കഴിഞ്ഞ ഒരു ദശകത്തില്‍ തുടർച്ചയായി കേന്ദ്ര ബജറ്റിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അവഗണിക്കുകയാണ്. ഈ ബജറ്റിലും ഗ്രാമീണ തൊഴിലാളികളെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. 2025–26 സാമ്പത്തിക വർഷവും പദ്ധതിക്ക് 86,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2024–25 സാമ്പത്തിക വർഷം വകയിരുത്തിയ 86,000 കോടി രൂപ ഇത്തവണയും കോപ്പി ചെയ്തിരിക്കുകയാണ്. പണപ്പെരുപ്പത്തിന്റെ തോത് കൂടി പരിശോധിച്ചാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിന്ന് ഏകദേശം 4,000ത്തോളം കോടി രൂപ ഇത്തവണത്തെ ബജറ്റിൽ കുറവാണെന്ന് കാണാം. 2023–24 സാമ്പത്തിക വർഷം ജിഡിപിയുടെ 0.29 ശതമാനമായിരുന്നു തൊഴിലുറപ്പിന്റെ വിഹിതം. 2024–25 അത് 0.24 ആയി കുറഞ്ഞിരുന്നു. 2025–26 സാമ്പത്തിക വർഷം സാരമായ കുറവ് വരികയാണ്. തന്മൂലം തൊഴിലാളികളുടെ വേതനത്തിലുള്ള അനിയന്ത്രിതമായ കാലതാമസവും തൊഴിൽ ചെയ്യുവാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടും ഗ്രാമീണ ആസ്തി നിർമ്മാണത്തിന്റെ കുറവും ഉണ്ടാവുകയാണ്. 2024–25 സാമ്പത്തിക വർഷത്തിൽ എല്ലാമാസവും കൃത്യമായി ബജറ്റ് അലോക്കേഷൻ തുക പൂർണമായും വിനിയോഗിച്ചിട്ടും 9,860 കോടി രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. 2025 ജനുവരി 25ലെ കണക്കനുസരിച്ച് 6,948.55 കോടി രൂപയുടെ കുടിശിയാണ് തൊഴിലാളികൾക്ക് കൊടുക്കുവാനുള്ളത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടു മാസം കൂടി അവശേഷിക്കുന്നു. കുടിശിക കൊടുത്തു തീർക്കാൻ 2025–26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിന്റെ 20 ശതമാനം തുക മാറ്റിവയ്ക്കേണ്ടി വരും. ബജറ്റിൽ വകയിരുത്തിയ 86,000 കോടി രൂപയിൽ നിന്ന് ഈ തുക കൂടി മാറുമ്പോൾ 70,000 കോടി രൂപ മാത്രമായിരിക്കും അടുത്ത സാമ്പത്തിക വർഷം ബാക്കി ഉണ്ടാവുക. അടുത്തവർഷം തൊഴിലാളികളുടെ വേതനം വർധിക്കുമ്പോൾ പ്രസ്തുത തുക പദ്ധതി നടത്തിപ്പിന് തീരെ അപര്യാപ്തമാകും.
2023 — 24 സാമ്പത്തിക വർഷം 52.08 ശരാശരി തൊഴില്‍ദിനങ്ങളാണ് നൽകിയത്. ഇക്കഴിഞ്ഞ ജനുവരി 25 വരെ 44.62 തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. ഒരു വർഷം 100 ദിവസം തൊഴിൽ നൽകണമെന്ന് നിയമമുള്ളപ്പോൾ 52 ദിവസത്തെ ശരാശരി തൊഴിൽ മാത്രമാണ് കഴിഞ്ഞവർഷം നൽകിയത്. ഈ വർഷം 50 ദിവസത്തിൽ താഴെയായിരിക്കും നൽകുവാൻ കഴിയുക. 2023 ‑24 സാമ്പത്തിക വർഷം 312.37 കോടി തൊഴിൽദിനങ്ങളാണ് നൽകിയതെങ്കിൽ 2024–25 സാമ്പത്തിക വർഷം ഫെബ്രുവരി ഒന്ന് വരെ 239.67 കോടി തൊഴിൽ ദിനങ്ങളാണ് നൽകിയിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷം ബാക്കിവരുന്ന 70,000 കോടി രൂപ കൊണ്ട് പരമാവധി 45 ദിവസത്തെ തൊഴിൽദിനങ്ങൾ മാത്രമേ നൽകാൻ കഴിയുകയുള്ളൂ.
പഞ്ചായത്തീരാജിനും ഗ്രാമീണ വികസനത്തിനും വേണ്ടിയുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും വേതനം സമയബന്ധിതമായി നൽകുന്നതിനും അസംസ്കൃതവസ്തുക്കളുടെ തുക കൊടുക്കുന്നതിനും തടസമായി നിൽക്കുന്നത് പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്താത്തത് മൂലമാണെന്ന് സര്‍ക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പദ്ധതിയുടെ കൃത്യമായ നടത്തിപ്പിനുവേണ്ടി ഗ്രാമവികസന മന്ത്രാലയത്തോട് ആവശ്യമായ തുക ധനകാര്യ വകുപ്പിൽ നിന്ന് ലഭ്യമാക്കണമെന്ന് നിർദേശിച്ചിട്ടുമുണ്ട്. ഈ നിർദേശങ്ങൾ എല്ലാം പുതിയ ബജറ്റിലും പൂർണമായും നിരാകരിച്ചിരിക്കുന്നു.
ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയുടെ ഗ്രാമീണ മേഖലയാകെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്ന ഈ മഹത്തായ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അവജ്ഞയോടെയും ഗൗരവമില്ലാതെയും കാണുന്നു എന്നുള്ളതാണ്. ഇതിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ സംഘടനകൾ രാജ്യവ്യാപകമായ സമരത്തിന് ആലോചിക്കുന്നുണ്ട്. എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷൻ, ബജറ്റിലെ അവഗണനയ്ക്കെതിരെ രാജ്യവ്യാപകമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ആലോചിക്കുകയാണ്. കേരളത്തിൽ വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ വരുംനാളുകളിൽ വമ്പിച്ച സമരങ്ങൾക്ക് തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. പദ്ധതിയോടുള്ള അവഗണന അവസാനിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്നതിനും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നേടിയെടുക്കുന്നതിനും വേണ്ടിയുള്ള സന്ധിയില്ലാത്ത സമരത്തിന് ഫെഡറേഷൻ നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.