10 November 2025, Monday

ഭക്ഷ്യ ഭദ്രത ഉറപ്പിച്ച് കേരളം

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
November 2, 2025 4:44 am

2025 നവംബർ ഒന്നിന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്തിന്റെ മുഴുവൻ ചരിത്രമെടുത്താലും ഇത്തരമൊരു പ്രയത്നം ഒരു സർക്കാരിന്റെ മുൻകൈയിൽ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് അപൂർവമാണ്. 2021ൽ അധികാരത്തിൽ വന്ന എൽ ഡിഎഫ് സർക്കാർ കൈക്കൊണ്ട ആദ്യ തീരുമാനം കേരളത്തിൽ അഞ്ചുവർഷത്തിനുള്ളിൽ അതിദരിദ്രരില്ല എന്ന് ഉറപ്പുവരുത്താനുള്ള ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിൽ വരുത്താനായിരുന്നു. ഈ നവംബർ ഒന്നിന് ആ ലക്ഷ്യം പൂർത്തീകരിക്കാൻ നമുക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും എല്ലാ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് ഈ പദ്ധതി പൂർത്തീകരിക്കപ്പെട്ടത്. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം തുടങ്ങിയ സമ്മർദഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അതിദരിദ്രരെ നിർണയിച്ചത്. വ്യാപകമായ സാമൂഹ്യപങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. ആശ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, റസിഡന്സ് അസോസിയേഷൻ പ്രവർത്തകർ എല്ലാം ഇതിൽ പങ്കെടുത്തു. 14 ലക്ഷത്തിലധികം പേർ ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനത്തെ 1,032 തദ്ദേശ സ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 ആളുകളെ ഇപ്രകാരം കണ്ടെത്തി. ഇവരെ അതീവ ദാരിദ്ര്യാവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവരാൻ സവിശേഷ നടപടികളാണ് എടുത്തത്. ഓരോ കുടുംബത്തിനും വേണ്ടി സൂക്ഷ്മ പദ്ധതി തയ്യാറാക്കി. അർഹരായ എല്ലാവർക്കും മുൻഗണനാറേഷൻ കാർഡ് നൽകി. ആധാർ, ഭിന്നശേഷിക്കാർക്ക് യുനീക്ക് ഡിസേബിലിറ്റി, ഇലക്ഷൻ ഐഡി കാർഡുകള്‍ എന്നിവയും ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷാപെൻഷൻ എന്നിവ 21,263 കുടുംബങ്ങൾക്കും ലഭ്യമാക്കുകയും ചെയ്തു.
നാലര വർഷക്കാലം കൊണ്ട് ഈയൊരു ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഴിഞ്ഞത് ഏറ്റവും അഭിമാനകരമാണ്. അതോടൊപ്പം നാം ഓർമ്മിക്കേണ്ട സുപ്രധാന വസ്തുത ഐക്യകേരളപ്പിറവി മുതലുള്ള ജനകീയ സർക്കാരുകളുടെ നിരന്തര ക്ഷേമപ്രവർത്തനങ്ങളുടെ ഫലശ്രുതിയും അതിന്റെ ഏറ്റവും പുതിയ അധ്യായവുമാണ് ഈ മഹത്തായ പ്രഖ്യാപനം എന്നതാണ്. 

2021ൽ നിതി ആയോഗ് കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്ക് കേരളത്തിലാണ്, 0.7% മാത്രം. അത് ഇല്ലാതാക്കി പൂജ്യത്തിലെത്തിക്കുന്ന പ്രവർത്തനമാണ് നാം വിജയിപ്പിച്ചത്. ഇതര സംസ്ഥാനങ്ങൾക്കൊന്നും ഇത്തരമൊരു ലക്ഷ്യം ഇത്രയും കുറഞ്ഞ കാലംകൊണ്ട് നേടുക എന്നത് സ്വപ്നം കാണാൻപോലും കഴിയുന്നതല്ല. അതിലേക്ക് നീങ്ങാനുള്ള സാമൂഹ്യ അടിത്തറ ദശാബ്ദങ്ങൾകൊണ്ട് നാം രൂപപ്പെടുത്തിയതാണ്. അതിദാരിദ്ര്യ നിർമ്മാർജനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറ ഭക്ഷ്യഭദ്രതയാണ്. എല്ലാ മനുഷ്യർക്കും ഭക്ഷണം ലഭ്യമാക്കി, വിശപ്പു രഹിത കേരളം നാം സാധ്യമാക്കി. ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമായിട്ടുകൂടി ഭക്ഷ്യമിച്ചോല്പാദക സംസ്ഥാനങ്ങൾക്ക് പോലും കഴിയാത്ത നേട്ടമാണ് നാം കൈവരിച്ചത്. കാര്യക്ഷമമായ പൊതുവിതരണ സംവിധാനമാണ് ഇതിന് കേരളത്തിന് താങ്ങായത്. എല്ലാ കുടുംബങ്ങൾക്കും റേഷൻകാർഡുള്ള സംസ്ഥാനമാണ് കേരളം. 95,20,671 റേഷൻകാർഡുകളിലായി 3,46,20,258 ഗുണഭോക്താക്കൾ. 1965 മുതൽ സാർവത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ എൻഎഫ്എസ്എ നിയമം പ്രാബല്യത്തിൽ വന്നതോടെ 43%ത്തോളം വരുന്ന മുൻഗണനാ വിഭാഗത്തിന് മാത്രമായി റേഷൻ ചുരുങ്ങി. അതായത് 1,54,80,40 ഗുണഭോക്താക്കൾക്ക് മാത്രം. എന്നാൽ കേരള സർക്കാർ മുൻഗണനേതര വിഭാഗങ്ങളെ നീല, വെള്ള കാർ‍ഡുകളായി വേർതിരിച്ച് അവരെയും റേഷൻ പരിധിയിൽ ഉൾപ്പെടുത്തി. അർഹരായ 5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരംമാറ്റി നൽകി. ഇതിൽ 1,72,312 കാർഡുകൾ സർക്കാര്‍ അഭ്യർത്ഥന പ്രകാരം സ്വമേധയാ തിരിച്ചേല്പിച്ചവയാണ്.

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലുമായി 13,861 റേഷൻകടകളുണ്ട്. ഒറ്റപ്പെട്ട മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം എത്തിക്കുന്നതിന് 10 ജില്ലകളിലെ 21 താലൂക്കുകളിൽ 137 ആദിവാസി ഉന്നതികളിലേയ്ക്ക് സഞ്ചരിക്കുന്ന റേഷൻകടകൾ എത്തുന്നു. കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ എത്തിച്ചു നൽകുന്ന ഒപ്പം പദ്ധതിയും നടപ്പിലാക്കി. ഭക്ഷ്യധാന്യങ്ങളുടെ മാത്രമല്ല മറ്റ് അവശ്യ നിത്യോപയോഗ വസ്തുക്കളുടെ ന്യായവിലയ്ക്കുള്ള ലഭ്യതയും ഉറപ്പു വരുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. സപ്ലൈകോ 1,630 വില്പനശാലകളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നു. 2016 ലെ സർക്കാർ തീരുമാന പ്രകാരം എട്ട് വർഷക്കാലം ഈ ഉല്പന്നങ്ങൾ വില വർധനവില്ലാതെയാണ് വിതരണം ചെയ്തത്. 2024 ഫെബ്രുവരി മുതൽ യുക്തിസഹമായ വിധത്തിൽ വില പരിഷ്കരിച്ചെങ്കിലും ഗണ്യമായ സബ്സിഡിയോടെയാണ് ഇപ്പോഴും നൽകി വരുന്നത്. കോവിഡ് മഹാമാരിയും പ്രളയവും പോലുള്ള ദുരന്തഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. 13 മാസങ്ങളിലായി 5,505 കോടി രൂപ ചെലവിട്ട് 11 കോടിയിലധികം ഭക്ഷ്യകിറ്റുകൾ എല്ലാ കുടുംബങ്ങൾക്കും നൽകി.
ഈ വിധത്തിൽ ഭക്ഷ്യധാന്യ ലഭ്യത ജനങ്ങൾക്ക് ഉറപ്പു വരുത്താൻ കഴിഞ്ഞതുകൊണ്ടാണ് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തടഞ്ഞു നിർത്തി താഴ്ന്ന വരുമാനക്കാരായ ജനങ്ങൾ ദാരിദ്ര്യത്തിലേയ്ക്ക് നീങ്ങുന്നതിനെ പ്രതിരോധിക്കുവാൻ കഴിഞ്ഞത്. രാജ്യത്ത് ഏറ്റവും ഉയർന്ന കൂലി നിരക്കുകൾ കേരളത്തിലാണ്. ഇതുകൊണ്ടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ തൊഴിൽ തേടി ഇവിടെ എത്തിയിട്ടുള്ളത്. എന്നാൽ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതോ അല്ലാത്തതോ ആയ വിലക്കയറ്റവും നാണ്യപ്പെരുപ്പവും തൊഴിലാളികളുടെ യഥാർത്ഥ വരുമാനത്തെ കുത്തി ചോർത്തും. മലയാളികളുടെ നിത്യഭക്ഷണത്തിലെ മുഖ്യ ഇനമായ അരി മുതൽ എല്ലാ അവശ്യ വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടി വരുന്ന ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഉല്പാദക സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളോ ഗതാഗത തകരാറുകളോ കരിഞ്ചന്തയും പൂഴ്ത്തിവയ്പും അടക്കമുള്ള അധാർമ്മിക നടപടികളോ എല്ലാം കേരളത്തിൽ ക്ഷാമത്തിനു പോലും കാരണമായേക്കാവുന്നതാണ്. എന്നാൽ ദുരന്തഘട്ടങ്ങളിൽ പോലും ഭക്ഷണ ലഭ്യത എല്ലാവർക്കും ഉറപ്പുവരുത്താൻ നമുക്ക് കഴിഞ്ഞു. വൻകിട ഭക്ഷ്യോല്പാദക സംസ്ഥാനങ്ങളിൽ പോലും പലപ്പോഴും ഭക്ഷ്യ ദൗർലഭ്യവും പട്ടിണിയും നിലനിൽക്കുന്നുവെന്ന് മാത്രമല്ല പട്ടിണി മരണങ്ങൾ പോലും സംഭവിച്ചു എന്ന് ഓർക്കേണ്ടതുണ്ട്. റൈറ്റ് റ്റു ഫുഡ് കാമ്പയിനിന്റെ 2025 മേയ് മാസത്തിലെ ജയ്പൂർ കൺവൻഷൻ രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള എന്‍എഫ്എസ്എ നിയമവും സർക്കാർ പദ്ധതികളും വിവിധ സംസ്ഥാനങ്ങളിൽ എങ്ങനെ പരാജയപ്പെട്ടു എന്ന് വിമർശനാത്മകമായി പരിശോധിച്ചിരുന്നു. അത്തരം പോരായ്മകൾ ഒന്നും കേരളത്തിൽ സംഭവിച്ചതായി അവിടെ ഒരു വിമർശനം പോലും ഉയർന്നില്ല. 

ഇത്തരമൊരു പ്രഖ്യാപനം മൂലം അതിദരിദ്ര വിഭാഗത്തിനുവേണ്ടിയുള്ള കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികളെല്ലാം കേരളത്തിന് നഷ്ടമാകുമെന്ന ഒരു വിതണ്ഡവാദം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. കേരളത്തിൽ 5,80,743 അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളിലായി 18,13,484 ഗുണഭോക്താക്കൾ ഉണ്ട്. ഇവർക്ക് എഎവൈ ആനുകൂല്യങ്ങൾക്കുള്ള അർഹത നഷ്ടപ്പെടില്ലേ എന്നാണ് ചോദ്യം. വാസ്തവം എന്താണ്? സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ ക്ഷേമ പദ്ധതികൾ ദുർബല വിഭാഗങ്ങൾക്ക് വേണ്ടി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഗണ്യമായ ഒരു ഭാഗത്ത് ഇവയുടെ യഥാർത്ഥ പ്രയോജനം അർഹരായവർക്ക് ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം പദ്ധതികളെല്ലാം ഫലപ്രദമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കേരളത്തിന് ഈ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. ഈ പദ്ധതികളുടെ ആനുകൂല്യം നിഷേധിക്കുക എന്നാൽ കേരളത്തിന്റെ സാമൂഹ്യ പുരോഗതിയെ ഇല്ലാതാക്കുക എന്നാണർത്ഥം. ഒരു ഉദാഹരണം പറയാം. എഎവൈ റേഷൻ കാർഡിന് അർഹതയുള്ള നിരവധി ആളുകൾക്ക് സ്ഥിരവാസസ്ഥലം ഇല്ലാത്തതുകൊണ്ടോ നടപടി ക്രമങ്ങൾ അറിയാത്തതുകൊണ്ടോ മറ്റാരും ശ്രദ്ധിക്കാനില്ലാത്തതുകൊണ്ടോ അത് ലഭിക്കാതെ പോവുകയും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. വിപുലമായ സർവേയിലൂടെ തെരുവിൽ കഴിയുന്നവരുൾപ്പെടെയുള്ള ഇത്തരക്കാരെ കണ്ടെത്തുകയും ആധാർ കാർഡിന്റെ മാത്രം അടിസ്ഥാനത്തിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. രോഗികൾക്ക് ചികിത്സയും താമസിക്കാൻ ഇടമില്ലാത്തവർക്ക് പാർപ്പിടവും നൽകി. ഇപ്രകാരമുള്ള നടപടികളിലൂടെയാണ് കേരളം അതിദാരിദ്യം നിർമ്മാർജനം സാധ്യമാക്കിയത്. ഇത്തരമൊരു ഗുണഭോക്താവിനെ എഎവൈ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നാണോ വിമർശകരുടെ ആവശ്യം. എന്‍എഫ്എസ്എ നിയമം നടപ്പാക്കുന്നതിനായി സ്വീകരിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് എഎവൈ വിഭാഗത്തെ നിർണയിച്ചത്. കേരളം അതിദരിദ്രരെ നിർണയിച്ചതും കണ്ടെത്തിയതും കൂടുതൽ സമഗ്രമായ മാനദണ്ഡങ്ങൾ സ്വീകരിച്ചുകൊണ്ടാണ്. അത് രണ്ടും രണ്ടാണ്. 

മറ്റൊരു രീതിയിലും ഇത് വ്യക്തമാക്കാൻ കഴിയും. 2021 ലെ നിതി ആയോഗ് കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ അതിദാരിദ്ര്യ നിരക്കായ 0.7% കേരളത്തിലായിരുന്നു. ഇതിനർത്ഥം ഏകദേശം രണ്ടര ലക്ഷത്തോളം ആളുകളാണ് ഈ സ്ഥിതിയിൽ ഉള്ളതായി കേന്ദ്ര സർക്കാർ ഏജൻസി കണ്ടെത്തിയതെന്നാണ്. കേരളത്തിലാകട്ടെ മുകളിൽ സൂചിപ്പിച്ചതുപോലെ 18 ലക്ഷത്തിലധികം എഎവൈ ഗുണഭോക്താക്കൾ അന്നും ഉണ്ടായിരുന്നു. എഎവൈ വിഭാഗത്തിൽപെടുന്ന എല്ലാവരെയുമല്ല നിതി ആയോഗും അതിദരിദ്രരായി കണക്കാക്കിയത് എന്ന് ഇതിൽ നിന്ന് വ്യക്തമല്ലേ? എന്‍എഫ്എസ്എ നിയമ പ്രകാരം എഎവൈ കുടുംബങ്ങൾക്ക് അർഹമായ ഭക്ഷ്യധാന്യം കേരളത്തിന് ലഭിക്കുന്നത് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ വിവാദവുമായി ഇറങ്ങിയിരിക്കുന്നത്.
കേരളം ബഹുമുഖമായ ഒട്ടേറെ പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് അഭിമാനകരമായ ഈ മുഹൂർത്തത്തിൽ എത്തി നിൽക്കുന്നത്. വിശപ്പില്ലാത്ത കേരളം സൃഷ്ടിച്ചും എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കിയും ദുർബല വിഭാഗങ്ങൾക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തിയും എല്ലാമാണ് ഈ ലക്ഷ്യം പൂർത്തീകരിച്ചത്. ഇന്ത്യക്കാകെ വഴികാട്ടിയായ ഈ മാതൃകയെ അപകീർത്തിപ്പെടുത്താൻ ഈ മുതിരുന്നത് കേരളത്തോടെടുക്കുന്ന ശത്രുതാപരമായ സമീപനമല്ലാതെ മറ്റൊന്നുമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.