February 8, 2023 Wednesday

കൊറോണക്കാലത്ത് ലോകം ക്യൂബയെ തേടുന്നു

പി പ്രസാദ്
March 30, 2020 5:15 am

“എങ്ങു മനുഷ്യനു ചങ്ങല കൈകളില

ങ്ങെൻ കൈയ്യുകൾ നൊന്തീടുകയാ-

ണെങ്ങോ മർദ്ദനമവിടെ പ്രഹരം

വീഴുവതെന്റെ പുറത്താകുന്നു.”

ഫ്രിക്കയെക്കുറിച്ച് എൻ വി കൃഷ്ണവാര്യർ എഴുതിയ കവിതയിലെ ഈ വരികൾ ക്യൂബക്കാർക്ക് പരിചിതമായതാവാൻ ഇടയില്ല. പക്ഷേ കമ്മ്യൂണിസ്റ്റ് ക്യൂബയുടെ നിലപാടുകളെ ഈ വരികളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും. കോവിഡ് 19 അനേകായിരങ്ങളെ കാലപുരിക്കയച്ചുകൊണ്ടിരിക്കുകയും ലോകമാകെ ലോക്ക് ഡൗൺ എന്ന പേരിൽ പൂട്ടിയിടപ്പെടുകയും മനുഷ്യർ ഭയപ്പാടോടെ ഒറ്റപ്പെട്ട തുരുത്തുകളിലാവുകയും ചെയ്തിരിക്കുന്ന വർത്തമാനകാലത്ത് ലോകം അത് അനുഭവിച്ചറിയുന്നുമുണ്ട്. ചൈനയിലെ വുഹാനിൽ തുടങ്ങിയതും മനുഷ്യജീവിതങ്ങളെ മരണത്തിലേക്ക് ആനയിച്ചു കൊണ്ടുപോയതുമായ ഈ മഹാമാരി അവിടെ ഒടുങ്ങിയില്ല. അനേകായിരം മൈലുകൾക്കപ്പുറത്തെവിടെയോ നടക്കുന്ന ഒരു പ്രശ്നം എന്ന നിലയിലാണ് ലോകത്തെല്ലായിടത്തുമുള്ള മഹാഭൂരിപക്ഷം ജനതയും ഇതിനെ ആദ്യം കണ്ടത്. അതിർത്തികളുടെ തടസ്സങ്ങളേതുമില്ലാതെ അതിരുകളെല്ലാം ഭേദിച്ച് വൈറസ് ലോകമാകെയെത്തിച്ചേർന്നു. മരണസംഖ്യയിൽ ചൈനയെ പിന്നിലാക്കി ഇറ്റലി മുന്നിലെത്തി. മത്സരങ്ങളിലെ സ്കോർ നിലപോലെ യൂറോപ്പിലെ പല രാഷ്ട്രങ്ങളും പിന്നാലെയെത്തി. കരയിലും കടലിലും ആകാശത്തിലൂടെയുമുള്ള ഗതാഗതം ലോകമാകെ നിലച്ചത് ലോക ചരിത്രത്തിലെ ആദ്യ സംഭവമായി.

ഭരണത്തലവൻമാരും മതമേലധ്യക്ഷൻമാരുമെല്ലാം പകച്ചു നിൽക്കുകയാണിപ്പോഴും. വ്യാപാര വാണിജ്യ ആത്മീയ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഫാക്ടറികൾ എല്ലാം പ്രവർത്തനം നിർത്തി. അവശ്യ സർവ്വീസുകളല്ലാത്ത എല്ലാ സ്ഥാപനങ്ങളും പൂട്ടിയിടാൻ സർക്കാരുകൾ നിർബന്ധിതരായി. ദൈവങ്ങളും അവരുടെ ആരാധനാ കേന്ദ്രങ്ങളും അവശ്യ സ്ഥാപനങ്ങളല്ലെന്ന് തർക്കമേതുമില്ലാതെ ലോകം അംഗീകരിക്കുന്നതും ഇതാദ്യമായാണ്. സ്കൂളുകളും കോളജുകളും വീടുകളും ആശുപത്രി വാർഡുകളായി മാറിക്കൊണ്ടിരിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ തുടങ്ങി. നിയന്ത്രണങ്ങളിലൂടെ ഈ മഹാമാരിയെ മറികടക്കാൻ ലോകം വലിയ പരിശ്രമത്തിലാണിപ്പോൾ. കൊറോണയുടെ വ്യാപനത്തെ തുടർന്ന് ലോകത്തെ വമ്പൻ രാഷ്ട്രങ്ങൾ സ്തംഭിച്ചുനിൽക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സാമ്പത്തിക ശക്തിയുടെയും ആയുധബലത്തിന്റേയുമെല്ലാം പേരിൽ ഊറ്റം കൊണ്ടിരുന്നവർ കൊറോണയെ എങ്ങിനെ പ്രതിരോധിക്കണമെന്നറിയാതെ ഉഴറി. പ്രബലൻമാരുടെ പട്ടികയിൽ പെടാത്തതും എല്ലായ്പ്പോഴും മികവുറ്റ സംഭാവനകൾ ചെയ്യുന്നതുമായ കൊച്ചു ക്യൂബ ഇവിടെ വേറിട്ടു നിൽക്കുകയാണ്. ചൈനയിൽ പടർന്നുപിടിച്ച വൈറസ് ബാധയെ പ്രതിരോധിച്ച് വരുതിയിലാക്കാനും മരണസംഖ്യ കുറയ്ക്കാനും ആ രാജ്യത്തിന് ഏറെ സഹായകമായത് ക്യൂബയുടെ മരുന്നാണ്.

ക്യൂബൻ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിംഗ് ആന്റ് ബയോടെക്നോളജി (CIGB) 1986 ൽ വികസിപ്പിച്ചെടുത്ത ആന്റി വൈറൽ “ഇന്റർഫെറോൺ ആൽഫ- 2ബി “( IFN­rec ) ഉപയോഗിച്ചാണ് ചൈന ഇപ്പോൾ അതിജീവിക്കുന്നത്. ചൈനയിലെ ജിലിൻ പ്രവിശ്യയിലുള്ള ചൈന- ക്യൂബ സംയുക്തസംരംഭമായ ചാങ് ഹെബർ പ്ലാന്റ് ജനുവരി 25 മുതൽ ഇന്റർഫെറോൺ ആൽഫ 2ബി ഉല്പാദിപ്പിച്ചാണ് കൊറോണയെ തുരത്തിക്കൊണ്ടിരിക്കുന്നത്. ക്യൂബൻ പ്രസിഡന്റായ ‘മിഗേൽ ഡിയാസ് കനേൽ’ ട്വിറ്ററിൽ കുറിച്ചു. ” ഇന്റർഫെറോൺ ആൽഫ — 2 ബി, കൊറോണ വൈറസിനെതിരെ ചൈനയിൽ ഉപയോഗിക്കുന്ന ക്യൂബൻ മരുന്ന്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ ചൈനീസ് സർക്കാരിനും ജനങ്ങൾക്കും ഞങ്ങളുടെ പിന്തുണ. ” ക്യൂബൻ ബയോടെക്നോളജി വിഭാഗത്തിന്റെ നക്ഷത്രനേട്ടമായി കരുതപ്പെടുന്ന മരുന്നുമാണിത്. ചൈനയിലുണ്ടായ മെച്ചപ്പെട്ട ഫലത്തെ തുടർന്ന് സ്പെയിനിലെ സെവില്ലെയിൽ കൊറോണ രോഗിയുടെ ചികിത്സക്ക് ക്യൂബൻ ഇന്റർഫെറോൺ ഉൾപ്പെടുത്തുകയുണ്ടായി.

നാലു ദിവസത്തിനു ശേഷം ഈ ചികിത്സക്ക് വിധേയനായ സെവില്ലെയിലെ രോഗിയുടെ പരിശോധനാ ഫലം ഇതാദ്യമായി നെഗറ്റീവായിരിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്പെയിനിലെ 1500 ലധികം രോഗികളെ സുഖപ്പെടുത്താൻ മരുന്ന് സഹായകമായി എന്ന് ക്യൂബൻ അധികൃതരും സൂചിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് മുതൽ എച്ച്ഐവി വരെയുള്ള വൈറൽ രോഗങ്ങൾക്ക് ഈ മരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. മെക്സിക്കൻ ശാസ്ത്രജ്ഞർ ക്യൂബയിലെ വിദഗ്ധരുമായി നടത്തിയ ചർച്ചയെ തുടർന്ന് കൊറോണ പ്രതിരോധത്തിന് മെക്സിക്കോയിലേക്ക് മരുന്നുകൾ അയക്കാനുള്ള സഹകരണ പദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്റർഫെറോൺ ആൽഫ 2 ബി വികസിപ്പിച്ചെടുത്തതിന്റെ ചരിത്രം തേടുമ്പോൾ ആദ്യം ചെന്നെത്തുക ഹവാനയുടെ അയൽ പ്രദേശമായ അറ്റബേയിലെ 180 ചതുരശ്രമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ വീട്ടിലേക്കാണ്.

പ്രൊഫഷണലിസവും പ്രതിബദ്ധതയും അവിടെ വേരുറപ്പിച്ചു. ബയോളജിസ്റ്റും ക്യൂബൻ സെന്റർ ഫോർ ജനറ്റിക്ക് എൻജിനീയറിംഗ് ആന്റ് ബയോടെക്നോളജിയുടെ സ്ഥാപകനുമായ ഗുസ്താവോ ഫുറസോള ഗോമസ് അതേപ്പറ്റി ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്. “ആധുനിക ബയോടെക്നോളജി രംഗത്ത് ക്യൂബ മുഴുകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയത് ഫിഡൽ കാസ്ട്രോയാണ്. ” ഇത് ഗുസ്താവോയുടെ വാക്കുകളാണ്. കാസ്ട്രോയുടെ ദീർഘവീക്ഷണവും ചിന്തകളും ആ വഴിയേ സഞ്ചരിച്ചു. അമേരിക്കൻ ഡോക്ടറായ റാൻഡോൾഫ് ലീ ക്ലാർക്കുമായി ഫിഡൽ കൂടിക്കാഴ്ച നടത്തുകയും ഇതേപ്പറ്റി സംസാരിക്കുന്നുമുണ്ട്. കാൻസറിനെ പ്രതിരോധിക്കാൻ അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്ന ചികിത്സകളിലേക്ക് ഫിഡൽ ആ സംസാരത്തെ കൊണ്ടുപോയി. ആ ചർച്ചകൾ ചെന്നെത്തിയത് ടെക്സാസിൽ ലീ ക്ലാർക്കുൾപ്പെടെയുള്ളവർ ഇന്റർഫെറോൺ വികസിപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങളിലാണ്. പിന്നീട് രണ്ട് ക്യൂബൻ ശാസ്ത്രജ്ഞൻമാർ ഈ കേന്ദ്രത്തിൽ പരിശീലനം നേടി. ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായുള്ള പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ.

വൈറസുകളിൽ ഇടപെടുകയും അവയുടെ വർദ്ധനയെ തടഞ്ഞ് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന് ഇടപെടൽ ( inter­fere) എന്ന വാക്കിൽ നിന്നും ഇന്റർഫെറോൺ എന്ന പേരുണ്ടായത്. ഇന്റർഫെറോൺ തൻമാത്രയെ ആദ്യമായി വേർതിരിച്ചെടുത്ത പ്രൊഫസർ കരി കാന്റലിന്റെ ഫിൻലാന്റിലെ ഹെൽസിങ്കിയിലുള്ള ലബോറട്ടറിയിൽ ക്യൂബൻ വിദഗ്ധർ പരിശീലനത്തിലേർപ്പെട്ടു. അവർ തിരിച്ചു വന്ന് അറ്റബേയിലെ കൊച്ചു വീട്ടിൽ സജ്ജമാക്കിയ ലാബോറട്ടറിയിൽ ഗവേഷണങ്ങൾ തകൃതിയായി നടത്തി. അവിടെവച്ച് 1981 മെയ് 28 ന് ക്യൂബ വെളുത്ത രക്താണുക്കളിൽ നിന്ന് ഇന്റർഫെറോണിനെ സൃഷ്ടിച്ചെടുത്തു. 1981 ൽ തന്നെ ഇന്റർഫെറോൺ ഉപയോഗിച്ച് ക്യൂബ ഡങ്കിപ്പനിയെ പ്രതിരോധിക്കുകയും ചെയ്തു. ഫിഡലിന്റെ ദീർഘവീക്ഷണത്തെ എപ്പോഴും ഓർക്കുന്നുണ്ടെന്നും അത് തങ്ങളുടെ പ്രതിബദ്ധതയുടെ ഒരു കാരണവുമാണെന്നാണ് സെന്ററിന്റെ ചുമതലക്കാരുടെ അഭിപ്രായം. ലോകത്ത് ഏറ്റവുമധികം ഡോക്ടർമാരേയും നഴ്സുമാരേയും മെഡിക്കൽ പ്രൊഫഷണലുകളെയും സൃഷ്ടിക്കാനും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും കഴിഞ്ഞ രാജ്യവുമാണ് കമ്യൂണിസ്റ്റ് ക്യൂബ. ഇന്റർഫെറോൺ ആൽഫ2 ബി മരുന്ന് നിർമ്മിക്കുന്ന ‘ബയോക്യൂബ ഫാർമ ‘ക്യൂബയുടെ മറ്റൊരു ഉജ്ജ്വല നേട്ടമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്യൂബ ഈ സാങ്കേതിക വിദ്യകൾ എല്ലാവരുമായും പങ്കുവെക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇന്റർഫെറോൺ ആൽഫ 2 ബി മരുന്നിന്റെ സ്രഷ്ടാവായി അറിയപ്പെടുന്ന ഡോക്ടർ ലൂയിസ് ഹെരേരയുടെ വാക്കുകൾ അതിന്റെ കൃത്യമായ വിശദീകരണമാണ്. ” ആരോഗ്യം ഒരു കച്ചവട സ്വത്തല്ല, അടിസ്ഥാന അവകാശമാണ് ” എന്നായിരുന്നു ലൂയിസ് അഭിപ്രായപ്പെട്ടത്. 1959 ലെ വിപ്ലവത്തിനു ശേഷം ക്യൂബ ലോകത്തിന്റെ ദുരന്ത, ദുരിത മേഖലകളിലേക്ക് വെള്ളക്കുപ്പായക്കാരുടെ സേനയെ അയക്കുന്നുണ്ട്. ദുരിതങ്ങളിലാണ്ട ജനതയുടെ കണ്ണീർ തുടയ്ക്കാൻ കൂടുതൽ ആളുകൾ എല്ലാ സന്നാഹങ്ങളോടെയും അവർ കടന്നുചെല്ലാറുണ്ട്. ഹെയ്തിയിൽ കോളറക്കെതിരെയും പശ്ചിമ ആഫ്രിക്കയിൽ എബോളക്കെതിരെയും പൊരുതാൻ മുന്നിൽ നിന്നതും ക്യൂബയുടെ ഡോക്ടർമാരായിരുന്നു. ചെ ഗുവേരയും കാസ്ട്രോയുമെല്ലാം ചേർന്ന് നടത്തിയ വിപ്ലവത്തിലൂടെ ക്യൂബ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ നിലപാടാണത്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുൾപ്പെടെ ലോകത്തെ 61 രാജ്യങ്ങളിൽ ക്യൂബയിലെ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമടക്കം 28268 പേർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നുണ്ട്.

ഇതിൽ 37രാജ്യങ്ങൾ കൊറോണ ബാധയിലുമാണ്. 1999 ൽ കാസ്ട്രോ സ്ഥാപിച്ച ലാറ്റിനമേരിക്കൻ സ്കൂൾ ഓഫ് മെഡിസിൻ ( ELAM) 115 രാജ്യങ്ങളിലെ മുപ്പതിനായിരത്തോളം പേരെ മികച്ച ഡോക്ടർമാരാക്കിയത് മറ്റൊരു വസ്തുതയാണ്. കഴിഞ്ഞ ദിവസം ചേർന്ന കരീബിയൻ രാജ്യങ്ങളിലെ വിദേശകാര്യ, ആരോഗ്യ മന്ത്രിമാരുടെ പ്രഥമ സമ്മേളനത്തിൽ ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ്സ് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ക്യൂബയുടെ സവിശേഷതയായ സാഹോദര്യ മൂല്യങ്ങളിലും എത്രതന്നെ ചെറുതാണെങ്കിലും ഉള്ളതിനെ പങ്കിടുന്ന തത്ത്വശാസ്ത്രത്തിലും പ്രചോദിതരാണ് തങ്ങളെന്നായിരുന്നു റോഡ്രിഗ്സ് വ്യക്തമാക്കിയത്. ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയ, മദ്ധ്യേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ 164 രാജ്യങ്ങളിൽ ദൗത്യങ്ങൾ പൂർത്തിയാക്കിയ നാല് ലക്ഷത്തിലധികം പ്രൊഫഷണലുകളും അരനൂറ്റാണ്ടായി ആരോഗ്യ മേഖലയിലെ സഹകരണത്തിലൂടെ ആർജിച്ചെടുത്ത അനുഭവവും തങ്ങളുടെ പ്രത്യേകതയായി അദ്ദേഹം വിശദീകരിച്ചു.

ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും അമേരിക്കയും കാനഡയും ഉൾപ്പെടെ ഈ അർദ്ധഗേളത്തിലെ എല്ലാ രാഷ്ട്രങ്ങളേയും ക്ഷണിക്കണമെന്നാണ് ക്യൂബയുടെ പക്ഷമെന്ന് നിലപാടറിയിച്ച റോഡ്രിഗ്സ് “മാനവികത ഫലപ്രദമായ പരിഹാരം ആവശ്യപ്പെടുന്നു” എന്നും പ്രസ്താവിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സമ്മേളനം ചേർന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുതന്ന് സഹായിക്കണമെന്ന് ഇറ്റലി യൂറോപ്യൻ യൂണിയനോടും യൂണിയനിലെ അംഗരാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. തങ്ങൾ കരുതിവച്ചിരിക്കുന്നതിൽ കുറവുവരുത്താൻ കഴിയില്ല എന്ന് വ്യക്തമാക്കി അവരെല്ലാം ഇറ്റലിയുടെ അപേക്ഷ തള്ളിക്കളയുകയുണ്ടായി. വൈദ്യ സഹായത്തിനായി ഇറ്റലി നൽകിയ അപേക്ഷയിൽ മറുപടി പോലും ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയനിലെ ഇറ്റലിയുടെ സ്ഥിരം പ്രതിനിധി മൗറീസിയോ മസാരി പരസ്യമായി പരാതിപ്പെടുകയും ചെയ്തു. എന്നാൽ പ്രതിസന്ധികൾക്കിടയിലും മാസ്കുകളും റെസ്പിറേറ്ററുകളും ഉൾപ്പെടെ മുപ്പത് ടൺ ഉപകരണങ്ങളും ഒൻപത് മെഡിക്കൽ സ്റ്റാഫുകളേയും ചൈന ഇറ്റലിയിലേക്ക് അയച്ചു കൊടുക്കുകയുണ്ടായി ഇറ്റാലിയൻ വിദേശകാര്യമന്ത്രി ലൂയിജി ഡി മയോ ഇതേപ്പറ്റി പ്രതികരിച്ചത് ഇപ്പോൾ ഇറ്റലി ഒറ്റക്കല്ലെന്നായിരുന്നു. അവസാനിക്കുന്നില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.