14 June 2025, Saturday
KSFE Galaxy Chits Banner 2

പ്രതിരോധ നിർമ്മാണമേഖലാ വളർച്ച ത്വരിതപ്പെടും

ഡോ. ഗ്യാന്‍ പഥക്
May 13, 2025 4:15 am

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ബോധ്യപ്പെടുത്തിയ പ്രഹരശേഷിയും പ്രതിരോധമികവും പാകിസ്ഥാൻ, രാജ്യത്തിനെതിരായ യുദ്ധമായി കരുതി. ഇത്തരം സാഹചര്യം ഇന്ത്യയുടെ പ്രതിരോധ നിർമ്മാണമേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സാധ്യതയേറി. 2025 ഫെബ്രുവരിയിൽ ഇന്തോനേഷ്യയുമായി ബ്രഹ്മോസ് മിസൈലുകൾ കൈമാറ്റം ചെയ്യുന്നതിനായി ഇന്ത്യ 440.3 ദശലക്ഷം യുഎസ് ഡോളറിന്റെ കരാർ നേടിയിരുന്നു. ഭീകര സംഘടനകളുമായും അവരുടെ ശൃംഖലകളുമായും സഖ്യമുണ്ടാക്കുന്നതിനും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നതിനും പാകിസ്ഥാൻ മുന്നിട്ടിറങ്ങുമ്പോൾ, പ്രതിരോധിക്കുകയും പ്രത്യാക്രമിക്കുകയുമല്ലാതെ എന്ത് മാർഗമാണുള്ളത്. ഇന്ത്യ — പാക് അപ്രഖ്യാപിത യുദ്ധത്തിൽ ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. അത് രാജ്യത്തിന്റെ പ്രതിരോധ നിർമ്മാണമേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നു. പ്രവൃത്തിയിൽ ബോധ്യപ്പെട്ട പ്രകടനങ്ങൾക്ക് മുമ്പേതന്നെ വിമാനവാഹിനിക്കപ്പലുകളുടെ ഉല്പാദനം ഉൾപ്പെടെ നൂതന പ്രതിരോധ നിർമ്മാണ കഴിവുകൾ ഇന്ത്യ പ്രദർശിപ്പിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്ന വർത്തമാനത്തിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന പ്രതിരോധ ഇനങ്ങളുടെ ആവശ്യം രാജ്യത്തും വിദേശത്തും വർധിക്കുകയാണ്. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2.43 ദശലക്ഷം യുഎസ് ഡോളർ കവിഞ്ഞു. 2029 ആകുമ്പോഴേക്കും ഇത് 5.8 ദശലക്ഷം യുഎസ് ഡോളറായി വർധിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ പ്രതിരോധ കയറ്റുമതിയിലുണ്ടായ വർധനവ് 334 ശതമാനമാണ്. സഹകരണ ശ്രമങ്ങളിലൂടെ ഇന്ത്യ 75ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഇനങ്ങൾ കയറ്റുമതി ചെയ്തു. രാജ്യത്തിന്റെ വാർഷിക പ്രതിരോധ ഉല്പാദനമാകട്ടെ 2023 സാമ്പത്തിക വർഷത്തെക്കാൾ 16.7ശതമാനം വർധിച്ച് 2024 സാമ്പത്തിക വർഷത്തിൽ 15.34 ദശലക്ഷം യുഎസ് ഡോളറായി റെക്കോഡ് ഉയരത്തിലെത്തി. 2023 ഏപ്രിൽ വരെ, പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന 369 കമ്പനികൾക്ക് 606 വ്യാവസായിക ലൈസൻസുകൾ നൽകി. 

2025–26ലെ കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് 6,81,000 ലക്ഷം കോടി രൂപയുടെ വിഹിതമുണ്ട്. ഇത് 2024–25ൽ അനുവദിച്ച തുകയെക്കാൾ 9.5 ശതമാനം കൂടുതലാണ്. പ്രതിരോധ ഉല്പാദനത്തിന്റെ തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീജൻ പോർട്ടലും ആരംഭിച്ചു. 2024 ജനുവരി വരെ 34,000ത്തിലധികം പ്രതിരോധ ഇനങ്ങളുടെ പൊതുപ്രദർശനം നടത്തി. 10,000 ഇനങ്ങൾ തദ്ദേശീയ സങ്കേതികവിദ്യയുടെ ഉല്പന്നങ്ങളാണ്. ഇന്ത്യ ഇതിനകം രണ്ട് പ്രതിരോധ വ്യാവസായിക ഇടനാഴികൾ സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് ഉത്തർപ്രദേശിലും മറ്റൊന്ന് തമിഴ്‌നാട്ടിലും. രാജ്യത്തിന്റെ പ്രതിരോധ നിർമ്മാണ ശ്രമങ്ങളെ ശാക്തീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 194ഓളം പ്രതിരോധ സാങ്കേതിക സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ പ്രതിരോധ ഉപകരണങ്ങളുടെ മുൻനിര ഇറക്കുമതിക്കാരിൽ ഇന്ത്യയുണ്ട്. സാങ്കേതിക ശാസ്ത്ര സംബന്ധിയായ നേട്ടങ്ങൾക്ക് ഇത് ഉപകരിച്ചു. പ്രതിരോധ വ്യവസായ ഇടനാഴി, പ്രതിരോധ നിർമ്മാണത്തിന്റെ അതിവേഗ വളർച്ചയ്ക്കും വൻതോതിലുള്ള തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലെ പ്രതിരോധ വ്യവസായ ഇടനാഴിയിൽ 30,000 കോടി രൂപയുടെ നിക്ഷേപവുമായി 170 ധാരണാപത്രങ്ങൾ ഒപ്പിട്ടു. ഇത് ഏകദേശം 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാർത്ഥ നിക്ഷേപം ഇതിനോടകം 9,462 കോടി രൂപയിലെത്തിയതായും ഇത് 13,737 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു. തമിഴ്‌നാട് പ്രതിരോധ വ്യവസായ ഇടനാഴി 53 വ്യവസായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി 11,794 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രങ്ങൾ ഒപ്പിട്ടുകഴിഞ്ഞു. ഇതിൽ 3,861 കോടി രൂപയുടെ നിക്ഷേപവും നടന്നു. പഹൽഗാം ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർമ്മൽ ബാംഗ് റിപ്പോർട്ട് പുറത്തുവന്നു. ഇന്ത്യയുടെ പ്രതിരോധ ഉല്പാദനം 2025 സാമ്പത്തിക വർഷത്തോടെ 1.75 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. 2024–25ൽ പ്രതിരോധ മന്ത്രാലയത്തിന്റെ 193 കരാറുകളുടെ മൊത്തം മൂല്യം 2.1 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് എക്കാലത്തെയും ഉയർന്ന കണക്കാണ്. ആഭ്യന്തര കരാറുകളുടെ മൂല്യം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്. ഇതാകട്ടെ മൊത്തം കരാർ മൂല്യത്തിന്റെ 81 ശതമാനവും. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) 2025 സാമ്പത്തിക വർഷത്തിൽ 540 ദശലക്ഷം രൂപയുടെ എട്ട് മൂലധന ഏറ്റെടുക്കൽ നിർദേശങ്ങൾ അംഗീകരിച്ചതായും നിർമ്മൽ ബാംഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സൈനിക സ്ഥിരവിഭാഗം, നാവിക യുദ്ധകപ്പലുകൾ, ആയുധങ്ങളും സായുധസേനയും ഉപയോഗിച്ച് പ്രതിരോധ സജ്ജമായ യുദ്ധക്കപ്പലുകളോട് ചേർന്നുള്ള ഉപവിഭാഗങ്ങൾ, മിസൈലുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. സൈനിക റോട്ടർക്രാഫ്റ്റ്, അന്തർവാഹിനികൾ, പീരങ്കികൾ, തന്ത്രപരമായ ആശയവിനിമയങ്ങൾ, ഇലക്ട്രോണിക് യുദ്ധം, സൈനിക കര വാഹനങ്ങൾ എന്നീ ഇനങ്ങളും പ്രതിരോധ നിർമ്മാണ പദ്ധതികളിൽ അതിവേഗത നേടും.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.