15 July 2025, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യ‌ക്ക് സംശയാതീതമായൊരു തെരഞ്ഞെടുപ്പ് കമ്മിഷനെ വേണം

ഗ്യാൻ പഥക്
June 14, 2025 4:40 am

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) ഇത്രമേൽ ജനങ്ങളുടെ അവിശ്വാസം നേരിട്ടൊരു കാലം സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇതുവരെയുണ്ടായിട്ടില്ല, നിശിത വിമർശനങ്ങൾ ഏറ്റുവാങ്ങിയ കാലവും. തെരഞ്ഞെടുപ്പ് ഗോദയിൽ സ്വതന്ത്രനായ അമ്പയറായി പ്രവർത്തിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ച് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുബന്ധ ഘടകമായി പ്രവർത്തിക്കുന്നുവെന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. നിയമപരമായ സംവിധാനങ്ങളും നടപടിക്രമങ്ങളും ഉപയോഗിച്ചുകൊണ്ട്, ഈ ഭരണഘടനാ സ്ഥാപനത്തിന്റെ സ്വയംഭരണാവകാശം വെട്ടിച്ചുരുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള ആഭിമുഖ്യം പലതവണ പ്രകടമായി, പ്രത്യേകിച്ച് വിവാദമായ അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിലെങ്കിലും. തെരഞ്ഞെടുപ്പിനുശേഷം വോട്ടെടുപ്പിന്റെ കണക്കുകളും വിവരങ്ങളും പുറത്തുവിടാതെയും തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ സുതാര്യതയെ സംശയാസ്പദമാക്കിയിരിക്കുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് 2024 ഒക്ടോബർ അഞ്ചിനും മഹാരാഷ്ട്രയിൽ ആ വർഷം നവംബറിലുമായിരുന്നു നടന്നത്. എന്നാൽ ഏഴും എട്ടും മാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് വിശദാംശങ്ങൾ ലഭ്യമാക്കാത്തത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. വോട്ടർ പട്ടിക ആദ്യംതന്നെ കൈമാറുന്നതിന് കമ്മിഷൻ സ്വീകരിച്ച നടപടി നല്ലത്, എന്നാൽ തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ കൃത്യമായ മാതൃകയിലും ഡിജിറ്റലായും എന്ന് നൽകുമെന്ന് പ്രഖ്യാപിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സർക്കാർ എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നത്, തെരഞ്ഞെടുപ്പ് കമ്മിഷൻ ഏതുവിധത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് വഴങ്ങുന്നത് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 2024 ഡിസംബറിൽ കേന്ദ്ര നിയമമന്ത്രാലയം 1961ലെ നിയമത്തിന്റെ ചട്ടത്തിൽ വരുത്തിയ ഭേദഗതി. പൊതുജനങ്ങൾക്ക് ലഭ്യമാക്കാവുന്നതും പരിശോധനയ്ക്ക് നൽകാവുന്നതുമായ രേഖകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു ചട്ടത്തിലെ 93(2) ഭേദഗതി പ്രകാരം ചെയ്തത്. 

ഈ വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തുകയുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പരിശോധിക്കുന്നതിനുള്ള പൗരന്മാരുടെ അവസരം ചട്ടം ഭേദഗതിയിലൂടെ നിയന്ത്രിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14, 19, 21 എന്നിവയുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ സമ്മതിദായകരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഭേദഗതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതിലൂടെ തെരഞ്ഞെടുപ്പ് വിവരങ്ങൾ നൽകാതിരിക്കുന്നത് സർക്കാരിന്റെ നിക്ഷിപ്ത താല്പ‍ര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകുന്നു. വിവരങ്ങൾ നൽകുന്നത് തടയുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനും മോഡി സർക്കാരും എന്താണ് മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഈവിധത്തിൽ സർക്കാരും ഇസിഐയും ദുരൂഹത നിലനിർത്തുന്നതിൽ വ്യാപൃതരാകുമ്പോൾ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു പൗരന് എങ്ങനെയാണ് വിശ്വസിക്കുവാൻ സാധിക്കുക. ഇസിഐ മോഡി സർക്കാരിന്റെ താല്പര്യങ്ങൾക്ക് വിധേയമാകുന്നതിന്റെ ആദ്യത്തെ ഉദാഹരണമല്ല ഇത്. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട കേസ് ഇവിടെ നാം ഓർക്കണം. മോഡി സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം നിയമവിരുദ്ധമാണെന്ന് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുപ്രീം കോടതി ഉത്തരവിടുകയും സംഭാവന നൽകിയവർ, വാങ്ങിയവർ എന്നീ വിവരങ്ങൾ പുറത്തുവിടണമെന്ന് ഇസിഐക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ അത് പ്രസിദ്ധീകരിക്കാതിരിക്കുന്നതിന് ചില ന്യായവാദങ്ങൾ പരമോന്നത കോടതിയിൽ ഉന്നയിക്കുകയാണ് ഇസിഐ ചെയ്തത്. പിന്നീട് സുപ്രീം കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് ഇസിഐ തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ തയ്യാറായത്. 2018ലെ ഇലക്ടറൽ ബോണ്ട് സ്കീം അനുസരിച്ച് ദാതാക്കളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയിൽ വാദിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിപ്രായങ്ങളോട് ഇസിഐ യോജിച്ചു നിൽക്കുന്നതായാണ് നമുക്ക് കാണാനായത്. പ്രധാനമന്ത്രിയുടെ ആജ്ഞയ്ക്ക് വഴങ്ങുന്നവിധം മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷൻ ദുർബലമായതിന്റെ കാരണമെന്താണെന്നും പരിശോധിക്കേണ്ടതുണ്ട്. 2023ലെ തെരഞ്ഞെടുപ്പ് കമ്മിഷണേഴ്സ് (നിയമനവും സേവനവ്യവസ്ഥകളും കാലാവധിയും) നിയമമാണ് അതിനു കാരണം. ഈ നിയമത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് ഭരണഘടനാപരമായ സംരക്ഷണം ഇല്ലാതായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി)ക്ക് മാത്രമാണ് നീക്കം ചെയ്യപ്പെടുന്നതിൽ നിന്ന് ഭരണഘടനാപരമായ സംരക്ഷണം ലഭ്യമാകുന്നത്. കമ്മിഷണർമാരുടെ കാലാവധിയാകട്ടെ സിഇസിയുടെ താല്പര്യത്തിനനുസരിച്ചും. അതിനപ്പുറം അവരെ നിയമിക്കുന്നതിനുള്ള അധികാരം ആത്യന്തികമായി നിലനിൽക്കുന്നത് പ്രധാനമന്ത്രിയിലും. നിയമന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിലൂടെ അത് ഉറപ്പിക്കപ്പെട്ടു. യഥാർത്ഥത്തിൽ ഇത് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിലെ നിഷ്പക്ഷത പൂർണമായും ഇല്ലാതാക്കി. ഇപ്പോൾ നിയമന പ്രക്രിയയിൽ സുതാര്യത നിലനിൽക്കുന്നതേയില്ല. 

2021 നവംബറിൽ കേന്ദ്ര നിയമമന്ത്രാലയം സിഇസിയോട് പ്രധാനമന്ത്രിയുടെ ഒരു യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് പങ്കെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഇസിഐ കീഴടങ്ങുന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു അത്. സംഭവം വിവാദമായപ്പോൾ കേന്ദ്ര നിയമമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കമ്മിഷൻ ഒരു നടത്തിപ്പ് ഏജൻസി മാത്രമാണെന്നും 2011 മുതൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾക്ക് തീർപ്പ് കല്പിക്കാനുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇത് അനൗപചാരിക ആശയവിനിമയം മാത്രമായിരുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഇസിഐ ഘടനാപരമായും വ്യവസ്ഥാപിതമായും ദുർബലപ്പെട്ടിരിക്കുന്നുവെന്ന് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചില സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ എന്നിവർക്കെതിരെ വിദ്വേഷ പ്രസംഗമുൾപ്പെടെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അവരെ കുറ്റവിമുക്തമാക്കുകയാണ് ഇസിഐ ചെയ്തത്. എന്നാൽ കമ്മിഷണർമാരിൽ ഒരാൾ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തി. അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ‌ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുന്നു. കമ്മിഷണറാകുന്നതിന് മുമ്പുള്ള കാലയളവിലേ‌ക്കുള്ളതായിരുന്നു നോട്ടീസ്. ന്യൂനപക്ഷ തീരുമാനങ്ങൾ അടിച്ചമർത്തപ്പെടുന്നുവെന്ന കാരണം പറഞ്ഞ് പ്രസ്തുത അംഗം യോഗത്തിൽ പങ്കെടുക്കുന്നത് നിർത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഒരു കമ്മിഷണർ രാജിവച്ച സംഭവവും ഉണ്ടായി. കൊൽക്കത്തയിലെ യോഗത്തിനിടെ സിഇസിയും കമ്മിഷണറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഡൽഹിയിൽ തിരിച്ചെത്തിയ കമ്മിഷണർ രാജിവയ്ക്കുകയും ചെയ്തു. പുതിയ നിയമപ്രകാരം പുറത്താക്കപ്പെടുന്നതിൽ നിന്ന് കമ്മിഷണർമാർക്ക് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടായിരുന്നില്ലെന്നതുതന്നെ കാരണം. ഇസിഐയുടെ ഭരണഘടനാപരമായ സ്വയംഭരണാവകാശം ഇല്ലാതായതിന്റെ ചില ഉദാഹരണങ്ങളാണിവ. അതുകൊണ്ടുതന്നെ ഇസിഐയെ‌ക്കുറിച്ചുള്ള ആരോപണങ്ങൾ ഒറ്റയടിക്ക് തള്ളാനാവില്ല. 2024 നവംബറിലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായാണ് രാഹുൽ ഗാന്ധി ആരോപിച്ചിരിക്കുന്നത്. അഞ്ച് ഘടകങ്ങളാണ് അതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതിനുള്ള പാനൽ, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർക്കൽ, വോട്ടർമാരുടെ എണ്ണം വർധിപ്പിക്കൽ, ബിജെപി വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ്, തെളിവുകൾ മറച്ചു പിടിക്കുക എന്നിവയാണ് അദ്ദേഹം ഉന്നയിക്കുന്ന ഘടകങ്ങൾ. ജയം നേടുന്നതിന് എന്തും ചെയ്യുന്നുവെന്നതിനെ‌ക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. നിരവധി പ്രതിപക്ഷ നേതാക്കൾ ഇസിഐയുടെ സുതാര്യത സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇസിഐയിൽ നിന്ന് നേരിട്ടുള്ള ഉത്തരമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ ഗുണഭോക്താക്കളെന്ന് ആരോപിക്കപ്പെടുന്ന ബിജെപിയും അവരുടെ നേതാക്കളുമാണ് ഇസിഐക്ക് വേണ്ടി ഉത്തരം പറയുന്നത്. അപ്പോൾ ഇസിഐയുടെ ഉത്തരവാദിത്തം എന്താണ്. ഇന്ത്യ‌ക്ക് തീർച്ചയായും സംശയത്തിന് അതീതമായ ഒരു തെരഞ്ഞെടുപ്പ് കമ്മിഷനെ ആവശ്യമാണ്. നേരത്തെ ഉണ്ടായിരുന്ന അത് പുനഃസ്ഥാപിക്കേണ്ടതുണ്ട്.
(ഇന്ത്യ പ്രസ് ഏജന്‍സി)

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.