11 February 2025, Tuesday
KSFE Galaxy Chits Banner 2

കേൾക്കാതിരിക്കരുത്, വയനാടിന്റെ വിലാപം

ടി കെ മുസ്തഫ
January 26, 2025 4:30 am

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. മാനന്തവാടിക്കടുത്ത് പഞ്ചാരക്കൊല്ലി ബേഗൂർ റേഞ്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനായ അപ്പച്ചന്റെ ഭാര്യ രാധയെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് അതിദാരുണമായി കൊലപ്പെടുത്തിയത്. മനുഷ്യന്റെ അനിയന്ത്രിത പ്രവർത്തനങ്ങൾ നിമിത്തമായി മറ്റ് ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് വംശമറ്റുപോകുന്നതിനെ പ്രതിരോധിക്കുന്നതിനും വനം കൊള്ള തടയൽ ലക്ഷ്യംവച്ചും 1972ൽ കേന്ദ്രസർക്കാർ രൂപപ്പെടുത്തിയെടുത്ത വന്യജീവി സംരക്ഷണ നിയമം വർത്തമാനകാലത്ത് മനുഷ്യന്റെ ദൈനംദിന ജീവിതത്തെ താളം തെറ്റിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നുവോ എന്ന് ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.
പെരുകുന്ന വന്യജീവികൾ മനുഷ്യന്റെ വാസസ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ കടന്നുവന്ന് സ്വൈര്യജീവിതം തീർത്തും അസാധ്യമാക്കുന്ന തരത്തിൽ ദുരന്തങ്ങൾ സൃഷ്ടിക്കുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ ജനവിരുദ്ധവും പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ കേന്ദ്രനയങ്ങളുടെ മറ പിടിച്ച് മനുഷ്യ — വന്യജീവി സംഘർഷത്തിന് ആക്കം കൂട്ടുകയാണ് പലപ്പോഴും. മലയോര ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം ഏതു നിമിഷവും എവിടെയും സംഭവിക്കാം എന്ന സാഹചര്യത്തിൽ മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായുള്ള പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുന്നില്ല. മാനന്തവാടി പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയുടെയും വനം വകുപ്പ് ജീവനക്കാരൻ കൂടിയായ പാക്കം സ്വദേശി വെള്ളച്ചാലിൽ പോളിന്റെയും അതിദാരുണ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ഇതുവരെയും മുക്തമായിട്ടില്ല വയനാട്.
സുൽത്താൻ ബത്തേരിക്കടുത്ത് വാകേരിയിൽ കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടത് 2023 ഡിസംബറിലായിരുന്നു. അതേവര്‍ഷം ജനുവരിയിലാണ് മാനന്തവാടി പുതുശേരിയിൽ കടുവ ആക്രമിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ കർഷകൻ പള്ളിപ്പുറത്ത് തോമസ് മരിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 917 ആളുകൾ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. 55,853 വന്യജീവി അക്രമണങ്ങൾ ഇക്കാലയളവിൽ നടക്കുകയും 7,502 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ.

വയനാട് ജില്ലയിൽ മാത്രം കഴിഞ്ഞ 10 വർഷത്തിനിടെ 56 ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്. ഏഴ് വർഷത്തിനിടെ 10 പേർ കടുവയുടെ ആക്രമണത്തില്‍ മരിച്ചു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി കൃഷിയും വളർത്തു മൃഗങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മൃഗങ്ങളെ വനത്തിനുള്ളിൽ തടഞ്ഞു നിർത്താനുള്ള നൂതന മാർഗങ്ങൾ സ്വീകരിക്കുകയോ അക്രമണ കാരണങ്ങളും സാഹചര്യങ്ങളും പഠിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയോ ചെയ്യാതെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നതും പോകുന്നതും സ്വാഭാവിക പ്രതിഭാസമാണെന്നും അതിനോട് ജനങ്ങൾ സമരസപ്പെടണമെന്നും ധ്വനിപ്പിക്കുന്ന പ്രസ്താവനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മനുഷ്യജീവനെ തുച്ഛീകരിച്ച് കാണുന്ന സമീപനങ്ങളാണ് ആവർത്തിക്കപ്പെടുന്നത്. 1972ലെ നിയമ പ്രകാരം ആക്രമണകാരിയായ മൃഗത്തെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം സംസ്ഥാനം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനുണ്ട്. സിആർപിസി സെക്ഷൻ 133 പ്രകാരം ജില്ലാ കളക്ടർമാർക്കും അപകടകാരിയായ മൃഗത്തെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിറക്കാൻ കഴിയും. നിയമത്തിന്റെ സെക്ഷൻ 11 (2) പ്രകാരം ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ അക്രമകാരിയായ മൃഗത്തെ കൊല്ലുകയോ മുറിവേല്പിക്കുകയോ ചെയ്യുന്നത് കുറ്റകൃത്യമായി പരിഗണിക്കുകയില്ലെന്ന വ്യവസ്ഥ കാറ്റിൽപ്പറത്തിക്കൊണ്ടാണ് പലപ്പോഴും സ്വയരക്ഷയ്ക്കായി വന്യമൃഗങ്ങളെ നേരിടേണ്ടി വരുന്ന മനുഷ്യർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കുന്നത്. വന്യജീവികൾക്ക് വനത്തിനകത്തും പുറത്തും നിയമ സംരക്ഷണം ഉറപ്പ് വരുത്തുമ്പോള്‍, ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്മാർക്ക് സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അവകാശവുമുണ്ടെന്നത് അധികാരികള്‍ മറക്കരുത്. 

വന്യജീവി ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തിൽ, മനുഷ്യ–വന്യജീവി സംഘർഷം തടയുന്നതിനും വനസംരക്ഷണത്തിനും ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച 620 കോടിയുടെ സമഗ്രപദ്ധതിക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍, വനനിയമത്തിൽ ഭേദഗതി വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോടും പുറംതിരിഞ്ഞു നിൽക്കുകയാണ്. രാജ്യത്തെ കടുവകളുടെ സംരക്ഷണത്തിന് 1973 ഏപ്രിൽ ഒന്നിന് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ആരംഭിച്ച ’ പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എട്ട് വർഷം കടുവകൾക്കായി മാത്രം ചെലവഴിച്ച തുക 2044.21 കോടി രൂപയാണ്.
1969 നവംബറിൽ ന്യൂഡൽഹിയിൽ നടന്ന ‘ഇന്റർ നാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ കോൺക്ലേവി‘ൽ ഇന്ദിരാഗാന്ധി ആദ്യമായി കടുവ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ഇന്ത്യയുടെ ചുവടുവയ്പ് മറ്റ് മൂന്നാം ലോക രാഷ്ട്രങ്ങളെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2022 ഓഗസ്റ്റ് 15ന് ദേശീയ കടുവ സംരക്ഷണ അതോറിട്ടിയും പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ‘ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ്’ പ്രഖ്യാപിക്കുകയും കടുവ, സിംഹം, പുള്ളിപ്പുലി, സനോ പുള്ളിപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നിവയുടെ സംരക്ഷണത്തിൽ ജാഗ്രതയോടെ ഇടപെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാൽ വന്യമൃഗ സംരക്ഷണത്തിന്റെ വിഷയത്തിൽ സ്വീകരിക്കുന്ന ജാഗ്രത വന്യജീവി ആക്രമണം തടയുന്നതിലോ വനാതിർത്തികളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലോ കേന്ദ്രം കാണിക്കുന്നില്ല എന്നതാണ് വാസ്തവം. ഭരണകൂടങ്ങൾ സമയബന്ധിതമായി പദ്ധതികളും നടപടികളും കൈക്കൊണ്ട് പൊതുജനങ്ങളും വനം വകുപ്പും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വനാതിർത്തി മേഖലകളിൽ സൗഹാർദാന്തരീക്ഷമുറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ കർശനമായി സ്വീകരിക്കണം. നാട്ടിലിറങ്ങിയുള്ള വന്യജീവി അക്രമണങ്ങളുടെ കാരണങ്ങളും സാഹചര്യങ്ങളും പഠിക്കുവാനും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഗുണകരമാവുന്ന ഇടപെടലുകൾ നടത്തുന്നതിനും അടിയന്തരമായി തയ്യാറാവണം. വനത്തിലെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് വേണ്ടി പോപ്പുലേഷൻ മാനേജ്മെന്റ് പോലുള്ള നിയമപരമായ അധികാരത്തെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിലവിലെ നിയമത്തിലെ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള മൃഗങ്ങളുടെ പുനഃക്രമീകരണം സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളനുസരിച്ച് നിജപ്പെടുത്താനും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി നടപ്പിലാക്കാനും ശ്രമിക്കണം. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുക തന്നെ വേണം, എന്നാൽ മനുഷ്യജീവന് വില കല്പിക്കാതെയാകരുത്. നമുക്ക് കാട് വേണം, നാടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.