ഭൂരഹിതർക്ക് ഭൂമി, ഭവനരഹിതർക്ക് വീട് എന്ന മുദ്രാവാക്യവുമായി കർണാടകയിൽ സിപിഐ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. 2020ൽ സംസ്ഥാനമാകെ സഞ്ചരിച്ച പദയാത്രയുടെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇപ്പോഴത്തെ പ്രക്ഷോഭം. ഏപ്രില്‍, മേയ് മാസങ്ങളിൽ പ്രാദേശിക തലങ്ങളിൽ പ്രചരണ ജാഥകളും പ്രാദേശിക ഭരണ കേന്ദ്രങ്ങൾക്ക് മുന്നിൽ ധർണകളും മാർച്ചുകളും നടത്തിയതിന്റെ തുടർച്ചയായി ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ മാർച്ചുകൾ സംഘടിപ്പിച്ചുവരികയാണ്. ‘ഭവനരഹിതർക്കായി കോടി ചുവടുകൾ’ എന്ന പേരിലായിരുന്നു 2020 ഫെബ്രുവരി രണ്ടിന് ബെല്ലാരിയിൽ നിന്ന് സിപിഐ നേതൃത്വത്തിൽ സംസ്ഥാനമാകെ സഞ്ചരിക്കുന്ന കാൽനട ജാഥ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ച് ബംഗളൂരുവിൽ റാലിയോടെ സമാപിക്കാനായിരുന്നു പരിപാടി ആസൂത്രണം ചെയ്തിരുന്നത്. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് പേരാണ് ജാഥയിൽ സഞ്ചരിക്കാനും പ്രസംഗങ്ങൾ കേൾക്കാനുമെത്തിയത്. ഓരോ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, ഭവനരഹിതരുടെ അപേക്ഷകൾ സമാഹരിച്ച് സർക്കാരിന് നൽകുകയായിരുന്നു സമരത്തിന്റെ പ്രധാന ലക്ഷ്യം. അതനുസരിച്ച് ആയിരക്കണക്കിന് അപേക്ഷകളും ജാഥാംഗങ്ങൾക്ക് ലഭിച്ചു.
ആയിരത്തോളം കിലോമീറ്റർ സഞ്ചരിക്കുന്നതിന് ഉദ്ദേശിച്ച് പ്രയാണം നടത്തിയ ജാഥ 35 ദിവസത്തിലധികം പിന്നിട്ടപ്പോഴാണ് കോവിഡ് മഹാമാരി രാജ്യത്ത് വ്യാപകമായത്. ഈ പശ്ചാത്തലത്തിൽ സമരം നിർത്തിവയ്ക്കുകയായിരുന്നു. ജാഥ നടക്കുന്ന വേളയിൽ സംസ്ഥാനം ഭരിച്ചിരുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതികൾ മരവിപ്പിച്ച് കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുമെന്നായിരുന്നു ബിജെപി സർക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാന പദ്ധതിയായ രാജീവ് ഗാന്ധി വസതി യോജനയിൽ അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് പോലും അടച്ചിട്ടു. സൗജന്യ ഭവന പദ്ധതിയിൽ അപേക്ഷ നൽകുന്നതിന് മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായതുമില്ല. ഈ സാഹചര്യത്തിലായിരുന്നു സിപിഐ ഭവനരഹിതർക്കുവേണ്ടിയുള്ള പ്രക്ഷോഭമാരംഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 2.65 ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്ത് ഭവനരഹിതരായിട്ടുള്ളത്. ഭൂമിയില്ലാത്തവരോ ഭവനരഹിതരോ ആയ അരക്കോടിയോളം കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന അനൗദ്യോഗിക കണക്കുമുണ്ട്. നിരന്തര പ്രക്ഷോഭത്തെ തുടർന്ന് 2023ൽ ബിജെപി സർക്കാർ രാജീവ് ഗാന്ധി വസതി യോജന പ്രകാരം അപേക്ഷ ക്ഷണിച്ചപ്പോൾ 16 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. 2020ൽ കോവിഡ് കാരണം നിർത്തിവച്ച ഭവനരഹിതർക്കായി കോടി ചുവടുകൾ എന്ന പേരിലുള്ള കാൽനട ജാഥ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടതിനുശേഷം 2023 ഫെബ്രുവരി 23ന് പുനരാരംഭിക്കുകയും മാർച്ച് ഒമ്പതിന് ബംഗളൂരുവിൽ സമാപിക്കുകയും ചെയ്തിരുന്നു. ഇവിടെ വച്ച് ജാഥയ്ക്കു ലഭിച്ച നിവേദനങ്ങളും സംസ്ഥാനത്തെ ഭൂ, ഭവനരഹിതരുടെ സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടുത്തിയ നിവേദനം സർക്കാരിന് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു 2023ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജീവ് ഗാന്ധി വസതി യോജനയിൽ വീണ്ടും അപേക്ഷിക്കുന്നതിന് ബിജെപി സർക്കാർ അവസരം നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയായിരുന്നു. തുടർന്നുവന്ന കോൺഗ്രസ് സർക്കാർ രണ്ടുവർഷമായിട്ടും ഭൂ, ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് സമരം സിപിഐ പുനരാരംഭിച്ചത്. വില്ലേജ് അടിസ്ഥാനത്തിൽ ഭൂമിയും വീടുമില്ലാത്തവരുടെ കൺവെൻഷനുകൾ ചേർന്ന് സമര സമിതികൾക്ക് രൂപം നൽകുകയും പ്രാദേശികതലങ്ങളിൽ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ധർണയുൾപ്പെടെ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അടുത്ത ഘട്ടമായി ജില്ലാ കേന്ദ്രങ്ങളിൽ സിപിഐ നേതൃത്വത്തിലുള്ള ബഹുജന പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. കൊപ്പൽ ജില്ലാ കേന്ദ്രത്തിലായിരുന്നു ഇതിന്റെ ആരംഭം. നൂറുകണക്കിനാളുകളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. ഇത് ബഹുജനങ്ങൾക്കുവേണ്ടിയുള്ള സമരമാണെന്നും വിദൂര ഗ്രാമങ്ങളിലെ അവസാന കുടുംബത്തിനും ഭൂമിയും വീടും ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരി, ചിത്രദുർഗ എന്നീ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ സമാനരീതിയിലുള്ള ബഹുജന മാർച്ചുകൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ബഹുജന സമരങ്ങൾ സംഘടിപ്പിച്ചതിനുശേഷം സംസ്ഥാന വ്യാപകമായി വിവിധ പാർട്ടികളെയും ബഹുജന പ്രസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിച്ച് തലസ്ഥാനമായ ബംഗളൂരുവിൽ ഓഗസ്റ്റ് മാസത്തിൽ വൻ ബഹുജനമാർച്ച് സംഘടിപ്പിക്കുന്നതിനും പാർട്ടി തീരുമാനിച്ചിരിക്കുകയാണ്.
കേരളത്തില്‍ സി അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഭൂപരിഷ്കരണം, അതിന്റെ തുടർച്ചയായി ഭവന മന്ത്രി എം എൻ ഗോവിന്ദൻ നായരുടെ കീഴിൽ ആരംഭിച്ച ലക്ഷം വീട് പദ്ധതി എന്നിവയ്ക്ക് സമാനമായ നടപടികൾ കർണാടകയിലും ആരംഭിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി നൽകാനാകണമെങ്കിൽ ഭൂകേന്ദ്രീകരണം അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് വൻകിടക്കാരുടെ കയ്യിൽ കേന്ദ്രീകരിച്ചിട്ടുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം വികേന്ദ്രീകരിക്കപ്പെടണം. ഭൂപരിഷ്കരണം പോലുള്ള നിയമനിർമ്മാണങ്ങൾ അത്യാവശ്യമാണ്. കേരളത്തിൽ ഭൂപരിഷ്കരണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ലഭിച്ച ഭൂമിയാണ് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനും ലക്ഷംവീട് പദ്ധതി നടപ്പിലാക്കുന്നതിനും ഉപയോഗിച്ചത്. സമാനമായ നിയമ നടപടികൾ ആവിഷ്കരിക്കണമെന്നും കർണാടകയിലെ സിപിഐ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് നിലവിലുള്ള ഭവന പദ്ധതികൾ രേഖകളിൽ മാത്രമാണ് നടക്കുന്നത്. ഈ പദ്ധതിയിലെ ഗുണഭോക്താക്കളാകട്ടെ, പരിമിതമായ സാമ്പത്തിക സഹായമാണ് വീട് വയ്ക്കുന്നതിന് ലഭിക്കുന്നത് എന്നതിനാൽ കടക്കെണിയിലുമാണ്. അതുകൊണ്ട് സമഗ്രമായ പുതിയ പദ്ധതി ആവിഷ്കരിക്കണമെന്നാണ് ആവശ്യം. ആദ്യഘട്ടമായി ഭൂ, ഭവനരഹിതരെയും അവർക്കുവേണ്ടി ഭൂമിയും കണ്ടെത്തുന്നതിന് ഗ്രാമതലംവരെ നീളുന്ന സമഗ്ര സർവേ നടത്തണം. ഇങ്ങനെ കണ്ടെത്തുന്ന ഭൂമി ഭവന പദ്ധതിക്കുവേണ്ടി മാത്രമായി നീക്കിവയ്ക്കണം. നഗരങ്ങളിൽ ഭൂലഭ്യത കുറവാണെങ്കിൽ രണ്ട് കിടപ്പുമുറികളുള്ള ഭവന സമുച്ചയം പണിയുന്നതിന് പദ്ധതി ആവിഷ്കരിക്കണം. ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരാണ് കർണാടകയിലെ ഭൂ, ഭവനരഹിതരിൽ ഭൂരിപക്ഷം. ഈ വിഭാഗമാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെ ജയിപ്പിക്കുന്നതിന് വോട്ടുചെയ്തവരിലെ ഭൂരിപക്ഷവും. എന്നിട്ടും തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കോൺഗ്രസ് വിമുഖത കാട്ടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഭൂ,ഭവനരഹിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിച്ച് സിപിഐ സമരത്തിനിറങ്ങിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.