പശ്ചിമ ബംഗാളിലെ പടിഞ്ഞാറൻ മേദിനിപൂരിൽ ഏഴാം ക്ലാസുകാരനായൊരു വിദ്യാർത്ഥി എഴുതിവച്ച ആത്മഹത്യാ കുറിപ്പിലെ വരികളാണ് ഈ കുറിപ്പിന്റെ തലവാചകം. വീടിന് സമീപത്തെ കടയിൽ നിന്ന് ഒരു പാക്കറ്റ് ചിപ്സ് മോഷ്ടിച്ചുവെന്നാരോപിച്ച് കടയുടമയുടെ മർദനമേൽക്കുകയും പരസ്യമായി ഏത്തമിടീക്കുകയും ചെയ്യപ്പെട്ട വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പ്. പൊതുസമൂഹത്തിന് മുന്നിൽ മോഷ്ടാവെന്ന വിളിപ്പേര് പതിഞ്ഞ ആ പതിനഞ്ചുകാരന് മാതാവിനോടെങ്കിലും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തണമായിരുന്നു. അതുകൊണ്ടാണ് അമ്മേ ഞാൻ മോഷ്ടിച്ചിട്ടില്ലെന്ന ആത്മഹത്യാ കുറിപ്പെഴുതി ജീവിതം അവസാനിപ്പിച്ചത്. കൃഷ്ണേന്ദു ദാസ് എന്ന കൗമാരക്കാരൻ ചിപ്സ് വാങ്ങുന്നതിനാണ് കടയിലെത്തിയത്. ശുഭാങ്കർ ദീക്ഷിത് എന്നായിരുന്നു കടയുടമയുടെ പേര്. പുറത്തുനിന്ന് കടയുടമയെ കുട്ടി പലതവണ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എനിക്കൊരു പാക്കറ്റ് ചിപ്സ് വേണമായിരുന്നുവെന്ന് അവൻ കടയ്ക്കകത്ത് ഉടമയുണ്ടെന്ന് കരുതി വിളിച്ചു പറഞ്ഞുവെങ്കിലും പ്രതികരണമുണ്ടായില്ല. ഉടമ അകത്ത് മയക്കത്തിലായിരിക്കുമെന്നായിരുന്നു അവൻ കരുതിയിരുന്നത്. അപ്പോഴാണ് വീണുകിടക്കുകയായിരുന്ന ഒരു പാക്കറ്റ് ചിപ്സ് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. അവൻ അതെടുക്കുകയും പണം പിന്നീട് നൽകാമെന്ന് കരുതി വീട്ടിലേക്ക് തിരിക്കുകയുമായിരുന്നു. ഈ സമയത്ത് പ്രത്യക്ഷനായ കടയുടമ അവനെ മർദിക്കുകയും മോഷണക്കുറ്റമാരോപിച്ച് ഏത്തമിടീക്കുകയും ചെയ്തു. നിലത്തുനിന്നാണ് പാക്കറ്റ് കിട്ടിയതെന്നും കടയിൽ ആരെയും കാണാതിരുന്നതിനാലാണ് പറയാതെയെടുത്തതെന്നും താൻ പണം നൽകാമെന്നും പറഞ്ഞുവെങ്കിലും കേൾക്കാൻ തയ്യാറായില്ല. എന്നുമാത്രമല്ല ഇതിനിടെ കൃഷ്ണേന്ദുവിന്റെ അമ്മയെ വിളിച്ചുവരുത്തുകയും അവരെയും ശകാരിക്കുകയും ചെയ്തു. കടയുടമ ദീക്ഷിതിന്റെ സമ്മതമില്ലാതെ പാക്കറ്റ് എടുത്തതിന് ക്ഷമാപണം നടത്തിയ മാതാവും ഉടൻ തന്നെ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതും സ്വീകരിക്കപ്പെട്ടില്ല. അമ്മയോടൊപ്പം വീട്ടിൽ തിരിച്ചെത്തിയ കൗമാരക്കാരൻ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. അല്പനേരം കഴിഞ്ഞ് പുറത്തുവരാത്തതിനാൽ അമ്മ വാതിൽ തുറക്കാനാവശ്യപ്പെട്ടു. തുറക്കാതിരുന്നതിനാൽ അയൽക്കാരെ വിളിച്ചുവരുത്തി വാതിൽ തുറന്ന് അകത്തു കടന്നപ്പോൾ അബോധാവസ്ഥയിലായ കൃഷ്ണേന്ദുവിനെയാണ് കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വരുന്ന നിലയിലായിരുന്ന അവന്റെ തൊട്ടടുത്ത് കീടനാശിനിയുടെ കുപ്പിയും ആത്മഹത്യാ കുറിപ്പുമുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവൻ മരിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പ്രസ്തുത കുറിപ്പിലാണ് അമ്മേ ഞാൻ മോഷ്ടിച്ചതല്ലെന്ന് എഴുതിയിരുന്നത്. അതേസമയം കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പിന്നീട് പൊലീസ് പരിശോധിച്ചതിൽ വീണുകിടന്ന പാക്കറ്റാണ് കുട്ടി എടുത്തതെന്നും കുട്ടി പറഞ്ഞത് വസ്തുതയാണെന്നാണ് വ്യക്തമാകുന്നതെന്നും പൊലീസ് പറയുന്നുണ്ട്.
പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ നിന്ന് ഗുജറാത്തിലെ അംമ്രേലിയിലെത്തുമ്പോൾ ഞെട്ടിക്കുന്ന മറ്റൊരു സംഭവം നാം കേൾക്കുന്നു. ഇതരജാതിയിൽപ്പെട്ട കുട്ടിയെ ‘മോനേ’ (ബേട്ടാ) എന്ന് വിളിച്ചതിന് ദളിത് യുവാവ് മർദനമേറ്റ് മരിച്ചുവെന്നതാണ് ആ വാർത്ത. മർദനത്തിൽ പരിക്കേറ്റ നിലേഷ് റാത്തോഡ് ആറു ദിവസം ഭാവ്നഗറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. മേയ് 16നാണ് നിലേഷിന്റെ മരണത്തിലേക്ക് നയിച്ച സംഭവമുണ്ടായത്. നിലേഷിനൊപ്പം മർദനമേറ്റവരിൽ ഒരാളായ ലാൽജി മൻസുഖ് ചൗഹാൻ സമർപ്പിച്ച പരാതിയനുസരിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം, അംമ്രേലി സവർകുണ്ട്‌ല റോഡിലെ ഒരു കടയിൽ നിലേഷ് റാത്തോഡ് ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. ലഘുഭക്ഷണങ്ങൾ വാങ്ങാൻ അവർ തൊട്ടടുത്തുള്ള കടയിലേക്ക് പോയി. കടയിലുണ്ടായിരുന്ന കുട്ടിയോട്, കൊളുത്തിൽ തൂക്കിയിട്ടിരിക്കുന്ന പാക്കറ്റ് എടുക്കുന്നതിന് സഹായിക്കണോ എന്ന് ആരാഞ്ഞതിനൊപ്പം ബേട്ടാ എന്ന് വിളിച്ചതിൽ പ്രകോപിതനായ കടയുടമ ഇരുമ്പ് വടി ഉപയോഗിച്ച് നിലേഷിനെ മർദിക്കുകയായിരുന്നു. കടയുടമ ചോത ഖോത ഭർവാദ് വടികൊണ്ട് മർദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. വിജയ് ആനന്ദ് ടോത എന്ന മറ്റൊരാളും ചൗഹാനെയും റാത്തോഡിനെയും ആക്രമിച്ചു. സംഭവമറിഞ്ഞെത്തിയ നിലേഷിന്റെ അമ്മാവനെതിരെ ആളുകളെ സംഘടിപ്പിക്കുകയും വടികളും അരിവാളുകളും ഉപയോഗിച്ച് നേരിടുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിൽ തങ്ങൾ വാടകയ്ക്കെടുത്ത കൃഷിയിടത്തിൽ കന്നുകാലികളെ അഴിച്ചുവിട്ടത് ചോദ്യം ചെയ്ത ദളിത് കുടുംബത്തെ മർദിച്ച സംഭവവുമുണ്ടായി. ബദോഹി ജില്ലയിലെ അനയ്ച്ച് ഗ്രാമത്തിലായിരുന്നു സംഭവം. ഭൂരഹിതനായ ദീപക് കുമാർ പാസിയെന്ന ദളിതനും കുടുംബവുമാണ് ആക്രമണത്തിനിരയായത്. വാടകയ്ക്കെടുത്ത ഭൂമിയിൽ പാസിയും മറ്റ് ചിലരും സംയുക്തമായി ഉഴുന്ന് വിതച്ചിരുന്നു. എന്നാൽ ഈ സ്ഥലത്ത് കൃഷി പാടില്ലെന്നും കന്നുകാലികളെ മേയ്ക്കണമെന്നും ആവശ്യപ്പെട്ടെത്തിയ രാജാറാം യാദവിന്റെ നേതൃത്വത്തിലുള്ള സംഘം തടയാൻ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിന് പ്രതികാരമായാണ് പാസി, ഭാര്യ സുമിത്ര, മൂത്ത സഹോദരൻ, അമ്മ എന്നിവരെ മർദിച്ചത്.
ഏപ്രിൽ 14ന് ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ സ്മരണ പുതുക്കിയ ദിവസമാണ് രാജസ്ഥാനിലെ രണ്ട് ദളിത് യുവാക്കൾക്ക് ക്രൂരപീഡനം നേരിടേണ്ടി വന്നിരുന്നത്. ഭിൽവാര സ്വദേശികളായ അഭിഷേക് ഭാംബി, വിനോദ് ഭാംബി എന്നീ യുവാക്കളെയാണ് ഇലക്ട്രിക് ഷോക്ക് അടിപ്പിച്ചത്. ജോലി ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ടതിനായിരുന്നു ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ പരിക്കേല്പിച്ചത്. ഇരുവർക്കും രണ്ട് മാസം ശമ്പളം നൽകിയിരുന്നില്ല. ഇത് ആവശ്യപ്പെട്ടതിനാണ് ഉടമയും സഹായികളും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തത്. അമിത വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ദളിത് യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. കടുത്ത ചൂടായതിനാൽ വീടിന് പുറത്തിരിക്കുകയായിരുന്ന കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത കുടുംബവും യുവാക്കളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇതിൽ പ്രകോപിതരായ ഇവർ ജാതി വിവേചനം കലർന്ന അധിക്ഷേപങ്ങൾ ഉന്നയിച്ചാണ് മർദിച്ചത്. വിവാഹ ഘോഷയാത്രയിൽ കുതിരപ്പുറത്ത് സഞ്ചരിച്ചതിനായിരുന്നു മധ്യപ്രദേശ് ടികാംഗഡ് ജില്ലയിലെ മോഖ്ര ഗ്രാമത്തിൽ ദളിത് യുവാവിന് നേരെ ആക്രമണമുണ്ടായത്. നവവരനായ ജിതേന്ദ്ര അഹിർവാറിനെ കല്ലെറിഞ്ഞ് പരിക്കേല്പിക്കുകയായിരുന്നു. താഴ്ന്ന ജാതിക്കാരനായ ഒരാൾ തങ്ങളുടെ നാട്ടിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചതാണ് അക്രമികളെ ചൊടിപ്പിച്ചത്. സവർണ മനോഭാവവും അധഃസ്ഥിത വിഭാഗത്തോടുള്ള അവഹേളനവും എത്രത്തോളം പാരമ്യത്തിലാണെന്ന് തെളിയിക്കുന്ന ചില സംഭവങ്ങളാണിവ. പ്രധാന സംഭവങ്ങൾ മാത്രമാണ് ഇവിടെ പരാമർശിക്കപ്പെട്ടത്. ചെറുതും പുറത്തുവരാത്തതുമായി നൂറുകണക്കിന് സംഭവങ്ങളാണ് ഓരോ ദിവസവുമുണ്ടാകുന്നത്.
അവഹേളനം മനസ് നോവിച്ചതിനാണ് കൃഷ്ണേന്ദു ദാസ് എന്ന കൗമാരക്കാരൻ ജീവനുപേക്ഷിച്ചത്. ഇതര മതത്തിൽപ്പെട്ട കുട്ടിയെ സ്നേഹത്തോടെ മകനേ എന്ന് വിളിച്ചതിനാണ് നിലേഷ് മർദനമേറ്റ് മരിക്കുന്നത്. കൃഷിയിറക്കിയ ഭൂമിയിൽ പശുക്കളെ മേയ്ക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് കുടുംബം അക്രമിക്കപ്പെടുന്നത്. എന്നിട്ടും നാം വിശ്വഗുരുവിനെ പ്രകീർത്തിക്കുകയും ആഗോള സമ്പദ്ഘടനയിൽ മുന്നേറുന്നതായി ആഘോഷിക്കുകയും ചെയ്യുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.