18 March 2025, Tuesday
KSFE Galaxy Chits Banner 2

ആഗോള വലതുപക്ഷ ഏകീകരണവും പോരാട്ടവും

ഡി രാജ
March 12, 2025 4:30 am

മുതലാളിത്തത്തിന്റെ അപചയത്തിന്റെ ഫലമായുണ്ടായതും അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയുമാണ് സാമ്രാജ്യത്വമെന്ന് ഒരു നൂറ്റാണ്ടിലേറെ മുമ്പ് വ്ലാഡിമിർ ലെനിൻ വിശേഷിപ്പിച്ചു. ആഗോളതലത്തിൽ ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതും പ്രതിസന്ധിയിലായതുമായ മുതലാളിത്ത ക്രമം, മനുഷ്യരാശിക്ക് എന്ത് സംഭവിച്ചാലും, സ്വന്തംനില ഉറപ്പാക്കാൻ നിരാശാജനകമായ നടപടികളിലേക്ക് തിരിയുന്നത് കാണുമ്പോൾ ലെനിന്റെ വിശകലനം കാലാതീതമാണെന്ന് തെളിയുകയാണ്. 20-ാം നൂറ്റണ്ടിന്റെ അവസാനദശകങ്ങളിലെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷമുള്ള പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ ആഗോളതലത്തിലെ നിയന്ത്രണങ്ങളെ കുറ്റപ്പെടുത്തുകയും നവലിബറൽ നയങ്ങൾക്കെതിരായ ജനകീയ രോഷത്തെ കുടിയേറ്റക്കാര്‍ അല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ബലിയാടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തുകൊണ്ടാണ് വലതുപക്ഷ, തീവ്ര വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ ഏകീകരണമുണ്ടായത്. നവലിബറൽ ക്രമം സാഹചര്യങ്ങളെ നേരിടുന്നതിൽ പ്രത്യയശാസ്ത്രപരമായി പരാജയപ്പെട്ടുവെങ്കിലും വലതുപക്ഷത്തിന്റെ വളർച്ച തടയുന്നതിനായി വിശാലമായ സഖ്യങ്ങൾ രൂപപ്പെടുന്നതിലുണ്ടായ പരാജയം മനുഷ്യത്വരഹിതമായ മുതലാളിത്തം വളരുന്നതിലേക്ക് നയിച്ചു. തൊഴിലവകാശങ്ങൾ, സാമൂഹിക സുരക്ഷ, സമൂഹത്തിലെ പൊതുഐക്യം എന്നിവയ്ക്കെതിരായ വലതുപക്ഷത്തിന്റെ ആക്രമണത്തിലൂടെയാണ് ഇത് സംഭവിച്ചത്. നിലവില്‍, ജനാധിപത്യത്തോടുള്ള ആക്രമണാത്മകമായ അവഗണനയോടെ ഒരു ആഗോള വലതുപക്ഷ സഖ്യം ഉയർന്നുവരുന്നതിന്റെ ലക്ഷണങ്ങൾ സ്ഥിതി കൂടുതൽ വഷളായെന്ന് കാണിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശനവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയും ഈ ഏകീകരണത്തിന്റെ സൂചനകൾ നൽകുന്നുണ്ട്. നരേന്ദ്ര മോഡിയുടെ ട്രംപുമായുള്ള കൂടിക്കാഴ്ച ആഭ്യന്തരമായും അന്തർദേശീയമായും രണ്ട് തരം ഫലങ്ങളാണ് നൽകുന്നത്. സംയുക്ത പ്രസ്താവനകളുടെയും ആഘോഷ പരിപാടികളുടെയും തിളക്കമാർന്ന ദൃശ്യങ്ങളുമായി മോഡിയും ട്രംപും തമ്മിലുള്ള സൗഹൃദത്തിന്റെ മഹത്തായ പ്രകടനങ്ങളാൽ സന്ദർശനം അടയാളപ്പെടുത്തപ്പെട്ടെങ്കിലും, നിലവിലെ ആഗോള രാഷ്ട്രീയ, സാമ്പത്തിക ക്രമത്തിന്റെ ചൂഷണ സ്വഭാവം തുറന്നുകാട്ടുന്ന വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഇന്ത്യക്കെതിരായ അന്യായമായ താരിഫ് നടപടികൾ മുതൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം വരെയുള്ള നിർണായകവിഷയങ്ങളിൽ ട്രംപിനെ നേരിടാൻ മോഡി വിമുഖത കാണിക്കുന്നത്, രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ കേന്ദ്രഭരണകൂടത്തിന്റെ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതോടൊപ്പം വ്യാപാരങ്ങളിലുള്ള ട്രംപിന്റെ അധീശത്വസമീപനവും ബ്രിക്സ് പോലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളോടുള്ള ഭീഷണികളും യുഎസിന്റെ മേധാവിത്വം ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വ അജണ്ടയെ വെളിപ്പെടുത്തുന്നു. മോഡിയും അനുയായികളും അമേരിക്കന്‍ സന്ദർശനത്തെ വലിയ വിജയമായി വിശേഷിപ്പിക്കുമ്പോൾ, ട്രംപിന്റെ സംരക്ഷണവാദ നയങ്ങൾ വ്യത്യസ്തമായ കഥയാണ് പറയുന്നത്.

കേന്ദ്രസർക്കാരിന് ഈ യാഥാർത്ഥ്യത്തെക്കുറിച്ച് നന്നായറിയാം. ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ വിവിധ താരിഫുകളും വ്യാപാര നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ ശ്രമിക്കുന്നു. ഈ നടപടികൾ നമ്മുടെ കയറ്റുമതിയെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ. മോഡിസർക്കാരിന്റെ കെടുകാര്യസ്ഥത കാരണം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യൻ ഉല്പാദന മേഖലയ്ക്കും ട്രംപിന്റെ നയങ്ങൾ ദോഷകരമാകും. ഈ ആക്രമണാത്മക നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനും വിഷയം പരസ്യമായി അഭിസംബോധന ചെയ്യുന്നതിനും മോഡിക്കായില്ല. നയതന്ത്രത്തെ കേവലം ഹസ്തദാനങ്ങളിലേക്കും ആലിംഗനങ്ങളിലേക്കും ചുരുക്കുന്നതിന്റെ ഫലമാണിത്. മോഡിയുടെ സന്ദർശനത്തിലെ ഏറ്റവും പ്രകടമായ പരാജയങ്ങളിലൊന്ന്, യുഎസ് അധികാരികൾ ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായ രീതിയില്‍ നാടുകടത്തിയതിനെതിരെ അദ്ദേഹം പുലർത്തിയ കനത്ത മൗനമായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾ പ്രകാരം, നൂറുകണക്കിന് ഇന്ത്യക്കാർ — അവരിൽ വിദഗ്ധ തൊഴിലാളികളും അഭയാര്‍ത്ഥികളുമുണ്ട് — അപമാനിക്കപ്പെട്ടു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ തടവിലാക്കുകയും നിയമപരമായ അവകാശങ്ങൾ നിഷേധിക്കുകയും ചങ്ങലകളിൽ ബന്ധിച്ച് നാടുകടത്തുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിട്ടും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിക്കാൻ മോഡി തയ്യാറായില്ല. ട്രംപിന്റെ വ്യാപാര യുദ്ധത്തിനും ഇന്ത്യക്കാര്‍ക്കെതിരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരുനിൽക്കാതെ, രാജ്യതാല്പര്യങ്ങൾ ബലികൊടുത്ത് വാഷിങ്ടണിനെ പ്രീതിപ്പെടുത്താനുള്ള സന്നദ്ധതയാണ് മോഡി പ്രകടിപ്പിച്ചത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ആഗോള വലതുപക്ഷ ഏകീകരണത്തിനും ഫോട്ടോസെഷനും മുന്നില്‍ പ്രധാനമന്ത്രി രാഷ്ട്രതാല്പര്യങ്ങൾ ബലികഴിച്ചു. സാമ്പത്തിക, വിദേശ നയങ്ങളിലെ ട്രംപിന്റെ ആക്രമണാത്മകത, യുഎസ് മേധാവിത്വത്തെ ചെറുക്കാൻ ഉദ്ദേശിച്ചുള്ള ബ്രിക്സ് പോലുള്ള ബഹുരാഷ്ട്ര സഖ്യങ്ങളെ തകർക്കാനുള്ള ശ്രമത്തെയാണ് സൂചിപ്പിക്കുന്നത്.

ലോകത്ത് ഉയർന്നുവരുന്ന ബഹുധ്രുവത്വത്തിന് സാധുവായ ആവിഷ്കാരം നൽകുന്നതിനും, കൂടുതൽ സന്തുലിതമായ ആഗോള സാമ്പത്തികക്രമം സൃഷ്ടിക്കുന്നതിനും, പാശ്ചാത്യ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ബ്രിക്സ് സഖ്യം സ്ഥാപിതമായത്. എന്നാല്‍ ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മർദത്തിലൂടെയും നയതന്ത്രങ്ങളിലൂടെയും സഖ്യത്തെ ഭീഷണിപ്പെടുത്തുന്നു. എന്നിട്ടും ബ്രിക്സിലെ പ്രമുഖ അംഗമായ ഇന്ത്യൻ പ്രധാനമന്ത്രി മൗനം പാലിച്ചു. ബ്രിക്സ് അംഗങ്ങളെ ഒറ്റപ്പെടുത്തുന്നതരത്തില്‍ വ്യാപാര കരാറുകൾ നിർബന്ധിച്ചും, യുഎസ് സാമ്പത്തിക മേധാവിത്വത്തെ വെല്ലുവിളിക്കുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്തിയും, താരിഫുകളെ ആയുധമായി ഉപയോഗിച്ചും, യു
എസ് ആധിപത്യത്തിലുള്ള ഏകധ്രുവക്രമത്തിലേക്ക് ലോകത്തെ തള്ളിവിടാനാണ് ട്രംപ് ശ്രമിക്കുന്നത്. ഈ നടപടികളെ എതിർക്കാൻ മോഡി മടിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തെയും അതിന്റെ ദീർഘകാല സാമ്പത്തിക താല്പര്യങ്ങളെയും അപകടത്തിലാക്കും. വലതുപക്ഷ ആക്രമണത്തിന് മുന്നിൽ ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രതിരോധശേഷിയും പരീക്ഷിക്കപ്പെടുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തില്‍ ഇന്ത്യ വലിയ ആഘോഷത്തോടെ ആതിഥേയത്വം വഹിച്ച ജി20 പോലുള്ള കൂട്ടായ്മകളുടെ സമഗ്രതയും ഇന്ന് അപകടത്തിലാണ്. മോഡിയുടെയും ട്രംപിന്റെയും ഇടപെടലുകൾ നയതന്ത്ര ശ്രമമായി തോന്നാമെങ്കിലും, അവ ആഗോള വലതുപക്ഷ ശക്തികളുടെ വർധിച്ചുവരുന്ന ഏകീകരണത്തെയാണ് സൂചിപ്പിക്കുന്നത്. ബെനിറ്റോ മുസോളിനിയുടെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഈ ചിന്താധാരയെ കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഒരു പുതിയ “സഹകരണ യാഥാസ്ഥിതിക പ്രസ്ഥാനം” ഉയർന്നുവരുന്നുവെന്ന് അവർ പറഞ്ഞു. യു
എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അർജന്റീനിയന്‍ പ്രസിഡന്റ് ജാവിയർ മിലി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരെ ഈ സഖ്യത്തിന്റെ ആഗോള പ്രതിനിധികളായി അവർ ചൂണ്ടിക്കാട്ടി. മൂലധന സംരക്ഷണവാദം, തൊഴിലവകാശങ്ങളുടെ അടിച്ചമർത്തൽ, കുടിയേറ്റക്കാരോടും ന്യൂനപക്ഷങ്ങളോടുമുള്ള അവഗണന എന്നിവയാണ് ഈ സഖ്യത്തിന്റെ പൊതുവായ കാഴ്ചപ്പാട്. മൂലധനത്തിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ഈ വലതുപക്ഷ ശക്തികൾ തൊഴിലാളികളുടെ അവകാശങ്ങളെ കടുത്ത രീതിയില്‍ നിയന്ത്രിക്കുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും, ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിക്കുന്ന വിസ നിയന്ത്രണങ്ങളിലുള്ള മോഡിയുടെ മൗനവും, തൊഴിലാളികളോടുള്ള പൊതുവായ അവജ്ഞ പ്രകടമാക്കുന്നതും കോർപറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാൻ സഹായിക്കുന്നതുമാണ്. തൊഴിലാളി വർഗത്തിന്റെ ക്ഷേമത്തെക്കാൾ വന്‍കിടവ്യാപാരികളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന വലതുപക്ഷ സാമ്പത്തിക മാതൃക, ആഗോള സാമ്പത്തിക അസമത്വം വർധിപ്പിക്കും. വലതുപക്ഷ സഖ്യം ശക്തിപ്പെടുന്നത് തുടർന്നാൽ, ആഗോള തൊഴിലാളിവർഗത്തിനും കുടിയേറ്റക്കാർക്കും കാലാവസ്ഥാ സംരക്ഷണ പ്രസ്ഥാനങ്ങൾക്കുമുള്ള അനന്തരഫലങ്ങൾ വിനാശകരമായിരിക്കും. കോർപറേറ്റ് വികാസത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിൽ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്നത് ദാരിദ്ര്യം വർധിപ്പിക്കുകയും സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിലേക്ക് ഒഴുക്കുകയും ചെയ്യും. ആഗോള ദക്ഷിണരാജ്യങ്ങളിലെ തൊഴിലാളികൾക്ക് അവസരങ്ങൾ കുറയും. നവലിബറൽ നയങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് കുടിയേറ്റക്കാർ ബലിയാടാക്കപ്പെടുന്നത് തുടരും. ട്രംപിനെയും മോഡിയെയും പോലുള്ള വലതുപക്ഷ നേതാക്കൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കാര്യമായ പ്രതിബദ്ധത കാണിച്ചിട്ടില്ല. അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിൽ നിന്നുള്ള ട്രംപിന്റെ പിന്മാറ്റവും മോഡിയുടെ കോർപറേറ്റ് അനുകൂല പരിസ്ഥിതിനയങ്ങളും സൂചിപ്പിക്കുന്നത് വൻകിട ബിസിനസുകാരുടെ താല്പര്യങ്ങൾക്ക് എല്ലായ്പ്പോഴും സുസ്ഥിര വികസനത്തെക്കാൾ മുൻഗണന നൽകുമെന്നാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ഫണ്ടുകൾ സൈനിക‑വ്യാവസായിക ഖജനാവിലേക്ക് മാറ്റും. ആഗോള നയങ്ങൾ ഈ പാത തുടർന്നാൽ, ഭൂരിപക്ഷത്തിന്റെ ജീവിത നിലവാരവും പരിസ്ഥിതിയുടെ തകർച്ചയും ത്വരിതപ്പെടും. ഇത് ദരിദ്ര രാഷ്ട്രങ്ങളെയും സമ്പന്ന രാഷ്ട്രങ്ങളിലെ ദരിദ്രരെയും ഒരുപോലെ ബാധിക്കും. നികൃഷ്ടമായ ഈ വലതുപക്ഷ അജണ്ടയെ ചെറുക്കുന്നതിന്, ചൂഷണ മുതലാളിത്തത്തെയും യു
എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തെയും വെല്ലുവിളിക്കുന്ന ജനപക്ഷ ബദലിന് ശ്രമിക്കണം.

ആഗോള ദക്ഷിണ രാജ്യങ്ങൾ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുകയും, തൊഴിലാളി കേന്ദ്രീകൃത നയങ്ങളിൽ നിക്ഷേപം നടത്തുകയും, പ്രാദേശിക വികസനത്തിന്റെ ചെലവിൽ പാശ്ചാത്യ സാമ്പത്തിക താല്പര്യങ്ങൾ നിറവേറ്റുന്ന നവലിബറൽ ചട്ടക്കൂടുകളെ നിരസിക്കുകയും വേണം. ബ്രിക്സ്, ചേരിചേരാ പ്രസ്ഥാനം പോലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളെയും യുഎസ് സ്വാധീനത്തിന് പുറത്തുള്ള പ്രാദേശിക വ്യാപാര കരാറുകളെയും ശക്തിപ്പെടുത്തുന്നതിൽ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. വികസ്വര രാജ്യങ്ങൾക്ക് ന്യായമായ തൊഴിൽ രീതികൾ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക നീതി എന്നിവയ്ക്ക് മുൻഗണന നൽകുന്ന തരത്തില്‍ ആഗോള വ്യാപാര നയങ്ങൾ പുനഃക്രമീകരിക്കുകയും വേണം. വലതുപക്ഷ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം വെറുമൊരു സാമ്പത്തിക പ്രതിരോധമല്ല, അത് അന്തസിനും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പ്രക്ഷോഭമാണ്. ലോകമെമ്പാടുമുള്ള പുരോഗമന ശക്തികൾ ഈ അപകടകരമായ കടന്നുകയറ്റത്തിനെതിരെ ഒന്നിച്ചുനിന്ന്, തൊഴിലാളികളെ ഉയർത്തുന്നതിനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും സുസ്ഥിര സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനുമുള്ള നയങ്ങൾക്കായി പോരാടണം. ആഗോള വലതുപക്ഷ ശക്തികളുടെ ആക്രമണാത്മക നവലിബറൽ നയങ്ങൾ നിരാകരിക്കുന്നതിലൂടെ മാത്രമേ, ഭാവിതലമുറകൾക്കായി കൂടുതൽ നീതിയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.