ആർ ഗോപകുമാർ

January 11, 2020, 5:20 am

വർഗസമരത്തിന്റെയും ജീവിവർഗങ്ങളുടെയും വിജയം

Janayugom Online

കൊച്ചിയിലെ കായലുകളുടെ രൂപംമാറാൻ തുടങ്ങിയത് മറൈൻ ഡ്രൈവിന്റെ നവീകരണത്തോടെയാണ്. ഒറ്റപ്പെട്ടുകിടന്ന വൈപ്പിൻ ദ്വീപിലേക്ക് പാലം പണിയാൻ ഏക്കറുകണക്കിന് കായൽ നികത്തിയതിനൊപ്പം രമ്യ ഹർമ്യങ്ങൾക്ക് അടിത്തറയിട്ടുകൊടുത്തതും ഉത്തരവാദിത്തപ്പെട്ട അധികാരികളായിരുന്നു. നഗരത്തിൽ ജനപ്പെരുപ്പവും ഇതോടെ വർധിച്ചു. ടൂറിസം എന്ന പേരിൽ ബോട്ടുകൾ യഥേഷ്ടം ഓടുകയും മനുഷ്യവിസർജ്യം അടക്കം ജലാശയങ്ങളിൽ നിക്ഷേപിക്കുകയും കൂടി ചെയ്തതോടെ ദുരിതത്തിലായത് പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. കൊച്ചിയിൽ നിന്നകന്ന് പൂത്തോട്ടയും പെരുമ്പളവും ഒളവയ്പ്പുമെല്ലാം നഗര ജീവിതത്തിന്റെ തുടർച്ചയായി അവതരിപ്പിക്കപ്പെട്ടതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് എടുത്തെറിയപ്പെട്ടു. ജീവിതം വഴിമുട്ടിയതോടെ കായൽ നികത്തി ഉയർത്തിയ റിസോർട്ടുകൾക്കെതിരെ തൊഴിലാളികൾ രംഗത്തുവന്നു. സമരത്തിലുറച്ചുനിന്ന തൊഴിലാളികളെ വേട്ടയാടാനാണ് റിസോർട്ട്, ഭൂമാഫിയയും അവരെ തുണയ്ക്കുന്നവരും ശ്രമിച്ചത്. പ്രലോഭനങ്ങൾക്ക് അപ്പുറം അടുത്ത തലമുറയാണ് വലുതെന്ന ലക്ഷ്യമുയർത്തിപ്പിടിച്ച് പോരാട്ടം തുടരുകയായിരുന്നു കൊച്ചിയിലെ മത്സ്യത്തൊഴിലാളികളും അവർക്ക് ശക്തിപകർന്ന് എഐടിയുസിയും. വേമ്പനാട് കായലിലെ കാപികോ റിസോർട്ടിനെതിരായ പോരാട്ടം ഇത്തരത്തിൽ കൊച്ചിയിലെ മത്സ്യത്തൊഴിലാളികളുടെ ഉജ്ജ്വലമായ ജീവിതസമരമായിരുന്നു.

കാപികോ റിസോർട്ട് പൊളിക്കാൻ ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നു. കുണ്ടന്നൂരിലെ നിയമത്തിന് മുകളിൽ പടുത്തുയർത്തിയ രമ്യഹർമ്യങ്ങൾ പൊളിക്കുന്നത്തിന് തലേദിവസമാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയം. ഇത് ജീവിതം വഴിമുട്ടിയ കൊച്ചിയിലെ സാധാരണ മത്സ്യ­ത്തൊഴിലാളിയുടെ വിജയമാണ്; കടലും കായലും മത്സ്യത്തൊഴിലാളിയുടേതാണെന്ന സത്യം ഉയർത്തിപ്പിടിച്ചവരുടെ വിജയം. ഈ വെള്ളവും ഇവിടുത്തെ ജീവിതവും അമൂല്യമാണെന്നു പറഞ്ഞവർ വിജയിക്കുമ്പോൾ അതിന് മാറ്റേറുകയാണ്. വേമ്പനാട് കേവലം കായൽ മാത്രമല്ല, തുരുത്തുകളും കായലിലേയ്ക്ക് പതിക്കുന്ന അഞ്ച് നദികളുടെ സംഗമകേന്ദ്രവും തൃശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോൾനിലങ്ങളും മുട്ടിയുരുമ്മുന്ന തണ്ണീർത്തട ആവാസവ്യവസ്ഥയാണിത്. കുട്ടനാട്ടിലെ വിശാലമായ പാടശേഖരവും കോൾനിലങ്ങളും ചേർന്നാൽ കേരളത്തിന്റെ ഭക്ഷ്യാവശ്യത്തിലേയ്ക്കായി വേമ്പനാട് നൽകുന്ന സംഭാവന എത്ര വലുതാണെന്ന് കാണാം. 13,632 ഹെക്ടറാണ് കോൾപാടങ്ങളുടെ വിസ്തൃതി. കായൽ നിലങ്ങളുടേത് 37,624 ഹെക്ടറും. നമ്മുടെ കടൽ-ഉൾനാടൻ മത്സ്യസമ്പത്തിന്റെ അടിസ്ഥാനം പ്രധാനമായും വേമ്പനാടിന്റെ സാന്നിദ്ധ്യമാണ്. 102 ഇനം മത്സ്യങ്ങളെയാണ് വേമ്പനാട്ടിൽ കണ്ടെത്തിയിട്ടുള്ളത്. മത്സ്യങ്ങളടക്കം ധാരാളം കടൽജീവികൾ പ്രജനനത്തിനും പ്രാരംഭവളർച്ചയ്ക്കും ആഹാരത്തിനുമൊക്കെയായി വേമ്പനാടിനെ ആശ്രയിക്കുന്നുണ്ട്. ആകെ കടൽത്തീരത്തിന്റെ 10 ശതമാനം മാത്രം സ്വന്തമായുള്ള കേരളം ദേശീയ മത്സ്യസമ്പത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുന്നതിന്റെ കാരണം മറ്റൊന്നല്ല. വേമ്പനാട് വഴിയുള്ള എക്കൽ വരവാണ് ചാകരയുടെ പ്രധാന കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. കൃഷിക്കും മത്സ്യബന്ധനത്തിനുമായി ആശ്രയിക്കുന്നവരുടെ എണ്ണമെടുത്താൽത്തന്നെ ലക്ഷക്കണക്കിന് സാധാരണക്കാർ നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന തൊഴിലിടമാണ് വേമ്പനാട് എന്ന് കാണാൻ കഴിയും.

14 ഇനം കണ്ടലുകളെയും 30 കണ്ടൽ അനുബന്ധ സസ്യങ്ങളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന 50 ഇനം ദേശാടനപ്പക്ഷികളുൾപ്പെടെ 189 ഇനം പക്ഷികളുടെ താവളമാണ് വേമ്പനാട്. കേരളത്തിലുണ്ടെന്ന് തിട്ടപ്പെടുത്തിയ 485 ഇനം പക്ഷികളിൽ 40 ശതമാനം ഇവിടെ കാണപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവിധ കായൽ-കടൽ‑പുഴ മത്സ്യങ്ങൾ, കക്ക വർഗജീവികൾ, വാണിജ്യ സാധ്യത ഏറെയുള്ള ചെമ്മീൻ ഇനങ്ങൾ, ഉഭയവർഗ ജീവികൾ, നീർനായ പോലുള്ള ചില ജന്തു വർഗങ്ങൾ, 16 ഇനം ഉരഗങ്ങൾ, 45 ഇനം പൂമ്പാറ്റകൾ (ഇതിൽ 13എണ്ണം അപൂർവയിനങ്ങൾ), നാനാതരം സസ്യജാലങ്ങൾ (ഭക്ഷ്യയോഗ്യമായതും ഔഷധഗുണമുള്ളവയും അക്കൂട്ടത്തിലുണ്ട്) എണ്ണിയാലൊടുങ്ങാത്ത കീടങ്ങളും സൂക്ഷ്മജീവികളും ഇങ്ങനെ അസംഖ്യം ജീവികൾക്ക് വീടും അടുക്കളയുമാണ് ഈ ആവാസവ്യവസ്ഥ. കായലിന്റെ നാശം ഇതിനകം തന്നെ ഒരുപാട് ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. ചീങ്കണ്ണി വർഗത്തിൽപ്പെട്ട ചില ജീവികളെ കായലിൽ ധാരാളം കണ്ടിരുന്നതായി പഴമക്കാർ ഓർമ്മിക്കുന്നു. ഇവയുടെ വംശം കുറ്റിയറ്റു പോയതായി വേണം കരുതാൻ. തണ്ണീർമുക്കം ബണ്ടിന് തെക്ക് ഭാഗത്ത് നിന്ന് പല മത്സ്യയിനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. കേരളത്തെ ഏറ്റവും സുന്ദരവും വാസയോഗ്യവുമാക്കി നിലനിർത്തുന്നതിൽ ജലത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇതിലേയ്ക്കായി കരുതിവച്ച ജലസമ്പത്തിന്റെ കാവലാൾ കൂടിയാണ് വേമ്പനാട്. കായലിൽ പതിക്കുന്ന അഞ്ച് നദികൾ ഉൾപ്പെടെ 10 നദികളുടെ പതനസ്ഥലമാണ് വേമ്പനാട്-കോൾ തണ്ണീർത്തടം.

ജലത്തെ സംഭരിച്ച് വയ്ക്കുകയും ക്രമാനുഗതമായി കടലിലേയ്ക്ക് ഒഴുക്കുകയും വഴി കേരളത്തിന്റെ ഭൂരിഭാഗം പ്രദേശത്തെ ജലാവശ്യങ്ങളെയും ഭൂജലസമ്പത്തിനെയും ഇത് നിർണ്ണായകമായി സ്വാധീനിക്കുന്നു. പശ്ചിമഘട്ടത്തി­ൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കുട്ടനാട്ടിലെത്തി ശാഖോപശാഖകളായിപ്പിരിയുകയും കായലിൽ പതിക്കുകയുമാണ് ചെയ്യുന്നത്. കുട്ടനാടിനെ ഫലഭൂയിഷ്ടമാക്കുന്ന പ്രക്രിയ കൂടിയാണിത്. പ്രതിവർഷം 13,353 ദശലക്ഷം ഘനമീറ്ററോളം വെള്ളമാണ് ഇങ്ങനെ ഒഴുകിയെത്തുന്നത്. പ്രകൃതിദത്ത ജലസംഭരണിയായ കായലിന്റെ നാശം കായലിലെത്തുന്ന ജലം വിവിധ പൊഴികളിലൂടെയും അഴികളിലൂടെയുമാണ് അറബിക്കടലിൽ പതിക്കുന്നത്. നീരൊഴുക്ക് കുറയുമ്പോൾ കായലിലൂടെ നദിയിലേയ്ക്ക് ഓര് കയറും. കായൽ വിസ്തൃതി എത്രകണ്ട് കുറയുന്നുവോ, ഓര് കയറ്റത്തിന്റെ തോത് നദിയുടെ മുകൾഭാഗത്തേയ്ക്ക് കൂടുതലായി വ്യാപിക്കും. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും വർദ്ധിക്കും. വേനൽക്കാലത്ത് ജലലഭ്യതയെ ബാധിക്കുകയും പ്രളയകാലത്ത് കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും നാശം വിതയ്ക്കുകയും ചെയ്യും. എറണാകുളമായി ഇന്ന് നാം കാണുന്ന വളർച്ചയുടെ ആധാരം കൊച്ചി തുറമുഖമാണെന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല. കായലിലെത്തുന്ന അധികജലം ഒഴുകി മാറുന്നത് പ്രധാനമായും കൊച്ചി അഴിമുഖം വഴിയാണ്. കായലിൽ നിന്ന് ഒഴുക്ക് കുറയുന്നത് മണൽ അടിയു ന്നതിനും തുറമുഖത്തിന്റെ നാശത്തിനും കാരണമാകും. ഇതേ കാരണത്താൽ 1903ൽ തിരുവിതാംകൂർ സർക്കാർ കായൽ നികത്തുന്നത് നിരോധിച്ചിരുന്നു. കായൽ സംരക്ഷണത്തിനായുള്ള സർക്കാർതല ഇടപെടലുകളുടെ ചരിത്രം ആരംഭിക്കുന്നത് ഇവിടം മുതലാണ്. തുറമുഖ വകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് കേന്ദ്രസർക്കാർ തണ്ണീർമുക്കം ബണ്ടിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഉപാധികളോടെ അനുമതി ലഭിച്ചു. ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും കാര്യത്തിൽ ഉണ്ടായിരുന്ന ഉപാധികളും നിയന്ത്രങ്ങളും ആവർത്തിച്ച് ലംഘിക്കപ്പെടുകയും ഈ രണ്ട് നിർമ്മിതികളും കായൽ നശീകരണത്തിന് പ്രധാ­ന കാരണമായിത്തീരുകയും ചെയ്തു. കാഴ്ചയ്ക്ക് സുന്ദരമെന്ന പോലെ സങ്കീർണ്ണവുമായൊരു ഭൂപ്രദേശമാണിത്. നദികൾ വേമ്പനാട്ടിലേയ്ക്ക് ഒഴുക്കിക്കൊണ്ട് വരുന്ന എക്കലും മണലും അടിഞ്ഞ് രൂപപ്പട്ട ഡെൽറ്റ പ്രദേശമാണ് കുട്ടനാട്- പ്രകൃതിയും മനുഷ്യനും ചേർന്ന് പരുവപ്പെടുത്തിയെടുത്ത ആവാസവ്യവസ്ഥ.

പ്രകൃതിദത്തമായി രൂപമെടുത്ത ആദിമ കുട്ടനാടും മനുഷ്യൻ കൂട്ടിച്ചേർത്ത പുതു കുട്ടനാടും ചേർന്ന് ഒരുപാട് മനുഷ്യർക്ക് ഭക്ഷണവും കുടിവെള്ളവും തൊഴിലും ജീവിതവും നൽകുന്നു. നദികൾ ശാഖകളായും ചെറുകൈവഴികളായും പിരിഞ്ഞ് കുട്ടനാട്ടിലൂടെ കടന്നാണ് വേമ്പനാട്ടിലെത്തുന്നത്. മണ്ണിന് പോഷണവും ജലവും പകർന്ന് നൽകുന്ന ഈ ജല ശൃംഖലയാണ് കുട്ടനാടിന്റെ ജീവനാഡി. വെള്ളപ്പൊക്കം പോലും കുട്ടനാടിന് പ്രകൃതി നൽകിയ വരദാനമാണ്. കുട്ടനാടൻ പാടങ്ങളിൽ എക്കലടിയാൻ സഹായിച്ചിരുന്ന പ്രകൃതിചക്രം മുറിഞ്ഞത് തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ, എസി റോഡ് എന്നിവയുടെ നിർമ്മാണത്തോടെയാണ്. ബണ്ടിന്റെ തെക്ക് ഭാഗത്തിന് പാരിസ്ഥിതികമായി കായലിന്റെ സ്വഭാവം നഷ്ടപ്പെട്ട് വെറും വെള്ളക്കെട്ടായി മാറി. മത്സ്യത്തിന്റെയും കക്കയുടെയും പ്രജനനത്തെയും വളർച്ചയെയും ഇത് ദോഷകരമായി ബാധിച്ചു. 2011ലെ തീരദേശ പരിപാലന നീയന്ത്രണ വിജ്ഞാപനം, വേമ്പനാട് കായലിനെ അതിലോല തീരപ്രദേശം എന്നാണ് നിർവചിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വേമ്പനാടിനെ ദേശീയ തടാക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്. വേമ്പനാട് പരിപാലന അതോറിറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാറും കൊച്ചി നഗരസഭയും തീരുമാനിച്ചു. റാംസേർ ഇടമായി പ്രഖ്യാപിച്ചതോടെ വേമ്പനാട് സംരക്ഷണമെന്നത് അന്തർദേശിയ സമൂഹത്തോടുള്ള ഉത്തരവാദിത്തമായി മാറുകയും ചെയ്തു. വസ്തുതകൾ ഇങ്ങിനെയൊക്കെ ആയിരിക്കെ, നിയമങ്ങൾ ലംഘിച്ചും വളച്ചൊടിച്ചും അവയ്ക്ക് പഴുത് സൃഷ്ടിച്ചുമൊക്കെ കൊച്ചി കായലിൽ കയ്യേറ്റവും മലിനീകരണവും നിർബാധം തുടർന്നുവന്നു. കായലിന് കാവലാകേണ്ട ജനകീയ ഭരണകൂടവും ചില ജനപ്രതിനിധികളുമൊക്കെ ഇതിന് ഒത്താശക്കാരായും എത്തി.

വികസനാവശ്യങ്ങൾക്കായി കായൽ നികത്തുക എന്നത് പിന്നീട് വികസനത്തിനുള്ള പണം കണ്ടെത്താനുള്ള ഉപാധിയായി ചിലർ മാറ്റിയെടുത്തു. 1995ലെ ഗോശ്രീ പദ്ധതിയാണ് ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. പ്രക്ഷോഭങ്ങളെ തുടർന്ന് നികത്തലിന്റെ വിസ്തൃതി ഗണ്യമായി കുറയ്ക്കാനായി എന്നത് മറ്റൊരു വസ്തുതയാണ്. എങ്കിലും അതൊരു പുതിയ വികസന സംസ്ക്കാരത്തിന് തുടക്കമിട്ടു. വളന്തക്കാടും ബോൾഗാട്ടിയും സ്കൈസിറ്റിയും മെത്രാൻകായൽ പദ്ധതിയുമൊക്കെ പങ്കുവയ്ക്കുന്നത് ഇതേ വികസനാവബോധം തന്നെയാണ്. ഇന്ന് കുണ്ടന്നൂരിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പുതിയ സന്ദേശം ഉയരുന്നു. കോപ്പിക്കോ പൊളിക്കണം എന്നത് ആരുടെയും പരാജയമല്ല. ജീവിവർഗങ്ങളുടെ വിജയമാണ്. വികസനത്തിനപ്പുറം മനുഷ്യനും ജീവിവർഗവുമാണ് വലുതെന്ന സത്യം.