13 September 2024, Friday
KSFE Galaxy Chits Banner 2

മിഷന്‍ 2025ഉം ഗുസ്തി ഗോദയിലെ മലര്‍ത്തിയടിക്കലും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
August 3, 2024 4:16 am

“ഇത്ര മാത്രമേ പറയുവാനുള്ളൂ
മിത്രത്തില്‍ നിനക്കൊരു കണ്ണുവേണം.
പച്ചച്ചിരിയുമായി
സൂക്ഷിക്കുന്നുണ്ടവന്‍
കൂരിരുട്ടിന്റെ ഒളിവില്‍ കൃപാണം
ഏതോ പകയുടെ അഗ്നിയില്‍ നിന്നെ
ഹോമിക്കുമവനെന്നു നീയോര്‍ക്കുക”
(വര്‍ഗശത്രു)
എ അയ്യപ്പന്‍ കുറിച്ച വരികള്‍ ‘വര്‍ഗശത്രുക്കളായി മാറിക്കഴിഞ്ഞ കെ സുധാകരനും വി ഡി സതീശനും ഊണിലും ഉറക്കത്തിലും ആവര്‍ത്തിച്ചുരുവിടുകയാണ്. കോണ്‍ഗ്രസില്‍ മിത്രങ്ങള്‍ പണ്ടേക്കുപണ്ടേയില്ല. മിത്രങ്ങളെന്ന് നടിക്കുന്നവരേയുള്ളു. കണ്ണിമ ചിമ്മിയാല്‍ കൂരിരുട്ടിന്റെ മറവില്‍ കാത്തുസൂക്ഷിക്കുന്ന കൃപാണം കൊണ്ട് കണ്ണേ കരളേ എന്നുവിളിച്ചുനടന്ന കപടമിത്രം കണ്ണും കരളും ചൂഴ്‌ന്നെടുക്കും. അടങ്ങാത്ത പകയുടെ അഗ്നിയില്‍ ഹോമിച്ചുതള്ളും. സി കേശവന്റെയും ടി എം വര്‍ഗീസിന്റെയും പറവൂര്‍ ടി കെ നാരായണപിള്ളയുടെയും പട്ടം താണുപിള്ളയുടെയും പനമ്പിള്ളി ഗോവിന്ദമേനോന്റെയും സി കെ ഗോവിന്ദന്‍ നായരുടെയും ആര്‍ ശങ്കറിന്റെയും കാലത്തെല്ലാം കപടമിത്രങ്ങളും പിന്നിലും മുന്നിലും നിന്നുള്ള കുത്തലുകളുമുണ്ടായിരുന്നു. കൊടും കൃപാണങ്ങളും അഗ്നിയില്‍ ഹോമിക്കലും ഇന്നത്തെപ്പോലെ ഉണ്ടായിരുന്നില്ല. കെ കരുണാകര – എ കെ ആന്റണി ദ്വന്ദത്തിന്റെ കാലത്ത് ചെറുമൂര്‍ച്ചയുള്ള ആയുധങ്ങളും ചെറുഹോമങ്ങളും രംഗപ്രവേശം ചെയ്തു. കരുണാകരന്റെ ആസ്ഥാന വിദൂഷകരായിരുന്നവര്‍ ‘തിരുത്തല്‍വാദ’ ചുരികയുമെടുത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്ന് കരുണാകരനു നേരെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും ചുരിക വീശി. ചെറുഹോമത്തിലൂടെ 1995ല്‍ മുഖ്യമന്ത്രി പദം അഗ്നിക്കിരയാക്കി. പിന്നെയൊരു തിരിച്ചുവരവ് അസാധ്യമാക്കി. കെ മുരളീധരന്‍ എന്ന കരുണാകരപുത്രനെയും പലയാവര്‍ത്തി അടങ്ങാത്ത പകയോടെ ശത്രുക്കളെക്കാള്‍ വീറോടെ കപടമിത്രങ്ങള്‍ ഹോമകുണ്ഡത്തില്‍ പലയാവര്‍ത്തി ചവിട്ടിത്താഴ്ത്തി. എന്നിട്ടും. പാവം മുരളീധരന്‍ മുരളീഗാനവും മുഴക്കി പലവഴി തേടി ഒടുവില്‍ കോണ്‍ഗ്രസില്‍ അവഗണനയും അവഹേളനവും സഹിച്ച് ഗത്യന്തരമില്ലാതെ കഴിഞ്ഞുകൂടുന്നു. കുത്തിത്തിരിപ്പുകാര്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുവാന്‍ അനവരതം യത്നിക്കുന്നുവെന്ന് വിലപിക്കുന്ന മുരളീധരന്‍ മരണം വരെ ഇനി മറ്റൊരു കൂട് തേടിപ്പോകില്ലെന്നും കോണ്‍ഗ്രസുകാരനായിത്തന്നെ മരിക്കുമെന്നും ഭീഷ്മ പ്രതിജ്ഞയെടുക്കുന്നു. കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും ടി എന്‍ പ്രതാപനും തൃശൂരില്‍ കൊടുത്ത പൂഴിക്കടകന്‍ വിദ്യ മുരളീധര മാനസത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിവായി നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഉഗ്രപ്രതിജ്ഞ.
ആദര്‍ശ ജീവിതത്തില്‍ സ്വപ്നാടനം നടത്തുന്ന വി എം സുധീരനെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടങ്ങുന്ന കപടമിത്രങ്ങള്‍ അവിശുദ്ധ ബാന്ധവത്തിലൂടെ രായ്ക്കുരാമാനം കെട്ടുകെട്ടിച്ചു. 2019ല്‍ 20പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് വിജയിച്ചപ്പോള്‍ കെപിസിസി അധ്യക്ഷന് അതിന്റെ മേന്മനല്‍കാന്‍ ഒരു കോണ്‍ഗ്രസുകാരനുമുണ്ടായില്ല. എന്നാല്‍ 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അമ്പേ പരാജയപ്പെട്ടപ്പോള്‍ പാപഭാരം മുഴുവന്‍ മുല്ലപ്പള്ളിയുടെ ശിരസിന്‍മേലായി. നേരം ഇരുണ്ടുവെളുത്തപ്പോള്‍ മുല്ലപ്പള്ളിയുടെ കിരീടം കെ സുധാകരന്റെ ശിരസിലായി. കെപിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്നും ആര്‍എസ്എസ് ശാഖകള്‍ക്ക് സുരക്ഷാ കവചമൊരുക്കിയ വില്ലാളിവീരനാണ് താനെന്നും ആക്രോശിച്ചതിനുള്ള ഹൈക്കമാന്‍ഡിന്റെ പാരിതോഷികം. വിഷാദ ഭാരത്തോടെയും നിറകണ്ണുകളോടെയും മുല്ലപ്പള്ളി പറഞ്ഞു- ‘ഇത് ഫാദര്‍ലെസ് ജോബ്’. രാഷ്ട്രീയകാര്യ സമിതിയില്‍ പോലും പങ്കെടുക്കാതെ മുല്ലപ്പള്ളിയും വി എം സുധീരനും അജ്ഞാതവാസത്തിലാണിപ്പോള്‍. നിര്‍ണായക യോഗങ്ങളില്‍ ഇരുവരെയും ക്ഷണിക്കാതിരിക്കുന്നതില്‍ ബദ്ധശ്രദ്ധാലുക്കളായിരുന്നു കെ സുധാകരനും വി ഡി സതീശനും. കൊടുത്താല്‍ പണി കൊല്ലത്തും കിട്ടും എന്നല്ലേ പഴമക്കാര്‍ പറഞ്ഞിട്ടുള്ളത്. സതീശനെ അറിയിക്കാതെ സുധാകരന്‍ കമ്മിറ്റി വിളിച്ചുചേര്‍ക്കുന്നത് കാലത്തിന്റെ കാവ്യനീതി. മുല്ലപ്പള്ളിയെ മാത്രമല്ല ഹോമിച്ചത്. രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനം ഉറ്റമിത്രമെന്നു നടിച്ച വി ഡി സതീശനും കെ സി വേണുഗോപാല്‍ വഴി തട്ടിയെടുത്തു. 

ചെറു ചുരികകളില്‍ നിന്ന് കൊടും വിഷ കൃപാണങ്ങളിലേക്കും ചെറു ഹോമകുണ്ഡങ്ങളില്‍ നിന്ന് ഉഗ്ര ഹോമകുണ്ഡങ്ങളിലേക്കും കോണ്‍ഗ്രസ് വഴി വെട്ടിത്തെളിച്ച് മുന്നേറുകയാണ്. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യങ്ങളും ബിജെപി — എസ്ഡിപിഐ – സാമുദായിക സംഘടനകള്‍ എന്നിവയുടെ അവിശുദ്ധ സഖ്യത്തിലൂടെ കേരളത്തില്‍ 20ല്‍ 18സീറ്റുകള്‍ വിജയിച്ച യുഡിഎഫിന്റെ വോട്ടുചോര്‍ച്ച അവരെ അലോസരപ്പെടുത്തുന്നില്ല. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ ബാന്ധവത്തിന് തൃശൂരിലെയും തിരുവനന്തപുരത്തെയും വാര്‍ഡ്-ബൂത്തുതല വോട്ട് കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം ബിജെപി മുന്നില്‍. ഇതൊന്നും പഠിക്കാന്‍ മിനക്കെടാതെ വയനാട്ടിലെ ചുരമിറങ്ങി ബത്തേരി കുന്നുകളിലിരുന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ‘മിഷന്‍ 2025’ എന്ന മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നങ്ങളും അവിശുദ്ധ ബാന്ധവങ്ങളും സമാസമം ചേര്‍ത്ത കഷായം രൂപപ്പെടുത്തി. അത് കൂനിന്മേല്‍ കുരുവായി വന്നുഭവിച്ചിരിക്കുന്നു. ‘സ്വതവേ ദുര്‍ബല, കൂട്ടത്തില്‍ ഗര്‍ഭിണിയും’ എന്ന നിലയിലാണ് കോണ്‍ഗ്രസ്.
വയനാടന്‍ കുന്നിന്‍ ചെരിവുകളില്‍ വച്ച് മിഷന്‍ 2025ന്റെ മുഖ്യകാര്‍മ്മികനായി കെ സി വേണുഗോപാല്‍ വി ഡി സതീശനെ നിയോഗിച്ചു. പാഴാകാന്‍ പോകുന്ന പദ്ധതിരേഖയും ചുമതലക്കാരും അവതരിപ്പിക്കപ്പെട്ടു. ചുരമിറങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും ഓഫിസും കെപിസിസി ഓഫിസായി മാറി. തന്നിഷ്ടപ്രകാരം തന്റെ ഏറാന്‍ മൂളികളെ ചുമതലക്കാരാക്കി സ്വന്തം നിലയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അന്ധാളിച്ച സുധാകരനും അനുചരന്മാരും അര്‍ധരാത്രിയില്‍ ഓണ്‍ലൈന്‍ വഴി തന്റെ ദാസന്മാരായ കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചു. ഇന്ദ്രപ്രസ്ഥത്തിലിരുന്നു സതീശനെ പുലഭ്യം പറയുവാന്‍ മുഖ്യകാര്‍മ്മികന്‍ സുധാകരന്‍ പ്രോത്സാഹനം നല്‍കി. സതീശന്‍ സൂപ്പര്‍ കെപിസിസി പ്രസിഡന്റാവുന്നുവെന്നും ആയതിനാല്‍ മൂക്കുകയറിടണമെന്നും സുധാകരന്‍ ദാസന്മാര്‍. സതീശനെയും കൂട്ടാളികളെയും ഏഴയലത്തടുപ്പിച്ചില്ല. പക്ഷേ, സതീശനുണ്ടോ വിടുന്നു. ഒളികാമറകളുമായി യോഗത്തിലേക്ക് ദാസപ്പടയെ പറഞ്ഞുവിട്ടു. സതീശനെതിരെ രൂക്ഷവിമര്‍ശനമുണ്ടായെന്ന് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ സുധാകരന്‍ തന്റെ അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കുവാന്‍ തനിക്കറിയാമെന്ന ചാട്ടുളി പ്രയോഗവും സതീശനുനേരെ നടത്തി. രണ്ടുപേജുള്ള സതീശന്‍ തീറാധാരത്തിന് ബദലായി നാലു പേജുള്ള തീറാധാരം സുധാകരന്‍ പരസ്യപ്പെടുത്തി. കോപാകുലനായ സതീശന്‍ തിരുവനന്തപുരം, കോട്ടയം ഡിസിസി ക്യാമ്പുകളില്‍ മിഷന്‍ 25വിഫലയത്ന പദ്ധതി വിശദീകരിക്കാതെ ബഹിഷ്കരിച്ചു.
ഒറ്റക്കരളും ഒറ്റ ഹൃദയവുമായിരിക്കും തങ്ങളെന്നു പറഞ്ഞ് തോളുരുമ്മി നിന്നുതുടങ്ങിയവര്‍ പല കരളും പല ഹൃദയവുമാകാന്‍ നിമിഷങ്ങള്‍ പോലും വേണ്ടിവന്നില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് പത്രസമ്മേളനം നടത്താന്‍ സുധാകരനെയും കാത്തിരുന്ന വി ഡി സതീശനു മുന്നിലായിരുന്നു ചാനല്‍ മൈക്കുകളൊക്കെയും. സതീശന്‍ മൊഴിയാന്‍ തുടങ്ങിയതും സുധാകരന്‍ മൈക്കുകള്‍ തട്ടിപ്പറിച്ചു. ഞാന്‍ ആദ്യം പറയും, പിന്നെ താന്‍ പറയൂ, ഞാനാണ് കെപിസിസി പ്രസിഡന്റ്. സതീശന്‍ ജാള്യതയില്‍ മുങ്ങി. സുധാകരശേഷം മാധ്യമങ്ങള്‍ ക്ഷണിച്ചെങ്കിലും കോപാകുലനായ സതീശന്‍ ഉരിയാടാന്‍ തയ്യാറായില്ല. എല്ലാം പ്രസിഡന്റ് പറഞ്ഞു, തനിക്കു തൊണ്ടവയ്യ എന്നു പറഞ്ഞ സതീശന്‍ പിറ്റേനാള്‍ വയ്യാത്ത തൊണ്ടകൊണ്ട്, ഇല്ലാത്ത ശബ്ദംകൊണ്ട് മണിക്കൂറുകള്‍ നീണ്ട പത്രസമ്മേളനം നടത്തി തിരിച്ചടിച്ചു. ഇരുവരും സംയുക്തമായി നയിച്ച ‘സമരാഗ്നി‘ക്കിടയിലെ പത്രസമ്മേളനത്തില്‍ സതീശനെ കാത്തിരുന്ന സുധാകരന്‍ മാധ്യമങ്ങളുടെ മുന്നില്‍വച്ച് കെപിസിസി ഭാരവാഹികളോട് ചോദിച്ചു; ‘മറ്റേമോന്‍ (പദം വേറെ, കുറിക്കുവാന്‍ കഴിയില്ല) എവിടെ?’. ഭാരവാഹികള്‍ വിതുമ്പലോടെ മൈക്ക് ഓണ്‍ ആണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ സതീശനും താനും തമ്മില്‍ ഒരു പ്രശ്നവുമില്ല, കാണുമ്പോഴൊക്കെ ചായ വാങ്ങിക്കൊടുക്കും എന്ന സുധാകരന്റെ പരിഹാസവും. 

സുധാകരന്‍ പാര്‍ലമെന്റില്‍ മത്സരിക്കുവാന്‍ പോയപ്പോള്‍ എന്നും ആക്ടിങ് പ്രസിഡന്റാവാന്‍ വിധിക്കപ്പെട്ട എം എം ഹസനായി ചുമതല. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ സ്ഥാനം സുധാകരന്‍ തിരിച്ചു ചോദിച്ചു. വോട്ടെണ്ണല്‍ വരെ സമയമുണ്ടെന്ന് ഹസന്‍. പള്ളിയില്‍പ്പോയി പറഞ്ഞാല്‍ മതിയെന്ന് സുധാകരന്‍. ഒരിക്കല്‍ക്കൂടി ഹൈക്കമാന്‍ഡ് തല കുമ്പിട്ടു. ഹസനും കൂട്ടരും സ്ഥാനാരോഹണം ബഹിഷ്കരിച്ചു. കണ്ണൂരില്‍ നിന്ന് അനുയായികളെ തിരുവനന്തപുരത്തെത്തിച്ച് സുധാകര ജയ് വിളികള്‍ മുഴക്കി.
മുഖ്യമന്ത്രിക്കസേരയാണ് ഈ മല്ലയുദ്ധത്തിന്റെ ആപ്തവാക്യം. സതീശനും സുധാകരനും ഗോദയില്‍ നിയമാവലികള്‍ തെറ്റിച്ചുള്ള ദ്വന്ദയുദ്ധത്തിലേര്‍പ്പെടുമ്പോള്‍ നഷ്ടപ്പെടാത്ത കിനാക്കളുമായി കഴിയുന്ന രമേശ് ചെന്നിത്തല ചിരിക്കുന്നു. അങ്ങ് ഡല്‍ഹിയിലിരുന്ന് കെ സി വേണുഗോപാലും ആനന്ദതുന്ദിലിതനാകുന്നു. ആട്ടിന്‍കുട്ടികള്‍ തമ്മിലടിക്കുമ്പോള്‍ ഇറ്റുവീഴുന്ന ചോര കുടിക്കുവാന്‍ കാത്തിരിക്കുന്ന ചെന്നായയെപ്പോലെ. പാവങ്ങള്‍ അറിയുന്നില്ല, ജയിച്ചാലേ മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയാവാനാവൂ എന്ന രാഷ്ട്രീയ സത്യം.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു ഫലിതം കൂടി പൊട്ടിച്ചിരിക്കുന്നു. വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍, വാര്‍ത്തചോര്‍ത്തലുകള്‍, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ എത്രയെത്ര അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ കെപിസിസി ആസ്ഥാനത്ത് മാറാല പിടിച്ചുകിടക്കുന്നുവെന്ന് കത്തയച്ച പാവം ദീപ് ദാസ് മുന്‍ഷി അറിയുന്നുണ്ടോ ആവോ…
മുഖ്യമന്ത്രി പദം സ്വപ്നം കാണുന്നവര്‍ ലക്ഷണം നോക്കി കാത്തിരുന്ന് മല്ലടിക്കുകയാണ്.
“രേഖകള്‍ മാഞ്ഞ തഴമ്പുകളുള്ള കൈ നോക്കി
പക്ഷിശാസ്ത്രക്കാരി പറഞ്ഞൂ
‘ഭാഗ്യമുള്ള കൈ
ഈ തഴമ്പുകള്‍ മാഞ്ഞ്
പുതിയ രേഖകള്‍ ഇതിലേ വളഞ്ഞ്
ഇതിലേ കടന്ന്
ഇവിടെ വരുമ്പോള്‍.…” (എ അയ്യപ്പന്‍)
ഇവിടെ വരുമ്പോള്‍ ഹോ! പതനം എന്നു വിലപിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഭൈമീകാമുകന്മാര്‍ അറിയുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.