20 September 2024, Friday
KSFE Galaxy Chits Banner 2

പുകയില തുടങ്ങാതിരിക്കാം …

അജയകുമാര്‍ കരിവെള്ളൂര്‍
May 31, 2024 4:56 am

മേയ് 31ന് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ലോക രാജ്യങ്ങളിൽ പുകയില വിരുദ്ധ ദിനമായി ആചരിക്കുകയാണ്. പുകയില വ്യവസായ നിർമ്മാതാക്കളുടെ ഇടപെടലിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്നത്. പുകയില ഉപയോഗം ലോകത്ത് ഒരു വർഷം 70 ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ ഏകദേശം 10ലക്ഷത്തോളം പേർ ഇന്ത്യക്കാരാണ് എന്നത് ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്. 90 ശതമാനം ശ്വാസകോശ രോഗത്തിന്റെയും 30 ശതമാനം ഹൃദ്രോഗങ്ങളുടെയും കാരണം പുകയില ഉല്പന്നങ്ങളും പുകവലിയുമാണ്. വിട്ടുമാറാത്ത ചുമ, ആസ്ത‌്മ, കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ, ശ്വാസകോശ കാൻസർ, പല്ലുകളെയും വായയെയും ബാധിക്കുന്ന രോഗങ്ങൾ, വായ, തൊണ്ട, അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ, വൃക്ക, കുടൽ, മൂത്രാശയം എന്നിവയെ ബാധിക്കുന്ന കാൻസറുകൾ, പ്രമേഹം, ഗർഭാശയ കാൻസർ, പുരുഷൻമാരിൽ വന്ധ്യത എന്നിവയ്ക്കെല്ലാം പുകയില ഉല്പന്നങ്ങളും, പുകവലിയും കാരണമാകുന്നു.
പുകയിലയില്‍ 4000ത്തിലധികം രാസവസ്തുക്കളുണ്ട് എന്ന് വിവിധ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ 40ലധികം എണ്ണം പ്രധാനമായും വിവിധ കാൻസറുകൾ ഉണ്ടാക്കുവാൻ സാധ്യത ഏറെയുള്ളവയാണ്. ആർസെനിക്, പോളിസൈക്ലിക് ആരോമാറ്റിക്ക് ഹൈ ഡ്രോകാർബണുകൾ, നൈട്രോസോ അമീനുകൾ, നിക്കൽ തുടങ്ങിയ ഘടകങ്ങൾ കാൻസർ ബാധയ്ക്ക് കാരണമാകുന്നു. പുകവലിക്കുന്നവർ തള്ളുന്ന പുക വീടുകളിലും, പൊതുസമൂഹത്തിന്റെ ഇടയിലേക്കും രോഗം സമ്മാനിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ദരിദ്രരും, സാധാരണക്കാരും, പട്ടിണിക്കാരുമായ ജനത അവരുടെ വരുമാനത്തിന്റെ 30 ശതമാനം വരെ പുകവലിക്കായി ഉപയോഗിക്കുന്നു.
ജീവന് അപകടകാരിയാണെന്ന് ഭൂരിഭാഗം പേർക്കും അറിയാമെങ്കിലും ലക്ഷക്കണക്കിന് പേർ ഒരോ വർഷവും ഇതിന് അടിമകളായിത്തീരുന്നു. പുകവലി തുടങ്ങിയാൽ കൂടുതൽ വലിക്കാനുള്ള ആസക്തി ഉണ്ടാക്കുന്നു. ഇതിന്റെ പ്രധാന കാരണം നിക്കോട്ടിൻ എന്ന രാസ വസ്തുവാണ്. ഒരു സിഗരറ്റ് വലിക്കുമ്പോൾ രണ്ട് മില്ലിഗ്രാം നിക്കോട്ടിൻ രക്തത്തിൽ കലരും. നിക്കോട്ടിൻ അടങ്ങിയ രക്തം തലച്ചോറിൽ എത്തിയാല്‍ ഡോപമീൻ എന്ന രാസവസ്തു ഉല്പാദിപ്പിക്കുന്നു. ഇത് പുകവലിക്കുന്ന വ്യക്തിയെ ഒരു തരം ഉന്മാദാവസ്ഥയിലേക്ക് നയിക്കുന്നു. അതോടൊപ്പം നോർ അഡ്രിനാലിൻ എന്ന രാസവസ്തുവിന്റെ അളവ് വർധിക്കുകയും അതുവഴി പുകവലിക്കുന്നയാൾക്ക് ആനന്ദവും, ഉണർവും ഉണ്ടാകുകയും വീണ്ടുംവീണ്ടും പുകവലിക്കാൻ കാരണമാവുകയും ചെയ്യുന്നു. 

പുകയില /പുകവലി ഒരിക്കലും തുടങ്ങാതിരിക്കുക. ഈ ദുഃശീലം ഒരിക്കൽ തുടങ്ങിയാൽ നിർത്തുന്നത് ഏറെ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ 27.4 കോടി ജനങ്ങൾ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നു. 18.2 പേർ പുകവലിക്കുന്നവരാണ്. സിഗരറ്റ്, ബീഡി, ഗുട്ക, ഹുക്ക, പാൻ മസാല, ഹാൻസ് തുടങ്ങിയവയെല്ലാം ആണ് പൊതുവെ ഉപയോഗിക്കപ്പെടുന്ന പുകയില ഉല്പന്നങ്ങൾ. ഒരു സിഗരറ്റ് വലിക്കുമ്പോൾ മനുഷ്യായുസിന്റെ 11 മിനിറ്റ് കുറയുന്നു. പുകവലിക്കുന്നവർക്ക് പുകവലിക്കാത്തവരെക്കാൾ 10 വർഷം ആയുസ് കുറയുന്നു. ഒരോ എട്ട് സെക്കന്റിലും പുകയില ഉപയോഗം മൂലം രാജ്യത്ത് ഒരാൾ മരിക്കുന്നു. അതോടൊപ്പം പുകയില ഉല്പന്നങ്ങളുടെ പ്രത്യേകിച്ച് ബീഡി, സിഗരറ്റ് മുതലായവ മൂലം ഉണ്ടാക്കുന്ന പാരിസ്ഥിതിക‑അന്തരീക്ഷ മലിനീകരണവും ഭയാനകമാണ്. ലോകത്ത് എട്ട് ലക്ഷത്തോളം ടൺ ഭാരമുള്ള സിഗരറ്റ് കുറ്റികൾ പ്രതിവർഷം നിക്ഷേപിക്കപ്പെടുന്നു. അമേരിക്കയിൽ ആകെ ഖരമാലിന്യത്തിൽ 50 ശതമാനത്തിലധികം ഇത്തരം മാലിന്യങ്ങളാണ്. തീർച്ചയായും നമ്മുടെ നാട്ടിൽ ചെറിയ അളവിൽ പുകവലി കുറഞ്ഞുവരുന്നുണ്ടെങ്കിലും പുകയില ഉല്പന്നങ്ങൾ മൂലം ഉണ്ടാകുന്ന സാമൂഹ്യ‑സാമ്പത്തിക‑ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളികളും ഗൗരവതരമായി ചർച്ചചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്ത് പാൻ മസാല നിരോധിച്ചതും, പരസ്യമായ പുകവലി നിരോധിച്ചതും പുകയില വിരുദ്ധ യജ്ഞത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ പുകയില ഉപയോഗം കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ശരിയായ ബോധവല്‍ക്കരണവും, ലഹരി വിമുക്ത കൗൺസിലിങ്ങുകളും കൂടുതൽ ജനകീയമാക്കി പുകയില വിമുക്തമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള യജ്ഞത്തില്‍ നമുക്ക് ആത്മാർത്ഥമായി പങ്കുചേരാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.