2025–26ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ കൂടിയാലോചനകളിൽ, തൊഴിലവസര സൃഷ്ടിക്കുള്ള മുൻഗണനയും തൊഴിലുറപ്പ് പദ്ധതികൾക്കുള്ള ഫണ്ട് വർധിപ്പിക്കുന്നതുമാണ് മുൻഗണനയായി ഉയർന്നുവന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകളുമായും കോർപ്പറേറ്റ് കമ്പനികളുമായും ഇക്കാര്യങ്ങളുടെ ചർച്ച നടന്നു. വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും കീഴിലുള്ള നിരവധി തൊഴിൽ സംരംഭങ്ങളെ ഏകീകരിക്കുന്നതിനും കൂടുതല്‍ തൊഴിൽ സൃഷ്ടിക്കുമായി സംയോജിത ദേശീയ തൊഴിൽ നയം രൂപീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 2024–25 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച തൊഴിൽ ബന്ധിത പ്രോത്സാഹന (ഇഎൽഐ) പദ്ധതി പ്രാവര്‍ത്തികമാക്കാതെ നിലനില്‍ക്കുകയാണ്. ഇതില്‍ ഒരു സാമ്പത്തിക വർഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഈ നിർദേശത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
എഐടിയുസി, എച്ച്എംഎസ്, സിഐടിയു, ഐഎൻടിയുസി, എഐയുടിയുസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയുൾപ്പെടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ (സിടിയു) സംയുക്ത വേദി തൊഴിലുറപ്പ് പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കണമെന്നും തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 200 ആയി ഉയര്‍ത്തണമെന്നും ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കാനും ഓരോ കുടുംബത്തിനും 200 ദിവസത്തെ ജോലിയും തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനും ഭരണാനുകൂല സംഘടനയായബിഎംഎസും ആവശ്യപ്പെട്ടു.
അനന്തരാവകാശ നികുതി പോലുള്ള വിഭവ സമാഹരണത്തിനുള്ള വഴികൾ തേടണമെന്ന് ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മേലുള്ള ഭാരം കുറയ്ക്കുന്നതിന് ഇത്തരം നടപടികളാണ് സ്വീകരിക്കേണ്ടത്. ധനമന്ത്രിക്ക് സംഘടനകള്‍ നല്‍കിയ സംയുക്ത നിവേദനത്തില്‍ ശമ്പളക്കാരുടെ ആദായനികുതി ഇളവ് വർധിപ്പിക്കണമെന്നും നിര്‍ദേശിച്ചു. നാല് തൊഴിൽ നിയമങ്ങളും റദ്ദാക്കാനും സംഘടനകള്‍ ആവശ്യപ്പെട്ടു. പുതിയ പെൻഷൻ പദ്ധതിയും ഉപേക്ഷിക്കണം.
ചര്‍ച്ചകള്‍ക്ക് ശേഷവും തൊഴിലാളി സംഘടനകള്‍ നിരാശരാണ്. “തങ്ങളുടെ നിർദേശങ്ങളും ആവശ്യങ്ങളും അവഗണിക്കുക മാത്രമല്ല, എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും മറികടന്ന് യൂണിയനുകൾ നിർദേശിച്ചതിന് നേർവിപരീതമായ നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്” എന്ന സംയുക്ത പ്രസ്താവന ഇക്കാര്യം വ്യക്തമാക്കുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകളെ മാത്രമല്ല, രാജ്യത്തെ ഏറ്റവും ഉയർന്ന ത്രികക്ഷി സംവിധാനമായ ഇന്ത്യൻ ലേബർ കോൺഫറൻസിനെയും സർക്കാർ അവഗണിക്കുകയാണെന്ന് സംഘടനകള്‍ പറഞ്ഞു. “ഏറ്റവും ഉയർന്ന ത്രികക്ഷി വേദിയായ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) എൻഡിഎ സർക്കാര്‍ വിളിച്ചുചേർത്തിട്ട് ഒരു പതിറ്റാണ്ട് തികയുന്നു”- സംഘടനകള്‍ ചൂണ്ടിക്കാട്ടി.
അസംഘടിത തൊഴിലാളികളെ ഉൾപ്പെടുത്തി സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിന് സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിക്കണമെന്നും സിടിയുകളുടെ സംയുക്ത വേദി ആവശ്യപ്പെട്ടു. പ്രതിമാസം 9,000 രൂപ പെൻഷൻ, ഡിഎ, മെഡിക്കൽ, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിനെ പിന്തുണയ്ക്കുന്ന ബിഎംഎസ് പോലും പ്രതിമാസം 5,000 രൂപ കുറഞ്ഞ പെൻഷൻ നിർദേശിച്ചിട്ടുണ്ട്. എംപ്ലോയീസ് പെൻഷൻ സ്കീമിന് കീഴിൽ മാത്രമേ നിലവിൽ കുറഞ്ഞത് 1,000 രൂപ പെന്‍ഷന്‍ നൽകുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
2025–26ലെ ബജറ്റിൽ തൊഴിൽസൃഷ്ടി, തൊഴിൽ പരിഷ്കാരങ്ങൾ, സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഉയർന്ന ഉല്പാദനക്ഷമതയുമായി തൊഴിൽ സൃഷ്ടിയെ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത സിഐഐ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഉല്പാദനക്ഷമതാ അളവുകൾ വിശകലനം ചെയ്യുന്നതിനും പ്രശ്നത്തിന് ഉചിതമായ പരിഹാരം ശുപാർശ ചെയ്യുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കണമെന്നും സിഐഐ നിർദേശിച്ചു.
നാഷണൽ കരിയർ സർവീസിന് (എൻസിഎസ്) കീഴിൽ ഏകീകൃത തൊഴിൽ പോർട്ടലും സിഐഐ ഉന്നയിച്ചു. രാജ്യത്തിന്റെ ഭാവി പദ്ധതികളുമായി പൊരുത്തപ്പെടുന്ന തൊഴിലവസരങ്ങൾ, നൈപുണിയുടെ ആവശ്യകത, പരിശീലന പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഉൾക്കാഴ്ചകൾ നൽകാൻ അത്തരമൊരു സംവിധാനത്തിന് കഴിയുമെന്നാണ് ചൂണ്ടിക്കാട്ടിയത്. തൊഴിലവസരം വർധിപ്പിക്കുന്നതിനെക്കുറിച്ചും കോൺഫെഡറേഷൻ പ്രതിനിധികൾ വ്യക്തമാക്കി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎല്‍ഐ) പദ്ധതിയിൽ അവർ തൃപ്തരല്ല എന്നതിന്റെ തെളിവായിരുന്നു അത്. പദ്ധതിയുടെ വിശദാംശങ്ങളുണ്ടാക്കാന്‍ സർക്കാര്‍ ഇതുവരെ തയ്യാറാകാത്തതുകൊണ്ട് ഇഎല്‍ഐ പ്രാബല്യത്തിൽ വന്നിട്ടില്ല. പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഡിജിറ്റൽ സംവിധാനം ഇപിഎഫും തയ്യാറാക്കിയിട്ടില്ല.
തൊഴിലുടമകൾ ഇഎല്‍ഐ പദ്ധതിയിൽ ചേരാൻ മടിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് ഒരു ജീവനക്കാരന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും നിർമ്മാണം, തുണിത്തരങ്ങൾ, ടൂറിസം, കുറഞ്ഞ വൈദഗ്ധ്യമുള്ള ഉല്പാദനയൂണിറ്റുകള്‍ തുടങ്ങിയ തൊഴിൽ മേഖലകൾക്കുള്ള പിന്തുണയും കമ്പനികള്‍ ആവശ്യപ്പെടുന്നു. തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങളിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിന് താരിഫ് ഘടന, ഉല്പാദന ഇൻസെന്റീവ് പദ്ധതികൾ (പിഎൽഐ) തുടങ്ങിയവ തൊ ഴിലവസരങ്ങള്‍ സൃഷ്ടിക്കമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സർക്കാർ ഓഫിസുകളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം, സേവന സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുറഞ്ഞ സ്ത്രീ തൊഴിൽപങ്കാളിത്തം പരിഹരിക്കൽ എന്നിവയും ഫെഡറേഷൻ നിർദേശിച്ചിട്ടുണ്ട്. ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ നൽകുന്നതിലും തൊഴിൽ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലേബർ കോഡുകൾ നടപ്പിലാക്കാനും സിഐഐ ശുപാർശ ചെയ്തു. ഈ സാഹചര്യത്തില്‍ 2025–26ലെ കേന്ദ്ര ബജറ്റിൽ മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിൽ സേനയ്ക്ക് സാമൂഹിക സുരക്ഷ നൽകുന്നതിലും ഗ്രാമീണ മേഖലകൾക്കുള്ള തൊഴിലുറപ്പ് പദ്ധതിക്കുള്ള ധനസഹായം വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ലേബർ കോഡുകൾ നടപ്പിലാക്കുന്നതിൽ സന്തുലിത നിയമവും ആവശ്യമാണ്. നഗര തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനായി, നഗര തൊഴിലുറപ്പ് പദ്ധതിയും ആരംഭിക്കണം.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.