കേന്ദ്രബജറ്റ് പരിശോധിച്ചതിനുശേഷമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി ഏഴിന് കേരള ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന് താങ്ങും തണലുമാകുന്ന എന്തെങ്കിലും കേന്ദ്രബജറ്റിൽ ഉണ്ടായിരുന്നില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ 63 ശതമാനം ചെന്നെത്തുന്നത് കേന്ദ്ര ഖജനാവിലാണ്. അതിനാൽ കേന്ദ്ര വരുമാനത്തിന്റെ 50 ശതമാനമെങ്കിലും പങ്കുവയ്ക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹവും ഈ ആവശ്യം ഉന്നയിച്ചിരുന്നതാണ്. എന്നാൽ നിലവിൽ സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്നത് 41 ശതമാനം മാത്രമാണ്. അതിൽ 1.92 ശതമാനമാണ് കേരളത്തിന് കിട്ടുന്നത്. സെസ്, സർചാർജ് ഇവയുടെ വിഹിതം ഒരു സംസ്ഥാനത്തിനും കിട്ടില്ല. കടമെടുപ്പ് പരിധി മൂന്ന് എന്നത് നാല് ശതമാനമായി വർധിപ്പിക്കണം എന്ന ആവശ്യം നിരാകരിച്ചു. കിഫ്ബി വഴിയും ക്ഷേമനിധി പെൻഷൻ നൽകുന്നതിനുള്ള കമ്പനി വഴിയും എടുത്ത വായ്പയായ 12,562 കോടി രൂപ മൂന്ന് ശതമാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാർ ജിഡിപിയുടെ 4.41 ശതമാനത്തിൽ കൂടുതൽ തുക കടമെടുക്കുകയും ചെയ്യുന്നു. വയനാട് ദുരന്തത്തിനും വിഴിഞ്ഞം പദ്ധതിക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കേട്ടതായി പോലും നടിക്കാത്ത കേന്ദ്രസർക്കാർ, ചില സംസ്ഥാനങ്ങൾക്ക് നിരവധി പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയപാതയ്ക്ക് ഭൂമി എടുക്കുന്നതിന് കേരളം മാത്രം 5,580 കോടി രൂപ അടയ്ക്കേണ്ടിവന്നു. ഈ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നിന്ന് കേരള ബജറ്റ് രൂപം കൊള്ളുമ്പോൾ നേരിടേണ്ടിവരുന്ന വീർപ്പുമുട്ടൽ ആർക്കും മനസിലാകുന്നതാണ്.
‘സമീപ വർഷങ്ങളിൽ സംസ്ഥാന സർക്കാരിനെ ബാധിച്ച രൂക്ഷമായ ധന ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു’ എന്ന സന്തോഷവാർത്ത പങ്കുവച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ‘കേരള സമ്പദ്ഘടന അതിവേഗ വളർച്ചയുടെ ഒരു ഘട്ടത്തിലേക്ക് മുന്നേറാൻ സജ്ജമായിരിക്കുന്നു എന്നും മനുഷ്യവിഭവശേഷി വർധിപ്പിക്കുന്നതിന് നാം നടത്തിയ നിക്ഷേപമാണ് ഇതിന് ഒരു കാരണം’ എന്നും തുടർന്ന് പറയുന്നു. 254 പേരുടെ ജീവൻ നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ 2007 വീടുകൾ നഷ്ടപ്പെട്ടിരുന്നു. ഇതിന് കേന്ദ്രത്തിൽ നിന്ന് ഒരു രൂപയുടെ സഹായം പോലും കിട്ടിയില്ലെങ്കിലും ദുരന്തബാധിതരെ സഹായിക്കാനുള്ള പദ്ധതികൾക്ക് 750 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. രാജ്യത്തെ അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറാൻ പോകുന്നു. ഈ പട്ടികയിൽ ഇനി 11,814 കുടുംബങ്ങളുണ്ട്. ഈ വർഷം തന്നെ അതിദാരിദ്ര്യം എന്ന അവസ്ഥ കേരളം മറികടക്കുമെന്നാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസനത്തിനും അനുബന്ധകാര്യങ്ങൾക്കുമായി 9,500 കോടി രൂപ ചെലവഴിക്കും. ദേശീയപാതാ വികസനം ഈ വർഷം പൂർത്തിയാക്കുമെന്നും മലയോര ഹൈവേ, തീരദേശ ഹൈവേ, മറ്റു റോഡുകളുടെയും പാലങ്ങളുടെയും വികസനം ഇക്കാര്യങ്ങളിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്നും ബജറ്റിൽ പറയുന്നു. ലൈഫ് പദ്ധതി ക്രമത്തിൽ മുന്നേറുകയാണ്. 4,27,736 വീടുകൾ ഇതുവരെ നൽകി. 1,11,306 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. ആകെ 5,39,042 വീടുകളിൽ 1,55,328 എണ്ണം ലഭിച്ചത് പട്ടികജാതി-പട്ടികവർഗ സമൂഹത്തിനാണ്. 2025–26ൽ ഒരു ലക്ഷം വീടുകൾ കൂടി നിർമ്മിക്കും. മൂന്നു ലക്ഷത്തോളം വീടുകൾ കൂടി നൽകിയാൽ, എല്ലാവർക്കും വീടുള്ളവരുടെ നാടായി കേരളം മാറും.
സ്ഥിരം നിയമനം നൽകുന്നതിലും പുരോഗതി ദൃശ്യമാണ്. ഇതുവരെ 1.07 ലക്ഷം പേർക്ക് നിയമനം ലഭിച്ചു. പതിനായിരത്തിലധികം തസ്തികകൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ നടക്കുന്ന സ്ഥിരം നിയമനങ്ങളിൽ 60 ശതമാനത്തിലധികം നടക്കുന്നത് കേരളത്തിലാണെന്ന കണക്ക് വസ്തുതാപരമാണ്. 42 മാസങ്ങൾക്കുള്ളിൽ സാമൂഹ്യ ക്ഷേമപെൻഷന് 33,210 കോടി രൂപ ചെലവഴിച്ചെന്നും ഇതിനുവേണ്ടി ഓരോ വർഷവും 11,000 കോടി രൂപയുടെ ചെലവ് ഉണ്ടാകുമെന്നും ബജറ്റിൽ പറയുന്നു. ഇക്കാര്യത്തിലുള്ള ഇടതുപക്ഷത്തിന്റെ ആത്മാർത്ഥത ആർക്കും ചോദ്യം ചെയ്യാനാകില്ലെങ്കിലും, അതിരൂക്ഷ വിലക്കയറ്റത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ, 1,600 രൂപയിൽ നിന്ന് 100 രൂപയുടെയെങ്കിലും വർധനവ് വരുത്താത്തത്, മൊത്തത്തിൽ ബജറ്റിന്റെ പ്രഭയിൽ മങ്ങലേല്പിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ രാജ്യത്തിന് മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിനു ശക്തിപകരുന്ന നിരവധി നിർദേശങ്ങൾ ബജറ്റിലുണ്ട്. ഭക്ഷ്യ പൊതുവിതരണത്തിന് 2,063 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷത്തെ വർധനവ് 131 കോടി രൂപ മാത്രമാണ്. കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും താങ്ങായി നിൽക്കുന്ന ഒരു സംവിധാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും നിലവിലുള്ള കടബാധ്യതകളും പരിഗണിക്കുമ്പോൾ 131 കോടി രൂപയുടെ വർധനവ് തികച്ചും അപര്യാപ്തമാണ്. വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി പര്യാപ്തമാണെന്ന് തോന്നുന്നില്ല. മെച്ചപ്പെട്ട വളർച്ചാനിരക്കാണ് കാർഷിക മേഖല കൈവരിക്കുന്നതെന്ന് ബജറ്റിൽ പറയുന്നു. പച്ചക്കറി ഉല്പാദനം 2015–16ൽ 6.28 ലക്ഷം ടൺ ആയിരുന്നത് 2023- 24ൽ 17.22 ലക്ഷം ടൺ ആയി ഉയർന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇത് വലിയ നേട്ടമാണ്.
മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യമേഖല, സഹകരണം, ജലസേചനം, വനസംരക്ഷണം, പരിസ്ഥിതി, കുടുംബശ്രീ, കശുവണ്ടി, യാത്രാ സംവിധാനം, കായികം തുടങ്ങിയ കാര്യങ്ങളിലൊക്കെ സാമാന്യമായ പരിഗണന നൽകിയാണ് ബജറ്റ് കടന്നുപോയിരിക്കുന്നത്. വ്യവസായ രംഗത്തും ടൂറിസം രംഗത്തും കേരളം നല്ല വളർച്ച കൈവരിക്കുന്നതിന്റെ വിശദാംശങ്ങൾ ബജറ്റിലുണ്ട്. കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് ചരിത്രപരമായ പ്രാധാന്യം അർഹിക്കുന്ന വസ്തുതയാണ്. ഒഴിഞ്ഞുകിടക്കുന്ന 12 ലക്ഷത്തിലധികം വീടുകൾ ടൂറിസം രംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്നതിന്റെ സാധ്യതയെക്കുറിച്ച് ബജറ്റിൽ പറഞ്ഞിരിക്കുന്നു. 2014ൽ കേരളത്തിൽ 5.34 ലക്ഷം കുട്ടികൾ ജനിച്ച സ്ഥാനത്ത്, 10 വർഷം കഴിഞ്ഞപ്പോൾ ഇത് 3.48 ലക്ഷം ആയി കുറഞ്ഞു എന്നും പ്രായമായവരുടെ എണ്ണം അതിവേഗം വർധിക്കുന്നു എന്നും ബജറ്റിൽ പറയുന്നു. പ്രായമായവർക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക രംഗവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നിരവധിയാണ്. എം ടി വാസുദേവൻ നായർ, വെളിയം ഭാർഗവൻ എന്നിവരുടെ സ്മാരകങ്ങൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും മൂന്ന് ശതമാനം വരുന്ന ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭ രംഗത്തുള്ള ജീവനക്കാർ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നത് വാസ്തവം. ശമ്പള പരിഷ്കരണ കാര്യത്തിലും പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാകാം സർക്കാരിന് മുന്നിലുള്ള തടസം. എന്നാൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുന്ന കാര്യത്തിലുള്ള ബജറ്റിലെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല. എട്ട് വർഷത്തിനു മുമ്പ് എൽഡിഎഫ് വാഗ്ദാനം ചെയ്ത കാര്യം എങ്ങും തൊടാതെ പറഞ്ഞു പോകുന്നത്, ബജറ്റിന്റെ പൊതുസമീപനവുമായി ഒട്ടും യോജിക്കുന്ന കാര്യമല്ല.
ഈ സർക്കാരിന്റെ കാലത്ത് റവന്യു കമ്മിയും ധനക്കമ്മിയും കുറയ്ക്കാൻ കഴിയുന്നത് നേട്ടമാണ്. തനത് നികുതി വരുമാനം വർധിച്ചതാണ് കാരണം. തനതുവരുമാനം 2020–21ൽ 47,660 കോടി രൂപയായിരുന്നത് 2024–25ൽ 81,000 കോടിയായി ഉയരും. നികുതിയേതര വരുമാനത്തിലും ഈ വർധനവ് പ്രകടമാണ്. മൂലധന ചെലവ് വർധിക്കുന്നത് ശുഭകരമായ സംഗതിയാണ്. തനത് നികുതി വർധന 17.42 ശതമാനമായി ഉയർന്നതിലൂടെ മറ്റൊരു കാര്യം കൂടി വ്യക്തമാകുന്നു; ജിഎസ്‌ടി സംവിധാനം വന്നില്ലായിരുന്നെങ്കിൽ, വില്പന നികുതിയിൽ (വാറ്റ്) ഓരോ വർഷവും 18–20 ശതമാനം വർധനവ് കൈവരിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയുമായിരുന്നു. എങ്കിൽ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി രൂപം കൊള്ളുകയുമില്ലായിരുന്നു. കേന്ദ്രസർക്കാർ നയങ്ങളാണ് കേരളത്തെ കുരുക്കിലാക്കിയത് എന്ന് വ്യക്തം.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.