21 July 2024, Sunday
KSFE Galaxy Chits Banner 2

കലാപത്തിന്റെ കറുത്ത ദിനങ്ങളിൽ…

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
July 24, 2022 6:00 am

“ഓരോ മുസ്‌ലിമും അയാളുടെ ഹിന്ദു അയൽക്കാരനെ രക്ഷിക്കുക, ഓരോ ഹിന്ദുവും അയാളുടെ മുസ്‌ലിം അയൽക്കാരനെയും.”
ദുന്ദുഭി വാദകന്റെ ചിത്രത്തോടൊപ്പം ചുവന്ന ചായംകൊണ്ട് ഇങ്ങനെയൊരു വാചകം കൂടി ആ ബാനറിൽ എഴുതിച്ചേർത്തിരുന്നു. അതു വലിച്ചുകെട്ടിയ ഒരു കൂറ്റൻ ട്രക്കിന്റെ തുറന്നുവച്ച പുറകുവശം ഒരു നാടകസ്റ്റേജായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. സെറ്റും മൈക്കും കർട്ടനുമൊക്കെ സ്ഥാപിച്ചുകൊണ്ട് താല്ക്കാലികമായി ഒരുക്കിയ ആ രംഗവേദിയിൽ നാടകം മാത്രമല്ല, സംഘ നൃത്തവും കോറസും നാടോടി കലകളും എന്നുവേണ്ട ആവേശോജ്ജ്വലമായ പ്രസംഗങ്ങൾ വരെ അരങ്ങേറുന്നുണ്ട്. ഹിന്ദുവും മുസ്‌ലിമും സിക്കുകാരനും ആജന്മ വൈരാഗ്യത്തോടെ പരസ്പരം പട വെട്ടി വീഴുന്ന തെരുവുകളിലേക്കും ഇടവഴികളിലേക്കും നാൽക്കവലകളിലേക്കും ആ നാടകവണ്ടി സധൈര്യം കടന്നുചെന്നു. സമാധാനത്തിന്റെ സന്ദേശവും പേറി സാധാരണ മനുഷ്യരുടെ അടുക്കലേക്ക് ചെന്നെത്തിയ ആ വാഹനത്തിന്റെ സാരഥികൾ ഇന്ത്യൻ പീപ്പിൾസ് തീയേറ്റേഴ്സ് അസോസിയേഷന്റെ പ്രവർത്തകരായിരുന്നു.

 

 

പി സി ജോഷി

 

വർഗീയ സംഘർഷം കത്തിപ്പടർന്ന 1947. സമാധാനത്തിന്റെയും മതസൗഹാർദ്ദ ത്തിന്റെയും സന്ദേശവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കൾ സംഘർഷ ഭൂമിയിൽ സജീവമായി രംഗത്തിറങ്ങി. ജനറൽ സെക്രട്ടറി പി സി ജോഷിക്ക് പാർട്ടി ഒരു റൗണ്ട് ട്രിപ്പ് വിമാനടിക്കറ്റ് എടുത്തുകൊടുത്തു. പാർട്ടി ഹെഡ് ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്ന ബോംബെയിൽ നിന്ന് ഡൽഹി, കൽക്കട്ട എന്നിവിടങ്ങളിലേക്കും സംഘർഷം വല്ലാതെ മൂർച്ഛിച്ച ലഖ്നൗവിലേക്കും അമൃതസാറിലേക്കും ജോഷി നിരന്തരം യാത്ര ചെയ്തു. ദേശീയ നേതാക്കളെ നേരിട്ടുകണ്ട് സ്ഥിതിഗതികൾ ചർച്ചചെയ്തു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പാർട്ടി കൈക്കൊണ്ടിരുന്ന നിലപാടുകളെ സംബന്ധിച്ചുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട്, കലാപഭൂമിയിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ പേരിൽ മഹാത്മാഗാന്ധി ജോഷിയെ അഭിനന്ദിച്ചു. നെഹ്രുവുമായുള്ള ചർച്ചകളിൽ ജോഷി ചൂണ്ടിക്കാണിച്ചത്, സർദാർ പട്ടേലിനും ഗോവിന്ദ് വല്ലഭ പന്തിനും ആർഎസ്എസിനോടുള്ള ചായ്‌വിനെക്കുറിച്ചാണ്. നെഹ്രുവിന്റെ നിർദ്ദേശമനുസരിച്ച് ജോഷി തന്റെ ഒരു ബന്ധു കൂടിയായ പന്തിനെ ചെന്നുകണ്ട് വർഗീയ കലാപം വളർത്തുന്നതിൽ ആർഎസ്എസ് വഹിക്കുന്ന പങ്കിനെക്കുറിച്ച് തെളിവുസഹിതം ബോധ്യപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ പന്ത് വളരെ ശക്തമായി തന്നെ ആർഎസ്എസിനെതിരെ നിലപാട് കൈക്കൊള്ളുകയും ചെയ്തു.

 

ബൽരാജ് സാഹ്നി

ലഹള ബാധിത പ്രദേശങ്ങളിൽ മുഴുവനും ചുറ്റിസഞ്ചരിച്ച്, നാടും വീടും ഉടുതുണിപോലും നഷ്ടപ്പെട്ട് അഭയം തേടിയെത്തിയവരെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം ജോഷി പിഎച്ച്ക്യുവിൽ മടങ്ങിയെത്തി പോളിറ്റ് ബ്യൂറോയിലെ മറ്റ് രണ്ടംഗങ്ങളായ ബി ടി രണദിവേയെയും ഡോ. ജി അധികാരിയെയും കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന്, ബൽരാജ് സാഹ്നി ഓടിച്ച മോട്ടോർ സൈക്കിളിന്റെ പിറകിലിരുന്ന് പാരേലിൽ ഉള്ള ഗിർനി കാംഗർ യൂണിയന്റെ ഓഫീസിലേക്ക് ചെന്ന ജോഷി റെഡ് ഫ്ലാഗ് വോളണ്ടിയർമാരോട്, ലഹളബാധിത തൊഴിലാളി മേഖലകളിലേക്ക് ചെന്ന് സമാധാനപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ജോഷിയും ബൽരാജും പോയത് അന്ധേരിയിലെ ഇപ്റ്റ പ്രവർത്തകരുടെ ആസ്ഥാനത്തേക്കാണ്. സെൻട്രൽ സ്ക്വാഡിലെ അംഗങ്ങളോടും ബോംബെയിലെ ഇപ്റ്റ പ്രവർത്തകരോടും പാട്ടുകളും തെരുവുനാടകങ്ങളും സ്കിറ്റുകളും ഏകാങ്കങ്ങളുമൊക്കെ തയാറാക്കി ഉടനടി രംഗത്തിറങ്ങാനായിരുന്നു ജോഷിയുടെ നിർദ്ദേശം.


ഇതുകൂടി വായിക്കു: പൊതുതെരഞ്ഞെടുപ്പ് മുന്ന‍ില്‍ക്കണ്ടുള്ള നീക്കങ്ങള്‍


ബൽരാജ് സാഹ്നിയുടെ നേതൃത്വത്തിൽ പ്രേം ധവാൻ, അമർ ഷെയ്ക്ക്, അണ്ണാ ഭാവു സാത്തെ തുടങ്ങിയവർ അപ്പോൾ തന്നെ സജീവമായി. പാട്ടുകൾക്ക് പിന്നാലെ പാട്ടുകൾ എഴുതി സംഗീതം പകർന്ന് പാടി പരിശീലിച്ചു. രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് ലഘു നാടകങ്ങളും സ്കിറ്റുകളും തയാറാക്കി. ഒരു മണിക്കൂർ മാത്രം നീണ്ടുനിന്ന റിഹേഴ്സലിന് ശേഷം എല്ലാവരും തയാറായി. മീറ്റിങ്ങുകൾ സംഘടിപ്പിക്കാനും ആർട്ടിസ്റ്റുകളെ അതാതിടങ്ങളിൽ എത്തിക്കാനുമൊക്കെയായി ബൽരാജിന്റെ മോട്ടോർ സൈക്കിൾ പട്ടണത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. വലിയ ട്രക്കുകൾ താല്ക്കാലിക സ്റ്റേജുകളായി രൂപംകൊണ്ടു. ലഹള മൂർച്ഛിച്ച പ്രദേശങ്ങളിലെ പ്രധാനകേന്ദ്രങ്ങളിൽ നിറുത്തിയിട്ട ആ ട്രക്കുകളിലെ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ബോംബെ പട്ടണത്തിൽ കലാപം അഴിഞ്ഞാടിയ തെരുവീഥികളിൽ ഇപ്റ്റ സംഘടിപ്പിച്ച മതസൗഹാർദ്ദ റാലിയുടെ മുൻനിരയിൽ പൃഥ്വിരാജ് കപൂർ, കെ എ അബ്ബാസ്, ബൽരാജ് സാഹ്നി തുടങ്ങി നിരവധി കലാകാരന്മാർ അണിനിരന്നു. വർഗീയ ഭ്രാന്തന്മാരുടെ കടുത്ത ഭീഷണിയെ ചങ്കൂറ്റത്തോടെ നേരിട്ടുകൊണ്ടാണ് അബ്ബാസിന്റെ “മേം കോൻ ഹും?” എന്ന നാടകമുൾപ്പെടെയുള്ള കലാപരിപാടികൾ ഇപ്റ്റയുടെ സ്ക്വാഡുകൾ അവതരിപ്പിച്ചത്. പ്രേം ധവാനും ശൈലേന്ദ്രയും എഴുതി അമർ ഷെയ്ക്ക്, അണ്ണാ ഭാവു സാത്തെ, ഗവാങ്കർ തുടങ്ങിയവർ പാടിയവതരിപ്പിച്ച പാട്ടുകൾ വികാരാവേശത്തോടെ ജനങ്ങൾ ഏറ്റുപാടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കലാപരിപാടികൾ അരങ്ങേറുന്ന വേളയിൽ, തെരുവിന്റെ ഇരുണ്ട മൂലകളിൽ നിന്ന് കല്ലേറ് ഉണ്ടാകുകയും അതിനെ പ്രതിരോധിച്ചുകൊണ്ട് സഖാക്കൾ രംഗത്തിറങ്ങുകയും ചെയ്യുന്ന സംഭവങ്ങൾ പലയിടങ്ങളിലുമുണ്ടായി.

ബൽരാജിന്റെ ഇളയ സഹോദരനും എഴുത്തുകാരനുമായ ഭീഷ്മ സാഹ്നിയും ഇപ്റ്റയ്ക്ക് വേണ്ടി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രശസ്ത ഉറുദു എഴുത്തുകാരി ഇസ്മത് ചുഗ്തായിയുടെ ”ധനി ബാങ്കേൻ”(പച്ച വളകൾ), കെ എ അബ്ബാസിന്റെ ”ഭൂത്ഗാഡി” (പ്രേത തീവണ്ടി) എന്നീ നാടകങ്ങൾ, ഭീഷ്മ സാഹ്നി സംവിധാനം ചെയ്ത് അഹമ്മദാബാദിൽ നടന്ന ഇപ്റ്റ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഭീഷ്മസാഹ്നിയുടെ ജീവിതപങ്കാളി ഷീല, പ്രേംധവാന്റെ സഹധർമ്മിണി നൂർ എന്നിവർക്ക് പുറമെ ബൽരാജ് സാഹ്നി, ഉറുദു കവി കൈഫി ആസ്മി ആയിടെ നിക്കാഹ് കഴിച്ച ഷൗക്കത്ത് ആസ്മി എന്നിവരും നാടകത്തിൽ വേഷമിട്ടു. (കൈഫിയോടൊപ്പം അന്ധേരി കമ്മ്യൂണിൽ താമസമാക്കിയ ഷൗക്കത്തിനോട് “ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യ ഒരിക്കലും വെറുതെയിരിക്കാൻ പാടില്ല” എന്ന് ജോഷി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗർഭിണിയായ അവർ നാടകം കളിക്കാൻ മുതിർന്നത്.) വർഗീയ കലാപത്തിന്റെ വേലിയേറ്റത്തിൽ രാജ്യം ഇളകിമറിയുന്നതിന് തൊട്ടുമുൻപാണ്, ഐഎൻഎ ഭടന്മാരുടെ വിചാരണ ആരംഭിക്കാൻ വൈസ്രോയ് വേവൽ പ്രഭു തീരുമാനിക്കുന്നത്. ഐഎൻഎ തടവുകാരെ മോചിപ്പിക്കണമെന്നും യഥാർത്ഥ രാജ്യദ്രോഹികളായ ബ്രിട്ടീഷുകാർ എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്നുമാവശ്യപ്പെട്ടു കൊണ്ട് വ്യാപകമായ പ്രക്ഷോഭങ്ങൾ അരങ്ങേറി. ആവേശകരമായ ക്ലെെമാക്സിലേക്ക് അടുത്തുകൊണ്ടിരുന്ന സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ അവസാന രംഗംപോലെ ഇന്ത്യൻ നാവിക സേനയിൽ നിന്ന് കലാപത്തിന്റെ മണിമുഴങ്ങുന്നത് അപ്പോഴാണ്. ലോക മഹായുദ്ധവും ബംഗാൾ ക്ഷാമവും ഉൾപ്പെടെ ഇന്ത്യയെ ദുരിതക്കടലിലാഴ്ത്തിയ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യൻ സൈനികർ എത്രയോ കാലമായി അടക്കിവച്ചിരുന്ന അമർഷവും രോഷവും പൊടുന്നനെ പൊട്ടിത്തെറിച്ചതാണ്, റോയൽ ഇന്ത്യൻ നേവിയ്ക്കുള്ളിലെ കലാപമായി പരിണമിച്ചത്. ബോംബെ നഗരമാകെ നാവിക കലാപത്തിന്റെ രംഗഭൂമിയായി മാറി.


ഇതുകൂടി വായിക്കു: പരീക്ഷാകേന്ദ്രത്തിലെ ദുഃശാസനക്രിയകൾ


 

പണ്ട് ബിബിസിയിൽ ജോലിചെയ്യുന്ന സമയത്ത് ഉപയോഗിച്ചിരുന്ന യൂറോപ്യൻ വേഷങ്ങളൊക്കെ പൊടിതട്ടി പുറത്തെടുത്ത ബൽരാജ് സാഹ്നി, ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു പ്രസ് കാർഡ് എങ്ങനെയോ സംഘടിപ്പിച്ചു. മോട്ടോർ സൈക്കിളിലും ടാക്സിയിലുമൊക്കെയായി കലാപം നടക്കുന്ന സ്ഥലങ്ങളിലേക്ക് ചെന്ന് പ്രക്ഷോഭകരെ നേരിട്ടു കണ്ട് സ്ഥിതിഗതികൾ മനസിലാക്കിയശേഷം, പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽ വന്ന് റിപ്പോർട്ട് ചെയ്യുന്നത് പതിവായി. ഈ ഐതിഹാസിക പ്രക്ഷോഭത്തെക്കുറിച്ച് ഒരു നാടകം അവതരിപ്പിക്കണമെന്ന നിർദ്ദേശം ബൽരാജ് മുന്നോട്ടുവച്ചു. ജോഷിയും അതിനെ അനുകൂലിച്ചു. ഇപ്റ്റ സെൻട്രൽ സ്ക്വാഡിനെക്കൊണ്ട് ഈ ആശയം അംഗീകരിപ്പിക്കാനും നാടകം ഗംഭീരമായി അവതരിപ്പിക്കാനുമൊക്കെ മുന്നിൽനിന്നത് ബൽരാജായിരുന്നു. ബോംബെ പട്ടണത്തിൽ, മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്നു മദൻ പുര. ആർഎസ്എസ് കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന സർക്കാർ ജീവനക്കാർക്ക് ഭൂരിപക്ഷമുള്ള മറാത്തി ഹിന്ദുക്കളുടെ വാസസ്ഥലമായിരുന്നു ദാദറിന് സമീപത്തുള്ള പാരേൽ. ഹിന്ദു വർഗീയ ഭ്രാന്തന്മാർ അവരുടെ ‘ഓപ്പറേഷൻ’ ആസൂത്രണം ചെയ്യുന്ന കേന്ദ്രമായിരുന്നു ആ പ്രദേശം. മേൽപ്പറഞ്ഞ സ്ഥലങ്ങളെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു ബോംബെയുടെ വ്യവസായ മേഖല. മതഭ്രാന്തന്മാരുടെ ആക്രമണത്തെ ശക്തമായി ചെറുത്തുനിന്നുകൊണ്ട്, തൊഴിലാളി കുടുംബങ്ങളുൾപ്പെടെയുള്ള ആ പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്കാകെ സംരക്ഷണത്തിന്റെ കുട നിവർത്തിക്കൊടുത്ത് ഒപ്പം ചേർത്തുനിര്‍ത്തിയത് കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും സഖാക്കളായിരുന്നു. പി സി ജോഷിയുടെ ധീരവും അചഞ്ചലവുമായ നേതൃത്വത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും, ഇപ്റ്റയുടെയും പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിന്റെയും പ്രവർത്തകരും ഒത്തൊരുമിച്ച് പട്ടാളച്ചിട്ടയോടെ നടത്തിയ വർഗീയ വിരുദ്ധ പ്രവർത്തനങ്ങളിൽ രാജ്യസ്നേഹികളും മതേതര വിശ്വാസികളുമായ ഒട്ടേറെപ്പേർ അണിചേർന്നു. കലാപകലുഷിതമായ പ്രദേശങ്ങളിലേക്ക് ചെല്ലണമെന്നാവശ്യപ്പെട്ടുകൊണ്ട് അവിടെ നിന്നുള്ള പരിഭ്രാന്തരായ ജനങ്ങൾ പാർട്ടി ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ജീവനും സ്വത്തും സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ട ആ ഒരു ദശാസന്ധിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമായിരുന്നു നിസഹായരായ സാധാരണ മനുഷ്യരുടെ ആശ്രയവും അവലംബവും.

ദീർഘകാലത്തെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർത്ഥ്യമാകുന്ന ദിനങ്ങൾ. 1947 ഓഗസ്റ്റ് 15 ലേക്കുള്ള പാർട്ടിയുടെ മാനിഫെസ്റ്റോ തയാറാക്കാൻ നിയുക്തനായ ജോഷി എത്രയും വേഗം അതു പൂർത്തിയാക്കി. ദേശീയ സ്വാതന്ത്ര്യം ഒരു വലിയ ആഘോഷമായി കൊണ്ടാടാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയം പാർട്ടി നേതൃത്വത്തിലെ മറ്റു സഖാക്കളെയും അണികളെയും ധരിപ്പിക്കാനും ആവശ്യമായ പ്രചാരം നൽകാനുമുള്ള ജോഷിയുടെ രാപ്പകലുള്ള പ്രവർത്തനങ്ങളുടെ സഹായിയായി ബൽ രാജ് സദാ ഒപ്പം തന്നെയുണ്ടായിരുന്നു. ഉത്സവ സദൃശമായ ആഘോഷങ്ങളിലൂടെ രാജ്യമാകെ കടന്നുപോയ ആ ദിവസങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരും ഉത്സാഹപ്രഹർഷത്തോടെ അതിൽ പങ്കുചേർന്നു. എന്നാൽ പാർട്ടിയുടെ ഒട്ടനവധി നേതാക്കളും പ്രവർത്തകരും അപ്പോഴും തടവറയ്ക്കുള്ളിൽ തന്നെയായിരുന്നു. മാത്രമല്ല, ഇന്ത്യക്ക് കൈവന്നത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും സാമ്രാജ്യത്വം തങ്ങളുടെ കിങ്കരന്മാരുടെ കരങ്ങളിലേക്ക് അധികാരം കൈമാറുക മാത്രമാണ് സംഭവിച്ചതെന്നും പ്രഖ്യാപിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം അപ്പോഴേക്കും ശക്തിയോടെ രംഗത്തു വന്നുകഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.