
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച രാത്രി വാഷിങ്ടണിൽ പ്രഖ്യാപിച്ച ഇസ്രയേൽ — ഹമാസ് സമാധാന കരാറിന് പരിമിതികളുണ്ടെങ്കിലും സ്വാഗതാർഹമായ സംഭവമാണ്. ട്രംപ് മുന്‍കയ്യെടുത്തുവെന്ന് അവകാശപ്പെടുന്ന കരാര്‍ ആദ്യഘട്ടം മാത്രമാണ്. ഹമാസും ഇസ്രയേലും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുകയും സൈന്യത്തെ നിയുക്ത നിയന്ത്രണ രേഖയിലേക്ക് തിരികെക്കൊണ്ടുപോകുകയും ചെയ്യുകയെന്നതാണ് ഇതില്‍ പ്രധാനമായത്. ഹമാസും ഇസ്രയേലും തമ്മിൽ രണ്ട് വർഷത്തിലേറെയായി തുടരുന്ന യുദ്ധമാണ് വെടിനിർത്തലിലേക്കെത്തിയത്. ഏകദേശം 68,000 പലസ്തീനികളുടെയും 1,500 ഇസ്രയേലികളുടെയും മരണത്തിന് യുദ്ധം കാരണമായി. ഇതില്‍ 2023 ഒക്ടോബർ ഏഴിന്, ആദ്യ ദിവസമാണ് 1,200 ഇസ്രയേലികളുടെ മരണം. പിന്നീട് മുന്നൂറിലധികം പേർക്ക് ജീവന്‍ നഷ്ടമായി. ലോകമെമ്പാടുമുള്ള സമാധാനപ്രിയരായ ജനങ്ങൾക്കും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന വാർത്തയാണ് വെടിനിര്‍ത്തല്‍. കഴിഞ്ഞ ഒരു വർഷത്തിനിടെ, ഹമാസിന്റെ നേതാക്കള്‍ ഉൾപ്പെടെയുള്ള സെെനികരെ ഏതാണ്ട് ഉന്മൂലനം ചെയ്തതും ഗാസയിൽ പലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയതും ഏകപക്ഷീയമായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടത്തിയത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ല എന്നാണ് ഇസ്രയേൽ നടപടികളെ യുഎൻ ഏജൻസികൾ വിശേഷിപ്പിച്ചത്.
ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം, ഈ വർഷം ജനുവരി 20ന് ആരംഭിച്ച തന്റെ രണ്ടാം ഭരണകാലയളവിലെ ഏറ്റവും വലിയ നയതന്ത്ര നേട്ടമാണിത്. ഉക്രെയ്ൻ — റഷ്യ യുദ്ധത്തില്‍ ട്രംപിന്റെ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടു. പക്ഷേ പശ്ചിമേഷ്യൻ മേഖലയില്‍ വ്യാപിച്ചുകൊണ്ടിരുന്ന യുദ്ധത്തിൽ, മറ്റ് രാജ്യങ്ങളെ ഉൾപ്പെടുത്തിയാണെങ്കിലും വെടിനിർത്തലിനുണ്ടായ സാധ്യത മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കും. ഏറെക്കാലമായി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി കൊതിച്ച് നടക്കുകയായിരുന്നു ട്രംപ്. പക്ഷേ, ഇന്നലെ നൊബേല്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ട്രംപിന്റെ പേരുണ്ടായില്ല. സമാധാനത്തിനുള്ള നൊബേൽ ട്രംപിന് ലഭിച്ചാലും അതിശയിക്കാനില്ല. വിയറ്റ്നാമിലെ കൂട്ടക്കൊലപാതകങ്ങളുടെയും നാശത്തിന്റെയും റെക്കോഡ് ഉണ്ടായിരുന്നിട്ടും, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിന് സമാധാനത്തിനുള്ള നൊബേൽ ലഭിച്ചിട്ടുണ്ട്.
ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള നീണ്ട പകയുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ ഗാസയിലും സമീപ പ്രദേശങ്ങളിലും ശാശ്വത സമാധാനം സ്ഥാപിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പശ്ചിമേഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങൾ ഇസ്രയേലിനെ പൂർണമായും എതിർക്കുന്നു. എന്നിട്ടും അറബ് രാജ്യങ്ങൾ ഹമാസ് പ്രതിനിധി സംഘാംഗങ്ങളെ നിരന്തരം പ്രേരിപ്പിച്ചതിനാലാണ് ഇപ്പോഴത്തെ സമാധാന കരാർ സാധ്യമായത്. ജോർദാൻ ഒഴികെയുള്ള ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളിലെ സർക്കാരുകൾ ഇതിൽ നിർണായക പങ്ക് വഹിച്ചു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ട്രംപ് നെതന്യാഹുവിന് എല്ലാ പിന്തുണയും സഹായങ്ങളും നൽകി. എന്നാൽ അവസാന ഘട്ടത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഭ്രാന്തമായ നടപടികള്‍, സമാധാനത്തിന്റെ വക്താവായി ഉയർന്നുവരാനുള്ള തന്റെ എല്ലാ സാധ്യതകളും നശിപ്പിക്കുന്നതുകണ്ട ട്രംപിന് വലിയ സമ്മർദം ചെലുത്തേണ്ടിവന്നു. “എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും. ശക്തവും ഉറപ്പുള്ളതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ അവരുടെ സൈനികരെ ഒരു യോജിച്ച രേഖയിലേക്ക് പിൻവലിക്കും. എല്ലാ കക്ഷികളെയും ന്യായമായി പരിഗണിക്കും” — എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ട്രംപ് പൊതുവെ സ്വയം പ്രശംസയില്‍ അഭിരമിക്കുന്നയാളാണ്. ‘വളരെ വേഗം’ എന്നതില്‍ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, സമാധാന കരാറിനെക്കുറിച്ചും വെടിനിർത്തലിനെക്കുറിച്ചുമുള്ള നിലപാടില്‍ അദ്ദേഹം സ്ഥിരത പുലർത്തുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അതിനാൽ, കരാറിന്റെ ആദ്യഘട്ടം സുഗമമായി പ്രാബല്യത്തിൽ വന്നാൽ, ചില അംഗീകാരങ്ങൾ അദ്ദേഹം അർഹിക്കുന്നു.
പൊതുവെ ലോക നേതാക്കളെല്ലാം ഹമാസ് — ഇസ്രയേൽ കരാറിനെ സ്വാഗതം ചെയ്തു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്, ആഗോളദക്ഷിണ രാജ്യങ്ങളുടെ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളുടെ നയതന്ത്ര സമൂഹത്തെപ്പോലും അമ്പരപ്പിച്ചു. വ്യാഴാഴ്ച യുഎസ് പ്രസിഡന്റിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത നരേന്ദ്ര മോഡി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമെന്നാണ് ഈ നടപടിയെ വിശേഷിപ്പിച്ചത്. ബന്ദികളുടെ മോചനവും ഗാസയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട മാനുഷിക സഹായവും നൽകുന്നത് ആശ്വാസം നൽകുമെന്നും മേഖലയിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സമാധാന പദ്ധതിയെ അവസാനം വരെ എതിർത്തിരുന്ന ഇസ്രയേൽ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് പൂർണമായും ഏകപക്ഷീയമായ അഭിനന്ദനമാണ്. തിങ്കളാഴ്ചയും ഇസ്രയേൽ സൈന്യം ഗാസയിൽ ബോംബാക്രമണം നടത്തി ജനങ്ങളെ കൊന്നൊടുക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉള്‍പ്പെടെയുള്ള ലോകനേതാക്കളും കരാറിനെ സ്വാഗതം ചെയ്തെങ്കിലും ആരും നെതന്യാഹുവിനെ പ്രശംസിച്ചില്ല. നരേന്ദ്ര മോഡിയുടെ ഈ പ്രസ്താവന ആഗോള ദക്ഷിണ രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതാണ്.
ബന്ദികൾ, അവരുടെ കുടുംബങ്ങൾ, ഗാസയിലെ സാധാരണ ജനങ്ങള്‍ എന്നിവർക്ക് “ആശ്വാസത്തിന്റെ നിമിഷം” എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. കരാർ പൂർണമായും നടപ്പിലാക്കാനും, സംഘർഷത്തിന് നീതിയുക്തവും ശാശ്വതവുമായ ഒരു അന്ത്യമുണ്ടാക്കാനും എല്ലാ കക്ഷികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ദിവസത്തെ ‘ഇസ്രയേലിന് ഒരു മഹത്തായദിനം’ എന്ന് വിശേഷിപ്പിക്കുകയും കരാർ അംഗീകരിക്കാൻ സർക്കാര്‍ യോഗം ചേരുമെന്ന് പറയുകയും ചെയ്തു. കരാർ ഉറപ്പാക്കുന്നതിൽ പങ്ക് വഹിച്ച ഇസ്രയേൽ പ്രതിരോധ സേനയ്ക്കും ട്രംപിനും അദ്ദേഹം നന്ദി അറിയിച്ചു.
പലസ്തീനികളുടെ ത്യാഗങ്ങൾ വെറുതെയാകില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് മധ്യസ്ഥരുടെയും ട്രംപിന്റെയും ശ്രമങ്ങളെ ഹമാസ് പ്രശംസിച്ചു. തങ്ങളുടെ ജനങ്ങൾക്ക് സ്വാതന്ത്ര്യം, സ്വയം നിർണയാവകാശം എന്നിവ നേടുന്നതിനുള്ള പ്രതിബദ്ധതയും അവര്‍ ആവര്‍ത്തിച്ചു. വെടിനിർത്തലിനെയും ബന്ദികളുടെ മോചനത്തെയും സ്വാഗതം ചെയ്ത ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, നിബന്ധനകൾ പൂർണമായി പാലിക്കാനും മാനുഷിക സഹായം ഉടനടി നൽകാനും ആഹ്വാനം ചെയ്തു. ഗാസയുടെ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനും യുഎൻ പിന്തുണ നൽകുമെന്നും അധിനിവേശം അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി വിശ്വസനീയമായ രാഷ്ട്രീയപാത പിന്തുടരാൻ പങ്കാളികളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചു. ഇനിയുള്ള അടിയന്തര കടമ മേഖലയിൽ ശാശ്വത സമാധാനം കെെവരുത്തുകയും ഇസ്രയേൽ വീണ്ടും കൊലപാതകങ്ങൾ തുടരുന്നില്ലെന്നും ഹമാസ് തീവ്രവാദികള്‍ സമാധാന പദ്ധതി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ്. പലസ്തീനികൾ ഇപ്പോഴും പൂർണമായും സുരക്ഷിതരല്ല. കരാറിലെ നിബന്ധനകൾ പൂർണമായും ഇസ്രയേൽ സർക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മറ്റ് കക്ഷികളോടും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദികളെ തിരിച്ചെത്തിച്ചുകഴിഞ്ഞാൽ ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിച്ചേക്കാമെന്നാണ് അവരുടെ ഭയം. അതിനാൽ ആദ്യ ഘട്ടത്തിലെ എല്ലാ സാഹചര്യങ്ങളും പൂർത്തീകരിക്കുന്നതുവരെ ട്രംപും അറബ് മധ്യസ്ഥരും ജാഗ്രത പാലിക്കേണ്ടതുണ്ട്. താൽക്കാലികമായി ഒരു ഇടവേളയുണ്ട്, പക്ഷേ യഥാർത്ഥ സമാധാനം പുനഃസ്ഥാപിക്കുക എന്ന കടമ അവശേഷിക്കുന്നു. കരാർ ഒപ്പിടുന്നതിനായി ട്രംപ് ഈയാഴ്ച തന്നെ പശ്ചിമേഷ്യയിലേക്ക് യാത്ര നടത്തും. അംഗീകൃത സമാധാന പദ്ധതിയിൽ ഉറച്ചുനിൽക്കുന്നതിലൂടെ ഇസ്രയേലും ഹമാസും പക്വതയുള്ള രാഷ്ട്രതന്ത്രജ്ഞത കാണിക്കുമെന്നും മേഖലയിൽ സുസ്ഥിരമായ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനുള്ള സാധ്യത തുറക്കുമെന്നും പ്രതീക്ഷിക്കാം.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.