ദേശീയ പഠനനേട്ട സർവേ ഫലം, കേന്ദ്രത്തിന്റെ വിദ്യാഭ്യാസ കാവിവൽക്കരണത്തിനെതിരെ കേരളം പൊരുതി നേടിയ വിജയം. രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന പഠനനേട്ട സർവേയിൽ (NAS) ഓവറോൾ പ്രകടനത്തിലാണ് കേരളത്തിന്റെ ചരിത്രനേട്ടം. കോടിക്കണക്കിന് രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന സംസ്ഥാനങ്ങളെ പിന്നിലാക്കി ദേശീയ തലത്തിൽ കേരളം രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാനത്തു നിന്ന് സർവേയിൽ പങ്കെടുത്ത ആകെ സ്കൂളുകൾ 1,644 ആണ്. പങ്കെടുത്ത കുട്ടികളുടെ എണ്ണം 46,737. വിലയിരുത്തപ്പെട്ട വിഷയങ്ങൾ: ഭാഷ, ഗണിതം, പരിസര പഠനം ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം. വിലയിരുത്തപ്പെട്ട ക്ലാസുകൾ: മൂന്ന്, ആറ്, ഒമ്പത്. 2024ൽ നടന്ന ദേശീയ സർവേയുടെ പ്രകടന നിലവാരത്തിലാണ് നമ്മുടെ സംസ്ഥാനം ചരിത്രവിജയം നേടിയത്. റിസൾട്ടിന്റെ പൂർണ രൂപം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ആദ്യത്തെ പത്ത് സംസ്ഥാനങ്ങളുടെ സ്റ്റാറ്റസ് പുറത്ത് വന്നു. ആറാം ക്ലാസിന്റെ പ്രകടനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. സംസ്ഥാനത്തിന്റെ ഓവറോൾ പെർഫോമൻസ് 67 % ആണ്. പഞ്ചാബ്, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ പിറകിലാക്കി കൊച്ചു കേരളം ആറാം ക്ലാസിന്റെ പെർഫോമൻസിൽ ഒന്നാം സ്ഥാനത്തെത്തി.
സർവേയിൽ കേരളത്തിന്റെ രണ്ടാമത്തെ നേട്ടം ഒമ്പതാം ക്ലാസിന്റെ പ്രകടനത്തിലാണ്. 56 % പെര്‍ഫോമന്‍സ് ഗ്രേഡാണ് നേടിയത്. ഒന്നാം സ്ഥാനത്ത് 57 % നേടിയ പഞ്ചാബാണ്. മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ നേടി.
മൂന്നാം ക്ലാസിന്റെ പഠനനേട്ട സർവേയിൽ കേരളത്തെ പിറകിലാക്കിയത് രണ്ട് സംസ്ഥാനങ്ങളാണ്. പഞ്ചാബും ഹിമാചൽ പ്രദേശും. നാസിൽ കേരളത്തെക്കാൾ മുന്നേറാൻ പഞ്ചാബിന് സാധിച്ചു. പഞ്ചാബിന്റെ ഓവറോൾ സ്കോർ 80 % വും നമ്മുടേത് 73 % വും ഹിമാചൽ പ്രദേശിന്റെ 74 %വുമാണ്. ഒരു ശതമാനത്തിന്റെ കുറവിലാണ് മൂന്നാം ക്ലാസിന്റെ രണ്ടാം സ്ഥാനമെന്ന നേട്ടം കേരളത്തിന് നഷ്ടമായത്. എന്തായാലും ദേശീയ പഠനനേട്ട സർവേയിൽ പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ സംസ്ഥാനം നമ്മുടെ കൊച്ചു കേരളമാണ്. കേരളത്തിലെ 14 ജില്ലകളിലെയും ഗവണ്‍മെന്റ് സ്കൂളുകളുടെ പ്രകടനം ദേശീയ ശരാശരിയെക്കാളും മുകളിലാണ്. സർവേയിൽ പങ്കെടുത്ത മുഴുവൻ പെൺകുട്ടികളുടെയും നിലവാരവും മുഴുവൻ ജില്ലകളിലെയും റൂറൽ വിഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത കുട്ടികളുടെ പഠനനേട്ടവും ദേശീയ ശരാശരിയെക്കാളും മുകളിലാണ്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി അവകാശപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ വിഹിതം തരാതെ കേരളത്തെ രാഷ്ട്രീയപരമായും വിദ്യാഭ്യാസ പരമായും പീഡിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെയുള്ള തിരിച്ചടിയാണ് ദേശീയ പഠനനേട്ട സർവേ ഫലം. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് തരാതെ ശ്വാസംമുട്ടിച്ച് കൊല്ലാം എന്ന് കരുതിയ വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് തെറ്റുപറ്റിയെന്ന് നാം അവരെ ബോധ്യപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഒരു നാട് മാസങ്ങളോളം ഒറ്റക്കെട്ടായി ഡിജിഇ മുതൽ സ്കൂൾ തലം വരെ പ്രവർത്തിച്ചുനേടിയ ഫലമാണിത്. വിദ്യാഭ്യാസ വകുപ്പ്, എസ്‌സിഇആർടി, സമഗ്ര ശിക്ഷ കേരള, ഡയറ്റ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ ഏജൻസികളുടെ കൂട്ടായ പ്രവർത്തനഫലവുമാണ് ഈ നേട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.