14 July 2025, Monday
KSFE Galaxy Chits Banner 2

നെല്ല് സംഭരണത്തിലെ വസ്തുതകള്‍

ജി ആര്‍ അനില്‍
(ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി)
June 21, 2025 4:15 am

കേരളത്തിലെ കർഷകരിൽ നിന്നും കേന്ദ്രസർക്കാർ നേരിട്ട് നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരാൻ ഇടയുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കപ്പെടുകയും യഥാർത്ഥ വസ്തുതകൾ ജനങ്ങൾ അറിയുകയും ചെയ്യേണ്ടതുണ്ട്. കേന്ദ്ര — സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഭരണഘടനാധിഷ്ഠിതമായ ഫെഡറൽ സഹകരണത്തെ ലംഘിച്ചുകൊണ്ടുള്ള നീക്കമായാണ് ഇത് ഉണ്ടാവുന്നതെങ്കിൽ അത് പ്രതിഷേധാർഹമാണ്. മാധ്യമവാർത്തകൾ പ്രകാരം എൻസിസിഎഫ് (നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ) മുഖേന പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനുവേണ്ടി ഫെഡറേഷൻ സമ്മതപത്രം വാങ്ങിയിട്ടുണ്ട്. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരമാണത്രേ ഈ നടപടി. സപ്ലൈകോ നോഡൽ ഏജൻസിയായി വർഷങ്ങളായി സംസ്ഥാനത്ത് നടന്നുവരുന്ന നെല്ല് സംഭരണത്തിൽ നിന്നും വ്യത്യസ്തമായി കച്ചവട താല്പര്യത്തോടുകൂടിയാണ് എൻസിസിഎഫ് നീങ്ങുന്നതെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണം കർഷകരെ സഹായിച്ചുകൊണ്ട് പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ്. 

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും നെല്ല് സംഭരിക്കുന്നത്. ഈ പദ്ധതി പ്രകാരം കർഷകർക്ക് നൽകേണ്ട താങ്ങുവില നിശ്ചയിക്കുന്നതും നൽകേണ്ടതും കേന്ദ്രസർക്കാരാണ്. കഴിഞ്ഞ സംഭരണവർഷം വരെ കിലോ ഗ്രാമിന് 23 രൂപയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചുനൽകിയ താങ്ങുവില. കേരളത്തിലെ കർഷകരെ സംബന്ധിച്ച് ഇത് അപര്യാപ്തമാണ്. ഉല്പാദനച്ചെലവിന്റെ ഒന്നര മടങ്ങെങ്കിലും താങ്ങുവില നൽകണമെന്നും ഇതിനായി സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ കൊണ്ടുവരണമെന്നും രാജ്യവ്യാപകമായി കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. ഈ നിലപാടിനോടാണ് കേരള സർക്കാരിന് യോജിപ്പ്. മാത്രവുമല്ല വിവിധ സംസ്ഥാനങ്ങളിലെ കൂലി നിരക്കുകളടക്കമുള്ള ഉല്പാദനച്ചെലവിലെ ഘടകങ്ങൾ പരിഗണിച്ചുകൊണ്ട് സംസ്ഥാനാടിസ്ഥാനത്തിൽ വ്യത്യസ്ത താങ്ങുവിലകൾ പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡമായ എഫ്എക്യു (ഫെയർ ആവറേജ് ക്വാളിറ്റി) പ്രകാരം കേരളത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് പൂർണമായും സംഭരണ യോഗ്യമല്ല. ഇത് കർഷകരുടെ കുറ്റമല്ല. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ കാരണങ്ങളുടെ ഫലമാണ്. കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള ഔട്ട്ടേൺ റേഷ്യോ ആയ 68 ശതമാനം കേരളത്തിൽ പ്രായോഗികമല്ല എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് മില്ലുകാർ കർഷകരിൽ നിന്ന് കിഴിവ് ആവശ്യപ്പെടുന്നത്. ഇതിനെ മറികടന്ന് കർഷകരെ സഹായിക്കാൻ വേണ്ടി ഇത് 64.5 ശതമാനമായി കുറയ്ക്കാൻ അനുവദിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഇപ്രകാരമുള്ള ദോഷകരമായ കേന്ദ്ര നിബന്ധനകളാണ് കേരളത്തിലെ കർഷകർക്ക് ദുരിതമായി മാറുന്നത്. കേരളത്തിലെ കർഷകന് ലഭിക്കേണ്ട 1,108 കോടി രൂപയാണ് താങ്ങുവിലയിനത്തിൽ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. 

വാസ്തവത്തിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മൗലിക പ്രശ്നങ്ങളിലൊന്നും സഹായകരമായ നിലപാട് എടുക്കാത്ത കേന്ദ്രസർക്കാർ എൻസിസിഎഫ് മുഖേന അരിക്കച്ചവടം നടത്തുന്നതിന് കേരളത്തിൽ നിന്നും നെല്ലെടുക്കാൻ ഒരുങ്ങുന്നത് പരിഹാസ്യമെന്നേ പറയേണ്ടൂ. നിലവിൽത്തന്നെ നെല്ലിന്റേത് കുത്തക സംഭരണമല്ല. പൊതുവിപണിയിൽ നെല്ല് വിൽക്കുന്നതിനോ സ്വകാര്യ കമ്പനികൾക്ക് അത് സംസ്കരിച്ച് അരിയാക്കി വിപണനം നടത്തുന്നതിനോ നിയമപരമായ തടസമൊന്നുമില്ല‍. പല സ്വകാര്യ കമ്പനികളും അങ്ങനെ നിലവിൽ ചെയ്തുവരുന്നുമുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് നെല്ലെടുക്കുകയും അരിയാക്കി കൂടിയ വിലയ്ക്ക് വിറ്റഴിക്കുകയുമാണല്ലോ വിപണിയുടെ സ്വാഭാവിക രീതി. ഇതിന്റെ ഗുണം ലഭിക്കുക കർഷകനല്ല. ഇടനിലക്കാരനാണ്. രാജ്യമെങ്ങും കാണുന്ന ഈ ദുഃസ്ഥിതിക്ക് അറുതി വരുത്തുന്നതിനാണ് ഒരടിസ്ഥാന വില നൽകിക്കൊണ്ട് കർഷകന്റെ ഉല്പന്നം സംഭരിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇത് വിപണിയുടെ നീതിയല്ല, മറിച്ച് ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സ്വകാര്യ കമ്പനികൾ സംഭരിച്ചാലും എൻസിസിഎഫ് സംഭരിച്ചാലും മാർക്കറ്റിൽ ലാഭമെടുത്ത് വിറ്റഴിക്കാൻ കഴിയുന്ന ഗുണമേന്മയുള്ള നെല്ല് അവർക്കാവശ്യമായ അളവിലും സൗകര്യത്തിലും മാത്രമേ കർഷകരിൽ നിന്ന് സ്വീകരിക്കുകയുള്ളൂ. അത് സർക്കാർ പദ്ധതിയല്ല. കേരളത്തിൽ കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സപ്ലൈകോ സംഭരിക്കുന്നു. അത് വിപണിയിൽ വിറ്റ് ലാഭമുണ്ടാക്കാനല്ല, റേഷൻകട വഴി ഗുണഭോക്താക്കൾക്ക് സൗജന്യമായോ ന്യായവിലയ്ക്കോ നൽകാനാണ്. അതിന്റെ വില്പനവിലയിൽ നിന്ന് കർഷകർക്ക് കൊടുക്കാനുള്ള സംഭരണവില ഒരിക്കലും ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ സർക്കാർ താങ്ങുവില നൽകേണ്ടിവരുന്നു. കേന്ദ്രസർക്കാർ നല്‍കുന്ന താങ്ങുവില അപര്യാപ്തമായതുകൊണ്ടാണ് കേരള സർക്കാർ പ്രോത്സാഹന ബോണസ് അതിനോട് ചേർത്തുനല്‍കുന്നത്.

ഒട്ടനവധി പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കേരളം നെല്ല് സംഭരണപ്രക്രിയ ഓരോ വർഷവും വിജയകരമായി പൂർത്തിയാക്കിവരുന്നത്. ഇവയിൽ മിക്കതും കേന്ദ്രസർക്കാരിന്റെ നിലപാടുകൾമൂലം സൃഷ്ടിക്കപ്പെടുന്നതാണ്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടും കർഷകരെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന സംസ്ഥാന സർക്കാരിനെ താറടിക്കുന്നതിനും വേണ്ടിയുള്ള നിരന്തര പരിശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നു. സ്വയം കർഷകനെന്ന് അവകാശപ്പെടുന്ന ഒരു സിനിമാ നടൻ അസത്യങ്ങളും അർധസത്യങ്ങളും നിറച്ച് പ്രമുഖ മാധ്യമത്തിൽ ഒരു കുറിപ്പെഴുതുകയുണ്ടായി. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പകുതിയോളം നെൽക്കർഷകർ കൃഷി ഉപേക്ഷിച്ചുപോയി എന്ന് അദ്ദേഹം ആരോപിക്കുന്നു. 2021–22, 22–23, 23–24, 24–25 വർഷങ്ങളിൽ നെല്ല് സംഭരണപ്രക്രിയയിൽ പങ്കാളികളായ കർഷകരുടെ എണ്ണം യഥാക്രമം 2,53,237, 2,49,693, 1,98,755, 2,06,426 എന്നിങ്ങനെയാണ്. 2017–18ൽ 1,40,270 ആയിരുന്നതിൽ നിന്നും വർധിച്ചാണ് ഈ പങ്കാളിത്തത്തിലേക്ക് എത്തിയത്. പലവിധ കാരണങ്ങളാൽ നേരിയ ഏറ്റക്കുറച്ചിൽ കണ്ടേക്കാമെങ്കിലും വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ ഉണ്ടായത്. കർഷകരെക്കൊണ്ട് പിആർഎസ് വായ്പ എടുപ്പിക്കുന്നത് അന്യായം ആണെന്നാണ് മറ്റൊരു കണ്ടെത്തൽ. സംഭരിച്ച നെല്ല് സംസ്കരിച്ച് അരിയാക്കി റേഷൻ കടകൾ വഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതിനുശേഷം മാത്രമെ താങ്ങുവിലയുടെ ക്ലെയിം കേന്ദ്രസർക്കാർ സ്വീകരിക്കുകയുള്ളൂ. ആറ് മുതൽ എട്ട് മാസം വരെയുള്ള ഈ കാലതാമസം ഒഴിവാക്കാനാണ് പിആ‍ർഎസ് വായ്പാ പദ്ധതി കൊണ്ടുവന്നത്.

പലിശനിരക്ക് നിശ്ചയിക്കുന്നതിലും കരാർ വ്യവസ്ഥകൾ നിശ്ചയിക്കുന്നതിലും വായ്പയ്ക്കായി സമീപിക്കുന്നവരോടുള്ള സമീപനത്തിലുമെല്ലാം ദേശസാൽകൃതബാങ്കുകളുടെ സമീപനം കർഷകാനുകൂലമല്ലെന്ന് പരക്കെ വിമർശനമുണ്ട്. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മാത്രം നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ദേശസാൽകൃതബാങ്കുകൾ പ്രവർത്തിക്കുന്നത് എന്നതുകൂടി മനസിലാക്കേണ്ടതുണ്ട്. ഇപ്രകാരമുള്ള പ്രശ്നങ്ങളൊന്നും പരിഹരിക്കുന്നതിന് അടിസ്ഥാനപരമായ ഒരു സഹായവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നില്ല. യഥാസമയം പണം അനുവദിക്കുന്നതിനോ ന്യായമായ എംഎസ്‌പി വർധനവ് വരുത്തുന്നതിനോ ഒടിആറിൽ മാറ്റം വരുത്തുന്നതിനോ ഒന്നും തയ്യാറാകാത്ത കേന്ദ്രസർക്കാർ അതിന്റെ ഒരു ഏജൻസിയെക്കൊണ്ട് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന നെല്ലിന്റെ വളരെ ചെറിയ ഒരു അംശം മാത്രം വാണിജ്യാവശ്യാർത്ഥം സംഭരിക്കുന്നത് വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിയുടെ ചട്ടക്കൂടിനെ ദുർബലപ്പെടുത്താനേ സഹായിക്കൂ. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.