8 December 2024, Sunday
KSFE Galaxy Chits Banner 2

അവഗണനയില്‍ തളരാത്ത കേരളം

പിണറായി വിജയന്‍
മുഖ്യമന്ത്രി
November 1, 2024 4:30 am

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളിൽ അനേകം നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957ൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതൽ പിന്നീടിങ്ങോട്ട് അധികാരത്തിൽ വന്ന പുരോഗമന സർക്കാരുകളെല്ലാം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയിൽ അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകളിൽ ലോകത്തിനുതന്നെ മാതൃകയായിത്തീർന്ന വിധത്തിൽ വലിയ മുന്നേറ്റം നമുക്കുണ്ടായി. സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിലും അധികാര വികേന്ദ്രീകരണത്തിലും കുടുംബശ്രീയിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിലും നമ്മൾ ലോകരാജ്യങ്ങൾക്ക് മാതൃകയായി. എന്നാൽ, 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ നമ്മുടെ സർക്കാരാശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങൾ ഇടിച്ചുനിരത്തപ്പെടുന്ന, വികസന പദ്ധതികളെല്ലാം മുടങ്ങിപ്പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. നാഷണൽ ഹൈവേ അതോറിട്ടിയും ഗെയിലുമെല്ലാം ഇവിടുത്തെ പ്രവർത്തനങ്ങൾ തന്നെ നിർത്തിവച്ച് മടങ്ങിപ്പോയ അവസ്ഥ. അത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനുതകുന്ന നടപടികളാണ് ഇടതുസർക്കാർ കൈക്കൊണ്ടത്. 

നമ്മുടെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയർത്തി. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂർത്തിയാക്കി. നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയും വീണ്ടെടുത്തു. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വിശ്വാസമാർജിക്കാൻ സർക്കാരിനു കഴിഞ്ഞതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം നൽകാൻ അവര്‍ തയ്യാറായത്. ഭരണത്തിന്റെ നാനാതലങ്ങളിൽ മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാരാണിത്. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ഏതെല്ലാം, അവയിൽ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാർഡുകൾ പുറത്തിറക്കിക്കൊണ്ട് ഒരു പുതിയ ജനാധിപത്യ മാതൃക തീർത്തു. വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കി. ആയിരത്തോളം സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങൾ നൽകുന്നതിന് കെ-സ്മാർട്ട് പോർട്ടലിനു രൂപം നൽകി. ഇ‑ഓഫിസ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി.
പിഎസ്‌സിയിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ നടത്തി. 30,000 ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന പബ്ലിക് സർവീസ് കമ്മിഷനാണ് കേരളത്തിലേത്. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവിൽ സർവീസിനും അവകാശപ്പെടാനില്ലാത്ത നേട്ടം കേരളം കൈവരിച്ചത്. 

സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവകേരള സദസുകൾ സംഘടിപ്പിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും പ്രത്യേകം സദസുകൾ സംഘടിപ്പിച്ചതിനു പുറമെ ഓരോ വിഭാഗങ്ങൾക്കുമായി പ്രത്യേക സദസുകളും സംഘടിപ്പിക്കുകയുണ്ടായി. ആറു ലക്ഷത്തിലധികം നിവേദനങ്ങളാണ് അവയിലൂടെ സ്വീകരിച്ചത്. അവ പരിശോധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിവരികയാണ്. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ തയ്യാറെടുക്കുകയാണ് നാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും മെഷീൻ ലേണിങ്ങിനും മേൽക്കൈവരുന്ന കാലമാണിത്. അത് മുന്നിൽക്കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ ജെൻ‑എ ഐ കോൺക്ലേവിന് കേരളം വേദിയായി. അന്തർദേശീയ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസും നടന്നു. 2025ൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാം. വ്യവസായ സൗഹൃദ സൂചികയിൽ ടോപ് അച്ചീവർ പദവി നേടി കേരളം ഒന്നാമത് എത്തിയിരിക്കുകയാണ്. നമ്മുടെ ഐടി കയറ്റുമതി 34,000 കോടി രൂപയിൽ നിന്ന് 90,000 കോടി രൂപയായി ഉയർന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാവുകയാണ്. ദേശീയപാതാ വികസനം പൂർത്തീകരണത്തോടടുക്കുന്നു. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇടമൺ‑കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. കാസർകോട്ടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാതയുടെ വശങ്ങളിലായി സാമ്പത്തിക വികസന സാധ്യതകളുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ഡിപിആർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

വ്യവസായ രംഗത്ത് നാം നടത്തുന്ന സുപ്രധാനമായ ഒരു ചുവടുവയ്പാണ് കൊച്ചി — ബംഗളൂരു വ്യാവസായിക ഇടനാഴി. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പാലക്കാട് 1,710 ഏക്കർ ഭൂമിയിൽ 3,806 കോടി രൂപയുടെ ഒരു വ്യവസായ സ്മാർട്ട് സിറ്റി വിഭാവനം ചെയ്തിട്ടുണ്ട്. കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ഉപകരിക്കുന്നതും 200 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്നതുമായ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കുകയാണ്. അവയവ മാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ സ്ഥാപിക്കുകയാണ്.
എയ്റോസ്പേസ് ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് കേരള സ്പേസ് പാർക്ക് ആരംഭിക്കും. ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചക്കായി ഉപയോഗിക്കാൻ കഴിയുന്ന നാല് സയൻസ് പാർക്കുകൾ 1,000 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുകയാണ്. ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ക്ഷേമ മേഖലയിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുകയാണ്. ക്ഷേമ പെൻഷനുകൾ ലഭ്യമാക്കാനായി പ്രതിവർഷം 11,000 കോടി രൂപയോളം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. ക്ഷേമ പെൻഷനുകൾക്കായി യുഡിഎഫ് സർക്കാർ 2011 മുതൽ 2016 വരെ ചെലവഴിച്ചത് 9,000 കോടി രൂപയാണെങ്കിൽ കഴിഞ്ഞ എട്ട് വർഷം കൊണ്ട് 64,000 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്. 

ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. 2016 മുതൽ ഇതുവരെ 3,57,000 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂമിക്കായി സമരം ചെയ്ത മുത്തങ്ങയിലെ ആദിവാസികളെ യുഡിഎഫ് സർക്കാർ വെടിവച്ചു കൊല്ലുകയാണ് ചെയ്തത്. ഇടതുസർക്കാരാകട്ടെ മുത്തങ്ങയിലെ ആദിവാസികൾക്കു പട്ടയം നൽകി. ഭൂരഹിതരായ പട്ടികവർഗക്കാരില്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. 2,730 പട്ടികവർഗ കുടുംബങ്ങൾക്കായി 3,937 ഏക്കർ ഭൂമിയാണ് വിവിധ പദ്ധതികളിലായി ഈ സർക്കാരിന്റെ കാലയളവിൽ മാത്രം നൽകിയിട്ടുള്ളത്. ലൈഫ് മിഷൻ മുഖേന 2016നു ശേഷം 4,03,811 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. അവയിൽ 1,41,000 ത്തിലധികം വീടുകൾ ഈ സർക്കാരിന്റെ കാലത്താണ് പൂർത്തീകരിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പുനർഗേഹം പദ്ധതി മുഖേന 2,300 ഓളം വീടുകൾ ലഭ്യമാക്കി. 390 ഫ്ലാറ്റുകളും കൈമാറി. 944 ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ലൈഫ് മിഷൻ വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവർഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ നാല് ശതമാനം സംവരണം ഉറപ്പാക്കി. 2025 നവംബർ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്. 

കഴിഞ്ഞ എട്ടു വർഷം വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള വിപണി ഇടപെടലിനു മാത്രമായി 14,000 കോടിയോളം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ട 886 സ്ഥാപനങ്ങളിൽ 683 എണ്ണവും പൂർത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി നാക് റാങ്കിങിൽ എം , കേരള സർവകലാശാലകൾക്ക് എ പ്ലസ്പ്ലസ് ഗ്രേഡും കാലിക്കറ്റ്, കുസാറ്റ്, കാലടി സർവകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും ലഭിക്കുകയുണ്ടായി. കേരളത്തിലെ 18 കോളജുകൾക്ക് എ പ്ലസ് പ്ലസ് ഗ്രേഡും 31 കോളജുകൾക്ക് എ പ്ലസ് ഗ്രേഡും 53 കോളജുകൾക്ക് എ ഗ്രേഡും ലഭിച്ചു. എൻഐആർഎഫ് റാങ്കിങിലെ രാജ്യത്തെ മികച്ച 200 കോളജുകളിൽ 42 എണ്ണവും കേരളത്തിലുള്ളവയാണ്.
നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടികളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോവുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കാര്യമായൊന്നും ലഭിച്ചില്ല. പ്രത്യേക റെയിൽവേ സോൺ, എയിംസ് ആശുപത്രി തുടങ്ങി നിരവധി പദ്ധതികൾ അവയ്ക്കാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഉണ്ടായിട്ടും കേന്ദ്രം അനുവദിച്ചിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ് ഓഫ് കോൾ പദവി നൽകാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഈ പദവി ലഭിച്ചാലേ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങാനാകൂ. മലബാറിലെ യാത്രാസൗകര്യവും ചരക്കുവിനിമയവും വർധിപ്പിക്കാനും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഇത് അത്യാവശ്യമാണ്. 

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധന കമ്മിഷൻ ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറച്ചു. 12-ാം ധന കമ്മിഷന്റെ കാലത്ത് 4.54 ശതമാനമായിരുന്ന വിഹിതം 15-ാം കമ്മിഷൻ ആകുമ്പോഴേക്കും 2.68 ആയാണ് കുറഞ്ഞത്. ബിജെപി ഭരണം നടത്തുന്ന സംസ്ഥാനങ്ങൾക്ക് 16.05 ശതമാനം വിഹിതം നൽകുമ്പോഴാണ് ഏകദേശം പകുതിയായി നമ്മുടെ വിഹിതം കുറച്ചത്. ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങളിൽ കേന്ദ്രം കൈകടത്തുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ മറ്റു സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും ഫെഡറൽ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയപ്പോൾ അതിനു തുരങ്കം വയ്ക്കാനാണ് ഇവിടുത്തെ പ്രതിപക്ഷം ശ്രമിച്ചത്. എന്നുമാത്രമല്ല കിഫ്ബിയെയും ലൈഫ് മിഷനെയും തകർത്തുകൊണ്ട് കേരളത്തിലെ വികസന — ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും അവർ ശ്രമിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയിൽ ഒന്നാണിത്. മുണ്ടക്കൈയിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എൻഡിആർഎഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സർക്കാർ ഓഗസ്റ്റ് 17ന് കേന്ദ്രത്തിന് നിവേദനം നൽകി. 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. ഹൈക്കോടതിയും നിയമസഭയും ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ സഹായം നൽകാൻ തയ്യാറായിട്ടില്ല. ദുരന്തമുണ്ടായിട്ട് 90 ദിവസം കഴിഞ്ഞിട്ടും ഒരു പൈസ പോലും കേന്ദ്രത്തിന്റെ സഹായമായി അനുവദിച്ചിട്ടില്ല എന്നത് ക്രൂരമായ അവഗണനയാണ്. പ്രകൃതിദുരന്തങ്ങൾ ഉണ്ടായ മറ്റ് സംസ്ഥാനങ്ങൾ ഔദ്യോഗികമായി സഹായം അഭ്യർത്ഥിക്കാൻ പോലും കാത്തുനിൽക്കാതെയാണ് കേന്ദ്രം അവയ്ക്കു സഹായം അനുവദിച്ചത്. ഇതിൽ നിന്നുതന്നെ ഈ അവഗണന ബോധപൂർവവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാണ്. 

കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഒരു വാക്കെങ്കിലും ഉരിയാടാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറായില്ല. കേന്ദ്ര കുടിശികയൊന്നും ഇല്ലെന്നും കേരളത്തിന് കേന്ദ്രം എല്ലാം തന്നെന്നും സ്ഥാപിക്കാനാണ് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. കേരളത്തിന് വികസന പദ്ധതികൾ അനുവദിക്കരുത് എന്നുപോലും അവരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒരർത്ഥത്തിൽ കേന്ദ്ര സർക്കാരിന്റെ കേരളവിരുദ്ധതയ്ക്ക് കുടപിടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഇത്തരം പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോവുകയാണ് ഇടതുമുന്നണി സർക്കാർ. നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിർമ്മിതിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്. ഭദ്രമായ ക്രമസമാധാന നില, സമാധാനപൂർണമായ സാമൂഹ്യജീവിതം എന്നിവ എട്ടര വർഷംകൊണ്ട് കേരളത്തിന്റെ പ്രത്യേകതയായി. അത്തരമൊരു അന്തരീക്ഷത്തിൽ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് കേരളം. അതിനായി നമുക്ക് ഒരേ മനസോടെ നീങ്ങാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.