October 1, 2023 Sunday

ജിഷ്ണുവും ശ്രദ്ധയും അരാഷ്ട്രീയ കാമ്പസും

സുരേന്ദ്രന്‍ കുത്തനൂര്‍
June 10, 2023 4:00 am

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്രു കോളജിലെ ഹോസ്റ്റലിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തിൽ മരിച്ചത്. തുടക്കത്തില്‍ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും പിന്നീട് സുപ്രീം കോടതി നിർദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തു. ഒടുവില്‍ ജിഷ്ണു ആത്മഹത്യചെയ്തതാണെന്നുകാണിച്ച് അവര്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയും കോളജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, അസിസ്റ്റന്റ് പ്രൊഫസറും ഇന്‍വിജിലേറ്ററുമായ പി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയുമായിരുന്നു സിബിഐയുടെ കുറ്റപത്രം. ജിഷ്ണുവിന്റേത് കൊലപാതകമാണെന്ന് കുടുംബവും സഹപാഠികളും അന്നും ഇന്നും ഉറപ്പിച്ചു പറയുന്നു. പക്ഷേ കേരള പൊലിസില്‍ നിന്ന് സിബിഐയിലെത്തിയപ്പോള്‍ അത് ദുര്‍ബലമായൊരു കേസായി മാറി. സ്വാശ്രയ വിദ്യാഭ്യാസ മാഫിയ എത്രശക്തമാണെന്ന് അന്നത്തെ സിബിഐ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നതാണ്. കേസ് ഏറ്റെടുത്ത് ഒരു വർഷം വരെ സാക്ഷികളുടെ മൊഴിയെടുക്കാൻ പോലും സിബിഐക്ക് കഴിഞ്ഞിരുന്നില്ല. സാക്ഷികളായ വിദ്യാർത്ഥികളെ കോളജ് മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്നതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനൊരുങ്ങുക വരെ ചെയ്തു സിബിഐ. എന്നിട്ടും ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ടുണ്ടായി. ജിഷ്ണുവിന്റെ മരണം നടന്ന് ആറരവര്‍ഷം പിന്നിടുമ്പോഴാണ് കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കീഴിലുള്ള അമൽജ്യോതി എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിയായിരുന്ന ശ്രദ്ധയെന്ന പെണ്‍കുട്ടിയുടെ ദാരുണമരണം. കേവലമൊരു ആത്മഹത്യയായി ശ്രദ്ധയുടെ മരണത്തെയും ഒതുക്കാന്‍ ശ്രമിച്ച കോളജ് മാനേജ്മെന്റിന്റെ നീക്കം തകര്‍ത്തതും വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്നതും സഹപാഠികളുടെ ശക്തമായ സമരമാണ്. കാമ്പസ് രാഷ്ട്രീയവും പ്രതിഷേധസമരവും നിഷേധിക്കപ്പെട്ടിടത്തും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സഹപാഠിക്കുവേണ്ടി ഉയര്‍ത്തിയ പ്രതിരോധമാണ് ശ്രദ്ധയുടേത് ഒറ്റപ്പെട്ട സംഭവമല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ സമൂഹത്തിലുയര്‍ത്തിയത്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യ, കേരളത്തിലും കാമ്പസുകൾ പീഡനകേന്ദ്രങ്ങളായി മാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

 


ഇതുകൂടി വായിക്കു; രാജ്യദ്രോഹക്കുറ്റത്തിനായുള്ള പിടിവാശി


ജൂൺ രണ്ടിന് രാത്രി എട്ടിനാണ്, ശ്രദ്ധ ആത്മഹത്യാശ്രമം നടത്തിയതായി കോളജ് അധികൃതർ പിതാവിനെ അറിയിച്ചത്. അന്ന്, ലാബിൽ വച്ച് ഫോൺ നോട്ടിഫിക്കേഷൻ നോക്കി എന്നുപറഞ്ഞ് ശ്രദ്ധയുടെ ഫോൺ ലാബ് അസിസ്റ്റന്റ് പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാൾ അവളെ മാനസികമായി പീഡിപ്പിക്കുന്ന വിധത്തിൽ വിസ്തരിച്ചതായി സഹപാഠികൾ പറയുന്നുണ്ട്. അന്നു രാത്രിയാണ് മകൾ ഗുരുതരാവസ്ഥയിലാണെന്നും ഉടൻ വരണമെന്നും ആവശ്യപ്പെട്ട് പിതാവ് സതീഷിന് കോളജിൽനിന്ന് ഫോണ്‍ കിട്ടുന്നത്. 10 മിനിറ്റിനുശേഷം ‘താങ്കളുടെ മകൾ പോയി’ എന്നും അറിയിച്ചു. മേരി ക്വീൻ ആശുപത്രിയിലെത്തിയ പിതാവ് കണ്ടത്, മോർച്ചറിയിൽ മരവിച്ചുകിടക്കുന്ന മകളുടെ മൃതദേഹമായിരുന്നു. വൈകിട്ട് മൂന്നു മണിക്ക് ശ്രദ്ധയുടെ അച്ഛനെ വിളിച്ച്, ഫോൺ പിടിച്ചെടുത്തിട്ടുണ്ട്, കോളജിലേക്ക് വരണം എന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണിന്റെ പേരില്‍ ശ്രദ്ധയെ മാനസികമായി വല്ലാതെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് സഹപാഠികൾ പറഞ്ഞത്. എച്ച്ഒഡിയും ഒരു അധ്യാപികയും മാത്രമുള്ള കാബിനിലേക്ക് വിളിപ്പിച്ച ശേഷം പുറത്തുവന്ന ശ്രദ്ധ, തന്നെ തേജോവധം ചെയ്തുവെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നും പറഞ്ഞതായി സഹപാഠികൾ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു കുട്ടികൾ ഭക്ഷണം കഴിച്ചുവന്നപ്പോൾ ശ്രദ്ധയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. പരീക്ഷയിൽ തോറ്റതിന്റെ മാനസികസംഘർഷം മൂലമാണ് ആത്മഹത്യ എന്ന് വരുത്തിത്തീർക്കാനാണ് കോളേജ് അധികൃതർ ശ്രമിക്കുന്നത്. ഫോൺ പിടിച്ചെടുത്തശേഷം ശ്രദ്ധക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ അവസരമുണ്ടായിട്ടില്ലാത്തതിനാല്‍ വിശദവിവരങ്ങള്‍ ഇനി അന്വേഷണത്തിലൂടെ പുറത്തുവരേണ്ടിയിരിക്കുന്നു. ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴും കേവലമൊരു ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു കോളജ് മാനേജ്മെന്റ് ശ്രമം നടത്തിയത്. ആദ്യം സഹവിദ്യാർത്ഥികളുടെ പ്രതികരണത്തിലൂടെയും പിന്നീട് കേരളീയ സമൂഹം ഒന്നാകെ നടത്തിയ പ്രക്ഷോഭക്കൊടുങ്കാറ്റിലൂടെയും തടവറയ്ക്ക് സമാനമായ കാമ്പസിലെ പീഡനത്തിന്റെ കഥകൾ പുറത്തുവരികയായിരുന്നു. ഇടിമുറിയും വിദ്യാർത്ഥികളെ മര്‍ദിച്ചൊതുക്കാൻ പ്രത്യേക ഓഫിസർമാരെയും വരെ നിയമിച്ച കോളജ് മാനേജ്മെന്റിന്റെ രീതികള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇനിയൊരു വിദ്യാർത്ഥിയുടെ ജീവൻ കോളജ് അധികാരികളുടെ പീഡനത്തിൽ നഷ്ടമാകരുതെന്ന് അന്ന് കേരളം ആഗ്രഹിച്ചതാണ്. എന്നാൽ വിദ്യാർത്ഥിപീഡന വാർത്തകൾ വീണ്ടും പലതവണ പുറത്തുവന്നു. ജിഷ്ണുവിനു ശേഷം നെഹ്രു കോളജിൽ തന്നെ രണ്ടു വിദ്യാർത്ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷാ പേപ്പറിൽ ആത്മഹത്യാ കുറിപ്പ് എഴുതിയ വിദ്യാർത്ഥിയും ഹാജർ കുറഞ്ഞതിനാല്‍ വിഷം കഴിച്ച കുട്ടിയെയും ഇതേ കാമ്പസ് സൃഷ്ടിച്ചു. ഇതിന്റെ തുടർച്ചതന്നെയാണ് അമൽ ജ്യോതിയിലെ ശ്രദ്ധ സതീഷ്.


ഇതുകൂടി വായിക്കു; സ്ത്രീമുന്നേറ്റം: ഭാവിയുടെ വിപ്ലവശക്തി


 

എന്നാൽ കുത്തക മാധ്യമങ്ങൾ കോളജ് മാനേജ്മെന്റുകള്‍ നൽകുന്ന പരസ്യത്തിന്റെ പിന്നിലൊളിപ്പിക്കാനുള്ള വാർത്താമൂല്യം മാത്രമേ വിദ്യാർത്ഥികളുടെ പീഡനങ്ങൾക്ക് നല്‍കിയുള്ളൂ. ശ്രദ്ധയുടെ മരണം നടന്ന് മൂന്നാംദിവസം വിദ്യാര്‍ത്ഥിസമരം ശക്തമായപ്പോള്‍ മാത്രം അവിടെയെത്തിയ മാധ്യമങ്ങളോട് സമരക്കാര്‍ ചോദിച്ച ചോദ്യവും ‘ഇതുവരെ നിങ്ങള്‍ എവിടെയായിരുന്നു’ എന്നാണ്.
സമരോത്സുകവും സർഗാത്മകവുമായ കാമ്പസുകൾ അന്യവല്‍ക്കരിക്കപ്പെട്ടതാണ് വിദ്യാഭ്യാസ വ്യവസായ ലോബിയുടെ കരുത്ത്. കേരളത്തിലെ കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അധ്യയന തടസമുണ്ടാക്കിയാല്‍ അതൊഴിവാക്കാൻ ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം കൊടുക്കണമെന്നും ജസ്റ്റിസ് പി ബി സുരേഷ്‍കുമാർ വ്യക്തമാക്കിയിരുന്നു. 2017 ഒക്ടോബറില്‍ ഇതേ ഉത്തരവ് ഹൈക്കോടതി ആവര്‍ത്തിച്ചു. സമരവും സത്യഗ്രഹവും പാടില്ലെന്നുമാത്രമല്ല, പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കണമെന്ന തികച്ചും ജനാധിപത്യവിരുദ്ധ നിര്‍ദേശവും കോടതിയില്‍ നിന്നുണ്ടായി. പൊന്നാനി എംഇഎസ് കോളജിലെ വിദ്യാർത്ഥിസമരത്തിന്റെ പശ്ചാത്തലത്തിൽ കോളജ് അധികൃതർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. വിധിക്കെതിരെ സർക്കാർ അപ്പീൽ കൊടുക്കുമെന്ന് അന്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ വ്യക്തമാക്കിയതുമാണ്. സമരങ്ങൾ പൂർണമായും വർജിക്കേണ്ടതാണെന്ന ധാരണ ജനാധിപത്യത്തെ ദുർബലമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികള്‍ക്ക് വേഗമുണ്ടായില്ല. വിദ്യാർത്ഥിരാഷ്ട്രീയത്തിന് വിലങ്ങണിയിച്ച ‘ശുദ്ധ’ കലാലയങ്ങൾ വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജ്മെന്റുകളുടെയും ജാതി‐മത പ്രമാണിമാരുടെയും കോൺസെൻട്രേഷൻ ക്യാമ്പുകളാവുന്നതിന്റെ ഉദാഹരണങ്ങളാണ് ജിഷ്ണു മുതല്‍ ശ്രദ്ധ വരെയുള്ളവര്‍. ജനാധിപത്യ‐ മതനിരപേക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിലാണ് ലോകത്തെമ്പാടും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ രൂപംകൊണ്ടതും പ്രവർത്തിച്ചിരുന്നതും. പല വിപ്ലവങ്ങളിലും സാമൂഹ്യമാറ്റങ്ങളിലും അവ ഭാഗഭാക്കായി. ഇന്ത്യയില്‍ ദേശീയ വിമോചന പോരാട്ടത്തിലടക്കം അവരുടെ ആവേശകരമായ സാന്നിധ്യമുണ്ടായിരുന്നു. ഗാന്ധിയൻ ചിന്താപദ്ധതികളിലേക്കും സമരമാർഗങ്ങളിലേക്കും ആകർഷിക്കപ്പെട്ടത് വിദ്യാര്‍ത്ഥി സമൂഹമാണ്. പൊതുരാഷ്ട്രീയ‐സാമൂഹികപ്രശ്നങ്ങളിലും വിദ്യാഭ്യാസമേഖലയിലെ അവകാശസംരക്ഷണത്തിലും മാതൃകാപരമായ സംഭാവനകൾ നൽകി. കേരളത്തില്‍ മാനേജ്മെന്റുകളുടെ അമിതാധികാരം, റാഗിങ് തുടങ്ങിയ കാമ്പസുകളിലെ പീഡനങ്ങൾ, അമിത ഫീസ്, സിലബസ് പരിഷ്കരണം, പഠന സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങൾ നടത്തി.


ഇതുകൂടി വായിക്കു;  ‘എന്റയർ പൊളിറ്റിക്കൽ’ തട്ടിപ്പ്


വിദ്യാർത്ഥി പ്രതിഷേധങ്ങളെയും സമരങ്ങളെയും വെറും കുറ്റകൃത്യവും ക്രമസമാധാന പ്രശ്നവും ശല്യവുമായി ചുരുക്കുമ്പോള്‍ ജനാധിപത്യവും അതിന്റെ ബാലപാഠങ്ങളുമാണ് ദുർബലമാവുന്നത്. പ്രത്യേകിച്ച് പതിനെട്ട് വയസുള്ളവർക്ക് വോട്ടവകാശമുള്ള നാട്ടിൽ. നാടിന്റെ യൗവ്വനത്തുടിപ്പായ വിദ്യാർത്ഥിക്ക് രാഷ്ട്രബോധവും രാഷ്ട്രീയ ബോധവും നിശ്ചയമായും വേണം. എന്നാല്‍ ഇതിനാെരു മറുവശവുമുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറപിടിച്ച്, സഹപാഠിയെപ്പോലും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. വായനയിലൂടെയും മനനത്തിലൂടെയും അറിവും അതിന്റെ ആഴവും വ്യാപ്തിയും നേടേണ്ട കാലത്ത് തെരുവിലും അക്ഷരമുറ്റത്തും അക്രമം വിളയാടുമ്പോൾ, നഷ്ടപ്പെടുന്നത് യുവതയുടെ സ്വത്വബോധവും നാളെയുടെ പ്രതീക്ഷകളുമാണ്. ചില സംഘടനകളുടെ ഇത്തരം സേച്ഛാനിലപാടുകളും കോടതിവിധിക്ക് കാരണമായെന്ന് കാണാതിരുന്നുകൂടാ. വർഗീയതയും വംശീയതയും മദിക്കാത്ത കർമ്മപഥത്തിന്റെ പരിശീലനക്കളരികളാകണം നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും. അവിടെ രൂപപ്പെടേണ്ടത്, സ്വത്വബോധവും സാമൂഹ്യ ബോധവുമാണ്. പ്രഖ്യാപിക്കപ്പെടേണ്ടത് രാഷ്ട്രബോധമാണ്. ആ രാഷ്ട്രബോധത്തിൽ നിന്നാണ് രാഷ്ട്രീയവും പൊതുബോധവും ഉടലെടുക്കേണ്ടത്. രാജ്യത്ത് ജനാധിപത്യത്തിന്റെ അവസാന നാളവും കരിന്തിരി കത്തുമ്പോൾ, കേവലാര്‍ത്ഥത്തിലുള്ള കോടതിവിധിയുടെ പ്രത്യാഘാതം വിവരണാതീതമാണ്. അരാഷ്ട്രീയമായ കാമ്പസ് അരാജകത്വത്തിന്റെ നഴ്സറികളായിരിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. അവ തീവ്രവാദ പ്രവർത്തനങ്ങളുടെയും മദ്യം, മയക്കുമരുന്ന് തുടങ്ങിയ കെടുതികളുടെയും കേന്ദ്രങ്ങളാവുകയാണ്. അതിനൊപ്പം ചോദ്യംചെയ്യപ്പെടാത്ത അധീശത്വത്തിന്റെ പീഡനശാലകളുമാകും. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി സര്‍വകലാശാലാ അധികൃതരും മന്ത്രിമാരും ഇടപെട്ട് ചര്‍ച്ചനടത്തി കോളജ് തുറക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അമല്‍ജ്യോതി മാനേജ്മെന്റ് കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരിക്കുന്നു. സ്ഥാപനത്തിന് പൊലീസ് സംരക്ഷണം വേണമെന്നാണ് അവരുടെ ആവശ്യം. സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് അവസാനിപ്പിച്ച പ്രശ്നത്തില്‍ എന്തിനാണ് കോടതിവിധിയിലൂടെ സംരക്ഷണം? അതിന് ഒരര്‍ത്ഥമേയുള്ളൂ, ജനാധിപത്യം വിഭ്യാഭ്യാസവ്യവസായികള്‍ അംഗീകരിക്കുന്നില്ല. പൊലീസ് കാവലിലും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തണം. അതുകൊണ്ട്, കാമ്പസില്‍ ആത്മഹത്യചെയ്യുന്ന, ആത്മഹത്യചെയ്യാനുള്ള ധൈര്യംപോലുമില്ലാതെ ജീവച്ഛവങ്ങളായി കഴിയുന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കളുടേതു കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.