July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയില്‍

By Janayugom Webdesk
January 31, 2020

ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഡോ. ഗീതാ ഗോപിനാഥ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകള്‍ നന്നേ വിരളമാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറന്നു പറയുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഔദ്യോഗികമായി നടത്തിയ കൂടിക്കാഴ്ചയിലും സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി ആശങ്കാജനകമാണെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. നോബല്‍ സമ്മാനജേതാക്കളായ ഡോ. അ­മര്‍ത്യാകുമാര്‍ സെന്നും ഡോ. അഭിജിത് ബാനര്‍ജിയും മോഡി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളുടെ പോക്ക് അപകടകരമായ ദിശയിലേക്കാണെന്ന് നിരവധിവട്ടം ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നതായി നമുക്കറിയാം. മോഡി ഭരണത്തിന്റെ ഭാഗമായ സാമ്പത്തിക മാനേജ്മെന്റിന്റെ അകവും പുറവും ഒരുപോലെ അടുത്തറിയാന്‍ അവസരം കിട്ടിയിട്ടുള്ള നിതിആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയയും പ്ര­ധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യനും ആര്‍ബി­ഐ ഗവര്‍ണറായിരിക്കെ ബിജെപി സര്‍ക്കാരിന്റെ ബാങ്കിങ്-ധനകാര്യ നയങ്ങളെ സംബന്ധിച്ചും ഡിമോണറ്റൈസേഷന്‍, ജിഎസ്‌ടി പരിഷ്കാരം തുടങ്ങിയ നടപടികളെ സംബന്ധിച്ചും തങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ കാലാകാലങ്ങളി­ല്‍ കൃത്യമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ചുമതലകളില്‍ നിന്നും ഒഴിവായതിനുശേഷവും ഇവരെല്ലാം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തലതിരിഞ്ഞതും അപകടകരമായതുമായ പോക്കിനെപ്പറ്റി അഭിപ്രായപ്പെടാതിരുന്നിട്ടില്ല.

പക്ഷെ, എന്തുകാര്യം, സദുദേശപരമായ വിമര്‍ശനങ്ങളെല്ലാം ബധിര കര്‍ണങ്ങളിലാണ് നാളിതുവരെയായി ചെന്നു പതിച്ചിട്ടുള്ളത്. പണപ്പെരുപ്പമെന്ന പിശാച് പൂര്‍വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു. തീര്‍ത്തും അനവസരത്തിലുള്ളൊരു ഘട്ടത്തിലാണ് ഈ വരവ്. പിന്നിട്ട ആറു വര്‍ഷക്കാലത്തിനിടയില്‍ 7.35 ശ­തമാനം എന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഉപഭോക്തൃ വിലനിലവാരം വന്നെത്തി നല്‍കുന്നത്. 2019 ഡിസംബറിലെ സ്ഥിതിയാണിത്. ഭക്ഷ്യോല്പന്നങ്ങളുടെ പൊതുവില നിലവാര വര്‍ധനവിനു പുറമെ, അഭൂതപൂര്‍വവും അപ്രതീക്ഷിതവുമായ വിലവര്‍ധനവാണ് ഉള്ളിവില രേഖപ്പെടുത്തിയിരുന്നത്. ഒരുവശത്ത് ചില്ലറ വില സൂചിക കുതിച്ചുയരുമ്പോള്‍‍ മറുവശത്താവട്ടെ ജിഡിപി വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായ ഇടിവും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരമൊരു പ്രതിഭാസത്തെ ‘സ്റ്റാഗ്ഫ്ലേഷന്‍’ എന്നാണ് സാമ്പത്തിക വിദഗ്ധന്മാര്‍ വിശേഷിപ്പിക്കുന്നത്. ‘സ്റ്റാഗ്ഫ്ലേഷന് എതിരായി അതിശക്തമായ പ്രതിരോധ നടപടികള്‍ അനിവാര്യമാണെന്ന് 2019 നവംബറില്‍ ‘ദി ഹിന്ദു’ ദിനപത്രത്തിലെഴുതിയ ഒരു ലേഖനത്തില്‍ മുന്‍ പ്രധാനമന്ത്രിയും ദീര്‍ഘവീക്ഷണമുള്ളൊരു സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് മോഡി ഭരണകൂടത്തിന് മുന്നറിയിപ്പും നല്‍കിയിരുന്നു. അപൂര്‍വമായി ഇതിന് മുമ്പും അനുഭവപ്പെട്ടിട്ടുള്ള ഈ പ്രതിഭാസത്തിന് നിരവധി മാനങ്ങളുണ്ട്.

ഒന്ന് സ്റ്റാഗ്ഫ്ലേഷന്‍ നിലവിലിരിക്കുന്ന കാലഘട്ടത്തില്‍ പണപ്പെരുപ്പത്തിന് ആക്കം കൂടുകയും പണപ്പെരുപ്പത്തെ നയിക്കുകയും ചെയ്യുന്നത് ഉപഭോക്തൃ ഉല്പന്നങ്ങളുടെ ചില്ലറവില പെരുപ്പമായിരിക്കും, വിശിഷ്യാ ഭക്ഷ്യോല്പന്നങ്ങളുടെ ഇക്കുറി ഈ വില വര്‍ധനവിന്റെ നിരക്ക് 2019 ഡിസംബര്‍ മാസത്തോടെ 14.12 ശതമാനത്തില്‍ കുതിച്ചെത്തുകയുണ്ടായി. 2019 നവംബറില്‍ ഇത് 10.07 ശതമാനവും 2018 ഡിസംബറില്‍ ഇത് 2.65 ശതമാനവുമായിരുന്നു. 2019 ഡിസംബറില്‍ പണപ്പെരുപ്പനിരക്ക് മേലോട്ട് തള്ളിനീക്കിയതിന്റെ മുഖ്യകാരണം ഉള്ളി അടക്കമുള്ള പച്ചക്കറികളുടെ വില 60.50 ശതമാനത്തോളം തൊട്ടുമുമ്പ് 2018 ഡിസംബറിലേതിനേക്കാള്‍ വര്‍ധിച്ചതായിരുന്നു. ഇറച്ചിയുടേയും മത്സ്യത്തിന്റെയും വില വര്‍ധന 9.57 ശതമാനമായിരുന്നെങ്കിൽ, പാലിന്റേത് 4.22 ശതമാനവും മുട്ടയുടേത് 8.79 ശതമാനവും വീതമായിരുന്നു. പയറുവർഗ്ഗങ്ങളുടെ വിലനിലവാരവും മേലോട്ട് തന്നെയായി തുടർന്നിരുന്നു. അവശ്യ നിത്യോപയോഗ ഉല്പന്നങ്ങളുടെ സപ്ലൈയിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് സംഭവിച്ച ഇടിവായിരുന്നു എന്നത് അംഗീകരിക്കുമ്പോൾ തന്നെ, ഇത്തരമൊരു പ്രതിസന്ധി മുൻകൂട്ടി കാണുകയും ദൗർലഭ്യസാധ്യതയുള്ളവയുടെ ഇറക്കുമതി നേരത്തെ കൂട്ടി തന്നെ ഉറപ്പാക്കുകയും ചെയ്യേണ്ടതായിരുന്നു. ഇക്കാര്യത്തി­ൽ വീഴ്ച സംഭവിച്ചത് കേന്ദ്രസർക്കാരിനു തന്നെയാണ്.

ഉള്ളി വില വർധന സർവകാല റെക്കോർഡിലെത്തിയപ്പോഴും ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രതികരണം ഉള്ളി ഉപഭോക്താക്കളെ പരസ്യമായി അവഹേളിക്കുന്ന വിധമായിരുന്നു. ഉള്ളി വില വർധന അവർക്കൊരു പ്രശ്നമല്ല, കാരണം അവർ ഉള്ളി കണ്ടിട്ടുപോലുമില്ലെന്നായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം കണ്ടെത്തിയത്. ഉള്ളി, ഉരുളക്കിഴങ്ങ്, ഇഞ്ചി എന്നിവയുടെ വില വർധന ഒഴിവാക്കാനായിരുന്നെങ്കിൽ പണപ്പെരുപ്പ നിരക്ക് 4.48 ശതമാനത്തിൽ ഒതുക്കി നിർത്താൻ കഴിയുമെന്നായിരുന്നു. ഈ നിരക്കാണിപ്പോൾ 5.1 ശതമാനത്തിൽ വന്നെത്തിയിരിക്കുന്നത്. രണ്ട്, കാതലായ പണപ്പെരുപ്പം അഥവാ സമ്പദ് വ്യവസ്ഥയെ അടിമുടി ബാധിക്കുന്ന പണപ്പെരുപ്പം അതിരുവിടുന്നു എന്നതാണ് യഥാർത്ഥത്തിൽ ആശങ്കക്ക് ഇടം നൽകുന്നത്. ഈ നിരക്കാണെങ്കിൽ 2019 നവംബറിൽ 3.5 ശതമാനത്തിൽ നിന്ന് ഡിസംബറായപ്പോൾ 3.7 ശതമാനത്തിലേക്ക് നാമമാത്രമായ വർധനമാത്രമാണ് രേഖപ്പെടുത്തിക്കാണുന്നത്.

എന്നാൽ, ഈ നാട്ടിൽ സ്ഥിരമായിരിക്കുമെന്ന് കരുതരുത്. വിശിഷ്യ, ഉള്ളി അടക്കമുള്ള പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യോല്പന്നങ്ങളുടെയും വില ഒന്നു രണ്ടു മാസത്തിനകം താഴോട്ടുവന്നില്ലെങ്കിൽ, പണപ്പെരുപ്പ നിരക്ക് വീണ്ടും പുതിയ ഉയരങ്ങളിലേക്കായിരിക്കും കുതിക്കുക. ടെലികോം നിരക്കുകളും റയിൽവെ ടിക്കറ്റു നിരക്കുകളും ഇന്ധനവിലകളും പരിധികൾക്കപ്പുറം വർധിച്ചുവരുന്നതായി അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യം പ്രത്യേകം കണക്കിലെടുത്തേ തീരൂ. വരാനിരിക്കുന്ന പുതിയ ബജറ്റിൽ ജനങ്ങൾക്കുമേൽ അധികഭാരം ഏല്പിക്കാതെ മറ്റു പോംവഴി കാണാൻ കഴിയാത്തവിധം കേന്ദ്ര ധനസ്ഥിതി തകർച്ചയിലുമാണ്. ഏതായാലും ആർബിഐയെ സംബന്ധിച്ചിടത്തോളം ഉപഭോക്തൃവില സൂചികയിലുള്ള കുതിച്ചുചാട്ടം പണനയത്തിന്റെ പുനർനിർണ്ണയം അനിവാര്യമാക്കിയിരിക്കുകയാണ്. 2020 ഫെബ്രുവരിയിൽ തന്നെ ഇത് വേണ്ടി വന്നേക്കാം.

2019 ഡിസംബറിൽ ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്ന ആർബിഐ ധനകാര്യ വർഷത്തിലെ രണ്ടാംപാദത്തിലെ പണപ്പെരുപ്പ നിരക്ക് 4.7 മുതൽ 5.1 ശതമാനം വരെ ആയിരിക്കാമെന്ന് മുൻകൂട്ടി കാണുകയാണുണ്ടായത്. ഇന്നത്തെ നിലയിലാണ് പണപ്പെരുപ്പ നിരക്ക് തുടരുന്നെങ്കിൽ ഈ നിഗമനം അനുദിനം ശരിയാണെന്നാണ് ലഭ്യമായ സൂചനകൾ. പണനയം നി­­ജപ്പെടുത്തിയിട്ടുള്ള പരമാവധി പണപ്പെരുപ്പ നിരക്കായ ആറ് ശതമാനത്തിൽ എത്തുമെന്നാണ് കരുതുേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ ബാങ്കുനിരക്കുകളിൽ മാറ്റങ്ങൾക്കുള്ള സാധ്യതകൾ തീർത്തും ഇല്ലെന്നു തന്നെ ഉറപ്പിക്കാൻ കഴിയും. അതേ അവസരത്തിൽ ജിഡിസി നിരക്കു വർധന അടിക്കടി കുറഞ്ഞുവരുന്ന പ്രവണത മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തി­ൽ, സാമ്പത്തിക വളർച്ചക്ക് ഉത്തേജനം നൽകാനെന്ന പേരിൽ അരങ്ങേറിയ വായ്പാ നയത്തിനായുള്ള കടുത്ത സമ്മർദ്ദവും നടന്നുവരുന്നു. ആർബിഐയെ അങ്കലാപ്പിലാക്കിയിരിക്കുന്ന പശ്ചാത്തലമാണ് ഇന്ന് സമ്പദ്‌വ്യവസ്ഥയിലുള്ളത്. പ്രത്യക്ഷനികുതി, വരുമാന നികുതിയും കോർപ്പറേറ്റ് നികുതിയും അടക്കം പിന്നിട്ട രണ്ടു ദശകക്കാലത്തിനിടയിൽ ഏറ്റവും താണനിലവാരത്തിലാണ്.

അഞ്ച് ട്രില്ല്യൺ സമ്പദ് വ്യവസ്ഥ ലക്ഷ്യമാക്കി വലിയ പ്രതീക്ഷയായിരുന്നു ഈ സ്രോതസിൽ നിന്നും മോഡി പുലർത്തിയിരുന്നത്. ഏറ്റവുമൊടുവിൽ കിട്ടുന്ന കണക്കനുസരിച്ച് പ്രത്യക്ഷ നികുതി വരുമാനം 17 ശതമാനം വർധിക്കുന്നതിന് പകരം അഞ്ച് ശതമാനം കുറവാണ് രേ­ഖപ്പെടുത്തിയിരിക്കുന്നത്. 13.55 ട്രില്ല്യന്റെ സ്ഥാനത്ത് 7.3 ട്രില്ല്യൺ രൂപമാത്രം. ഇന്ത്യയിലെ വിപണികളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള നിരക്കുകളിൽ ഇളവുവരാതിരുന്നാൽ തന്നേയും പ്രതികൂലമായ പ്രതികരണങ്ങൾ ഉണ്ടാവാൻ സാധ്യതകൾ വിരളമാണ്. എന്നാൽ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാക്കുക ലക്ഷ്യമാക്കി, ബാങ്കു നിരക്കുകൾ നേരിയതോതിൽ പോലും ഉയർത്താനാണ് ഭാവമെങ്കിൽ, വിപണികളുടെ പ്രതികരണം തീർത്തും പ്രതികൂലമായിരിക്കും. ഇതിനിടെ ബജറ്ററി നയം കൂടി ഒരു മുഖ്യനിർണ്ണായകഘടകമായിരിക്കും. ഇന്നത്തെ നിലയിൽ, കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതി അങ്ങേയറ്റം പരിതാപകരമായ നിലയിലാണ് തുടരുന്നതെന്നതിന് ഏറ്റവും ഒടുവിലത്തെ സൂചനയാണ്, പുതിയൊരു ഗഡു വായ്പക്കുകൂടി ആർബിഐയെ സമീപിക്കാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനം. പുതുതായി 10, 000 കോടി രൂപ ഇടക്കാല ഡിവിഡണ്ടായി അനുവദിക്കാനാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. (ബിസിനസ് സ്റ്റാൻഡേർഡ്, ജനുവരി 24,2020).

2016–17 ധനകാര്യ വർഷത്തിൽ, ഡിവിഡണ്ടിന്റെ രൂപത്തിൽ ധനമന്ത്രാലയത്തിന് കിട്ടിയത് 65,876 കോടി രൂപയായിരുന്നെങ്കിൽ, 2017–18ൽ ഡിവിഡണ്ടായി 30, 650 കോടിരൂപ, താൽക്കാലിക ഡിവിഡണ്ടായി 10, 000 കോടി രൂപ എന്നിങ്ങനേയും, 2018–19ൽ ഇവ യഥാക്രമം 40, 000 കോടി രൂപ 28,000 കോടി രൂപ എന്നിങ്ങനെയുമായിരുന്നു. 2019–20ൽ ഡിവിഡണ്ട് ഇനത്തിൽ കിട്ടുക 1,47,987 കോടി രൂപയാണെങ്കിൽ താൽക്കാലിക ഡിവിഡണ്ടായി കേന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് 10, 000 കോടി രൂപയുമാണ്. ഇത്തരത്തിൽ തുടർച്ചയായി ആർബിഐക്കുമുന്നിൽ പിച്ചപാത്രവുമായി ചെല്ലേണ്ടിവന്നിരിക്കുന്നത് തീർത്തും നാണക്കേടാണ്. നിരവധി സംസ്ഥാന സർക്കാരുകളുടെ ധനശേഷിയും ഗുരുതരാവസ്ഥയിലാണ്. കേരളത്തിന്റെ കാര്യത്തിൽ ജിഎസ്‌ടി വിഹിതത്തിന്റെ ഭാഗമായി 1,600 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ഇനിയും കിട്ടാനുണ്ട്. വിപണി വായ്പയുടെ പരിധി അടിക്കടി കുറച്ചുവരുന്ന കേന്ദ്രനയം പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്തിരിക്കുന്നു. ഇതിനെല്ലാം ഉപരിയായി, 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകളും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ആശങ്ക വർധിപ്പിക്കാനാണ് വഴിവെച്ചിരിക്കുന്നത്. കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം ഉയർത്തി വന്നിരുന്ന മുൻ ധനകാര്യ കമ്മിഷനുകളുടേതിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് പുതിയ കമ്മിഷന്റേത്. കേന്ദ്ര നികുതിയുടെ വിഹിതം 42 ശതമാനത്തില്‍ നിന്ന് കുറയ്ക്കാനാണത്രെ കമ്മിഷന്റെ തീരുമാനം. ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന ഈ നയം കൂടുതൽ മാനങ്ങളായിരിക്കും വരുന്ന ബജറ്ററി നയങ്ങളും നമ്മെ കാത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Indi­an econ­o­my in crit­i­cal condition


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.