18 April 2024, Thursday

പാർലമെന്റ് മന്ദിരം ഉദ്ഘാടനം; എന്തുകൊണ്ട് രാഷ്ട്രപതി വേണം

എസ് എന്‍ സാഹു
May 23, 2023 4:30 am

സ്വാശ്രയ ഇന്ത്യയുടെ (ആത്മനിർഭർ ഭാരത്) ആത്മാവിന്റെ പ്രതീകമായ പുതിയ പാർലമെന്റ് മന്ദിരം ഈമാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയത് മേയ് 18നാണ്. പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഉദ്ഘാടനം നടത്തേണ്ടതെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പപേക്ഷകന്‍ സമർപ്പിച്ച വി ഡി സവർക്കറുടെ ജന്മദിനമാണ് ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യസമര സേ നാനികൾക്കും രാജ്യത്തിന്റെ പൈതൃകത്തിനും അപമാനമാണിതെന്ന് പ്രതിപക്ഷം ഇതിനെ വിമര്‍ശിക്കുകയും ചെയ്തു. സിപിഐ ജനറല്‍ സെ ക്രട്ടറി ഡി രാജ തന്റെ ട്വീറ്റിൽ കുറിച്ചതിങ്ങനെ-“സ്വന്തം പ്രതിച്ഛായയോടും കാമറകളോടും ഉള്ള അമിതമായ അഭിനിവേശംമൂലം മോഡിജി, മാന്യതയെയും മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തുന്നു. രാജ്യത്തിന്റെ എക്സിക്യൂട്ടീവിന്റെ മാത്രം അധിപനാണ് പ്രധാനമന്ത്രി. നിയമനിർമ്മാണസഭയുടെ പരമാധ്യക്ഷയായ രാഷ്ട്രപതി പുതിയസഭാമന്ദിരം ഉദ്ഘാടനം ചെയ്യുന്നതാണ് ഉചിതം’. രാഷ്ട്രപതി ദ്രൗപദി മുർമുവല്ലേ ‘സൻസദ് ഭവൻ’ ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ആർജെഡി നേതാവ് മനോജ് ഝായും തന്റെ ട്വീറ്റിൽ ചോദിച്ചു.

 


ഇതുകൂടി വായിക്കു; ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ്


‘സർക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാ പൗരന്മാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നത് രാഷ്ട്രപതിയാണ്. ആ ഔചിത്യത്തെ മോഡി സർക്കാർ ആവർത്തിച്ച് അവഹേളിക്കുന്നു‘വെന്ന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ‘പൊതുഖജനാവിലെ പണംകൊണ്ട് നിർമ്മിച്ച കെട്ടിടമാണിത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും സുഹൃത്തുക്കളും സ്വകാര്യ ഫണ്ടിൽ നിന്ന് ഇത് സ്പോൺസർ ചെയ്തതുപോലെ പെരുമാറുന്നത്‘എന്ന് ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറയുന്നു.  പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് എന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീക്ഷണം ഭരണഘടനയുടെ 79-ാം അനുച്ഛേദത്തെ ആസ്പദമാക്കിയാണ്. ”യഥാക്രമം കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നും ഹൗസ് ഓഫ് ദി പീപ്പിൾ എന്നും അറിയപ്പെടുന്ന രണ്ട് ഹൗസുകള്‍ ഉൾപ്പെടുന്നതാണ് പാര്‍ലമെന്റ്. അവയുടെ അധ്യക്ഷന്‍ രാഷ്ട്രപതിയാണ്”. പാർലമെന്റിൽ രാഷ്ട്രപതിയും രാജ്യസഭയും ലോക്‌സഭയും ഉൾപ്പെടുന്നുവെന്ന് ഭരണഘടന തന്നെ വ്യവസ്ഥ ചെയ്യുമ്പോൾ, ഭരണഘടനാപരമായി അനുശാസിക്കുന്ന നിർവചനത്തിന്റെ ഭാഗമല്ലാത്ത പ്രധാനമന്ത്രി എങ്ങനെയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
ഭരണഘടനയിൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകളനുസരിച്ച് രാഷ്ട്രപതിക്ക് ഏതെങ്കിലും സഭയെമാത്രമോ ഇരുസഭകളെയും ഒന്നിച്ചോ അഭിസംബോധന ചെയ്യാവുന്നതാണ് (ആർട്ടിക്കിൾ 86). ഓരോ പൊതു തെരഞ്ഞെടുപ്പിന് ശേഷവും സഭയുടെ ആദ്യ സെഷന്റെ തുടക്കത്തിലും ഓരോ വർഷവും ആദ്യ സെഷൻ ആരംഭിക്കുമ്പോഴും രാഷ്ട്രപതി ഇരുസഭകളെയും ഒരുമിച്ച് അഭിസംബോധന ചെയ്യുകയും സഭ ചേരുന്നതിന്റെ കാരണങ്ങൾ പാർലമെന്റിനെ അറിയിക്കുകയും ചെയ്യും (ആർട്ടിക്കിൾ 87). പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഒരു ബില്ലും രാഷ്ട്രപതിയുടെ അനുമതിയില്ലാതെ നിയമമാകില്ലെന്നും ഭരണഘടന പറയുന്നു (ആർട്ടിക്കിൾ 111). രാഷ്ട്രപതിയും പാർലമെന്റും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന വിപുലമായ വ്യവസ്ഥകളാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയാകണമെന്നത് അനിവാര്യതയാണ്.


ഇതുകൂടി വായിക്കു; പട്ടിണി കണക്കുകള്‍: സത്യവും മിഥ്യയും


രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിൽ രാഷ്ട്രപതി, എക്സിക്യൂട്ടീവിന്റെ തലവൻ മാത്രമായ പ്രധാനമന്ത്രിയെക്കാള്‍ ഉന്നതമായ സ്ഥാനമാണ് വഹിക്കുന്നത്. ഭരണഘടന സംരക്ഷിക്കാന്‍ രാഷ്ട്രപതിയാണ് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. പ്രധാനമന്ത്രിയിൽ നിന്ന് വ്യത്യസ്തമായി പക്ഷപാതപരമായ പരിഗണനകൾക്ക് അതീതവുമാണ് രാഷ്ട്രപതി ഭവന്‍. ഫെഡറലിസം, ഭരണഘടന എന്നിവയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണ‑പ്രതിപക്ഷ കേന്ദ്രങ്ങള്‍ എപ്പോഴും ഉറ്റുനോക്കുന്നത് രാഷ്ട്രപതിയെയാണ്.
രണ്ടു പതിറ്റാണ്ടു മുമ്പ് 2002ൽ, പാർലമെന്റ് ലൈബ്രറി മന്ദിരമായ സൻസദിയ ജ്ഞാനപീഠം ഉദ്ഘാടനത്തിന് തയ്യാറായപ്പോൾ, അതിന്റെ ഉദ്ഘാടനത്തിന് അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണനെയാണ് ക്ഷണിച്ചത്. ആ വർഷം മേയ് ഏഴിന് അദ്ദേഹം അത് നിര്‍വഹിച്ചു. പാർലമെന്റ് ലൈബ്രറി ഉദ്ഘാടനം ചെയ്യാൻ പോലും രാഷ്ട്രപതി നാരായണനോട് അഭ്യർത്ഥിച്ച കീഴ്‍വഴക്കമനുസരിച്ച് പുതിയ പാർലമെന്റ് കെട്ടിടം എന്തുകൊണ്ടും ഉദ്ഘാടനം ചെയ്യണ്ടത് ദ്രൗപദി മുർമു അല്ലാതെ മറ്റാരുമല്ല. 2002ലെ ആ മാതൃക പിന്തുടർന്ന്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, സ്പീക്കർ മുഖേന രാഷ്ട്രപതിയെ ക്ഷണിക്കണം. ന്യായയുക്തവും നിയമപരവുമായ ഈ കാരണങ്ങൾ അവഗണിച്ച്, മോഡി ഉദ്ഘാടന പരിപാടിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ, അത് തീർച്ചയായും രാഷ്ട്രപതിയെ തരംതാഴ്‌ത്തുന്ന നടപടിയായിരിക്കും.
യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയ ചരിത്രം മോഡിക്കുണ്ട്.


ഇതുകൂടി വായിക്കു;ഇങ്ങേരാരാ ചേരന്‍ചെങ്കുട്ടുവനോ!


 

ഭരണഘടനയുടെ അനുച്ഛേദം 53 പ്രകാരം പ്രതിരോധ സേനയുടെ പരമോന്നത കമാൻഡർ എന്ന പദവി നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിലാണ്. എന്നാല്‍ 2019 ഫെബ്രുവരി 25 ന് ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകം നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രാംനാഥ് കോവിന്ദ് പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങുകളിൽ പ്രതിരോധ ഉദ്യോഗസ്ഥർക്ക് മെഡലുകളും യുദ്ധ ബഹുമതികളും നൽകുന്നത് രാഷ്ട്രപതിയാണ്, പ്രധാനമന്ത്രിയല്ല എന്ന് എല്ലാവർക്കും അറിയാം. റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രപതിയാണ് സല്യൂട്ട് സ്വീകരിക്കുകയും നമ്മുടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന മികവിന് പ്രതിരോധ ഉദ്യോഗസ്ഥർക്ക് പരമവീര ചക്ര, അശോക് ചക്ര തുടങ്ങിയ യുദ്ധ ബഹുമതികൾ നൽകുകയും ചെയ്യുന്നത്. എന്നിട്ടും ദൗർഭാഗ്യകരമെന്നു പറയാം, പ്രതിരോധ സേനയുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യം ഉദ്ഘോഷിക്കുന്നതിനായി നിര്‍മ്മിച്ച ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കി. അന്ന് സ്മാരകം ഉദ്ഘാടനം ചെയ്യാൻ രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ രാഷ്ട്രപതിയോടുള്ള അനാദരവ് ഒഴിവാക്കാമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ 2019ലെ അബദ്ധം ആവർത്തിക്കരുത്. അതിന്റെ ഉദ്ഘാടനം നടത്തേണ്ടത് രാജ്യത്തിന്റെ പ്രഥമപൗരയായ ദ്രൗപദി മുർമുവാണ്.

(അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.