6 November 2025, Thursday

തെരഞ്ഞെടുപ്പും ഉത്തരേന്ത്യന്‍ രാഷ്ട്രീയ നാടകങ്ങളും

രാഹിൽ നോറ ചോപ്ര
October 14, 2025 4:50 am

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമവായത്തിന് ബിജെപിയും എൻഡിഎ സഖ്യകക്ഷികളും തിരക്കേറിയ ശ്രമങ്ങൾ തുടരുകയാണ്. ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളില്‍ മത്സരിക്കും. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 29 സീറ്റുകളിൽ മത്സരിക്കും. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം), മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവ ആറ് വീതം സീറ്റുകളിലും മത്സരിക്കും. ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാൻ വലിയ പരിശ്രമമാണ് നടന്നത്. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പാസ്വാന്റെ വസതി മൂന്ന് തവണ സന്ദർശിച്ചു. ഒരുതവണ അദ്ദേഹത്തിന്റെ അമ്മയെ കണ്ടു, പിന്നീട് ചിരാഗിനെത്തന്നെ കണ്ടു. മൂന്നാം തവണ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനോടൊപ്പമായിരുന്നു കൂടിക്കാഴ്ച. പാസ്വാൻ 35 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ബിജെപി 26 സീറ്റുകൾ വാഗ്ദാനം ചെയ്തു. അവസാനം 29 സീറ്റുകളിലെത്തി. ഭാവിയില്‍ ഒരു എംഎൽസിയും ഒരു രാജ്യസഭാ സീറ്റും നൽകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ച ഹാജിപൂർ, ജാമുയി, വൈശാലി, ഖഗാരിയ, സമസ്തിപൂർ എന്നിവിടങ്ങളിൽ കുറഞ്ഞത് രണ്ട് നിയമസഭാ സീറ്റുകൾ വീതം വേണമെന്നാണ് പാസ്വാൻ നിർബന്ധം പിടിച്ചത്. മറ്റൊരു സഖ്യകക്ഷിയായ ജിതൻ റാം മാഞ്ചി 15 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കാലങ്ങളിലെ കയ്പേറിയ അനുഭവം മുന്നിലുള്ളതുകൊണ്ട്, സീറ്റ് വിഭജനം സുഗമമാക്കാൻ എൻഡിഎ നേതാക്കൾ കഠിനാധ്വാനമാണ് ചെയ്തത്.

ബിഹാറിൽ ആർജെഡി നയിക്കുന്ന മഹാസഖ്യം അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് വാഗ്ദാനം ചെയ്തു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഇത് സാധ്യമാക്കുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഭരണകക്ഷിയായ എൻഡിഎയുടെ ക്ഷേമ പദ്ധതി പ്രഖ്യാപനത്തിനുള്ള പ്രതികരണമായാണ് തേജസ്വിയുടെ പ്രഖ്യാപനം. എല്ലാ വീട്ടിലെയും വനിതാ സംരംഭകർക്ക് 10,000 രൂപ വീതം നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഭരണസഖ്യത്തിലേക്ക് സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള തന്ത്രമാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കണക്കാക്കപ്പെടുന്ന തേജസ്വി, നിതീഷ് കുമാർ സർക്കാരിനെ ‘കോപ്പികാറ്റ്’ (അനുകരണക്കാരൻ) എന്ന കളിയാക്കൽ ആവർത്തിക്കുകയാണ്. സമീപകാലത്തെ ജനകീയ പ്രഖ്യാപനങ്ങളെല്ലാം ആർജെഡി നേതാവിന്റെ മുൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവ തന്നെയാണെന്നാണ് ആക്ഷേപം. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി മഹാഗഡ്ബന്ധനിലെ (മഹാസഖ്യം) സീറ്റ് വിഭജന ചർച്ചകൾ ശക്തമാകുമ്പോൾ, കോൺഗ്രസിന് 57 മുതൽ 60 വരെ സീറ്റുകൾ ലഭിച്ചേക്കാമെന്നും ‘ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടി’ (ഐഐപി) ക്ക് രണ്ട് സീറ്റുകൾ മാറ്റിവയ്ക്കുമെന്നും അറിയുന്നു. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) ഒക്ടോബർ എട്ടിന് യോഗം ചേർന്ന് പാർട്ടിയുടെ 25 ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചതായി സൂചനയുണ്ട്. പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ ഉന്നത നേതാക്കൾ സിഇസി ചർച്ചകളിൽ വെർച്വലായി പങ്കെടുത്തു. പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവരും പങ്കെടുത്തു. ആർജെഡി 125, കോൺഗ്രസ് 57 — 60, മൂന്ന് ഇടതുപക്ഷ പാർട്ടികൾ 35, വിഐപി 15 — 20, പശുപതി കുമാർ പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി മൂന്ന്, ഝാർഖണ്ഡ് മുക്തി മോർച്ച രണ്ട് സീറ്റുകള്‍ എന്നാണ് ധാരണ. എന്നാൽ സിപിഐ എംഎല്‍ സീറ്റുകളുടെ എണ്ണത്തിൽ തൃപ്തരല്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

സമാജ്‌വാദി പാർട്ടി (എസ്‌പി) ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് രാംപൂരിൽ മുതിർന്ന പാർട്ടി നേതാവ് അസം ഖാനുമായി കൂടിക്കാഴ്ച നടത്തി. 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ സൂചനയാണ് അഖിലേഷ് നൽകിയത്. അസം ജയിൽമോചിതനായി ഏതാണ്ട് 15 ദിവസത്തിന് ശേഷമാണ് അവർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. രാംപൂരിലേക്കുള്ള സന്ദർശനം അഖിലേഷ് പ്രഖ്യാപിച്ചപ്പോൾ, അസം മൂന്ന് നിബന്ധനകൾ മുന്നോട്ടുവച്ചു. ഒറ്റയ്ക്ക് കാണരുത്; മൊഹിബുള്ളയെ കൊണ്ടുവരരുത്; കുടുംബത്തെ കാണരുത്. മൂന്ന് നിബന്ധനകളും അഖിലേഷ് അംഗീകരിച്ചു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം, നിലവിലെ ബിജെപി സർക്കാരിനുകീഴിൽ പിഡിഎ (പിച്ച്ഡ, ദളിത്, അല്പസംഖ്യക്) സമുദായങ്ങൾ അപമാനിതരും അകറ്റിനിർത്തപ്പെട്ടവരുമാണെന്ന് അഖിലേഷ് പറഞ്ഞു. “അസം ഖാൻ മുതിർന്ന നേതാവാണ്, കൊടുങ്കാറ്റുകൾക്കിടയിലും ഉറച്ചുനിന്ന ശക്തമായ വൃക്ഷം പോലെ. ഏറ്റവും കൂടുതൽ കള്ളക്കേസുകൾ നേരിട്ടവരാണ് അദ്ദേഹവും കുടുംബവും. അവർ നീതി അർഹിക്കുന്നു”- അഖിലേഷ് പറഞ്ഞു. 2027ൽ സമാജ്‌വാദി പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്നും പിഡിഎ സമൂഹങ്ങളുടെ ശബ്ദം ഉച്ചത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ, പ്രത്യേകിച്ച് അസം ഖാന് ഗണ്യമായ സ്വാധീനമുള്ള റാംപൂർ, മൊറാദാബാദ്, അംറോഹ എന്നിവിടങ്ങളിൽ മുസ്ലിം വോട്ട് ബാങ്ക് ഏകീകരിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കൂടിക്കാഴ്ചയെ കാണുന്നത്. 

2026ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ 27% ഒബിസി സംവരണം മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ച് ഓരോ വിഭാഗത്തിനും ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന സാമൂഹിക നീതി സമിതിയുടെ ശുപാർശകൾ നടപ്പിലാക്കണമെന്ന് എസ്ബിഎസ്‌പി മേധാവിയും സംസ്ഥാന മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങൾ 7%; അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ 9%; ഏറ്റവും പിന്നാക്ക വിഭാഗങ്ങൾ 11% എന്നിങ്ങനെയാണ് വിഭജനം. സാമൂഹിക നീതിയെക്കുറിച്ചുള്ള ജസ്റ്റിസ് രാഘവേന്ദ്ര സിങ് കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭർ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് കത്തെഴുതി. വിഷയത്തിൽ 15 ദിവസത്തിനുള്ളിൽ വ്യക്തത വരുത്തണമെന്ന് പാർട്ടികൾക്ക് അന്ത്യശാസനവും നൽകിയിട്ടുണ്ട്. ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്‌പി മേധാവി മായാവതി, അപ്നാ ദൾ (എസ്) നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേൽ, നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ്, ആർജെഡി മേധാവി ലാലു പ്രസാദ് യാദവ് എന്നിവർക്കാണ് രാജ്ഭർ കത്തയച്ചത്.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.