“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്നു പ്രസ്താവിച്ചത് ഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധിജിയാണ്. വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിച്ചത് “ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിക്കില്ല” എന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഈ പ്രതിഭകള്‍ ജീവിച്ചിരുന്നത്. ഗാന്ധിജി മരിക്കുമ്പോള്‍ ബാലനായിരുന്ന ഒരു രാഷ്ട്രത്തലവന്‍ കഴിഞ്ഞ ദിവസം 89-ാം വയസില്‍ അന്തരിച്ചു. തികച്ചും സാധാരണക്കാരനായി ജീവിച്ച് മരിച്ച അദ്ദേഹത്തിന്റെ പേര് ജോസ് മുജിക്ക (José Mujica) എന്നാണ്.
കേവലം അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ഉറുഗ്വേ എന്ന ദക്ഷിണ അമേരിക്കൻ രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്ന പ്രസിഡന്റാണ് മുജിക്ക. സാധാരണക്കാരന്റെ വളര്‍ച്ചയാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനം എന്ന കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. മുജിക്കയുടെ ഭരണകാലത്ത് തൊഴിലവസരങ്ങളും, കൃഷിയും വര്‍ധിപ്പിച്ചതോടൊപ്പം വ്യവസായങ്ങളും അഭിവൃദ്ധി നേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് ഉറുഗ്വേയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം 31,980 ഡോളറാണ്. ലോകത്തെ നാലാമത്തെയോ മൂന്നാമത്തെയോ സാമ്പത്തിക ശക്തി എന്നവകാശപ്പെടുന്ന ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 10,020 ഡോളര്‍ മാത്രമാണെന്നത് കൂട്ടിവായിക്കാം. ഗറില്ല പോരാളി എന്നനിലയിൽ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള മുജിക്ക എന്ന ഇടതുപക്ഷ നേതാവിന്റെ വളര്‍ച്ച അസാധാരണമായിരുന്നു. ക്യൂബൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1960കളിലും 70കളിലും സായുധ കലാപം ആരംഭിച്ച ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ പ്രധാനിയായിരുന്നു മുജിക്ക. ഉറുഗ്വേയിലെ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടം അദ്ദേഹത്തെ 15 വർഷത്തോളം ജയിലിലടച്ചു. ‘ആറ് മാസത്തോളം കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയിട്ടു, രണ്ട് വർഷത്തോളം ബാത്ത്റൂമിൽ പോകാൻ പോലും അനുവദിച്ചില്ല’ എന്ന് 2020ലെ ഒരു അഭിമുഖത്തിൽ താൻ അനുഭവിച്ച ക്രൂര പീഡനങ്ങളെക്കുറിച്ച് മുജിക്ക പറഞ്ഞിട്ടുണ്ട്.
1985ൽ രാജ്യത്ത് ജനാധിപത്യഭരണം വന്നപ്പോഴാണ് ജയിൽ മോചിതനായത്. തുടര്‍ന്ന് മൂവ്മെന്റ് ഓഫ് പോപ്പുലർ പാർട്ടിസിപ്പേഷൻ (എംപിപി) എന്ന സംഘടന രൂപീകരിച്ചു. 2010ൽ 50 ശതമാനത്തിലധികം വോട്ടുകൾ നേടിക്കൊണ്ട് മുജിക്ക ഉറുഗ്വേയുടെ പ്രസിഡന്റായി അധികാരമേറ്റു. പ്രസിഡന്റായിരിക്കെ, പ്രൗഢമായ രാഷ്ട്രപതി ഭവനില്‍ കഴിയാൻ കൂട്ടാക്കാതെ ഭാര്യയുടെ പേരിലുള്ള ചെറിയ ഫാം ഹൗസിലാണ് മുജിക്ക താമസിച്ചത്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ആ ചെറിയ വീട്ടില്‍ത്തന്നെയാണ് പ്രസിഡന്റാകുന്നതിന് മുമ്പും പദവിയൊഴിഞ്ഞ ശേഷം മരണം വരെയും താമസിച്ചത്. മുജിക്ക അധികാരമേല്‍ക്കുമ്പോള്‍ രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം 13,300 ഡോളറായിരുന്നു. തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12,000 ഡോളര്‍ നിര്‍ധനര്‍ക്ക് വിതരണം ചെയ്തു. ശേഷിച്ച 1,300 ഡോളറില്‍ 525 ഡോളര്‍ മാത്രമാണ് സ്വന്തം പ്രതിഫലമായി സ്വീകരിച്ചത്. ബാക്കി 775 ഡോളര്‍ ഒരു അനാഥാലയത്തിന് നല്‍കി. സുരക്ഷയ്ക്കായി കേവലം രണ്ടു പൊലീസുകാരെയാണ് നിര്‍ത്തിയത്. അവര്‍ക്കുള്ള ഭക്ഷണവും വീട്ടില്‍ നിന്ന് നല്‍കി. വീട്ടുജോലിക്കാരെയും നിയമിച്ചിരുന്നില്ല. അലക്കലും, പാചകവും, പൂന്തോട്ടം നനയ്ക്കുന്നതുമെല്ലാം മുജിക്കയും ഭാര്യയും തന്നെയായിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കൃഷിയും വ്യാപാരവും മുടക്കിയില്ല. ഒഴിവു സമയങ്ങളില്‍ കൃഷിക്കായി നിലം ഒരുക്കുന്നതും അദ്ദേഹം തന്നെയായിരുന്നു. ഭാര്യ മേല്‍നോട്ടം വഹിച്ച പൂക്കൃഷിയുടെ വരുമാനമാണ് ജീവിക്കാന്‍ ഉപയോഗിച്ചിരുന്നത്. തന്റെ പഴയ ഫോക്സ് വാഗണ്‍ ബീറ്റില്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് പ്രസിഡന്റ് ഓഫിസില്‍ പോയിരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഒരു ആഢംബര വാഹനത്തിന്റെ ഏകദേശവില 12 കോടിയാണ്. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യാത്രചെയ്യാന്‍ ഖത്തര്‍ ഉപഹാരമായി നല്‍കിയത് 4,000 കോടി ഡോളർ വിലമതിക്കുന്ന ബോയിങ് 747–8 ആഡംബരവിമാനമാണ് എന്നത് മുജിക്കയുടെ രാഷ്ട്രീയ ജീവിതവുമായി താരതമ്യം ചെയ്യാവുന്നതാണ്.
രാഷ്ട്രപതിഭവനില്‍ താമസിക്കാതെ, ജീവിത പങ്കാളിയും മുന്‍ വെെസ് പ്രസിഡന്റുമായ ലൂസിയ ടോപോളാൻസ്കിക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായയ്ക്കുമൊപ്പം കൊച്ചുവീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തെ പ്രതിപക്ഷം പോലും ആദരവോടെ വിളിച്ചിരുന്നത് “സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി” എന്നാണ്. എന്നാല്‍ ആ പ്രയോഗത്തെ അദ്ദേഹം തിരുത്തുന്നതിങ്ങനെയാണ്: “ഞാൻ ഒരു ദരിദ്രനായ പ്രസിഡന്റല്ല; ദരിദ്രൻ ധാരാളം ആവശ്യങ്ങളുള്ള ഒരാളാണ്. എനിക്ക് ജീവിക്കാൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ. കാരണം ഞാൻ പ്രസിഡന്റാകുന്നതിന് വളരെ മുമ്പ് ജീവിച്ചതുപോലെയാണ് ഇപ്പോഴും ജീവിക്കുന്നത്.”
മുജിക്കയുടെ രാഷ്ട്രീയമായ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചത്. 2015ല്‍ അഞ്ച് വര്‍ഷ കാലാവധിക്ക് ശേഷം വീണ്ടും തുടരാന്‍ അണികളും സഹപ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തിയെങ്കിലും അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞതിങ്ങനെ: “രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറയുടെ കയ്യില്‍ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്. അവര്‍ ആ ഉത്തരവാദിത്തം നന്നായി നിറവേറ്റട്ടെ. എന്റെ മൂന്നുകാലുള്ള മാനുവലിനും (വളര്‍ത്തു നായ) വയസനായ ബീറ്റിലിനും (പഴയ കാര്‍) എന്നെ ആവശ്യമുണ്ട്. അവര്‍ക്കൊപ്പം ശിഷ്ടകാലം ചെലവഴിക്കണം.” താന്‍ മുന്നോട്ടുവച്ച രാഷ്ട്രീയ ദൗത്യം നിറവേറ്റിയ, അതിന്റെ തുടര്‍ച്ചയ്ക്കായി പുതുതലമുറയ്ക്കുവേണ്ടി സ്വയം വഴിമാറിയ ജോസ് മുജിക്ക അധികാരത്തിനുവേണ്ടി എത്രകാലവും കടിച്ചുതൂങ്ങാനും എന്തുവേഷവും കെട്ടാനും തയ്യാറായി നില്‍ക്കുന്ന ആഗോള രാഷ്ട്രീയ നേതാക്കള്‍ക്ക് മുമ്പിലെ മാതൃകയാണ്, ഗാന്ധിജിയെപ്പോലെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.