
മുഖ്യ ധാര ക്രൈസ്തവ സമൂഹത്തിൽ നിന്ന് വ്യത്യസ്തമായി ബൈബിൾ അധ്യാപനങ്ങൾക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ചും വിശ്വാസ പ്രബോധനം ദൈവം തങ്ങളിലേല്പിച്ച കല്പനയായിക്കണ്ട് പ്രസ്തുത പ്രബോധനത്തിൽ ബദ്ധ ശ്രദ്ധാലുക്കളായും പ്രവർത്തിക്കുന്ന പ്രത്യേക തരം ക്രിസ്തീയ വിഭാഗമാണ് ‘സെവന്ത് ഡേ അഡ്വന്റിസ്റ്റ്’കാർ (ശാബത്ത്കാർ). യഹൂദൻമാരെപ്പോലെ ശനിയാഴ്ച ശാബത്ത് ദിനമായി (വിശ്രമ ദിനം) ആചരിക്കുന്ന ‘സെവന്ത് ഡേ അഡ്വന്റിസ്റ്റ്’കാർ അന്ന് തങ്ങളുടെ ആരാധന ദിവസമാകയാൽ പ്രധാന ജോലികളൊന്നും ചെയ്യരുതെന്ന് നിഷ്കർഷിക്കുന്ന കൂട്ടരാണ്. 2008ൽ സംസ്ഥാനത്ത് ഒരു ശനിയാഴ്ച എസ്എസ്എൽസി പരീക്ഷ പ്രഖ്യാപിക്കുകയും ഇതേ തുടർന്ന് പരീക്ഷ എഴുതാൻ തങ്ങളുടെ വിശ്വാസം അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് രണ്ട് ‘സെവന്ത് ഡേ അഡ്വന്റിസ്റ്റ്’വിദ്യാർത്ഥികൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ആരാധനാ ദിവസം പരീക്ഷ എഴുതാൻ നിവൃത്തിയില്ലെന്നറിയിച്ച വിദ്യാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദ പ്രതിവാദങ്ങൾക്കൊടുവിൽ വിശ്വാസത്തെ മാനിച്ചുകൊണ്ട് മറ്റു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ശനിയാഴ്ച അവരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുകയും അടുത്ത ദിവസം ഈ വിദ്യാർത്ഥികളെ മാത്രമായി പരീക്ഷ എഴുതാൻ അനുവദിക്കുകയുമായിരുന്നു.
എന്നാൽ മത പരമായ അനുഷ്ഠാനങ്ങളും സാംസ്കാരിക പരമായ ആചാരങ്ങളും വ്യക്തിയുടെ വ്യക്തിത്വത്തിന് പരമ പ്രധാനമാണെന്നും ആചാരാനുഷ്ഠാനങ്ങൾ സാംസ്കാരികമായോ പുരോഗമന പരമായോ വിശേഷിപ്പിക്കപ്പെടുന്നുണ്ടോ എന്നതിനേക്കാൾ വ്യക്തി എങ്ങനെ അതിനെ കാണുന്നു എന്നതിനെയാണ് പരിഗണിക്കപ്പെടേണ്ടത് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലും സങ്കീർണമായ ഈ വിഷയത്തെ അന്ന് പരിഹരിച്ചപ്പോൾ ഇതര വിദ്യാർത്ഥികളെയോ പൊതു സമൂഹത്തെയോ പ്രതികൂലമായി ബാധിച്ചിരുന്നില്ല എന്നത് പ്രത്യേകം പ്രസ്താവ്യം.
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിയെ സ്കൂൾ മാനേജ്മെന്റ് വിലക്കിയ സംഭവത്തോടെ ഒരിടവേളക്ക് ശേഷം ഹിജാബുമായി ബന്ധപ്പെട്ട സംവാദങ്ങൾ വീണ്ടും കേരളീയ മുഖ്യധാരയിൽ സജീവമായിരിക്കുകയാണ്.
ഹിജാബ് ധരിക്കുന്നത് തങ്ങളുടെ മതവിശ്വാസപ്രകാരമുള്ള അനിവാര്യമായ ഒരു ആചാരമാണെന്നും അത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നതിലൂടെ തങ്ങളുടെ അസ്തിത്വമാണ് വെല്ലുവിളിക്കപ്പെട്ടിരിക്കുന്നതെന്നും പെൺകുട്ടിയും കുടുംബവും വാദിച്ചപ്പോൾ സ്കൂൾ നിയമാവലിക്ക് വിരുദ്ധമായ വസ്ത്രധാരണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്.
പ്രശ്നം പരിഹരിച്ചുവെന്ന് പറയുന്നുവെങ്കിലും അതിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. രാഷ്ട്രീയമായും വിഭാഗീയമായും വ്യാഖ്യാനിച്ച് നേട്ടമുണ്ടാക്കുവാനുള്ള ചിലരുടെ കുത്സിത ശ്രമമാണ് വിഷയത്തെ സജീവമാക്കുന്നത്. കേരളീയരുടെ മതസൗഹാർദ മനോഭാവത്തിൽ അസ്വസ്ഥരായ ചില തല്പര കക്ഷികൾ നാടിന്റെ മത സാംസ്കാരിക പാരമ്പര്യത്തെ തകർത്ത് പ്രതിസന്ധികൾ സൃഷ്ടിക്കാൻ വേണ്ടിയുള്ള വിഷലിപ്ത പ്രയത്നങ്ങളുടെ ഭാഗമായി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും വിദ്വേഷപ്രചാരണം ലാക്കാക്കിയും ഇതിനെ ആസൂത്രിതമായിത്തന്നെ ദുരുപയോഗം ചെയ്തത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
മുൻപ് കർണാടക ഉഡുപ്പിയിലെ ഒരു കോളജിൽ യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന അധികൃത നിബന്ധന ചോദ്യം ചെയ്ത്, തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായതിനാൽ ഹിജാബ് മാറ്റാൻ ചില പെൺകുട്ടികൾ വിസമ്മതിച്ചതും ഇതിനെതിരായി, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഒരു കൂട്ടം ആൺകുട്ടികൾ കാവി ഷാളുകളും തലപ്പാവുകളും ധരിച്ച് പ്രത്യക്ഷപ്പെട്ടതും നമുക്കറിയാം. മുസ്ലിം പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിച്ച് കോളജിൽ വരാൻ അനുവാദം കൊടുക്കുകയാണെങ്കിൽ തങ്ങൾക്ക് കാവി ഷാളുകളും തലപ്പാവുകളും ധരിച്ച് വരാനും അനുവാദമുണ്ടാകണമെന്നാണ് അന്ന് ഒരു വിഭാഗം ആൺകുട്ടികൾ ആവശ്യപ്പെട്ടത്. തുടർന്ന് അന്നത്തെ കർണാടക സർക്കാരും ഹൈക്കോടതിയും സ്വീകരിച്ച ഹിജാബ് വിരുദ്ധ നിലപാടുകളും അനന്തരം സുപ്രീം കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങളും ഓർക്കുന്നുണ്ടാകും.
ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടന ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദത്തെ, ക്രമസമാധാനത്തെ ബാധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമ്പോഴുള്ള ഭരണകൂടത്തിന്റെ നിയന്ത്രണാധികാരമെന്ന മറുവാദം ഉന്നയിച്ചു കൊണ്ടാണ് വിമർശകർ പ്രതിരോധിക്കുന്നത്.
എന്നാൽ പുട്ടസ്വാമി / യൂണിയൻ ഓഫ് ഇന്ത്യ കേസിൽ (2017) സുപ്രീം കോടതി “സ്വകാര്യതക്കുള്ള അവകാശം വിശ്വാസം, വസ്ത്രധാരണം പോലുള്ള പൊതുയിടങ്ങളിൽ പ്രകടിപ്പിക്കുന്ന തെരഞ്ഞെടുപ്പുകൾക്കും ബാധകമാണെ“ന്ന് വ്യക്തമാക്കിയിരുന്നു. എന്ത് കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, വ്യക്തിപരമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ജിവിതത്തിൽ ആരുമായി ബന്ധപ്പെടണം എന്ന് ഭരണകൂടം ആരോടും പറയാൻ ആഗ്രഹിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി അന്ന് കൂട്ടിച്ചേർത്തു. 2014ൽ ‘നാഷണൽ ലീഗൽ അതോറിറ്റി’ കേസിലും കോടതിയുടേത് സമാന വീക്ഷണമായിരുന്നു.
ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അംഗീകരിച്ചു കൊണ്ട് ജസ്റ്റിസ് രാധാകൃഷ്ണൻ അന്ന് പ്രസ്താവിച്ചത് ഒരാളുടെ വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ആർക്കും ഹനിക്കാനാകില്ലെന്നായിരുന്നു.
എന്നാൽ 2016ലെ അഖിലേന്ത്യ പ്രീ മെഡിക്കൽ പരീക്ഷയിൽ ഹിജാബ് ധരിച്ച് പങ്കെടുക്കാൻ പെൺകുട്ടികൾക്ക് അനുവാദം നൽകിയ കേരള ഹൈക്കോടതി മറ്റൊരു കേസിൽ ശിരോവസ്ത്രത്തിന്റെ പേരിൽ ഒരു മുസ്ലിം പെൺകുട്ടിയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല എന്ന കാര്യത്തിൽ ഇടപെടാൻ വിസമ്മതിച്ചതും നാം ഓർക്കണം. 2018ൽ തിരുവനന്തപുരത്തെ സ്കൂളിൽ പർദ വിലക്കിയ നടപടിക്കെതിരെ രണ്ട് മുസ്ലിം വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിൽ വിലക്കിനെ ശരിവെക്കുന്ന വിധിപ്രസ്താവമാണ് കേരള ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ മൗലികാവകാശമെന്നതു പോലെ, ഒരു സ്ഥാപനത്തിന് അതെങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് ഭരണഘടന നൽകുന്ന അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യക്തി അവകാശവും സ്ഥാപന അവകാശവും ഏറ്റുമുട്ടുന്നിടത്ത് പൊതുതാല്പര്യം മുൻനിർത്തി സ്ഥാപനങ്ങളുടെ അവകാശത്തിനാണ് മുൻഗണനയെന്നും അന്ന് കോടതി നിരീക്ഷിച്ചു.
ഇനി തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ സമ്മതിദായകരുടെ ഫോട്ടോ ചേർക്കുന്ന വിഷയത്തിൽ മുൻപൊരിക്കൽ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഉത്തരവിൽ പർദ ഒഴിവാക്കിയും അതേസമയം ഹിജാബ് നിലനിർത്തിയും ഫോട്ടോയെടുക്കാനാണ് നിർദ്ദേശം നൽകിയതെന്ന് കാണാൻ കഴിയുന്നു.
ഇനി യഹോവസാക്ഷികളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിധി പരിശോധിക്കാം. വിശ്വാസപരമായ കാരണങ്ങളാല്‍ സ്കൂളിൽ ദേശീയ ഗാനം ആലപിക്കാതിരുന്നതിനെ തുടർന്ന് പുറത്താക്കപ്പെട്ട കോട്ടയം കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥികളായ യഹോവ സാക്ഷിക്കാരുടെ വാദം കേരള ഹൈക്കോടതി നിരാകരിച്ചപ്പോൾ മതസ്വാതന്ത്ര്യത്തിനുള്ള അവകാശ നിഷേധമെന്ന് പറഞ്ഞ് 1986 ഓഗസ്റ്റ് 11ന് സുപ്രിം കോടതി ജഡ്ജി ഒ ചിന്നപ്പ റെഡ്ഡി പുറപ്പെടുവിച്ച അന്തിമവിധി വിദ്യാർത്ഥികൾക്ക് അനുകൂലമായിരുന്നു.
ചുരുക്കത്തിൽ ഇത്തരം വിഷയങ്ങളിൽ കേസുകളുടെ സ്വഭാവം പരിഗണിച്ചും വിവിധ സാഹചര്യങ്ങൾ പരിശോധിച്ചുമുള്ള വ്യത്യസ്ത വിധികളാണ് കോടതികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കാണാൻ കഴിയും.
അപരന്റെ സ്വാതന്ത്ര്യത്തിന്റെ സാംഗത്യത്തെ നിരാകരിക്കാത്ത വിധത്തിലുള്ളതാണ് വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിയന്ത്രിതത്വമെങ്കിൽ തന്റെ ആത്മിക ജീവിതത്തിന്റെ പൂർണതയ്ക്ക് ഹിജാബ് അനിവാര്യമാണെന്ന് വിശ്വസിക്കുന്ന മുസ്ലിം സ്ത്രീയുടെ മനുഷ്യാവകാശ പ്രശ്നത്തെ പ്രതിലോമകരമായ സ്വാതന്ത്ര്യബോധമായി വിലയിരുത്തുന്നത് ഉചിതമല്ല.
മുസ്ലിം സ്ത്രീയുടെ ആത്മനിഷ്ഠ താല്പര്യങ്ങളിൽ നിന്നുടലെടുക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തെ പുരുഷമേധാവിത്വത്തിന്റെ ചിഹ്നമെന്നോണം, സ്ത്രീകളുടെ മേൽ അടിച്ചേല്പിക്കപ്പെടുന്ന ഒന്നായും സാമൂഹ്യ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തുവാൻ ഉപയോഗിക്കുന്ന ഒരു മതാചാരമായും പ്രഖ്യാപിച്ചു കൊണ്ട് ദുർബലപ്പെടുത്താനും കഴിയില്ല.
എന്നാൽ ഹിജാബ് മതപരമായ അവകാശമായിരിക്കുന്നത് പോലെ തന്നെ തങ്ങളുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അതുപേക്ഷിച്ചതിന്റെ പേരിലാണ് നീതി നിഷേധിക്കപ്പെടുന്നതെങ്കിൽ അവിടെയും ഇരകളുടെ ജനാധിപത്യാവകാശത്തിനൊപ്പം നാം നിൽക്കണം. വിദ്യാലയങ്ങളിൽ പൊതു ക്രമസമാധാനത്തിന് വിഘാതം സൃഷ്ടിക്കാത്ത സാംസ്കാരിക രീതികൾ പ്രകടിപ്പിക്കാനും പരസ്പരം ബഹുമാനിക്കാൻ സാധിക്കുന്ന വിധത്തിൽ വിദ്യാർത്ഥികളിൽ മാനവികബോധം വളർത്തിയെടുക്കാനുള്ള ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നതിന് പകരം മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പരത്തി സമൂഹത്തിൽ മതാധിഷ്ഠിത ധ്രുവീകരണത്തിനുള്ള നീക്കം നടത്തുന്നത് ഭൂഷണമല്ല. ഇവിടെ പരസ്പരം മനസ്സിലാക്കുക എന്നതാണ് പ്രധാനം,
അസ്വാരസ്യങ്ങളും അനാരോഗ്യകരമായ സംവാദങ്ങളും മതേതര സമൂഹത്തിൽ സൃഷ്ടിക്കുക ദൂര വ്യാപക പ്രത്യാഘാതങ്ങളായിരിക്കുമെന്നതിനാൽ ദുരഭിമാനം വെടിഞ്ഞും വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചും മുന്നോട്ടുപോകാൻ എല്ലാവരും തയ്യാറാവണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.