9 December 2024, Monday
KSFE Galaxy Chits Banner 2

കേരളത്തിനെതിരെ കുരിശുയുദ്ധം

ആര്‍ അജയന്‍
November 10, 2024 4:30 am

ഭരണഘടനയുടെ അടിസ്ഥാന ശിലയുടെ ഭാഗമായ ഫെഡറല്‍ സംവിധാനത്തെ നഗ്നമായി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവഴി അധികാരവികേന്ദ്രീകരണമെന്ന മുഖ്യ ജനാധിപത്യാശയത്തെതന്നെ തുരങ്കംവയ്ക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. നഗ്നമായ നുണപ്രചരണങ്ങളുടെ ആവര്‍ത്തനത്തിലൂടെയാണ് മോഡി തന്റെ വര്‍ഗീയ ഫാസിസ്റ്റ് സമഗ്രാധിപത്യഭരണം നടത്തുന്നത്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ധനസംബന്ധമായി കൃത്യമായ കണക്കുകള്‍ നല്‍കാത്തതുകൊണ്ടാണ് അധികകടം വാങ്ങാനുള്ള ഭരണഘടനാപരമായ ആവശ്യം നിഷേധിച്ചതെന്ന് മോഡി പരസ്യമായി പ്രസംഗിച്ചു. ഇതിനെത്തുടര്‍ന്ന് അര്‍ഹമായ ധനവിഹിതം നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുകയും പരമോന്നത കോടതി അധികം കടം വാങ്ങാനുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിച്ചുകൊണ്ട്, ചര്‍ച്ചകളിലൂടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തിന് ഉത്തരവ് നല്‍കുകയും ചെയ്തു. കേരള വിരുദ്ധ നീക്കത്തില്‍ പരാമര്‍ശിക്കേണ്ട പ്രധാന വിഷയം കോണ്‍ഗ്രസും ബിജെപിയും കെെകോര്‍ക്കുകയാണ് എന്നതാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും ഇപ്പോഴും സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് ലോക്‌സഭയിലും രാജ്യസഭയിലുമുള്ള യുഡിഎഫ് എംപിമാര്‍, കേരളത്തോടുകാണിക്കുന്ന ഉപരോധസമാനമായ അവഗണനയ്ക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെന്ന് മാത്രമല്ല സംഘ്പരിവാറിന്റെ കേരളത്തിലെ അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ഇടതുപക്ഷ വിരോധം പല വിഷയങ്ങളിലും സംഘ്പരിവാര്‍ ശക്തികള്‍ക്കനുകൂലമാണ്.

ഭരണഘടനാ സംവിധാനമായ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെടുകയാണ്. കേന്ദ്ര‑സംസ്ഥാന നികുതി വിഭജനം, കേന്ദ്രം സംഭരിക്കുന്ന നികുതികളുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യല്‍, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി ജീവല്‍പ്രധാനമായ മേഖലകള്‍ക്ക് കേന്ദ്ര വിഹിതം എന്നിവ അടിസ്ഥാന ഫെഡറല്‍ തത്വങ്ങളാണ്. ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ടനുസരിച്ച് മൊത്തം നികുതിയുടെ 38 ശതമാനം മാത്രം സംസ്ഥാനത്തിന് ലഭിക്കുമ്പോള്‍ ആകെ ചെലവിന്റെ 62 ശതമാനവും സംസ്ഥാനമാണ് വഹിക്കുന്നത്. ഇത് ധനകാര്യ ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനമാണ്.
ധനമേഖലയില്‍ കേന്ദ്ര — സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന വിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് 15-ാം ധനകാര്യ കമ്മിഷനു മുമ്പാകെ കേരളം ആവശ്യപ്പെട്ടിരുന്നു. മുമ്പ് നികുതിയിനത്തില്‍ പിരിച്ചെടുത്തുകൊണ്ടിരുന്ന വിവിധയിനങ്ങള്‍ക്ക്, സെസ്, സര്‍ചാര്‍ജ് എന്നീ പേരുകള്‍ നല്‍കി അവയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നിഷേധിക്കുന്നു. 10-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശപ്രകാരം കേരളത്തിന്റെ വിഹിതം 3.87 ശതമാനമായിരുന്നത് (2000–05) 15-ാം കമ്മിഷന്‍ കാലയളവില്‍ 1.92 (2021–26) ശതമാനമായി കുറച്ചു. ജിഎസ്‌ടി (ചരക്കു സേവന നികുതി) ആവിഷ്കരിച്ചതുതന്നെ നികുതി സമ്പ്രദായം സുഗമമാക്കാനും സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതിവിഹിതം ന്യായമായി ലഭിക്കുന്നതിനും വേണ്ടിയാണ്. പക്ഷേ ജിഎസ്‌ടി നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം കേരളത്തെ ധനപ്രതിസന്ധിയിലാക്കി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിലനിര്‍ത്തേണ്ട ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ നിലകൊള്ളേണ്ട കോണ്‍ഗ്രസ്, ഇടതു വിരോധത്തിന്റെ പേരില്‍ മൗനം ദീക്ഷിക്കുമ്പോള്‍ അത് ബിജെപിക്ക് ഗുണകരമാകുമെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം പോലും അവര്‍ക്കുണ്ടാകുന്നില്ല.
ദുരന്തമുഖത്തുപോലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനം വയനാട്ടിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വയനാട് ദുരന്തമുണ്ടായിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വികാരവിക്ഷോഭങ്ങളോടെ ദുഃഖവും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വയനാട്ടില്‍ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതായിപ്പോലും ഭാവിക്കുന്നില്ല. ഇതിനുശേഷം മഴമൂലം കെടുതി അനുഭവിച്ച ആന്ധ്രയ്ക്ക് 1,036 കോടിയും തെലങ്കാനയ്ക്ക് 416.80 കോടിയും മോഡി സര്‍ക്കാര്‍ ദുരിതാശ്വാസം പ്രഖ്യാപിച്ചു. ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ നല്‍കിയത് 600 കോടിയാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേരളത്തോടുള്ള രാഷ്ട്രീയവിവേചനത്തെയാണ്.

കേരള സംസ്ഥാനം 2,000 കോടിയുടെ അടിയന്തരസഹായം പുനരധിവാസ പദ്ധതികള്‍ക്ക് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സമ്മര്‍ദം ചെലുത്താനും വയനാടിന് ഒരു എംപി ഇല്ലാതെപോയ സാഹചര്യവും ലോക്‌സഭാ മണ്ഡലത്തില്‍ ചര്‍ച്ചയാകുകയാണ്.
2018 പ്രളയകാലത്തും കേന്ദ്രം സ്വീകരിച്ച നിലപാട് നമ്മുടെ മുന്നിലുണ്ട്. അന്ന് കേരളം എഫ്‌സിഐയില്‍ നിന്ന് 89,540 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കുകയുണ്ടായി. അതിന് കേന്ദ്രം ആവശ്യപ്പെട്ടത് 205.81 കോടിരൂപയാണ്. ഈ തുക എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്ര ഭക്ഷ്യ വകുപ്പ് അംഗീകരിച്ചില്ലെന്നു മാത്രമല്ല, തുക കേരളത്തിന്റെ ഭക്ഷ്യ സബ്സിഡിയില്‍ നിന്ന് ഈടാക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ സഹായ നിഷേധത്തിനെതിരെ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട കോണ്‍ഗ്രസ് കേരളം കേന്ദ്രത്തിനു നല്‍കിയ എസ്റ്റിമേറ്റ് തുകയുടെ പേരില്‍ നുണപ്രചരണം നടത്തുകയായിരുന്നു. മെമ്മോറാണ്ടത്തില്‍ സൂചിപ്പിച്ചിട്ടുള്ള കണക്കുകള്‍ ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്ന് റവന്യു മന്ത്രി കെ രാജന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും വിഷലിപ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ നുണപ്രചരണം നടത്തുകയായിരുന്നു കോണ്‍ഗ്രസും ചിലമാധ്യമങ്ങളും.
2023 ഡിസംബറില്‍ തമിഴ്‌നാട്ടില്‍ വീശിയ മിച്ചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിഭയങ്കരമായ വെള്ളപ്പൊക്കത്തിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ആ സംസ്ഥാനം കേന്ദ്രത്തോട് 37,907 കോടി രൂപയുടെ സഹായം ചോദിച്ചു. ഒരു രൂപപോലും അനുവദിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ച തമിഴ്‌നാടിന് കോടതി വിധിപ്രകാരം കേന്ദ്രം നല്‍കിയത് 276.10 കോടി രൂപ മാത്രമാണ്. ദുരന്തത്തില്‍പ്പോലും രാഷ്ട്രീയ വൈരം കലര്‍ത്തുന്ന ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. 

സംസ്ഥാന സര്‍ക്കാരിന്റെ പൊതുജനാഭിമുഖ്യത്തിനും ജാഗ്രതയ്ക്കും സാക്ഷിയായ സന്ദര്‍ഭമാണ് ചൂരല്‍മല, മുണ്ടക്കൈ, വിലങ്ങാട് എന്നിവിടങ്ങളില്‍ അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ പ്രകൃതിദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍. നൂറുകണക്കിന് ജീവനും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെട്ടു. വന്‍നാശനഷ്ടം വരുത്തിയ ദുരന്തമുണ്ടായ ഉടനെതന്നെ കേരള സര്‍ക്കാര്‍, രാഷ്ട്രീയകക്ഷികള്‍, പൊലീസ്, ദുരന്തപ്രതികരണ സേന, സൈന്യം തുടങ്ങിയവരെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
ഈ സാഹചര്യത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടി ബോധപൂര്‍വവും ദുഷ്ടലാക്കോടുകൂടിയുമുള്ള പ്രചരണ തന്ത്രങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാനാവശ്യമായ സ്വാധീനം ആര്‍ജിക്കാന്‍ ഈ മണ്ഡലങ്ങളിലൊന്നും ബിജെപിക്കായിട്ടില്ല. അവരുടെ മുന്നേറ്റം തടയാന്‍ കെല്പുള്ള എല്‍ഡിഎഫിനുപിന്നിലാണ് മതനിരപേക്ഷ ബോധമുള്ള വിഭാഗങ്ങള്‍ അണിനിരന്നിട്ടുള്ളത്. അതുകൊണ്ടാണ് ബിജെപിയും യുഡിഎഫും അദൃശ്യമായ ധാരണകള്‍ വച്ചുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ സര്‍വ അടവുകളും പയറ്റുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.