20 September 2024, Friday
KSFE Galaxy Chits Banner 2

ദുരന്തസ്മരണകളില്‍ ഹിരോഷിമ ദിനം

അഡ്വ. വി ബി ബിനു
(ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി)
August 6, 2024 4:38 am

ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നൊബേൽ പുരസ്കാര ജേതാവ് ആൽബർട്ട് ഐൻസ്റ്റീൻ 1955ൽ മരിക്കുമ്പോൾ ഏറ്റവും ദുഃഖിതനായിരുന്നത് മനുഷ്യപുരോഗതിക്കായി താൻ വികസിപ്പിച്ചെടുത്ത അണുശക്തിയെ ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ചു എന്നതിലാണ്. ആണവ ശാസ്ത്രജ്ഞർ ബഹുഭൂരിപക്ഷവും ഗവേഷണം നടത്തിയിരുന്നത് അണുശക്തി മനുഷ്യന് ഗുണപ്രദമാക്കുവാൻ വേണ്ടിയാണ്. വൈദ്യുതി ഉല്പാദനത്തിനും കൃഷി മെച്ചപ്പെടുത്തുവാനും കാൻസർ പോലുള്ള മഹാരോഗങ്ങൾ ചികിത്സിക്കുന്നതിനും മറ്റും ഒരുപാട് വികസന സാധ്യതകളാണ് ശാസ്ത്രലോകത്ത് ഈ കണ്ടുപിടിത്തത്തിലൂടെ സാധ്യമായത്. എന്നാൽ ഒരു ന്യൂനപക്ഷം ആ അണുശക്തിയെ ആയുധമാക്കി മനുഷ്യന്റെ വിനാശത്തിന് ഉപയോഗിക്കുകയായിരുന്നു.
1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിൽ വരികയും അണുശക്തിയെ അണുബോംബ് എന്ന മാരകമായ ആയുധമാക്കുവാൻ തീരുമാനിക്കുകയും ചെയ്തതോടുകൂടി ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മൻ പൗരത്വം ഉപേക്ഷിച്ച് അമേരിക്കൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. എന്നാൽ ഹിറ്റ്ലറെ നേരിടാൻ എന്ന നിലയിൽ അമേരിക്കൻ ആണവ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ”ലിറ്റിൽ ബോയ്” എന്ന അണുബോംബ് ലോകചരിത്രത്തിൽ ആദ്യമായി 1945 ആഗസ്ത് ആറിന് പുലർച്ചെ 8.15ന് ജപ്പാനിലെ ഹിരോഷിമയിൽ സ്ഫോടനം നടത്തുകയാണുണ്ടായത്. മൂന്നരലക്ഷം വരുന്ന ജനസംഖ്യയുള്ള ഹിരോഷിമയിൽ അണുസ്ഫോടനത്തില്‍ 1,40,000ത്തിലധികം ജനങ്ങളാണ് തൽക്ഷണം വെന്തുമരിച്ചത്. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അണുസ്ഫോടനത്തിന്റെ പാർശ്വഫലങ്ങളായി ലുക്കീമിയ പോലുള്ള കാൻസറും മാരകരോഗങ്ങളും പകർച്ചവ്യാധികളും ശേഷിച്ച ജപ്പാൻജനതയെ ഇന്നും കാർന്നുതിന്നുകൊണ്ടിരിക്കുന്നു.
ഹിരോഷിമയിൽ ബോംബ് വർഷിച്ച് മൂന്നാംനാൾ ഒ‌ാഗസ്റ്റ് ഒമ്പതിന് രാവിലെ 10.55ന് അമേരിക്ക വീണ്ടും മറ്റാെരു ജപ്പാൻ നഗരമായ നാഗസാക്കിയിൽ ”ഫാറ്റ്മാൻ” എന്ന ബോംബിലൂടെ അണുസ്ഫോടനം നടത്തുകയാണുണ്ടായത്. ഹിരോഷിമയിൽ വർഷിച്ചതിനെക്കാൾ ഉഗ്രശേഷിയിലുള്ള സ്ഫോടനമാണ് നാഗസാക്കിയിൽ നടത്തിയതെങ്കിലും പ്രതികൂല കാലാവസ്ഥമൂലം സ്ഫോടനത്തിന്റെ ശക്തി പൂർണമായും ഫലവത്തായില്ല. നാഗസാക്കിയിൽ 80,000 പേരാണ് മരിച്ചത്. ഹിരോഷിമ ദിനത്തിൽ വെന്തുവെണ്ണീറായ ജനതയ്ക്കുവേണ്ടി പടുത്തുയർത്തിയ സ്മാരകത്തിന്റെ കവാടത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ”സമാധാനമായി വിശ്രമിക്കൂ, ഇനിയെങ്കിലും തെറ്റ് ആവർത്തിക്കാതിരിക്കട്ടെ”. 

2023 ഒക്ടോബറിൽ പലസ്തീൻ ജനതയ്ക്കുനേരെ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിൽ ഇന്നുവരെ 39,583 പലസ്തീൻ ജനത മരിച്ചുവെന്നാണ് കണക്കുകൾ. ഒരുലക്ഷത്തിലധികമാണ് പരിക്കേറ്റവർ. കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരാലംബരായ ജനതയ്ക്ക് നേരെ എല്ലാ യുദ്ധനീതികളും മറികടന്ന്, യുഎൻ വിലക്കുകൾ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പലസ്തീൻ ജനത, കുടുംബവും നാടും ഉപേക്ഷിച്ച് അഭയാർത്ഥികളായി കഴിയുകയാണ്. പശ്ചിമേഷ്യയിൽ സമാധാനത്തിന് ഭീഷണിയായ ഇസ്രയേലിന്റ നികൃഷ്ടതാല്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക അറബ്മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയയ്ക്കുന്നത് ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. പലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് തലവനുമായ ഇസ്മയിൽ ഹനിയയെ കഴിഞ്ഞദിവസം ഇറാനിൽ ഇസ്രയേൽ വധിച്ചതിന് വൻതിരിച്ചടി ഉണ്ടാകുമെന്ന ഭീതിയിലാണ്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയ ഹനിയയെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് മിസൈൽ ആക്രമണത്തിൽ വധിച്ചത്. ഒരു രാഷ്ട്ര അതിഥിയെ വകവരുത്തിയത് ദൂരവ്യാപകമായ വലിയ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുന്നതാണ്.
2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ‑ഉക്രെയ്ൻ യുദ്ധം വീണ്ടുമൊരു ആണവയുദ്ധത്തിന്റെ കാർമേഘങ്ങൾ ലോകത്ത് പടർത്തിയിരിക്കുകയാണ്. റഷ്യ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സൈനിക ബലവും ആണവശേഷിയുമുള്ള രാഷ്ട്രമാണ്. ശാസ്ത്രസാങ്കേതിക രംഗത്ത് ലോകത്തിന്റെ വളർച്ച ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽബോംബ് എന്ന അണുബോംബിനേക്കാൾ എത്രയോ ആയിരം മടങ്ങ് പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബുകളും അണുസംയോജന ബോംബുകളും ലോകരാജ്യങ്ങളുടെ കൈവശമുണ്ട് എന്നുള്ളത് കൂടുതൽ ആശങ്ക ഉണർത്തുന്നതാണ്. ഒരുലക്ഷത്തിലധികം സൈനികരെ ഉക്രെയ്ൻ എന്ന ചെറിയ രാഷ്ട്രത്തിന് യുദ്ധത്തിനായി ബലികൊടുക്കേണ്ടിവന്നു. 

കണക്കുകൾ ഉദ്ധരിച്ച് മാധ്യമലോകം നമ്മുടെ മുന്നിൽ എത്തിച്ചത് 44 ദശലക്ഷം ജനസംഖ്യയുള്ള ഉക്രെയ്നിൽ 14 ദശലക്ഷം പേർ അഭയാർത്ഥികളായി എന്നാണ്. 1,40,000 കെട്ടിടങ്ങൾ തകർക്കപ്പെട്ടു. റഷ്യൻ ഭാഗത്തും നഷ്ടങ്ങളുടെ നീണ്ട കണക്കുകളാണുള്ളത്. ഒരു ലക്ഷത്തിലധികം റഷ്യൻ സൈനികരും ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ വിപുലീകരണവും ഇടപെടലുകളുമാണ് യുദ്ധത്തിന് കാരണമായത്. ഇന്നും അവസാനിക്കാത്ത ഈ യുദ്ധവും ആക്രമണവും ലോകജനതയ്ക്ക് മുന്നിൽ വലിയ ആശങ്കയായി തുടരുകയാണ്.
യുദ്ധങ്ങളും സംഘർഷങ്ങളും സാമ്രാജ്യത്വശക്തികളുടെ സൃഷ്ടികളാണ്. അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഫ്രാൻസ് അടക്കമുള്ള രാഷ്ട്രങ്ങളുടെ പ്രധാന സാമ്പത്തിക അടിത്തറ ആയുധക്കച്ചവടമാണ്. കോടാനുകോടി രൂപ മുടക്കിയുണ്ടാക്കുന്ന അത്യാധുനികമായ ആയുധങ്ങൾ വിറ്റഴിക്കേണ്ടത് ആ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. ലോകത്തെ ദരിദ്രരാഷ്ട്രങ്ങൾ പോലും അവരുടെ പ്രതിരോധ ബ‍ജറ്റിൽ വൻതുകയാണ് ആയുധങ്ങൾ വാങ്ങിക്കൂട്ടുവാൻ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണെന്നത് നാം മറന്നുകൂടാ. 2024ലെ ബജറ്റിലും ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ പ്രതിരോധമേഖലയിൽ വൻതുകയാണ് മാറ്റിവച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദേശയാത്രകളിലെല്ലാം അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി വൻ ആയുധക്കരാറുകളാണ് ഒപ്പുവച്ചിട്ടുള്ളത്.
മനുഷ്യന്റെ ശാസ്ത്രീയ പുരോഗതികളെയെല്ലാം വിനാശകരമായി ദുരുപയോഗം ചെയ്യുന്നതിന്റെ പ്രതിരൂപമാണ് അണുസ്ഫോടനങ്ങളിലും യുദ്ധത്തിലും പ്രതിഫലിക്കുന്നത്. വിനാശകരമായ അണുവായുധങ്ങൾ കുറച്ചുകൊണ്ടുവരുവാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്നാണ് ലോകത്താകമാനമുള്ള സമാധാന പ്രസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. യുദ്ധം മരണമാണ്, സമാധാനമാണ് ജീവിതം എന്ന സന്ദേശം പ്രസക്തമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.