August 14, 2022 Sunday

ഇടതുപക്ഷം യുക്തിക്കുവേണ്ടി നിലക്കൊള്ളുന്നു ജനങ്ങൾക്കുവേണ്ടി പോരാടുന്നു

ഡി രാജ
January 17, 2020 5:15 am

ബിജെപി — ആർഎസ്എസ് കൂട്ടുകെട്ടിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ജനങ്ങളുടെ യോജിച്ചുള്ള പ്രതിഷേധങ്ങൾ ശക്തിപ്രാപിച്ചുവരുന്നുണ്ട്. തെറ്റായ സാമ്പത്തിക നയമോ അനുച്ഛേദം 370 റദ്ദാക്കിയതോ ഏത് കാരണമായാലും ജനങ്ങൾ ബോധവാന്മാരാകുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴാകട്ടെ മഹത്തായ ഈ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾ, ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവർ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ, റിപ്പബ്ലിക്കിന്റെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ ഉണ്ടായപ്പോൾ ചെറുത്തുനില്പിന് ഇറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനും ജെഎൻയുവിലെ വിദ്യാർത്ഥികൾക്കും ഫാക്കൽറ്റികൾക്കുമെതിരെ നടന്ന ക്രൂരമായ അതിക്രമത്തിനും എതിരെ ജനങ്ങളാകെ തെരുവിലിറങ്ങുന്ന സ്ഥിതിവിശേഷമുണ്ടായി.

പ്രതിഷേധിക്കാനും എതിർക്കാനും വിയോജിക്കാനുമുള്ള ജനാധിപത്യത്തിന്റെ നടത്തിപ്പിന് അനിവാര്യമായ അവകാശങ്ങൾ ഉറപ്പിക്കുകയാണ് ഇതിലൂടെ ജനങ്ങൾ ചെയ്യുന്നത്. എന്നാൽ ഈ പശ്ചാത്തലത്തിലും കേന്ദ്ര സർക്കാർ അതിന്റെ സ്വേച്ഛാധികാരമുഖം കാട്ടിതിരിക്കുന്നില്ല. പ്രതിഷേധക്കാർക്കുനേരെ വെടിവയ്പുൾപ്പെടെ അധികാര സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണ് ചെയ്യുന്നത്. ജവഹർലാൽ നെഹ്റു സർവകലാശാലയ്ക്കെതിരായ ആക്രമണം നമ്മുടെ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുളവാക്കുന്നതാണ്. യുക്തിഭദ്രമായി ഇടപെടുന്നവരെ നേരിടാനാവാത്ത കറുത്ത ശക്തികളുടെ കഴിവില്ലായ്മയുടെയും നിർവികാരതയുടെയും ഉൽക്കണ്ഠകളുടെയും പ്രതിഫലനം കൂടിയാണ് ഇത്തരം ആക്രമണങ്ങൾ. തങ്ങളുടെ സ്വേച്ഛാധിപത്യ ഭരണക്രമത്തിന് ബഹുജന പിന്തുണ നേടിയെടുക്കുന്നതിനായി, ചിന്തിക്കുന്ന മനുഷ്യരേയും ബുദ്ധിജീവികളെയും അപകീർത്തിപ്പെടുത്തുന്നതിനായുള്ള പ്രചണ്ഡമായ പ്രചരണങ്ങൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയെ ഉപയോഗിച്ച് നടത്തുകയാണ് അവർ ചെയ്യുന്നത്.

യുക്തിഭദ്രമായി കാര്യങ്ങൾ മനസിലാക്കുന്നവർക്കു നേരെയുള്ള ഇത്തരം പ്രചരണങ്ങൾ ഫാസിസത്തിന്റെ പ്രത്യേക സ്വഭാവ സവിശേഷതയാണ്. ലോകത്തിലെ എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും ലക്ഷ്യമിട്ടതും ലക്ഷ്യമിടുന്നതും സർവകലാശാലകളെയാണ്. ബുദ്ധിപരമായ മനസ്സുള്ളതിനാൽ യുക്തിക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണങ്ങൾക്കെതിരെ ഏറ്റവും വലിയ ചെറുത്തുനില്പ് നടത്തുന്ന കേന്ദ്രങ്ങൾ എന്ന നിലയിൽ ലോകത്തിലെ എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും സർവകലാശാലകളെ ലക്ഷ്യം വച്ചതായി കാണാവുന്നതാണ്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിദ്യാഭ്യാസ മേഖലയ്ക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുക, ചരിത്രത്തെ വക്രീകരിക്കുക, കപട ശാസ്ത്രത്തെയും കേട്ടുകേൾവികളെയും കുട്ടികളുടെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുക എന്നീ നടപടികളിലൂടെ അതുതന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിലുപരിയായി, ആർഎസ്എസ് — ബിജെപി കൂട്ടുകെട്ടിന്റെ ഹീനമായ പദ്ധതികൾക്ക് വഴങ്ങാത്തതിനാൽ സർവകലാശാല ക്യാമ്പസുകളെ സംഘർഷഭൂമിയാക്കി മാറ്റുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.

ജനുവരി അഞ്ചിന് ജെഎൻയുവിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. ഫീസ് വർധനയ്ക്കെതിരായ വിദ്യാർഥി സമരത്തെ ഭയപ്പെടുത്തി ദുർബ്ബലമാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത്. ജെഎൻയുവിലെ മാത്രമല്ല, രാജ്യത്താകെയുള്ള വിദ്യാർത്ഥി സമൂഹത്തെ ഭയപ്പെടുത്തുന്നതിനും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ആവശ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളായിരുന്നു അത്. എന്നാൽ വിദ്യാർത്ഥി സമൂഹം ധീരതയോടെ ഈ അക്രമങ്ങളെ ചെറുക്കുകയും താങ്ങാവുന്ന വിധത്തിലുള്ള പൊതുവിദ്യാഭ്യാസത്തിനും വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുകയും ചെയ്യുകയാണ്. പൂനെ എഫ്‌ടിഐഐ, ചെന്നൈയിലെ അംബേദ്കർ — പെരിയാർ സ്റ്റഡി സെന്ററുകളിൽ നിന്ന് തുടങ്ങി ക്യാമ്പസുകളിൽ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങൾ വിദ്യാർത്ഥികൾ ചെറുത്തുനില്ക്കുകയാണ്. ഒക്കുപ്പൈ യുജിസി പ്രസ്ഥാനമായാലും രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധമായാലും വ്യാജ ദേശദ്രോഹക്കേസ് ചുമത്തി ജെഎൻയുവിനെ തകർക്കാൻ നടത്തിയതിനും സമീപ ദിവസങ്ങളിൽ ജാമിയ മിലിയയിലും അലിഗഢ് സർവ്വകലാശാലയിലും വിദ്യാർത്ഥികൾക്കുനേരെയുണ്ടായ അതിക്രമങ്ങൾക്കുമെതിരെ ആയാലും വിദ്യാർത്ഥികൾ ബുദ്ധിജീവികൾക്കും സാമൂഹ്യപ്രവർത്തകർക്കുമൊപ്പം തോളോടുതോൾ ചേർന്ന് പോരാടി.

ഈ ഐക്യമാണ് ആർഎസ്എസ് — ബിജെപി കൂട്ടുകെട്ടിനെ ആശങ്കപ്പെടുത്തുന്നത്. അതിനാലാണ് ബുദ്ധിജീവികളെയും സാമൂഹ്യ പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്നതിനും അവ­രുടെ പ്രതിച്ഛായ തകർക്കുന്നതിനും അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡോ. അമർത്യാസെന്നിനെതിരെ ഹാഡ് വർക്കാണോ (കഠിനാധ്വാനമാണോ) ഹാർവാഡാണോ എന്ന പരിഹാസവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് ഇത്തരം ഹീനപ്രചരണങ്ങൾക്ക് തുടക്കം കുറിച്ചത്. ജെഎൻയുവിൽ നിന്നുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശദ്രോഹികളെന്നും തുകഡെതുകഡെ സംഘത്തിൽപ്പെട്ടവരെന്നും വിളിച്ച് ആക്ഷേപിക്കുന്നു. പൊലീസിനെയും സൈനികവിഭാഗങ്ങളുടെ നടപടികളെയും ന്യായമായി വിമർശിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു. സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചതിന് മറ്റൊരു നൊബേൽ പുരസ്കാര ജേതാവായ ഡോ. അഭിജിത് ബാനർജിയെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ലെഫ്റ്റിസ്റ്റ് എന്നത് മോശവും അവിവേകവുമാണ് എന്ന് ധ്വനിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ അഭിജിത്ത് ബാനർജിയെ ലെഫ്റ്റിസ്റ്റ് എന്ന് വിളിച്ച് അപമാനിക്കാൻ തുനിഞ്ഞു. എത്രയോ അധികം ഉദാഹരണങ്ങൾ എടുത്തുകാട്ടാനുണ്ട്.

യുക്തമായ കാരണങ്ങൾ നിരത്തുന്നവരോട്, പ്രത്യേകിച്ച് ഇടതുപക്ഷത്തോടും ഇടതു ചായ്‌വുള്ളവരോടുമാണ് ബിജെപി — ആർഎസ്എസ് സംഘത്തിന്റെ പുച്ഛമനോഭാവത്തോടെയുള്ള ഈ സമീപനങ്ങൾ. വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും തർക്കങ്ങളുടെയും സംവാദങ്ങളുടെയും നീണ്ടകാല പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. വിഭിന്നമായിരിക്കുമ്പോഴും മറ്റുള്ളവരോടുള്ള സഹിഷ്ണുതയാണ് മനോഹരവും വൈവിധ്യപൂർണ്ണവുമായ ഈ ഈ രാജ്യത്തെ സൃഷ്ടിച്ചതും നിലനിർത്തുന്നതും. ആധുനിക കാലത്ത്, വ്യത്യസ്ഥ ആശയങ്ങളുണ്ടായിരുന്നു നേതാക്കളായ റാംമോഹൻ റായ്, വിവേകാനന്ദൻ, ബാലഗംഗാധര തിലകൻ, മഹാത്മാഗാന്ധി, നെഹ്റു, മൗലാന ആസാദ്, ഭഗത് സിംഗ്, അംബേദ്കർ, പെരിയാർ എന്നിവർക്കും അവരുടെ അനുയായികൾക്കും വൈവിധ്യമാർന്ന അഭിപ്രായങ്ങളുണ്ടായിരുന്നു. എല്ലാ വിഷയങ്ങളെകുറിച്ചും അഭിപ്രായങ്ങളിൽ വൈവിധ്യമുള്ളപ്പോഴും കടുത്ത സംവാദങ്ങളിലൂടെയാണ് ബഹുസ്വരതയും സഹിഷ്ണുതയുമുള്ള രാജ്യമായി ഇന്ത്യയെ അവർ രൂപപ്പെടുത്തിയത്. യുക്തിഭദ്രമായ ഈ പാരമ്പര്യത്തെയാണ് ബിജെപി- ആർഎസ്എസ് ഫാസിസ്റ്റ് ശക്തികളും അവരുടെ കുപ്രസിദ്ധമായ ഐടി സെല്ലും ചേർന്ന് വെല്ലുവിളിക്കാനും തകർക്കാനും ശ്രമിക്കുന്നത്.

മുസ്സോളിനി മുതൽ ഹിറ്റ്ലർ, ഫ്രാങ്കോ, തുടങ്ങി അമിത് ഷാ- മോഡി കൂട്ടുകെട്ടുവരെ ഇത്തരം യുക്തികളെ അന്യായങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത് കണ്ടെത്താനാകും. വാചാടോപവും വൈകാരികതയും ഉൾച്ചേർത്തുകൊണ്ട് ക്രിയാത്മകമായ ചിന്തകളെയും യുക്തികളെയും ഇല്ലാതാക്കുന്നതിന് അവരെല്ലാം യുവാക്കളോട് ജനകീയമായ ആഹ്വാനങ്ങളാണ് നടത്തിയത്. ഈ മാർഗ്ഗത്തിലൂടെ അവർക്ക് യുവാക്കളെ ഇറ്റലിയിലും ജർമ്മനിയിലും യഥാക്രമം കറുത്തകുപ്പായക്കാർ, ബ്രൗൺ കുപ്പായക്കാർ എന്നിങ്ങനെ പേരുകളിലുള്ള അക്രമിസംഘത്തിൽ ചേർക്കണമായിരുന്നു. ഇന്ത്യയിലും തൊഴിലില്ലാത്തരും നിരാശരുമായ ജനസംഖ്യയിലെ വലിയ വിഭാഗത്തെ ഐടി സെല്ലുകളിലെ വിനീതരായ റോബോട്ടുകളോ ഗോത്രമേന്മയുടെയും വെറുപ്പും ഗോത്രമഹിമയും ഉയർത്തിപ്പിടിക്കുന്ന വിദ്വേഷസമൂഹമായോ മാറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഭരണകൂടം നടത്തിക്കൊണ്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഉദ്ദേശ്യങ്ങൾ അറിയാവുന്ന ഒരാൾക്കും ജനങ്ങളോടുള്ള സഹതാപമോ യുക്തിബോധത്തിന്റെ മൂല്യങ്ങളോ അവരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. തങ്ങളുടെ ആജ്ഞകൾ പിന്തുടരുകയും അനുസരിക്കുകയും ചെയ്യുന്നവരായിട്ടാണ് സർക്കാർ പൗരന്മാരെ പരിഗണിക്കുന്നത്. എന്നാൽ വിദ്യാർഥികളും ബുദ്ധിജീവികളും തങ്ങൾ കീഴടങ്ങാൻ ഒരുക്കമല്ലെന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഡോ. നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, പ്രഫ. എം എം കൽബുർഗി, ഗൗരിലങ്കേഷ് എന്നിവർ കൊല ചെയ്യപ്പെട്ടിട്ടും അധികാരികളെ ചോദ്യംചെയ്ത നിരവധി സാമൂഹ്യപ്രവർത്തകർ ചെറുത്തുനില്പ് അവസാനിപ്പിച്ചവരായിരുന്നില്ല. യഥാർത്ഥത്തിൽ അത് ജനങ്ങളുടെ പോരാട്ടവീര്യത്തെ പ്രചോദിപ്പിക്കുകയാണ് ചെയ്തത്. എല്ലാ നീതികേടുകൾക്കെതിരെയും അവർ പോരാട്ടം തുടരുന്നു, ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും കോർപ്പറേറ്റുകൾ നടത്തുന്ന കൊള്ളയും തട്ടിപ്പും ചോദ്യം ചെയ്യുന്നു.

സ്പെയിനിലെ പ്രസിദ്ധമായ ഫ്രാങ്കോണിയൻ സ്വേച്ഛാധിപത്യത്തിന്റെ കാലത്ത് എഴുത്തുകാരനായ മിഗൽ ഡി ഉനാമുനോ ഞെരുക്കത്തിലായ സ്പെയിനിന്റെ അവസ്ഥയെ വിമർശിക്കുകയുണ്ടായി. ജനങ്ങളുടെ മനഃശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളെ കുറിച്ച് ജനറൽ മിലൻ ആസ്ട്രേ തിട്ടൂരമിറക്കുമെന്ന് ഞാൻ ഭയത്തോടെ ചിന്തിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഉനാമുനോയ്ക്കുള്ള മറുപടിയിൽ ജനറൽ ആസ്ട്രേ ബുദ്ധിജീവികളുടെ ഫാസിസ്റ്റ് വാദങ്ങൾക്കും വിമർശനങ്ങൾക്കും വളരെ ചുരുക്കിയാണ് മറുപടി പറഞ്ഞത്. ജനറൽ പറ‍ഞ്ഞു: ബുദ്ധിക്ക് മരണം, മരണം നീണാൾവാഴട്ടെ എന്ന്. അതിന് ഉമാമുനോ നല്കിയ മറുപടിക്ക് ഇക്കാലത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ വളരെയധികം പ്രസക്തിയുണ്ട്. “മൃഗീയ ശക്തിയുള്ളതിനാൽ നിങ്ങൾ ജയിച്ചെന്നിരിക്കും. എന്നാൽ നിങ്ങൾക്ക് അത് ബോധ്യപ്പെടുത്താനാവില്ല.

ബോധ്യപ്പെടുത്തണമെങ്കിൽ നിങ്ങൾക്ക് സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. കാരണം സമരത്തിൽ യുക്തിയും ശരിയും ആവശ്യമുണ്ട്. അത് നിങ്ങൾക്കില്ല താനും” എന്നായിരുന്നു പ്രസ്തുത മറുപടി. ദശകങ്ങൾക്ക് മുമ്പ് എന്താണോ ഉനാമുനോ പറഞ്ഞത് അതിന് ഇപ്പോഴും പ്രസക്തിയുണ്ട്. ഇതുകൂടി കൂട്ടിച്ചേർക്കാവുന്നതാണ്, അവർക്ക് എത്രത്തോളം മൃഗീയ ശക്തിയുണ്ടെന്നതുകൊണ്ട് കാര്യമില്ലെന്ന്. ആർഎസ്എസ് — ബിജെപി പ്രത്യയശാസ്ത്രജ്ഞരും നേതാക്കളും ഇടതുപക്ഷത്തെയും ഇടതുചായ‌്‌വുള്ളവരെയും തുറന്ന് കടന്നാക്രമിക്കുകയാണ് ഇപ്പോൾ. യുക്തിയുടെയും ശരിയുടെയും പ്രജനനകേന്ദ്രങ്ങളായാണ് അവർ സർവകലാശാലകളെ ഭയത്തോടെ കാണുന്നത്. അതുകൊണ്ടാണ് ചിലിയിലേതുപോലെ ഇന്ത്യയിലും സ്വേച്ഛാധിപത്യഭരണം സർവകലാശാലകളെയും ഉന്നത പഠന കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നത്. ഇടതുപക്ഷത്തെ ഭയപ്പെടുത്താനാകില്ലെന്ന് ചരിത്രത്തിൽ നിരവധി സാക്ഷ്യങ്ങളുണ്ട്. ജനങ്ങളുടെയും ഭാവിയുടെയും പ്രതീക്ഷയായി ഇടതുപക്ഷം ഉയർന്നുവരികയും അതിജീവിക്കുകയും ചെയ്യും.

Eng­lish sum­ma­ry: janayu­gom arti­cle idathu­pak­sham yuk­thikku ven­di nilakol­lun­nu janan­galkku ven­di poradunnu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.