8 October 2024, Tuesday
KSFE Galaxy Chits Banner 2

കൈകൾ കോർത്ത് കരുത്തോടെ

പിണറായി വിജയൻ
മുഖ്യമന്ത്രി
May 20, 2023 4:48 am

ടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് ഈ സർക്കാർ കടക്കുന്നതെങ്കിലും 2016ൽ ഏറ്റെടുത്ത വികസന‑ക്ഷേമ പദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലൂടെയും റോഡ്, സ്കൂൾ, ആശുപത്രി വികസനങ്ങളിലൂടെയും പെൻഷൻ വിതരണത്തിലൂടെയുമെല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അപ്പോഴപ്പോഴുള്ള കാര്യങ്ങളെ സംബോധന ചെയ്തു മുന്നേറുക എന്ന അഡ്ഹോക്ക് ഭരണ സംസ്കാരത്തെ, ഒരു സഹസ്രാബ്ദത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് കേരളത്തെയാകെ ആധുനികവൽക്കരിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള പുതിയ ഭരണ സംസ്കാരം കൊണ്ട് പകരംവയ്ക്കുകയാണ് ഈ ഏഴുവർഷങ്ങളിലായി ചെയ്തു പോരുന്നത്. വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം, കാർഷിക നവീകരണം എന്നീ മേഖലകളിൽ ഊന്നിക്കൊണ്ടാണ് മുന്നേറുന്നത്.


ഇത് കൂടി വായിക്കൂ: വിദ്യാർത്ഥികളെ വർഗീയഫാസിസ്റ്റുകളാക്കുന്ന സംഘപരിവാർ അജണ്ടകൾ


അവയ്ക്കൊക്കെ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകവഴി വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് നമ്മുടെ സമൂഹത്തെ സമയബന്ധിതമായി ഉയർത്തിയെടുക്കാനുള്ളതാണിത്. ഒരുവശത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ, മറുവശത്ത് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ജനജീവിതാശ്വാസ പദ്ധതികൾ. ഒരുവശത്ത് പരമ്പരാഗത വ്യവസായങ്ങളെ ഉദ്ധരിക്കാനുള്ള പദ്ധതികൾ, മറുവശത്ത് അത്യാധുനിക സ്റ്റാർട്ടപ്പ് സംരംഭ മുന്നേറ്റങ്ങൾ. രണ്ടും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോവുകയാണ്. അടിസ്ഥാനവർഗത്തെയും നവീന തലമുറകളെയും ഒരുപോലെ ചേർത്തുപിടിക്കുകയാണ്. സർക്കാരിന്റെ വികസന‑ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ ഇടങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ആസൂത്രിതമായ കർമ്മ പദ്ധതിയാണ് പ്രാവർത്തികമാവുന്നത്. 2016 മുതൽക്കിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ മൂന്നര ലക്ഷത്തോളം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങി എന്തെല്ലാം. ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യാനായി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. രാജ്യത്ത് ഇങ്ങനെയൊന്ന് ഇതാദ്യം. നൂതന സാങ്കേതികവിദ്യാരംഗത്ത് കാര്യക്ഷമമായ ഇടപെടലുകൾ നടത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗഫീൻ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാസമാണ് ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നടന്നത്. 1,500 കോടി രൂപയാണ് അതിന്റെ നിർമ്മാണത്തിനു ചെലവു വരിക. ശാസ്ത്ര‑സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന നാല് സയൻസ് പാർക്കുകളാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയർബസും ടെക് മഹീന്ദ്രയും ടോറസും ടാറ്റാ എലക്സിയും സഫാനും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു.


ഇത് കൂടി വായിക്കൂ: സാമ്പത്തിക തകര്‍ച്ചയുടെ റൂട്ട്മാപ്പ്


വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ 1,40,000ത്തോളം സംരംഭങ്ങളാണ് പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. ഇടതുപക്ഷം ആധുനിക സാങ്കേതികജ്ഞാനത്തിനു മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന പ്രചാരണം തിരുത്തി. ഇന്റർനെറ്റ് അവകാശമാണെന്ന് പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി എല്ലാവർക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന കെ-ഫോൺ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്. ഐടി രംഗത്ത് തൊഴിൽ അന്വേഷിക്കുന്നവർക്കും ഇപ്പോൾ തൊഴിൽ ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഫ്യൂച്ചർ ടെക്നോളജി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ 82ഉം കൊച്ചി ഇൻഫോപാർക്കിൽ 171ഉം കോഴിക്കോട് സൈബർ പാർക്കിൽ 28ഉം ഉൾപ്പെടെ 281 ഐടി കമ്പനികളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. 2016 മുതൽ 2022 വരെയുള്ള ആറു വർഷം കൊണ്ട് കേരളത്തിലെ ഐടി പാർക്കുകളിലെ കയറ്റുമതി 9,753ൽ നിന്ന് 17,536 കോടിയായി ഉയർന്നു. കേരള സ്റ്റാർട്ടപ്പ് മിഷനെ ലോകത്തിലെ ഒന്നാം സ്ഥാനമുള്ള പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യുബിഐ ഗ്ലോബൽ പ്രഖ്യാപിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആന്റ് ഇന്നൊവേഷൻ ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2035 ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്ഥാനമായി കേരളം മാറുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് മനസിലാക്കിക്കൊണ്ടുവേണം നഗരഗതാഗതം, മാലിന്യനിർമ്മാർജനം എന്നിവയടക്കമുള്ള വിഷയങ്ങളെ നാം സമീപിക്കേണ്ടത്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ രണ്ടുഘട്ടങ്ങളിലുള്ള സമഗ്രപദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. മാലിന്യ നിർമ്മാർജനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റിങ്ങും നടപ്പാക്കും. കാർഷികമേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യം നൽകിവരുന്നതിന്റെ ഫലമായാണ്, 2018ലെ പ്രളയം, 2019ലെ അതിവർഷം, 2020 മുതലുള്ള കോവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021–22ൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ നമ്മുടെ കാർഷികമേഖലയ്ക്കു കഴിഞ്ഞത്. പഴങ്ങൾക്കും പച്ചക്കറികൾക്കും താങ്ങുവില ഏർപ്പെടുത്തി രാജ്യത്തിനു മാതൃകയായി. പാല്‍ ഉല്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് അടുക്കുന്നു.


ഇത് കൂടി വായിക്കൂ: താളംതെറ്റുന്ന ജീവിതം, തകരുന്ന സമ്പദ്ഘടന


റബ്ബർ മേഖലയിലെ സുപ്രധാനമായ ഒരിടപെടലായിരുന്നു റബ്ബർ വിലസ്ഥിരതാ ഫണ്ട്. 1,050 കോടി രൂപ ചെലവിട്ട് കേരള റബ്ബർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും കോട്ടയത്ത് സ്ഥാപിക്കുകയാണ്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്താകെയുള്ള അറിവുകളെ സ്വാംശീകരിക്കാനും അവയെ ഉല്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാൻ നമ്മുടെ ചെറുപ്പക്കാരെ പ്രാപ്തരാക്കാനും കഴിയുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനം നടത്തുകയാണ്. ഈ പുതിയ തലമുറയ്ക്കുകൂടി സ്വീകാര്യമാവുന്ന വിധത്തിൽ ഇതിനോടകംതന്നെ 900ത്തിലധികം സർക്കാർ സേവനങ്ങളെ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം തന്നെ അവശവിഭാഗങ്ങൾക്ക് അവ പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താൻ സർക്കാർ സേവനങ്ങളെ വീട്ടുപടിക്കൽ എത്തിക്കുകയുമാണ്. പഠനത്തോടൊപ്പം തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനായി ‘ഏൺ വൈൽ യൂ ലേൺ’ പദ്ധതി നടപ്പാക്കിവരികയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവേഷണ രംഗത്തെ അറിവുകളെ സാമൂഹ്യപുരോഗതിക്ക് ഉതകുന്ന വിധത്തിൽ മാറ്റിത്തീർക്കുന്നതിന് ടാൻസ്ലേഷൻ ലാബുകൾ സ്ഥാപിക്കുകയാണ്. 200 കോടി രൂപ മുതൽമുടക്കിൽ 10 സർവകലാശാലകളിലാണ് ഇത്തരം ലാബുകൾ സ്ഥാപിക്കുക. ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നത്. 1,136 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചു. ബേക്കൽ മുതൽ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ദേശീയപാതാ വികസനം യാഥാർത്ഥ്യമാവുകയാണ്. നാഷണൽ ഹൈവേ വികസനം കേന്ദ്ര സർക്കാരിന്റെ പൂർണ ഉത്തരവാദിത്തമായിരുന്നിട്ടുകൂടി ഇതിനായി 5,580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചിരിക്കുന്നത്. 6,500 കോടി രൂപ ചെലവിലും 625 കിലോമീറ്റർ നീളത്തിലും തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർകോട്ടെ കുഞ്ചത്തൂർ വരെ തീരദേശ ഹൈവേ യാഥാർത്ഥ്യമാവുകയാണ്. 3,500 കോടി രൂപ ചെലവില്‍ 1,251 കിലോമീറ്റർ നീളത്തിലുള്ള പാറശാല മുതൽ കാസർകോട്ടെ നന്ദാരപദവ് വരെ മലയോര ഹൈവേ ഒരുങ്ങുകയാണ്. കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ഉപകരിക്കുന്നതും 200 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്നതുമായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീന്‍ ഹൈഡ്രജൻ ഹബ്ബുകൾ ശ്രദ്ധേയമായ പദ്ധതിയാണ്. പൊതുജനാരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ കൂടുതൽ മികവുറ്റതാക്കുകയാണ്. കാൻസർ കെയർ സ്ട്രാറ്റജി, ജീവിതശൈലീ രോഗനിവാരണ പദ്ധതി പോലുള്ളവ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‍പ്ലാന്റേഷൻ അവയവമാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനുപകരിക്കും.

 

ഇത് കൂടി വായിക്കൂ: താളംതെറ്റുന്ന ജീവിതം, തകരുന്ന സമ്പദ്ഘടന

തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ സ്ഥാപിക്കുന്ന മൈക്രോബയോം സെന്റർ ഓഫ് എക്സലൻസ് ആരോഗ്യരംഗത്ത് പുതിയ സാധ്യതകൾ തുറന്നുതരും. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ നവകേരളം സുസ്ഥിരവും ഉൾച്ചേർക്കലിൽ അടിസ്ഥാനപ്പെട്ടതുമായിരിക്കും. അതിന്റെ ദൃഷ്ടാന്തങ്ങളാണ് സാമൂഹ്യസുരക്ഷാ പെൻഷൻ, പുനർഗേഹം, പഠനമുറി എന്നിങ്ങനെയുള്ള പദ്ധതികൾ. പിഎസ്‌സി നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കാര്യത്തിൽ റെക്കോഡ് സൃഷ്ടിച്ചും പ്രത്യേക റിക്രൂട്ട്മെന്റുകൾ നടത്തി അവശവിഭാഗങ്ങളെ ചേർത്തുപിടിച്ചുമാണ് നമ്മൾ നവകേരളത്തിലേക്ക് മുന്നേറുന്നത്. ആ മുന്നേറ്റത്തിൽ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതിനായി രാജ്യത്തിനു തന്നെ വഴികാട്ടിയാവുന്ന നിരവധി മുൻകൈകളാണ് ക്രമസമാധാന പാലനത്തിൽ കേരളത്തിൽ ഉണ്ടാകുന്നത്. അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വർഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലുംകൊണ്ട് കലുഷമായ ദേശീയാന്തരീക്ഷത്തിൽ പ്രത്യാശയുടെ ദ്വീപ് എന്ന നിലയിൽ ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് നമ്മുടേത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയും വർഗീയതയുടെ ജനവിരുദ്ധ നീക്കങ്ങളെ ഇഞ്ചോടിഞ്ച് ചെറുത്തും ജനദ്രോഹ നടപടികൾക്കെതിരായ ജനകീയ ബദലുകൾ അവതരിപ്പിച്ചും കേരളം മുമ്പോട്ടുപോകും. കരുത്തോടെയുള്ള ആ മുന്നേറ്റത്തിനായി നമുക്ക് കൈകോർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.