28 March 2024, Thursday

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതെങ്ങനെ?

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 27, 2022 7:00 am

ന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം ജനതയുടെ ആകെത്തന്നെ ക്ഷമ പരീക്ഷിക്കാന്‍ പോന്ന വിധത്തിലാണ് അനുനിമിഷം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര ബാങ്കെന്ന നിലയില്‍ പണത്തിന്റെ അധികമായ തോതിലുള്ള ഒഴുക്ക് നിയന്ത്രണവിധേയമാക്കുക എന്നത് ലക്ഷ്യമാക്കി പരമാവധി ആറ് ശതമാനത്തിലേറെയാവരുതെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 2022 മാര്‍ച്ച് മാസത്തില്‍ ചില്ലറ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നു എന്നതാണ് അനുഭവം. ഭക്ഷ്യോല്പന്നങ്ങളുടെയും എണ്ണയുടെയും വിലവര്‍ധനവാണ് ഉപഭോക്തൃ വില സൂചികയുടെ കുതിച്ചുചാട്ടത്തിലൂടെ ചില്ലറ പണപ്പെരുപ്പത്തിനിടയാക്കിയിരിക്കുന്നതും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ആണ് ഏപ്രില്‍ 12ന് ചില്ലറ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ അനുവദനീയമായ ആറ് ശതമാനം വര്‍ധനവിനപ്പുറമെത്തിയിരിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത് (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഏപ്രില്‍ 13, 2022). ഭക്ഷ്യ എണ്ണ വില വര്‍ധനവിനെത്തുടര്‍ന്ന് 18.9 ശതമാനം പച്ചക്കറികളുടെ വില വര്‍ധനവിനെത്തുടര്‍ന്ന് 11.64 ശതമാനം, ഇറച്ചിമീന്‍ എന്നിവയുടേതിന്റെ വില വര്‍ധനവിലൂടെ 9.63 ശതമാനം ചെരുപ്പ്, വസ്ത്രം എന്നിവയുടെ വിലവര്‍ധനവിലൂടെ 9.4 ശതമാനം, ഇന്ധനം, വെളിച്ചം എന്നിവയുടെ വകയായി 7.52 ശതമാനം എന്നിങ്ങനെയാണ് ഉപഭോക്തൃവില സൂചികയില്‍ വര്‍ധനവു വരുത്തിയിരിക്കുന്നത്. ആര്‍ബിഐയുടെ പണനയ രൂപീകരണസമിതി ചില്ലറ പണപ്പെരുപ്പ നിരക്കിന്റെ ഗണിതശാസ്ത്രാടിസ്ഥാനത്തിലുള്ള വര്‍ധനവാണ് പുറത്തുവിടുന്നതെങ്കില്‍ വിപണികളിലെ യാഥാര്‍ത്ഥ്യം ഇതിലും ഒട്ടേറെ വ്യത്യസ്തവും ഗുരുതര സ്വഭാവമുള്ളതുമാണ്.

രണ്ട് സ്വകാര്യ ഏജന്‍സികള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയതെന്തായിരുന്നെന്നൊ? ഇതില്‍ പങ്കെടുത്ത 87 ശതമാനം ഉപഭോക്താക്കളും പൊതുവില്‍ പ്രതികരിച്ചത് 2022 ഏപ്രിലില്‍ അവര്‍ക്ക് പച്ചക്കറികള്‍ക്ക് നല്‍കേണ്ടിവന്നത് മാര്‍ച്ചിലേതിനെ അപേക്ഷിച്ച് വര്‍ധിച്ച വിലയായിരുന്നു എന്നാണ്. ഇതില്‍ 37 ശതമാനം പേര്‍ പച്ചക്കറികള്‍ക്ക് ഒരു മാസത്തിനിടെ അവര്‍ കൊടുക്കേണ്ടി വന്നത് നാലിലൊന്ന് അധിക വിലയാണെന്നായിരുന്നു. മറ്റൊരു അനൗദ്യോഗിക പഠനത്തില്‍ പങ്കെടുത്തവരില്‍ 24 ശതമാനവും കുടുംബങ്ങളും അഭിപ്രായപ്പെട്ടത് ഭക്ഷ്യഎണ്ണയുടെ രൂക്ഷമായ വിലവര്‍ധനവിന്റെ ഫലമായി അവര്‍ ഈ ഉല്പന്നത്തിന്റെ ഉപഭോഗത്തില്‍ ഗണ്യമായ കുറവു വരുത്താന്‍ നിര്‍ബന്ധിതമായി എന്നാണ്. അതേ അവസരത്തില്‍ ഭക്ഷ്യഎണ്ണ ഉപഭോഗം കുറയ്ക്കാന്‍ തയാറാവാതിരുന്ന 67 ശതമാനം കുടുംബങ്ങള്‍ ഇതിന്റെ ഫലമായി മറ്റു ചില അവശ്യ ഉപഭോക്തൃ വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടി വന്നു എന്നുമാണ് സര്‍വേയിലൂടെ വെളിപ്പെടുത്തിയത്. മുകളില്‍ സൂചിപ്പിച്ച രണ്ട് സര്‍വേകളിലുമായി മൊത്തം 670 ജില്ലകളും 47,800ല്‍പരം കുടുംബങ്ങളൊ, വ്യക്തികളൊ പങ്കെടുത്ത് സ്വന്തം പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്. ഈവിധത്തിലുള്ള പഠനങ്ങള്‍ നടക്കുന്നതും വസ്തുതകള്‍ പുറത്തുവരുന്നതും കോവിഡിന്റെ തരംഗങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായി കടന്നാക്രമണം നടന്നുവന്നിരുന്ന കാലയളവിലുമായിരുന്നു. ഇത്തരമൊരു പശ്ചാത്തലം നിലവിലിരിക്കെ ആര്‍ബിഐയുടെ പണനയത്തിന് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതില്‍ ഫലപ്രദമായ ഇടപെടലുകള്‍ പരിമിതമായ തോതില്‍ മാത്രമെ നടത്താന്‍ കഴിയുമായിരുന്നുള്ളു. പലിശനിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ നിലനിര്‍ത്തുകയല്ലാതെ മറ്റൊരു മാര്‍ഗവും സാധ്യമായിരുന്നില്ല.


ഇതുകൂടി വായിക്കാം; സാമ്പത്തിക തിരിച്ചുവരവ് ജനകേന്ദ്രീകൃതമാവണം


 

പണപ്പെരുപ്പം വര്‍ധിക്കാതിരിക്കുകയാണ് ലക്ഷ്യമെന്നതിനാല്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും സാധ്യമല്ല; അതേസമയം, നിക്ഷേപവും സാമ്പത്തികവളര്‍ച്ചയും ത്വരിതപ്പെടുത്താന്‍ താണപലിശനിരക്കുകളില്‍ മൂലധനലഭ്യത ഉറപ്പാക്കുകയും വേണ്ടിവരും. അമേരിക്കയില്‍ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ പണപ്പെരുപ്പ നിരക്ക് ഒരു മാസത്തിനിടെ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ 7.9 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുതിച്ചുയരുകയായിരുന്നു. എങ്കിലും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് വിഘാതമാണെങ്കില്‍ തന്നെയും പാശ്ചാത്യരാജ്യങ്ങള്‍ വിശിഷ്യ, അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനാണ് തയാറായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം രൂപപ്പെട്ടിരിക്കുന്നതിനാല്‍, പണപ്പെരുപ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന കുത്തനെയുള്ള വിലക്കയറ്റവും പ്രതിരോധിക്കാന്‍ സമയോചിതവും ഫലപ്രദവുമായ നടപടികള്‍ എടുക്കുന്നുണ്ടൊ എന്നതാണ് ഉയര്‍ന്നുകേള്‍ക്കുന്നൊരു ചോദ്യം. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും അക്കാദമിക്ക് ചിന്തകന്മാര്‍ക്കിടയിലും പണപ്പെരുപ്പം തടഞ്ഞുനിര്‍ത്താന്‍ പണനയം കൂടുതല്‍ കര്‍ശനമായ നടപ്പാക്കുകതന്നെ വേണമെന്നാണ് രൂപപ്പെട്ടുവരുന്ന ആശയം. ഇക്കാര്യത്തില്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിനിടയാക്കുന്ന വിധത്തിലുള്ളൊരു നയസമീപനം ആര്‍ബിഐയുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും ധനശാസ്ത്രവിദഗ്ധര്‍ പരസ്യമായിത്തന്നെ അഭിപ്രായപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്.

ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എന്ന്? ഇതാണ് അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന സംശയം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സ് ആന്റ് പോളിസി (എന്‍ഐപിഎഫ്‌പി)യിലെ പ്രൊഫസറും മ്യൂനിച്ചിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സിലെ ഗവേണിങ് ബോര്‍ഡ് അംഗവുമായ ഡോ. ലേഖ എസ് ചക്രവര്‍ത്തി അഭിപ്രായപ്പെട്ടിരിക്കുന്നത് പണപ്പെരുപ്പത്തിന്റെ ലക്ഷ്യം നിര്‍ണയിക്കുന്നതിനായി നിലവില്‍ പിന്തുടര്‍ന്നുവരുന്ന രീതിശാസ്ത്രത്തില്‍ മൗലികമായ മാറ്റം അനിവാര്യമാണെന്നാണ് ഇന്നത്തെ നിലയില്‍ ആര്‍ബിഐക്കു ചെയ്യാനുള്ളത് വില സ്ഥിരത ഉറപ്പാക്കുക മാത്രമാണ്. ഇതിലേക്കായി മുന്‍കൂട്ടി നിര്‍ണയിക്കപ്പെട്ട പണപ്പെരുപ്പ നിരക്കില്‍ നാല് ശതമാനം, രണ്ട് ശതമാനം നിരക്കില്‍ കൂട്ടലൊ കുറയ്ക്കലൊ വരുത്തുന്നു. ഈ സമീപനം ശാസ്ത്രീയമല്ല, യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതുമല്ല. ഇവിടെ അവശ്യം ചെയ്യേണ്ടത് ആദ്യഘട്ടത്തില്‍ നിര്‍ണയിക്കപ്പെടുന്ന ലക്ഷ്യം വളരെ സൂക്ഷ്മതയോടെയും വസ്തുനിഷ്ഠമായും വേണം കണ്ടെത്താനും പ്രഖ്യാപിക്കാനും. ദേശീയ സാഹചര്യങ്ങള്‍ക്കപ്പുറം, ആഗോളസാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു വേണം ലക്ഷ്യനിര്‍ണയം നടത്താന്‍ ഉക്രെയ്ന്‍റഷ്യ യുദ്ധം പോലുള്ള സംഭവങ്ങള്‍ ഈ ഘട്ടത്തില്‍ ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വത്തിനിടയാക്കുമെന്നതിനാല്‍ ഇതൊന്നും അവഗണിക്കാന്‍ പാടില്ല. കാരണം, ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യതക്കുമേല്‍ തന്മൂലം വലിയ ആഘാതമുണ്ടാകുമല്ലൊ. ആര്‍ബിഐയുടെ റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളിലുള്ള മാറ്റങ്ങള്‍കൊണ്ട് ഈ ഘട്ടത്തില്‍ യാതൊരു മാറ്റവും വരുത്താനാവില്ല.

 


ഇതുകൂടി വായിക്കാം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


 

എന്നാല്‍, ആര്‍ബിഐ പുതുതായി ആരംഭിച്ചിരിക്കുന്ന ‘സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി’ സ്ഥിരിതയുള്ള നിക്ഷേപ സൗകര്യം നിരക്കായ 3.75 ശതമാനം എന്നത് ഒരു പരിധിവരെയെങ്കിലും ഗുണകരമായി അനുഭവപ്പെട്ടേക്കാം. മറ്റൊരു പ്രമുഖ പബ്ലിക്ക് പോളിസി വിദഗ്ധനായ ഡോ. അനന്തനാരായണന്‍, പണനയനിര്‍ണയത്തിന്റെ സങ്കീര്‍ണതയെപ്പറ്റിയാണ് വിശകലനം ചെയ്യുന്നത്. ആര്‍ബിഐ അധികൃതര്‍ പണനയ രൂപീകരണത്തിനൊ, നിലവിലുള്ള നയത്തില്‍ പലിശ നിരക്കുകളിലെ മാറ്റങ്ങള്‍ വഴി പണപ്പെരുപ്പമെന്ന പ്രതിഭാസത്തെ വരുതിയില്‍ നിര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍, പ്രശ്നത്തിന്റെ സങ്കീര്‍ണത സ്വയം അവര്‍ക്ക് ബോധ്യമാകും. സമഗ്ര സ്വഭാവമുള്ള നിരവധി പ്രശ്നങ്ങള്‍ പണപ്പെരുപ്പം, തൊഴില്‍, വിദേശ വിനിമയ ബാലന്‍സ്, ധനകാര്യ സ്ഥിരത തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ട നിലയില്‍ നേരിടേണ്ട സാഹചര്യമായിരിക്കും ഉടലെടുക്കുക. ഈ പരസ്പര ബന്ധം തന്നെ പ്രശ്നപരിഹാരത്തിന്റെ സങ്കീര്‍ണതയുടെ ആക്കം വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, പലിശ നിരക്കുകളിലെ നാമമാത്രമായ മാറ്റങ്ങള്‍ പോലും ഹ്രസ്വകാലത്തേക്കും, ദീര്‍ഘകാലത്തേക്കും ബാങ്കിങ് വ്യവസ്ഥയുടെ ലിക്വിഡിറ്റി, ധനകാര്യ ബാലന്‍സ്, വിനിമയ നിരക്ക് മുതല്‍ സമഗ്രസ്വഭാവമുള്ള വിവിധ നിയന്ത്രണ സംവിധാനങ്ങളെ പിടിച്ചുലക്കുക തന്നെ ചെയ്യും. ഇതെല്ലാം വെറും നിക്ഷേപകരുടേതായ വെെകാരികതയുടെ പ്രതിഫലനമായി കാണുന്നത് ശരിയായിരിക്കില്ല. അതീവ സങ്കീര്‍ണതയാര്‍ന്ന സമ്പദ്‌വ്യവസ്ഥയിലെ പരസ്പരബന്ധിതമായ ഘടകങ്ങളെ പലിശനിരക്കുകളിലെ മാറ്റങ്ങള്‍ പോലുള്ള നിയമപരമായ നടപടികള്‍ വഴി മാത്രം ഫലപ്രദമായി നേരിടാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമായിരിക്കും. ആര്‍ബിഐ കഴിഞ്ഞ കാലങ്ങളില്‍ ഉപഭോക്തൃവില നിലവാര സൂചിക നിര്‍ണയിക്കുന്ന ചില്ലറ പണപ്പെരുപ്പം കെെകാര്യം ചെയ്യുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിലയിലാണ് കാര്യങ്ങള്‍ കെെകാര്യം ചെയ്തുവന്നിട്ടുള്ളത്. അതുകൊണ്ടായിരിക്കണം സിപിഐ പണപ്പെരുപ്പം 2022 ഫെബ്രുവരിയില്‍ 4.5 ശതമാനമായിരിക്കുമെന്ന് കണക്കുകൂട്ടിയത്. എന്നാല്‍, അപ്പോള്‍ത്തന്നെ യഥാര്‍ത്ഥത്തില്‍ ഈ നിരക്ക് 5.7 ശതമാനത്തിലെത്തിയിരിക്കുന്നതാണ് വസ്തുത. ഇതായിരുന്നു ആദ്യത്തെ പാളിച്ച.

രണ്ടാമത് 10 വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വക നേട്ടം താണ നിലവാരത്തില്‍ നിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതായിരുന്നില്ല. 2021ല്‍ ഗുരുതരമായ കോവിഡ് ബന്ധിത സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വന്‍തോതില്‍ പൊതുകടത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി എന്നത് നമുക്ക് അറിയാവുന്നതാണ്. അന്നും ശരാശരി സര്‍ക്കാര്‍ കടത്തിന്റെ നിരക്ക് 5.8 ശതമാനത്തില്‍ ഒതുക്കി നിര്‍ത്തുകയാണ് ചെയ്തത്. എന്തായിരുന്നു ഇതിന്റെ ഫലമെന്നൊ? സമ്പാദ്യത്തില്‍ പണം നിക്ഷേപിച്ചവരുടെ വരുമാനം കുത്തനെ ഇടിയുകയായിരുന്നു. ബാങ്കുകളിലെ ശരാശരി നിക്ഷേപ പലിശനിരക്കാണെങ്കില്‍ അഞ്ച് ശതമാനത്തില്‍ തളച്ചിടപ്പെട്ടു. ഓരോ കുടുംബത്തിന്റെയും മേല്‍ ഏല്പിക്കപ്പെട്ട പണപ്പെരുപ്പത്തിന്റെ ആഘാതമൊ? 11 ശതമാനം വരെയും. ഇതേത്തുടര്‍ന്ന് സമ്പാദ്യത്തിനായി ഇറങ്ങിത്തിരിച്ചവര്‍ വെട്ടിലായി എന്നതാണ് വസ്തുത. തന്മൂലം, അവര്‍ക്ക് പലിശവരുമാനം നിഷേധരൂപത്തിലായിരുന്നു അനുഭവപ്പെടേണ്ടിവന്നത്. സ്വാഭാവികമായും യഥാര്‍ത്ഥ വരുമാനവും വര്‍ധനവിനനുസൃതമായി യഥാര്‍ത്ഥ സമ്പാദ്യവും ഉയര്‍ത്തിക്കൊണ്ടിരുന്ന വ്യക്തികളും കുടുംബങ്ങളും ഇക്വിറ്റി വിപണികളിലേക്കും ബിറ്റ്കോയിന്‍ നിക്ഷേപത്തിലേക്കും സ്വര്‍ണത്തിലേക്കും സ്വന്തം സമ്പാദ്യം തിരിച്ചുവിടാനാരംഭിച്ചു. ഇതെല്ലാം സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനാണിടയാക്കിയത്. ഇത്ര അധികപണം ചെന്നെത്തിയതൊ? വമ്പന്‍ കോര്‍പറേറ്റുകളുടെ കെെകളിലേക്കും. റിയല്‍ എസ്റ്റേറ്റുകാരും കൂടുതല്‍ സമ്പന്നരായി. അങ്ങനെ, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള 15 ശതമാനമൊ, അതിലേറെയൊ അതിസമ്പന്നരായി മാറിയപ്പോള്‍, താഴെക്കിടയിലുള്ള 40 ശതമാനത്തോളം കടുത്ത ജീവിതക്ലേശങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ അസമത്വങ്ങള്‍ പെരുകിയതില്‍ അത്ഭുതപ്പെടേണ്ട കാര്യം തന്നെയില്ല. അതേസമയം ആര്‍ബിഐ ചെയ്ത ഒരു നല്ല കാര്യം പറയാതിരുന്നുകൂട. 2021 ഒക്ടോബര്‍ മാസത്തോടെ, കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്ന കടപ്പത്രങ്ങള്‍ തിരികെ വാങ്ങുന്ന ഏര്‍പ്പാടിന് വിരാമമായി എന്നതാണിത്. ഇത് ലിക്വിഡിറ്റി പണത്തിന്റെ ഒഴുക്കും ലഭ്യതയും കുറയുന്നതിന് സഹായകമായി. ധനവിപണി നിരക്കുകളും ക്രമേണ ഉയര്‍ത്താന്‍ തുടങ്ങി എന്നതും ആശ്വാസകരമാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 2022 ഏപ്രില്‍ മാസം മുതലാണ് കടപ്പത്രം തിരികെ വാങ്ങല്‍ പദ്ധതിക്ക് വിരാമമിട്ടതെന്നോര്‍ക്കുക.

ഇന്ത്യയില്‍ ട്രഷറി കടപ്പത്രങ്ങള്‍ക്ക് ഇത് പലിശനിരക്ക് 3.7 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി ഉയര്‍ത്തിയതും സ്വാഗതാര്‍ഹമാണ്. റിപ്പോ നിരക്കില്‍ വരുത്തുന്ന മാറ്റങ്ങളെക്കാളേറെ ഫലപ്രദമാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. ഒരു കാര്യം വ്യക്തമാണ്. ഇന്നത്തെ നിലയിലാണ് സമ്പദ്‌വ്യവസ്ഥയുടെ മാക്രോ ഇക്കണോമിക്ക് ഫ്രെം വര്‍ക്ക് സമഗ്രമായ സാമ്പത്തിക ചട്ടക്കൂട് തുടരുകയെങ്കില്‍ പണപ്പെരുപ്പ നിയന്ത്രണത്തിന് സാമ്പ്രദായികവും പരമ്പരാഗതവുമായ ഉപാധികള്‍ വഴി ജിഡിപി നിരക്കു വര്‍ധന അസാധ്യമായിരിക്കും. പണപ്പെരുപ്പ പ്രതിസന്ധികള്‍ ചാക്രികമായ രൂപത്തില്‍ ആവര്‍ത്തിക്കപ്പെട്ടുവരുന്ന അനുഭവമാണ് നമുക്കുള്ളതെന്ന സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ചയിലും സ്ഥിരമായ ഒരു സ്വഭാവം കൈവരിക്കാന്‍ കഴിയില്ല. സ്ഥായിയായ വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുക വഴി വിലസ്ഥിരതയും അതിനുള്ള അനിവാര്യത മുന്നുപാധിയായിരിക്കും. എന്നാല്‍ ആര്‍ബിഐയുടെ പണനയത്തിന് സമ്പദ്‌വ്യവസ്ഥയില്‍ ഉടലെടുക്കുന്ന ചാക്രിക മാറ്റങ്ങള്‍ക്ക് പ്രതിരോധശക്തിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇവിടെയാണ് ധനകാര്യനയം പ്രസക്തിയാര്‍ജിക്കുന്നത്. കേന്ദ്ര മോഡി സര്‍ക്കാരിന്റെ ധനകാര്യ നയം കോര്‍പറേറ്റ് മേഖലാ നിക്ഷേപത്തിന് ഒട്ടേറെ സാധ്യതകളാണ് ഒരുക്കിക്കൊടുത്തു വന്നിട്ടുള്ളത്.

 


ഇതുകൂടി വായിക്കാം; പാഠമാകേണ്ട ശ്രീലങ്കയുടെ സാമ്പത്തിക ദുരിതം


 

ഉയര്‍ന്ന ധനക്കമ്മിയും ഉയര്‍ന്ന കടബാധ്യതയും ഇത്തരമൊരു നയത്തിന് പ്രതിബന്ധങ്ങളല്ലെന്ന നിലപാടാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റേത്. എന്നാല്‍ ഇത്തരമൊരു ഉദാരമായ നയത്തിന്റെ ഫലമായി നിക്ഷേപകര്‍ ‘ഇടിച്ചുകയറും’ എന്ന പ്രതീക്ഷ ഇന്നും അസ്ഥാനത്ത് തുടരുകയാണ്. ആര്‍ബിഐയുടെ പണനയമായാലും കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ നികുതി നയങ്ങളായാലും നിലവില്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായൊരു നിക്ഷേപ, വളര്‍ച്ചാ പ്രതിസന്ധിയിലാണെന്നത് നിഷേധിക്കാനാവില്ല. ആര്‍ബിഐയുടെ പണപ്പെരുപ്പം തടയുക എന്ന ലക്ഷ്യമിട്ടുള്ള നയം വിജയം കണ്ടിട്ടില്ല. എണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പ നിരക്ക് ശതമാനത്തില്‍ തന്നെ തുടരുമെന്നുവേണം കരുതുവാന്‍. എണ്ണവില മാത്രമല്ലല്ലോ പ്രശ്നം. അത് ഉളവാക്കുന്ന ചാക്രികാഘാതവും ഗുരുതരമല്ലേ? പഴം, പച്ചക്കറികള്‍, ഭക്ഷ്യോല്പന്നങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, വളം, രാസവസ്തുക്കള്‍, ജീവന്‍രക്ഷാ ഔഷധങ്ങള്‍ (10 ശതമാനം വരെ വര്‍ധന), കന്നുകാലിത്തീറ്റ തുടങ്ങിയവയുടെ സപ്ലൈ ചെയിനില്‍ അനുഭവപ്പെടുന്ന തടസങ്ങളും തുടര്‍ന്നുണ്ടാകുന്ന കുത്തനെയുള്ള വിലക്കയറ്റവും പ്രശ്നം വഷളാകാനാണ് ഇടയുണ്ടാക്കിയിരിക്കുന്നത്.

ഇനി വളര്‍ച്ചയുടെ കാര്യമെടുക്കുക. 2022 ലെ വളര്‍ച്ചാനിരക്ക് കോവിഡ് പൂര്‍വകാലയളവിലെ രണ്ടു വര്‍ഷം ഉണ്ടായിരുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ഇക്കാലയളവില്‍ യഥാര്‍ത്ഥ വളര്‍ച്ചയൊന്നും നടന്നതുമില്ല. കാരണം, പണപ്പെരുപ്പം ആറു ശതമാനം വരെ തുടര്‍ന്നിരുന്നു എന്നതുതന്നെ. ആര്‍ബിഐ പ്രതീക്ഷിക്കുന്ന 7.2 ശതമാനം വളര്‍ച്ചയും അസ്ഥാനത്തായിരിക്കും. വര്‍ധിച്ച വിലയ്ക്ക് എണ്ണയും വാതകവും അടക്കമുള്ളവയുടെ ഇറക്കുമതി തുടരുന്നതിനാല്‍ പണപ്പെരുപ്പത്തിന്റെ ഇറക്കുമതിയും തുടരും. കയറ്റുമതി വര്‍ധനവിനെ ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്കിലെ ഇടിവ് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമല്ലോ. തൊഴില്‍ മേഖലയും ഗുരുതരാവസ്ഥയിലാണ്. പിന്നിട്ട അഞ്ചു വര്‍ഷക്കാലയളവില്‍ സിഎംഐഇയുടെ കണക്കനുസരിച്ച് കാര്‍ഷികേതര മേഖലകളില്‍ രണ്ടുകോടി തൊഴിലവസര നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മനസിലാവുക. കോവിഡിന് മുമ്പുതന്നെ ഇതായിരുന്നു പ്രവണത. ധനകാര്യ പ്രതിസന്ധി മാത്രമല്ല, വിദേശ വിനിമയ മേഖലാ പ്രതിസന്ധിയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത്. കറന്റ് അക്കൗണ്ട് കമ്മിയാണെങ്കില്‍ 100 മില്യന്‍ ഡോളര്‍ കടന്നിരിക്കുന്നു. എണ്ണവില വര്‍ധന തുടരുന്ന സാഹചര്യത്തില്‍ ദൈനംദിന കയറ്റുമതി ഇറക്കുമതി ഇടപാടുകള്‍ കമ്മിയില്‍ തന്നെ നിലനില്ക്കുമെന്നുവേണം കരുതാന്‍. പ്രത്യക്ഷ വിദേശ നിക്ഷേപ സാധ്യതകളും ഇന്നത്തെ ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ വിരളമാണ്. എന്നാല്‍, നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടരുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന് ആശ്വാസം നല്കുന്നത് മെച്ചപ്പെട്ട നികുതി വരുമാനവും വിദേശ വിനിമയ നീക്കിയിരിപ്പുമാണ്. അതേ അവസരത്തില്‍ ദീര്‍ഘവീക്ഷണത്തോടെ വികസനരംഗത്ത് മുന്നോട്ടു നീങ്ങണമെന്നാഗ്രഹിക്കുന്ന നയരൂപീകരണ വിദഗ്ധന്മാരെ സംബന്ധിച്ചാണെങ്കില്‍ അവര്‍ തീര്‍ത്തും നിസഹായരാണ്. പണപ്പെരുപ്പം നിയന്ത്രിക്കുക എന്നത് അത്രയേറെ ക്ലേശകരമായിരിക്കുന്നു. വായ്പാ വര്‍ധന മുറപോലെ നടന്നുവരുന്നൊരു സാഹചര്യമാണെങ്കില്‍ പണത്തിന്റെ ലഭ്യത നിയന്ത്രിക്കുക വഴി പണപ്പെരുപ്പം തടയാന്‍ കഴിയുമായിരുന്നു. റിപ്പോ നിരക്കുകളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് അതിലേക്കായി വേണ്ടിവരുന്നത്. ക്രെഡിറ്റ് ഡിമാന്‍ഡ് 25 – 30 ശതമാനം വരെയായിരുന്നെങ്കില്‍ അതുമൂലം മൊത്തം ഡിമാന്‍ഡിലും പണത്തിന്റെ സപ്ലൈയിലും പരിധി ഉറപ്പാക്കുക എളുപ്പമായിരുന്നു. പലിശ നിരക്ക് വര്‍ധനവിലൂടെ വായ്പക്കുള്ള ചെലവ് ഉയര്‍ത്തുക വഴി ഇതു സാധ്യമാവുകയും ചെയ്യുമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ വായ്പക്കുള്ള ഡിമാന്‍ഡ് ഉയര്‍ന്നത് വെറും 7.5 ശതമാനമായിരുന്നു.

ഇതാണെങ്കിലോ സാധാരണ നിലയില്‍ ജിഡിപിയിലുണ്ടായിരുന്ന വര്‍ധനവിലും താഴെയുമായിരുന്നു. അതായത് വായ്പാ വര്‍ധനവാണ് പണപ്പെരുപ്പത്തിലേക്കു നയിച്ചതെന്ന വാദഗതി തെറ്റാണെന്നു വ്യക്തമാവുകയാണ്. നമുക്ക് യഥാര്‍ത്ഥത്തില്‍ അധിക നിക്ഷേപത്തിനും കൂടുതല്‍ തൊഴിലവസര സൃഷ്ടിക്കും വായ്പാ വര്‍ധനവാണ് വേണ്ടിയിരുന്നത്. ഇന്ത്യയിലെ കേന്ദ്ര ബാങ്കായ ആര്‍ബിഐയും കേന്ദ്ര മോഡി സര്‍ക്കാരും ഫലത്തില്‍ ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയ്ക്ക് അകപ്പെട്ടിരിക്കുന്നൊരു അവസ്ഥയിലാണ്. ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പണനയം കൂടുതല്‍ കര്‍ശനമാക്കാനുള്ള തിടുക്കത്തിലാണ്. ഇന്ത്യയും ഈ വഴിക്കാണ് നീങ്ങുക എങ്കില്‍ അത് നിഷേധരൂപത്തിലുള്ള ഫലമായിരിക്കും ഉളവാക്കുക. കാരണം നിക്ഷേപകര്‍ അധിക നിക്ഷേപം നടത്താന്‍ മടിച്ചു നില്ക്കുക മാത്രമല്ല, നിലവിലുള്ള നിക്ഷേപം പിന്‍വലിക്കാനും നിര്‍ബന്ധിതമായേക്കാം എന്താണ് ഇതിനെതിരായി നമുക്ക് ചെയ്യാന്‍ കഴിയുക? പണത്തിന്റെ ലിക്വിഡിറ്റിയും പ്രചാരവും കുറയ്ക്കുന്നതിലൂടെ മാത്രമേ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയൂ എന്ന് നിക്ഷേപക സമൂഹത്തെ ആകെ ബോധ്യപ്പെടുത്തണം. ഇതോടൊപ്പം ഈ യാഥാര്‍ത്ഥ്യം ബാങ്കുകളില്‍ നിക്ഷേപകരായുള്ള ലക്ഷക്കണക്കിന് ഇടപാടുകാരെക്കൂടി ബോധ്യപ്പെടുത്തേണ്ടതായും വരും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തുകയാണ് ഇതില്‍ പ്രധാന നടപടിയായി ചെയ്യേണ്ടത്. അങ്ങനെയായാല്‍ ബാങ്ക് നിക്ഷേപം ഉയരുന്ന മുറയ്ക്ക് പണത്തിന്റെ ഫക്വിഡിറ്റിയില്‍ ഇടിവുണ്ടാവുകയും ധനകാര്യമേഖലാ സ്ഥിരത ഉറപ്പാക്കുന്നതോടൊപ്പം വരുമാന അസമത്വങ്ങള്‍ കുറയ്ക്കാനും കഴിയും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ ആവശ്യപ്പെടുന്നത് പണത്തിലുള്ള വര്‍ധനവല്ല, ഉല്പാദനത്തിലുള്ള കുതിച്ചുചാട്ടമാണ്. അതിലൂടെയാണ് യഥാര്‍ത്ഥ വികസനം നടക്കുക. അതായത് തൊഴിലവസരങ്ങളിലൂടെയുണ്ടാകുന്ന വരുമാന വര്‍ധനവും അതിന്റെ തുടര്‍ച്ചയായി നടക്കുന്ന ഡിമാന്‍ഡ് വര്‍ധനവും മാത്രമേ ജിഡിപി വളര്‍ച്ചാനിരക്കിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും സമ്പദ്‌വ്യവസ്ഥയെ നയിക്കുകയുള്ളു. സമ്പദ്‌വ്യവസ്ഥയുടെ സമഗ്ര വികസനത്തിന് മറ്റ് കുറുക്കുവഴികളൊന്നുമില്ല. പണനയവുമായി ബന്ധപ്പെട്ട് ആര്‍ബിഐ സ്വീകരിക്കുന്ന നടപടികളോടൊപ്പമോ അതിലേറെയോ പ്രാധാന്യമര്‍ഹിക്കുന്ന നയമാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ധനകാര്യ നയവും.

പണനയം കരുപ്പിടിപ്പിക്കുന്നതനുസരിച്ച് ഒരു ധനകാര്യ നയം കൂടി അനിവാര്യമാണെന്നു മാത്രമല്ല, ഈ രണ്ട് നയങ്ങള്‍ തമ്മില്‍ യുക്തമായ സംയോജനവും ഏകോപനവും അനിവാര്യമാണ്. രണ്ടു നയങ്ങളുടേയും ലക്ഷ്യം ചരക്കുകളുടേയും സേവനങ്ങളുടേയും ഉല്പാദനവും വിതരണവും കൃത്യമായ ലഭ്യതയും ഉറപ്പാക്കുക എന്നതാണ്. ധനകാര്യ നയത്തിന്റെ റോള്‍ പണനയത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനു പുറമെ രണ്ടു നയങ്ങളുടെയും പരസ്പരപൂരിതമായ വിധത്തിലും പ്രായോഗികതലത്തിലുമുള്ള നടപ്പാക്കല്‍ കൂടിയാണ്. ഈ ഘട്ടത്തില്‍ ‘ധനക്കമ്മി’ എന്ന പ്രതിഭാസം എങ്ങനെ നേരിടാമെന്ന പ്രശ്നംകൂടി പരിഗണിക്കേണ്ടി വന്നേക്കാം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനാവശ്യമായ ധനകാര്യ ലഭ്യത ഉറപ്പാക്കാന്‍ കഴിയാതെവരുന്നപക്ഷം കമ്മിപ്പണം അടിച്ചിറക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. സ്വാഭാവികമായും ഇതിന്റെ പൊടുന്നനെയുള്ള ഫലം പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വര്‍ധനവുണ്ടാക്കുക എന്നതായിരിക്കും. ഇവിടെയാണ് പണനയത്തിന്റെയും ധനകാര്യ നയത്തിന്റെയും ഏകോപനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുക. മാത്രമല്ല, ലക്ഷ്യബോധവും ഇച്ഛാശക്തിയുമുള്ളൊരു ഭരണകൂടവും ഈ അവസരത്തില്‍ ഒഴിച്ചുകൂടാനാവാത്തൊരു മുന്‍ ഉപാധിയാണ്. പ്രമുഖ ധനശാസ്ത്രജ്ഞന്മാരായ ഡോ. കൗശിക് ബാസുവും നൊബേല്‍ സമ്മാനിതനായ ഡോ. അഭിജിത് ബാനര്‍ജിയും അഭിപ്രായപ്പെടുന്നത് ‘മോണറ്റൈസേഷന്‍ ഓഫ് ഡെഫിസിറ്റ്’ കമ്മി നികത്താന്‍ പണം അടിച്ചിറക്കുക എന്ന പ്രക്രിയ നടപ്പാക്കുന്നതില്‍ തെറ്റില്ലെങ്കിലും ഈ ഘട്ടത്തില്‍ കേന്ദ്ര ബാങ്കിന്റെ പണനയവും സര്‍ക്കാരുകളുടെ ധനകാര്യ നയവും തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടു പോകേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. മാത്രമല്ല, അടിച്ചിറക്കപ്പെടുന്ന കമ്മിപ്പണം സമ്പദ്‌വ്യവസ്ഥയിലെ ലിബിഡിറ്റി വര്‍ധിപ്പിക്കുന്നതോടൊപ്പം ചരക്കുകളുടേയും സേവനങ്ങളുടേയും ലഭ്യതയും ഉറപ്പാക്കാതിരുന്നുകൂടാ. ഈ പൊരുത്തപ്പെടുത്തല്‍ ലക്ഷ്യമാക്കിയാണ് മോഡി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ധനകാര്യ ഉത്തരവാദിത്വ ബജറ്ററി മാനേജ്മെന്റ് നിയമം (എഫ്ആര്‍ബിഎം) നടപ്പാക്കാനാരംഭിച്ചത്.

ഇതോടൊപ്പം പണനയ രൂപീകരണത്തില്‍ ആര്‍ബിഐയെ സഹായിക്കാനായി ഒരു മോണിറ്ററി പോളിസി കമ്മിറ്റിയും നിലവിലുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പലപ്പോഴും പ്രയോഗത്തില്‍ വരുത്താന്‍ കഴിയാറില്ല. വിശിഷ്യ, കോവിഡ് നിലവിലിരുന്നപ്പോളും കോവിഡ് അനന്തര കാലയളവിലും. എന്നാല്‍ പണപ്പെരുപ്പത്തിനെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിന് ഇത്തരം സാഹചര്യങ്ങള്‍ ഒരിക്കലും പ്രതിബന്ധങ്ങളായിക്കൂട. കേന്ദ്ര സര്‍ക്കാര്‍ പണനയവും ധനകാര്യനയവും രൂപപ്പെടുത്തുന്ന അവസരത്തില്‍ ധനകാര്യ ലക്ഷ്യങ്ങള്‍ പരമാവധി നേടാന്‍ ശ്രമിക്കണം. ആഗോളതലത്തില്‍ ഉക്രെയിന്‍ റഷ്യ യുദ്ധം അതിശക്തമായ ആഘാതമാണ് ഏല്പിച്ചിരിക്കുന്നതെങ്കിലും കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 90 ശതമാനത്തിലെത്തിനില്ക്കുന്ന ഘട്ടത്തില്‍ ഇനിയും കമ്മി വര്‍ധിപ്പിക്കുക എന്നത് വന്‍ ദുരന്തമായിരിക്കും വരുത്തിവയ്ക്കുക. ഇപ്പോള്‍തന്നെ ധനക്കമ്മി ജിഡിപിയുടെ 10 – 11 ശതമാനം വരെയായി കുതിച്ചുയര്‍ന്നിട്ടുമുണ്ട്. അതായത് എന്തുവിലകൊടുത്തും പണപ്പെരുപ്പവും വിലക്കയറ്റവും തടഞ്ഞുനിര്‍ത്തിയേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.