20 July 2025, Sunday
KSFE Galaxy Chits Banner 2

നാടിനായി ഒരു തൈ നടാം

പിണറായി വിജയന്‍
മുഖ്യമന്ത്രി
June 5, 2025 4:33 am

ജീവിതത്തെയും പ്രകൃതിയെയും ഉര്‍വരമാക്കി നിലനിര്‍ത്തുന്ന ജൈവ സ്രോതസാണ്‌ നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിര്‍ണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്‌. പ്രകൃതിവിഭവങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്‌. അതിനാല്‍ പാരിസ്ഥിതിക ചൂഷണത്തെ ചെറുക്കേണ്ടത്‌ നാമേവരുടെയും ധാര്‍മ്മിക ഉത്തരവാദിത്തമാണ്‌. അതുകൊണ്ടുതന്നെ പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സുസ്ഥിരതയും സഗൗരവം ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയവിഷയം കൂടിയാണ്‌. പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളിലേക്ക്‌ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
നമ്മുടെ നാട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഹാരത്തിനായി നാം അവലംബിക്കുന്ന ശാസ്ത്ര പ്രതിവിധികളും അവയുടെ പരിമിതികളും പരിശോധിച്ചാല്‍ ബോധപൂര്‍വമുള്ള പരിസ്ഥിതി സംരക്ഷണമാണ്‌ പ്രശ്നപരിഹാരത്തിന്‌ ഏറ്റവും ഉത്തമമെന്ന്‌ മനസിലാകും. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും നേരിടാന്‍ സ്വീകരിക്കുന്ന ശാസ്ത്രീയമാര്‍ഗങ്ങള്‍, അവയുടെ ഫലസിദ്ധിയിലെ കാലതാമസത്തിലേക്കും സമ്പൂര്‍ണതയിലേക്കും വിരല്‍ ചൂണ്ടുമ്പോള്‍ പരിസ്ഥിതിയില്‍ പ്രശ്നം സൃഷ്ടിച്ചശേഷം പരിഹാരം തേടുന്നതിനെക്കാള്‍ പരിസ്ഥിതിയെ സംരക്ഷിച്ചുനിലനിര്‍ത്തുന്നതില്‍ ശ്രദ്ധ വയ്ക്കുന്നതാണ്‌ അഭികാമ്യമെന്ന്‌ ബോധ്യമാകും. പരിസ്ഥിതി പഠനം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി തന്നെ കാണേണ്ടതിന്റെ ആവശ്യകതയും ഇതു വ്യക്തമാക്കുന്നു. 

ലോകത്ത്‌ എല്ലായിടത്തുമെന്നതുപോലെ പരിസ്ഥിതിയും വികസനവും കേരളീയ സമൂഹത്തിനുമുന്നിലും സജീവ ചര്‍ച്ചയാണ്‌. ജനങ്ങളുടെ ജീവിതവുമായി പരിസ്ഥിതിക്കുള്ള ബന്ധത്തെ നിഷേധിക്കുന്ന നിലപാടല്ല സര്‍ക്കാരിനുള്ളത്‌. മനുഷ്യനെ പ്രകൃതിയുടെ ഭാഗമായി കാണുന്ന വികസന സമീപനമാണ്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോടുവയ്ക്കുന്നത്‌. കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുമെന്ന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, പരിസ്ഥിതി ബജറ്റ്‌ അവതരിപ്പിച്ച സര്‍ക്കാരാണ്‌ ഇപ്പോള്‍ ഭരണത്തിലുള്ളത്‌. വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ ചെലുത്തുന്ന ആഘാതങ്ങള്‍ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും അവ തിരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനുമുള്ള ആസൂത്രണ ഉപാധിയായി പരിസ്ഥിതി ബജറ്റ്‌ മാറി. യുക്തിചിന്തയും ശാസ്ത്രബോധവും അടിസ്ഥാനമാക്കി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം ഊട്ടിയുറപ്പിക്കുന്ന സര്‍ക്കാര്‍ കാഴ്‌ചപ്പാടിന്റെ നിദര്‍ശനമാണിത്‌. കേരളത്തിന്റെ പരിസ്ഥിതിയെ സുസ്ഥിരവും സമഗ്രവുമായി വീണ്ടെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഒരു മിഷന്‍ തന്നെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം. 2016ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹരിതകേരളം മിഷന്‍, ജലസ്രോതസുകളുടെ സംരക്ഷണം, ശാസ്ത്രീയ മാലിന്യസംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ സുപ്രധാന പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചുവരികയാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കി ഇന്ത്യക്കാകെ മാതൃകയായി മാറിയ ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന്‍ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ വിജയമാണ്‌.
ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനത്തിന്റെ സന്ദേശം പ്ലാസ്റ്റിക്‌ മലിനീകരണം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്‌. കാടും, കടലും, കരയും ഒരുപോലെ പ്ലാസ്റ്റിക്‌ മലിനീകരണ ഭീഷണി നേരിടുന്ന അവസ്ഥയാണിന്ന്‌. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന്റെ ഉല്പാദനവും ഉപയോഗവും അത്യാവശ്യങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തുകയാണ്‌ നാം ചെയ്യേണ്ടത്‌. പ്ലാസ്റ്റിക്കുള്‍പ്പെടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസബിള്‍ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കണം. ഹരിത പെരുമാറ്റച്ചട്ടം ജീവിതശൈലിയാക്കി മാറ്റിവേണം പ്ലാസ്റ്റിക്‌ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തെ പ്രതിരോധിക്കാന്‍. 

ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണത്തില്‍ ഏറെ പ്രധാനമാണ്‌. മഴക്കാലത്ത്‌ പ്രളയവും മഴ കഴിഞ്ഞാല്‍ വരള്‍ച്ചയും അനുഭവപ്പെടുന്ന സ്ഥിതിയാണ്‌ ഇപ്പോള്‍ നാട്ടിലുള്ളത്‌. ഒട്ടും ആശാവഹമല്ല ഇത്‌. പുഴകളിലെയും നീര്‍ച്ചാലുകളിലെയും മാലിന്യങ്ങള്‍ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കടുത്ത വെല്ലുവിളിയാണ്‌ സൃഷ്ടിക്കുന്നത്‌. പുഴകളും നീര്‍ച്ചാലുകളും വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട്‌ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന “ഇനി ഞാനൊഴുകട്ടെ’ എന്ന ജനകീയ കാമ്പയിന്‍ ഇതിനകംതന്നെ പ്രകടമായ ഗുണഫലങ്ങളാണ്‌ സൃഷ്ടിച്ചത്‌.
രണ്ടുഘട്ടങ്ങളിലായി ആവര്‍ത്തിച്ച് വൃത്തിയാക്കിയ ഇടങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത്‌ 92,429 കിലോമീറ്റര്‍ ദൂരം നീര്‍ച്ചാലുകള്‍ ശുചീകരിച്ച്‌, സുഗമമായ നീരൊഴുക്ക്‌ പുനഃസ്ഥാപിച്ചു. 412 കിലോമീറ്റര്‍ നീളത്തില്‍ പുഴകള്‍ ശുചീകരിച്ചു. 29,254 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. 24,645 കുളങ്ങള്‍ നിര്‍മ്മിച്ചു. 737 സ്ഥിരം തടയണകളും 76,123 താല്‍ക്കാലിക തടയണകളും നിര്‍മ്മിച്ചു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളില്‍ നീര്‍ച്ചാല്‍ മാപ്പിങ് നടത്തി, നീരൊഴുക്ക്‌ വീണ്ടെടുക്കുന്ന “സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും പ്രകൃതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമാണ്‌. നാടിന്റെ പച്ചപ്പ്‌ തിരിച്ചുകൊണ്ടുവരികയാണ്‌ ഇതിലെ പ്രധാന ദൗത്യം. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന തരിശുഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള പച്ചത്തുരുത്ത്‌ പദ്ധതി ഇതില്‍ ശ്രദ്ധേയമാണ്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനുമുള്ള പ്രായോഗിക ഇടപെടലാണ്‌ പച്ചത്തുരുത്ത്‌. കഴിഞ്ഞ ആറ് വര്‍ഷക്കാലയളവിലായി 1173.49 ഏക്കര്‍ വിസ്തൃതിയില്‍ 3,657 പച്ചത്തുരുത്തുകള്‍ സംസ്ഥാനത്ത്‌ വച്ചുപിടിപ്പിച്ചു. പൊതുസ്ഥലങ്ങളുള്‍പ്പെടെ തരിശുസ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും നട്ടുവളര്‍ത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌. 

ആഗോളതാപനം ആശങ്കാജനകമായി കുതിക്കുകയാണ്‌. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമായ ഈ പ്രതിഭാസത്തെ ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. കാര്‍ബണ്‍ ന്യൂട്രല്‍ അഥവാ നെറ്റ്‌ സീറോ എമിഷന്‍ അവസ്ഥയിലേക്ക്‌ സംസ്ഥാനത്തെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്‌. രാജ്യം 2070ല്‍ നെറ്റ്‌ സീറോ എമിഷന്‍ അവസ്ഥയിലെത്താന്‍ ലക്ഷ്യമിടുമ്പോള്‍, കേരളം 2050ല്‍ തന്നെ ഈ അവസ്ഥ കൈവരിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ “നെറ്റ്‌ സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ എന്ന കാമ്പയിന്‍ നടപ്പാക്കിവരുന്നത്‌. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ 10 സ്ഥാപനങ്ങള്‍ ഇതിനോടകം ഈ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്‌.
ആവാസവ്യവസ്ഥയുടെ നിലനില്പിനാധാരമായ കാടുകളും അവിടെ വസിക്കുന്ന ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. അതിവേഗം നഗരവല്‍ക്കരണം നടക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മരങ്ങള്‍ ഇല്ലാതാകുന്നത്‌ ആശങ്കാജനകമാണ്‌. പ്രകൃതിക്കും സഹജീവികള്‍ക്കും അനുഗുണമാകുംവിധം ‘ഒരു തൈ നടാം’ എന്ന പേരില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ജനകീയ കാമ്പയിന്‌ ഇന്ന്‌ സംസ്ഥാനത്ത്‌ തുടക്കമാവുകയാണ്‌. ജൂണ്‍ അഞ്ചിന്‌ ആരംഭിച്ച്‌ സെപ്റ്റംബര്‍ 30ന്‌ സമാപിക്കും വിധമാണ്‌ ഈ കാമ്പയിന്‍ വിഭാവനം ചെയ്‌തിട്ടുള്ളത്‌. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ്‌ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന, സര്‍ക്കാര്‍ ജീവനക്കാര്‍, റെസിഡന്റ്‌സ്‌ അസോസിയേഷനുകള്‍, ആരാധനാലയങ്ങള്‍, വായനശാലകള്‍, സാമൂഹ്യ — രാഷ്ട്രീയ സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങി സമസ്തജനവിഭാഗങ്ങളെയും അണിനിരത്തി നിശ്ചിത സമയത്ത്‌ ലക്ഷ്യം നേടാനുതകുംവിധം ഈ കാമ്പയിനും വിജയിപ്പിക്കാന്‍ നമുക്ക്‌ കഴിയണം. പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലി സ്വീകരിച്ച്‌, വരുംതലമുറകള്‍ക്ക്‌ വേണ്ടി ഒരു നല്ല നാളെ കെട്ടിപ്പടുക്കാന്‍ നമുക്ക്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാം.

Kerala State - Students Savings Scheme

TOP NEWS

July 20, 2025
July 20, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.