8 October 2024, Tuesday
KSFE Galaxy Chits Banner 2

ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും

സജി ജോണ്‍
September 30, 2024 4:21 am

ലോകമെങ്ങും പട്ടിണിയും ദാരിദ്ര്യവും തീവ്രമായി നിലനിൽക്കുമ്പോൾ, പ്രകൃതിയോട് പോരാടിയും പ്രകൃതിവിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയും, നമ്മുടെ കർഷകർ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ മൂന്നിലൊന്നും നാം തന്നെ പാഴാക്കിക്കളയുന്നുവെന്നത് അതിശയോക്തിയായി തോന്നിയേക്കാം. എന്നാൽ ഇത് യാഥാർത്ഥ്യമാണ്. മൊത്തം ഭക്ഷ്യോല്പാദനത്തിൽ ഏതാണ്ട് 13 ശതമാനമാണ് വിളവെടുപ്പാനന്തര പരിചരണത്തിലും ശൃംഖലയിലുമായി നഷ്ടപ്പെടുന്നത്. ഇതിനുപുറമെ, 19 ശതമാനം ഭക്ഷ്യോല്പന്നങ്ങൾ വില്പനശാലകളിലൂടെയും വിതരണ — സേവനദാതാക്കളിലൂടെയും വീടുകളിലൂടെയും നഷ്ടപ്പെടുന്നു. ഈ വിധത്തിൽ മൊത്തം ഭക്ഷ്യനഷ്ടം 32 ശതമാനമാണ്. ലോകമാകെ ഏതാണ്ട് 105 കോടി മെട്രിക് ടൺ ഭക്ഷ്യവസ്തുക്കളാണ് ഓരോ വർഷവും പാഴായി പോകുന്നത്. ആഗോളതലത്തിൽ മൂന്നിലൊന്നു ജനങ്ങൾ പട്ടിണി നേരിടുമ്പോൾ, ഉല്പാദിപ്പിക്കുന്ന മൂന്നിലൊന്നു ഭക്ഷ്യോല്പന്നങ്ങൾ പാഴായിപ്പോകുന്നുവെന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ്. ലഭ്യമായ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ 78.3 കോടി ജനങ്ങള്‍ കൊടുംദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നു. ജനസംഖ്യയിൽ പകുതിയും ഇപ്പോഴും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാൻ കഴിയാത്തവരാണ്. ജനസംഖ്യാ വർധനവ് നിലവിലെ ക്രമത്തിൽ തുടരുമ്പോൾ, ഭക്ഷ്യോല്പാദനം വർധിപ്പിക്കുക എന്നതല്ല, മറിച്ച് ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും ഒഴിവാക്കി, കൂടുതൽ പേർക്ക് ഭക്ഷണം എങ്ങനെ ഉറപ്പാക്കാനാകുമെന്നതാണ് പ്രധാന വെല്ലുവിളി.
ഭക്ഷ്യനഷ്ടവും പാഴാക്കലും നിയന്ത്രിക്കുന്നതിനുള്ള ആഗോള മുന്നേറ്റം അനിവാര്യമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്, നമ്മുടെ അന്നം നഷ്ടപ്പെടുത്തുകയും പാഴാക്കി കളയുകയും ചെയ്യരുതെന്ന് നമ്മെ ഉദ്ബോധിപ്പിക്കുവാൻ ആഗോളതലത്തിൽ ഒരു ദിനാചരണം പോലും നമുക്ക് വേണ്ടിവന്നിരിക്കുന്നത്. സെപ്റ്റംബർ 29 ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ബോധവൽക്കരണദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചുവരികയാണ്. യുഎൻ ഭക്ഷ്യ കാർഷിക സംഘടനയും യുഎൻ പരിസ്ഥിതി സംഘടനയുമാണ് (യുഎൻഇപി) ദിനാചരണത്തിന് നേതൃത്വം നൽകുന്നത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വേസ്റ്റ് ആന്റ് റിസോഴ്സ് ആക്ഷൻ പ്രോഗ്രാം’ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന്, യുഎൻഇപി ഫുഡ് വേസ്റ്റ് ഇൻഡക്സ് എന്ന പേരിൽ ഒരു റിപ്പോർട്ട് 2021 മുതൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. 2024ലെ റിപ്പോർട്ട് പ്രകാരം, വിളവെടുപ്പ് മുതൽ ചില്ലറ വിതരണക്കാരിൽ എത്തുന്നതുവരെയുള്ള ഭക്ഷ്യശൃംഖലയിൽ, ആഗോളതലത്തിൽ 931 ദശലക്ഷം ടൺ ഭക്ഷ്യവസ്തുക്കളാണ് നഷ്ടമാകുന്നത്. ഇത് മൊത്തം ഉല്പാദനത്തിന്റെ 13 ശതമാനമാണ്. ആളോഹരി കണക്കിൽ പ്രതിവർഷം 120 കിലോഗ്രാം. മാത്രവുമല്ല, ചില്ലറ വില്പനക്കാരിലൂടെയും സേവനദാതാക്കളിലൂടെയും വീടുകളിലൂടെയും 19 ശതമാനത്തിന്റെ നഷ്ടം വീണ്ടും ഉണ്ടാകുന്നു. പ്രതിവർഷം പാഴാക്കിക്കളയുന്ന ഭക്ഷണം ഏതാണ്ട് 1,052 ദശലക്ഷം ടൺ ആണ്. 132 കിലോ ഭക്ഷണമാണ്, ഇതിലെ ആളോഹരി വിഹിതം. 

വീടുകളിൽ നിന്നുമാത്രമുള്ള പ്രതിശീർഷ ഭക്ഷ്യനഷ്ടം 79 കിലോയും (60 ശതമാനം), വിതരണ — സേവനദാതാക്കൾ വഴിയുള്ള നഷ്ടം 36 കിലോ (28ശതമാനം), ചില്ലറ വില്പന രംഗത്തെ നഷ്ടം 17 കിലോ (12 ശതമാനം) എന്നിങ്ങനെയാണ്. വീടുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഭക്ഷണം പാഴായിപ്പോകുന്നത്. 100 കോടി ജനങ്ങൾക്കുള്ള ഒരു നേരത്തെ ആഹാരമാണ് ഓരോ ദിവസവും നാം നഷ്ടമാക്കുന്നത്. പട്ടിണി നേരിടുന്ന ലോകത്തിലെ മൊത്തം ജനതയ്ക്ക് എല്ലാ ദിവസവും ഒരു നേരത്തിലധികമുള്ള (1.3 തവണ) ഭക്ഷണത്തിന് തുല്യമാണിത്. ഇതിന്റെ സാമ്പത്തിക മൂല്യം പ്രതിവർഷം ഒരു ലക്ഷം കോടി അമേരിക്കൻ ഡോളറിനു തുല്യമാണ്. ശ്രദ്ധേയമായ കാര്യം, വികസിത‑വികസ്വര-അവികസിത രാജ്യ വ്യത്യാസമില്ലാതെ ഏറെക്കുറെ ഒരേപോലെ ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും സംഭവിക്കുന്നു എന്നതാണ്. എങ്കിലും, വീടുകളിൽ നിന്നുള്ള പ്രതിശീർഷ ഭക്ഷണം പാഴാക്കൽ ഉഷ്ണ രാജ്യങ്ങളിൽ താരതമ്യേന കൂടുതലാണ്. സംഭരണം, സംസ്കരണം, വിപണനം, വിതരണം തുടങ്ങിയ പ്രക്രിയകൾക്ക് വെല്ലുവിളി ഉയർത്തുന്ന തീവ്ര കാലാവസ്ഥാവ്യതിയാനങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലും, ഭക്ഷ്യനഷ്ടവും പാഴാക്കലും താരതമ്യേന കൂടുതലാണ്.
ഭക്ഷണം പാഴാക്കുന്നതിലൂടെ ഭക്ഷ്യനഷ്ടം മാത്രമല്ല ഭക്ഷ്യോല്പാദനത്തിനുവേണ്ടി ഉപയോഗിക്കുന്ന മറ്റു വിഭവങ്ങളും കൂടിയാണ് പാഴാക്കപ്പെടുന്നത്. മണ്ണും ജലവും മാത്രമല്ല, മാനവവിഭവശേഷിയും ഊർജവും സമ്പത്തുമൊക്കെ അതിലുൾപ്പെടുന്നു. കൃഷിഭൂമിയുടെ ശോഷണം, ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജനം, ജൈവ വൈവിധ്യശോഷണം, ഭൂഗർഭ ജലശോഷണം തുടങ്ങി നിരവധി പ്രതിപ്രവർത്തനങ്ങൾ കാർഷികവൃത്തിക്കുണ്ടെന്നുള്ളതും പ്രാധാന്യമാണ്. കൃഷിചെയ്യുന്ന മൊത്തം ഭൂവിസ്തൃതിയുടെ 28 ശതമാനത്തിലെ ഉല്പന്നങ്ങളാണ് പാഴാക്കിക്കളയുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായ ചൈനയുടെ മൊത്തം വിസ്തൃതിയിലുള്ള കൃഷിഭൂമിയിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് തുല്യമാണിത്. കൃഷിക്കുവേണ്ട വെള്ളത്തിന്റെ അളവ് താരതമ്യം ചെയ്താൽ; ആകെ ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ നാലിലൊന്ന് പാഴായിപ്പോകുന്നു. ആഗോള കാർഷിക ഭക്ഷ്യവ്യവസ്ഥയിൽ ഉപയോഗിക്കുന്ന ഊർജ ഉപഭോഗത്തിന്റെ 38 ശതമാനവും നഷ്ടമാകുന്നുണ്ട്.
ഭക്ഷ്യോല്പാദന — വിപണന — വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ഹരിതഗൃഹ വാതക ഉത്സർജനം, ജലലഭ്യത, മരുഭൂവല്‍ക്കരണം, വെള്ളപ്പൊക്കമടക്കമുള്ള തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഭക്ഷ്യനഷ്ടവും പാഴാക്കലും വഴിവയ്ക്കുന്ന ആഗോള ഹരിതഗൃഹ വാതക ഉത്സർജനം ഏതാണ്ട് 10 ശതമാനമാണ്. ഹരിതഗൃഹ വാതക ഉത്സർജനത്തിലെ മീഥെ യ്ൻ ഹോട്ട്സ്പോട്ട് കൂടിയാകുന്നു ഇത്. മീഥെയ്ൻ ഉത്സർജനം വഴിയുള്ള കാലാവസ്ഥാ വ്യതിയാനം, മുഖ്യ ഹരിതഗൃഹ വാതകമായ കാർബൺ ഡയോക്സയിഡിനെക്കാൾ എട്ടിരട്ടി ദോഷകരമാണ്.
ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടുന്ന മൊത്തം അവശിഷ്ടങ്ങളുടെ 71ശതമാനവും ഭക്ഷ്യാവശിഷ്ടങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. യുഎൻ ഫുഡ് വേസ്റ്റ് ഇൻഡക്സ്, 2024 റിപ്പോർട്ട് പ്രകാരം, ഓരോ ഇന്ത്യക്കാരനും പ്രതിവർഷം പാഴാക്കുന്നത് ശരാശരി 55 കിലോഗ്രാം ഭക്ഷണമാണ്. 2023ലെ ആഗോള വിശപ്പ് സൂചികപ്രകാരം പട്ടിണി നേരിടുന്ന ജനങ്ങളിൽ മൂന്നിലൊന്നും വസിക്കുന്നത് ഇന്ത്യയിലാണെന്നതും; റിപ്പോർട്ടിൽ ഉൾപ്പെട്ട 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആയിരുന്നുവെന്നതും ഓർക്കേണ്ടതുണ്ട്.
ഏതാണ്ട് 68.7 ദശലക്ഷം ടൺ ഭക്ഷണമാണ് ഓരോ വർഷവും നമ്മുടെ വീടുകളിൽ മാത്രം പാഴാക്കുന്നത്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്ഷണം വീടുകളിൽ പാഴാക്കുന്നത് ഇന്ത്യയാണ്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും രാജ്യം പാഴാക്കിക്കളയുന്ന ഭക്ഷ്യവസ്തുക്കളുടെ മൂല്യം 50,000 കോടിയോളം രൂപയാണ്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, ഇന്ത്യ ഉല്പാദിപ്പിക്കുന്ന വസ്തുക്കളിൽ മൂന്നിലൊന്നും പാഴായിപ്പോകുകയാണ്. ഭക്ഷണം അമൃതും, അത് പാഴാക്കുന്നത് പാപവുമാണെന്ന ചിന്തയ്ക്ക് സ്ഥാനമുണ്ടായിരുന്ന ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത്.
ഭക്ഷ്യ- പോഷക സുരക്ഷയ്ക്കും സുസ്ഥിരമായ ആഗോള ഭക്ഷ്യക്രമത്തിനും സാമ്പത്തിക മുന്നേറ്റത്തിനും പ്രകൃതി പരിരക്ഷണത്തിനും, ഭക്ഷണം പാഴാക്കലും ഭക്ഷ്യനഷ്ടവും നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. 2030ഓടെ ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും പകുതിയായി കുറയ്ക്കണം എന്നതാണ്, ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന അജണ്ട ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകണമെങ്കിൽ, പ്രതിവർഷം ഏതാണ്ട് 5,000 കോടി ഡോളർ, മുതൽമുടക്ക് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഇതിനായുള്ള ആഗോള മുതൽമുടക്ക്, പ്രതിവർഷം വെറും 10 കോടി ഡോളർ മാത്രമാണ്.
ഉല്പാദകരായ കർഷകരിൽ തുടങ്ങി, ഉപഭോക്താക്കളായ ജനങ്ങളിൽ എത്തിച്ചേരുന്ന ഭക്ഷ്യ വിതരണ ശൃംഖല, ഉല്പാദനം, വിളവെടുപ്പ്, വിളവെടുപ്പാനന്തര പരിചരണം, സംഭരണം, ഗതാഗതം, സംസ്കരണം, മൂല്യവർധനവ്, മൊത്ത — ചില്ലറ വ്യാപാരം, ഭക്ഷണമൊരുക്കൽ, ഉപഭോഗം എന്നിങ്ങനെ നിരവധി തലങ്ങളിലൂടെ കടന്നുപോകുന്ന ഒന്നാണ്. വിളവെടുപ്പാനന്തര നഷ്ടം ഒഴിവാക്കുന്നതിന്, നവീന സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഭക്ഷ്യസംസ്കരണം, കോൾഡ് സ്റ്റോറേജ്, അനുയോജ്യമായ പാക്കേജ്, ഇ കോഴ്സ് പ്ലാറ്റ്ഫോം തുടങ്ങിയവയിലൂടെ നഷ്ടം ഒഴിവാക്കപ്പെടുമെന്നു മാത്രമല്ല, അത് കർഷകരുടെ വരുമാന വര്‍ധനവിനും സഹായകമാകും.
ഭക്ഷ്യനഷ്ടവും പാഴാക്കലും നിയന്ത്രിക്കുന്നതിനാവശ്യമായ നയരൂപീകരണത്തിനും അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്നതിനും ജി20 രാഷ്ട്രങ്ങൾ മുഖ്യപങ്ക് വഹിക്കേണ്ടതുണ്ടെന്ന് യുഎന്‍ ഫുഡ് വേസ്റ്റ് ഇൻഡക്സ് 2024 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ അന്താരാഷ്ട്ര സഹകരണത്തിന് സർക്കാർ — സ്വകാര്യ പങ്കാളിത്തം ഉയർത്തിക്കൊണ്ടുവരണമെന്നും റിപ്പോർട്ട് പറയുന്നു. ഭക്ഷ്യനഷ്ടവും പാഴാക്കലും, പ്രധാനമായും സർക്കാർ സംവിധാനങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും പരിമിതികൾ കൊണ്ടുതന്നെയാണ്. അതിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ അതു നമ്മെ പട്ടിണിയുടെയും പാരിസ്ഥിതിക വെല്ലുവിളികളുടെയും സാമ്പത്തിക അസമത്വങ്ങളുടെയും ലോകത്തേക്ക് നയിക്കുകതന്നെ ചെയ്യും. അതേസമയം, വീടുകളിൽ, ഭക്ഷണം അകാരണമായി പാഴാക്കപ്പെടുന്നുവെങ്കിൽ, അത് കുറ്റകരമായ അനാസ്ഥ കൂടിയാണ്. അതൊഴിവാക്കുവാൻ ഓരോ പൗരനും ബാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.