Web Desk

February 07, 2020, 11:05 pm

അധികച്ചെലവുകൾ നിയന്ത്രിച്ചും കാര്യക്ഷമത ഉയർത്തിയും : സാമ്പത്തിക ഞെരുക്കത്തിന് പരിഹാരം

Janayugom Online

അധികച്ചെലവുകൾ നിയന്ത്രിച്ചും ചെലവിന്റെ കാര്യക്ഷമത ഉയർത്തിയും സമ്പത്തിക ഞെരുക്കത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ പുലർത്തി ധനമന്ത്രി തോമസ് ഐസക്. എന്നാൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സേവനങ്ങളുടെ നിരക്കിൽ വർധനവ് വരുത്തിയിട്ടുമുണ്ട്. ഭൂമിയുടെ വിപണി വിലയും സർക്കാർ നിശ്ചയിച്ച വിലയും തമ്മിലുള്ള അന്തരം കുറക്കാൻ നിലവിലുള്ള ന്യായവിലയിൽ പത്ത് ശതമാനം കൂട്ടാൻ തീരുമാനിച്ചു. 200 കോടി രൂപയുടെ അധിക വരുമാനമാണ് ഇത് വഴി പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു. വൻകിട പദ്ധതികൾ നടപ്പിലാക്കുമ്പോൾ, ചുറ്റുപാടുള്ള ഭൂമിയിൽ ഗണ്യമായ വിലവർധനയുണ്ടാകും. അതുകൊണ്ട് വൻകിട പദ്ധതികൾക്ക് സമീപം നോട്ടിഫൈ ചെയ്യുന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കും. ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി തുടർന്നു.ഫ്ലാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി കേന്ദ്ര പൊതുമരാമത്ത് നിരക്ക് പ്രകാരം നിർണ്ണയിക്കാൻ കേരള സ്റ്റാമ്പ് ആക്ടിൽ ഭേദഗതി വരുത്തും. ഒറ്റത്തവണ കെട്ടിട നികുതിയിൽ 30 ശതമാനത്തിൽ കൂടാത്ത വിധം വർദ്ധനവ് ഉണ്ടാകും.

കെട്ടിട നമ്പർ അനുവദിക്കുന്നതിന് മുന്നോടിയായി ഒറ്റത്തവണ കെട്ടിട നികുതി അടച്ചിട്ടുണ്ടെന്ന് വ്യവസ്ഥ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള നിയമങ്ങളിൽ ചേർക്കും. വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഈടാക്കും. തണ്ടപ്പേർ പകർപ്പിന് 100 രൂപ നൽകണം. പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ളത് 1173.6 കോടി രൂപയാണ്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സ്വഭാവവ്യതിയാനം വരുത്തുന്നതിന് അനുമതി നൽകുന്നതിന് 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള പട്ടിക പ്രകാരമുള്ള ഫീസ് പുതുക്കി നിശ്ചയിക്കും. തൊട്ടടുത്ത പുരയിടത്തിന്റെ ന്യായവില കണക്കാക്കിയാണ് ഫീസ് ഈടാക്കുക. കെട്ടിട നികുതിയിൽ വർധനവുണ്ടായി. 3000–5000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 5000 രൂപ നികുതി. 5000–7500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 7500 രൂപ നികുതി. 7500–10000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 10000 രൂപ നികുതി. 10000 ചതുരശ്ര അടിക്കുമേൽ 12500 രൂപ നികുതി. എന്നാൽ 30 ശതമാനം വർധിക്കാത്ത തരത്തിൽ ഇത് ക്രമീകരിക്കും. വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രധാനം വാഹനങ്ങളുടെ നികുതിയിലെ വർദ്ധനവാണ്. രണ്ട് ലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വിലവരുന്ന കാറുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയുടെ നികുതിയിൽ രണ്ട് ശതമാനവുമാണ് വർദ്ധനവ് വരുത്തിയത്.

വാഹനങ്ങളുടെ നികുതി വർദ്ധനവ് വഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും കൺസ്ട്രക്ഷൻ വാഹനങ്ങളുടെയും നികുതിയിലും രണ്ട് ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. സർക്കാർ, എയിഡഡ് സ്ഥാപനങ്ങൾ ഒഴികെയുള്ളവയുടെ ബസുകളുടെ നികുതിയും സീറ്റിന് ആനുപാതികമായി വർദ്ധിപ്പിക്കും. ഇത്തരം വാഹനങ്ങളുടെ ത്രൈമാസ നികുതി, 20 സീറ്റുകൾ വരെയുള്ള വാഹനങ്ങൾക്ക് ഒരു സീറ്റിന് 50 രൂപയും ഇരുപതിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾക്ക് ഒരു സീറ്റിന് 100 രൂപയുമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ആറുകോടി അധികവരുമാനം പ്രതീക്ഷിയ്ക്കുന്നു. അതേസമയം തറ വിസ്തീർണം അടിസ്ഥാനപ്പെടുത്തി നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ത്രൈമാസ നികുതി, അയൽ സംസ്ഥാനങ്ങളിലെ നികുതിയേക്കാൾ കൂടുതലായതിനാൽ ചരക്കുവാഹനങ്ങളുടെ നികുതിയിൽ 25 ശതമാനം കുറവ് വരുത്തി. വൈദ്യുത ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വർഷത്തെ നികുതി പൂർണമായി ഒഴിവാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവയുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമാക്കി നിജപ്പെടുത്തിയിട്ടുമുണ്ട്.

മലിനീകരണ പരിശോധാകേന്ദ്രങ്ങളുടെ ലൈസൻസ് ഫീസ് 25000 രൂപയാക്കി. ഇ–ഓട്ടോകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി ഒഴിവാക്കും. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി 5 ശതമാനം. പ്രദർശന ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും നികുതി. വാറ്റ് കുടിശികയ്ക്ക് പിഴയും പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. തർക്കത്തിലുള്ള തുകയുടെ 50 ശതമാനം അടയ്ക്കണം. ശേഷിച്ച തുക ജൂലൈ 31 നകം 4 ഗഡുക്കളായി അടയ്ക്കണം. ക്ഷേമസേവന പ്രവർത്തനങ്ങളിൽ അനർഹരെ ഒഴിവാക്കാൻ കഴിയണമെന്ന് പറഞ്ഞ ധനമന്ത്രി 4.98 ലക്ഷം പേർ ഇതുവരെ മസ്റ്ററിംഗിന് വരികയോ വീട്ടിൽ നിന്ന് വിവരങ്ങൾ ശേഖരിയ്ക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അനർഹരായവർ ഒഴിവാകുന്നതിലൂടെ 700 കോടിയുടെ ചെലവ് ഒഴിവാക്കാനായി. ഇതിനു കഴിഞ്ഞതുകൊണ്ടാണ് സാമ്പത്തിക ഞെരുക്കത്തിന്റെ ഇക്കാലത്ത് ക്ഷേമപെൻഷന്‍ തുകയിൽ 100 രൂപ ഉയർത്താൻ കഴിഞ്ഞത്. തദ്ദേശഭരണ വകുപ്പിൽ ഡിആർഡിഎ, പെർഫോമൻസ് ഓഡിറ്റ് എന്നീ വിഭാഗങ്ങളിലായി 700 ജീവനക്കാരുണ്ട്.അവരുടെ ചുമതലകൾക്ക് നിലവിൽ പ്രസക്തിയില്ല.

നടപ്പു ധനകാര്യ വർഷം മുഴുവൻ പേരെയും പുനർവിന്യസിക്കും. സമാനരീതിയിൽ ഓരോ വകുപ്പിലും വിശദമായ പരിശോധന നടത്തി ക്രമീകരണങ്ങൾ നടത്തും. കാർ വാങ്ങുന്നത്, ടിഎ ബില്ലുകൾ, പുതിയ ഗ്രാന്റ് ഇൻ എയ്ഡ് ഇൻസ്റ്റിറ്റ്യൂഷനുകൾ തുടങ്ങിയ ചെലവു ചുരുക്കൽ നിർദ്ദേശങ്ങൾ കൂടുതൽ കർശമാക്കും. കാറുകൾ വാങ്ങുന്നതിനു പകരമായി മാസ വാടകയ്കു് എടുക്കും. ചരക്കു സേവന നികുതിയിൽ 2015–16 അടിസ്ഥാന വർഷമാക്കിയാൽ 28,416 കോടി രൂപ കേന്ദ്രം നൽകണം. എന്നാൽ ലഭിച്ചത് 15,030 കോടി രൂപ മാത്രമാണ്, ധനമന്ത്രി ചൂണ്ടിക്കാട്ടി. വരുന്ന സാമ്പത്തിക വർഷം കോമ്പൻസേഷൻ പരിധിയ്ക്ക് പുറത്തു കടക്കാൻ പദ്ധതികളൊരുക്കി നീങ്ങുമെന്നും അദ്ദേഹം വിവരിച്ചു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നുവെന്നു പറഞ്ഞ ധനമന്ത്രി കേന്ദ്രത്തിന്റെ കോർപറേറ്റ് അനുകൂല നയങ്ങളും സ്വകാര്യവൽകരണവും നാശോന്മുഖ നടപടികളാണെന്നും വിശദീകരിച്ചു. ജിഎസ്‌ടി നടപ്പായപ്പോൾ സംസ്ഥാനം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കിഫ്ബിയിലൂെട മാന്ദ്യം അതിജീവിക്കും. സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയെ കുറ്റപ്പെടുത്തിയവർ ഇന്ന് പദ്ധതികൾക്കായി കൊതിക്കുന്നു. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട് നിശബ്ദരാക്കി. വരും വർഷം 20000 കോടി രൂപ ചെലവ് വരും; അത് നൽകാൻ നടപടിയായി. ഇത് രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയാണ്, മന്ത്രി അവകാശപ്പെട്ടു.

Eng­lish Sum­ma­ry: janayu­gom arti­cle Con­trol­ling addi­tion­al costs and increas­ing efficiency

You may also like this video