിവ് രീതി അവലംബിച്ചാൽ മതിയാകും. ഈ പാശ്ചാത്തലത്തിൽ എം കെ സ്റ്റാലിന്റെ ആശങ്കയോടുള്ള അമിത് ഷായുടെ പ്രതികരണം അവിശ്വസനീയമാകുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി, സ്വേച്ഛാധിപത്യത്തിന്റെ അരിയിട്ടുവാഴ്ചയ്ക്ക് കാത്തിരിക്കുന്ന ബിജെപിക്ക് അത് കുറച്ചുകൂടി എളുപ്പത്തിൽ നടത്തിയെടുക്കാനുള്ള അവസരമായി മണ്ഡല പുനർനിർണയത്തെ അവർ ഉപയോഗിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. 10 വർഷത്തെ ഭരണത്തിലൂടെ അധികാരം പിടിക്കാനും നിലനിർത്താനും ഏത് കുത്സിത ശ്രമവും നടത്തുമെന്ന് അവർ തെളിയിച്ചിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.