കോവിഡ് 19 എന്ന മാരകമായ പകര്‍ച്ചവ്യാധി ആഗോള ജനതയെ ആകെ ആശങ്കയില്‍ അകപ്പെടുത്തിയതിനെ സംബന്ധിച്ചും അത് ഉയര്‍ത്തുന്ന ഗുരുതരമായ വെല്ലുവിളികളെ സംബന്ധിച്ചും തന്റെ വ്യക്തമായ അഭിപ്രായം ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ (2020 മാര്‍ച്ച് 31) പ്രതിനിധിയുമായി പ്രമുഖ ധനശാസ്ത്രജ്ഞനായ ജീന്‍ ഡ്രെയ്സ് നടത്തിയ അഭിമുഖത്തില്‍ തുറന്നു പറയുകയുണ്ടായി. ജന്മംകൊണ്ട് ബെല്ജിയന്കാരനാണെങ്കിലും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഈ ധനശാസ്ത്ര‑സാമൂഹ്യശാസ്ത്ര പണ്ഡിതന് തന്നോടൊപ്പം ചേര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ജീവിത പ്രശ്നങ്ങളെപ്പറ്റി ആഴത്തില്‍ നടത്തിയ ഗവേഷണ പഠനങ്ങളിലൂടെ കണ്ടെത്തിയ ഏതാനും ചില കാര്യങ്ങള്‍ റിപ്പോര്‍ട്ടായി മോഡി ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍ നാളിതുവരെയായി ഇതേപ്പറ്റി ഗൗരവമായി ചിന്തിക്കാനോ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാനോ കേന്ദ്ര ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. ഇത്തരമൊരു അലംഭാവപൂര്‍വമായ സമീപനമാണ് രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളില്‍ അതിജീവനത്തിനായി വിയര്‍പ്പൊഴുക്കിയിരുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ തൊഴിലിടങ്ങളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് കിലോമീറ്ററുകള്‍ കാല്‍നടയായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതോടെ ഈ കുടിയേറ്റക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ ജോലിക്കും അന്തിയുറങ്ങാന്‍ ഇടവും വരുമാനവും ഇല്ലാതായി. തൊഴിലുടമകള്‍ ഒരുക്കിയിരുന്ന താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ നിന്ന് അവര്‍ കുടിയിറക്കപ്പെടുകയായിരുന്നു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തിന്റെ ഗൗരവം വേണ്ടത്ര മനസിലാക്കാതെയാണ് പകര്‍ച്ചവ്യാധി പ്രതിരോധാര്‍ത്ഥം ‘ലോക്ഡൗണ്‍’ പ്രഖ്യാപിച്ചതെന്ന വസ്തുത മറച്ചുവച്ചിട്ട് കാര്യമില്ല. ഈ ലോക്ഡൗണ്‍ ഫലത്തില്‍ കര്‍ഫ്യു അഥവാ നിരോധനാജ്ഞയ്ക്കു സമാനമായൊരു നടപടിയാണെന്ന് ജീന്‍ ഡ്രെയ്സ് വിശേഷിപ്പിക്കുന്നു. 2020 മാര്‍ച്ച് 22 ന് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി പ്രഖ്യാപിക്കുന്നതിനുമുമ്പ് വേണ്ടത്ര ആസൂത്രണം നടത്തിയിരുന്നില്ല. നിരോധനം നടപ്പാക്കുന്നതോടൊപ്പം അതിന്റെ അധ്വാനം ഏല്ക്കേണ്ടിവരുന്നവര്ക്കുള്ള ആശ്വാസ നടപടികളെപ്പറ്റി ചിന്തിക്കുകയോ പരാമര്‍ശിക്കുകയോ പോലും ചെയ്തിരുന്നില്ല. സ്വാഭാവികമായും കേരള സംസ്ഥാനം പോലെ 15 ലക്ഷം മുതല്‍ 35 ലക്ഷമോ അതിലേറെയോ കുടിയേറ്റ തൊഴിലാളികള്‍ പണിയെടുക്കുന്ന പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ ഞെട്ടലോടെയാണ് ഈ ലോക്ഡൗണ്‍ വാര്‍ത്ത കേട്ടത്. മുന്നൊരുക്കങ്ങള്‍ നടത്താതെ സ്വീകരിച്ച ഈ നടപടിയെ ജീഡ്രേയ്സ് ഉപമിക്കുന്നത് മോഡിയുടെ ഡിമോണറ്റൈസേഷന് പ്രഖ്യാപനത്തോടാണ്. അതേസമയം, ഇതര സംസ്ഥാനത്തു നിന്നുള്ള ഇത്തരം തൊഴിലാളികളുടെ പ്രശ്നം കേരളത്തിലുള്ളവരുടേതിലേറെ ഗുരുതരമാണെന്നും അദ്ദേഹം സമ്മതിക്കുന്നു. കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന നിലയില്‍ അവരെ പ്രത്യേക പരിഗണനയോടെ സംരക്ഷിച്ചുവന്നിരുന്ന കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിനെ പോലും ഒരുവേള ഇവരുടെ കൂട്ടത്തോടെയുള്ള പ്രതിഷേധവും പലായന ശ്രമങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. കോട്ടയം ജില്ലയിലെ പായിപ്പാടും എറണാകുളം ജില്ലയിലെ പെരുമ്പാവൂരും അരങ്ങേറിയ സംഭവങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. രണ്ടു വര്‍ഷം തുടര്‍ച്ചയായുണ്ടായ പ്രളയദുരന്തത്തെ കാലിടറാതെ നേരിട്ട മുന്‍പരിചയവും ആത്മധൈര്യവും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലായുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിന് താല്‍ക്കാലികമായിട്ടാണെങ്കിലും പ്രതിസന്ധികളെ ഒരു പരിധിവരെ തടയാനും സാധ്യമായി. കേരള സംസ്ഥാനം അടക്കമുള്ള പ്രദേശങ്ങളില്‍ തൊഴില്‍ തേടി എത്തിയ അതിഥി തൊഴിലാളികളില്‍ വലിയൊരു വിഭാഗം അവര്‍ക്ക് അതിനുള്ള സാവകാശം കിട്ടിയിരുന്നങ്കില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധവുമായിരുന്നു.
നിരവധി പേര് തീവണ്ടിയാത്രക്കായി മുന്‍കൂര്‍ ടിക്കറ്റെടുക്കുകയും ചെയ്തിരുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇടിത്തീപോലൊരു പ്രഖ്യാപനം. തീവണ്ടി യാത്രാ സൗകര്യങ്ങളടക്കം നിരോധിച്ചുകൊണ്ടുള്ള തീരുമാനം ഉള്‍പ്പെടെ ലോക്ഡൗണ്‍ പ്രഖ്യാപനം നിസ്സഹായതരായ ഇവര്‍ക്കുമേല്‍ വന്നുപതിക്കുന്നത്. ഇതേതുടര്‍ന്ന് അവര്‍ക്ക് തണല്‍ നല്‍കിയിരുന്ന തൊഴിലുടമകളും സംസ്ഥാന സര്‍ക്കാരും ജില്ലാ പ്രാദേശിക ഭരണകൂടങ്ങളും നിസ്സഹായാവസ്ഥയിലായി. ഇതിനിടെ സാമൂഹിക വിരുദ്ധരുടെ വക ദുഷ്പ്രചരണവും കൂടിയായതോടെ പ്രശ്നം കൂടുതല്‍ ഗുരുതരവും നിയന്ത്രണാതീതവുമാവുകയാണുണ്ടായത്. ജീന്‍ ഡ്രെയ്സ് പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ ഈ ലോക്ഡൗണ്‍ പ്രഖ്യാപനത്തിലേക്ക് എടുത്തുചാടുന്നതിനു മുമ്പ് പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും കൂടി ഗൗരവപൂര്‍വം പരിഗണിക്കേണ്ടതായിരുന്നു എന്നാണ്. അതോറിറ്റേഷന് സമീപനം ഈ വിഷയത്തില്‍ സ്വീകാര്യമേയല്ല. വിവിധ സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കുകയും വേണമായിരുന്നു. ജീന്‍ ഡ്രെയ്സിന്റെ അഭിമുഖത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ ചില വശങ്ങള് കൂടി എല്‍ഡിഎഫ് അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്തിന് സവിശേഷമായ നിലയില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തിന്റെ ശത്രുതാപരവും മനുഷ്യത്വരഹിതവുമായ സമീപനമാണത്. അവിടെ അധികാരത്തിലിരിക്കുന്ന ബിജെപി നേതാവ് ബി എസ് യദ്യൂരപ്പ സര്‍ക്കാര്‍ തീര്‍ത്തും അധാര്‍മ്മികവും മനുഷ്യത്വരഹിതവുമായ സമീപനമാണ് കേരളത്തോട് സ്വീകരിച്ചുവരുന്നത്. യാത്ര നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മംഗലാപുരത്ത് സ്ഥിരം ചികിത്സ തേടിവന്നിരുന്ന ഏഴ് രോഗികൾക്ക് അടിയന്തര ചികിത്സ കിട്ടാത്തതിന്റെ പേരില്‍ ജീവൻ നഷ്ടപ്പെട്ടു. മുന്‍കൂര്‍ അനുമതിയോടെ കടക്കാന്‍ ശ്രമിച്ച പച്ചക്കറി കയറ്റിയ ഒരു ലോറി തടഞ്ഞുനിര്‍ത്തുകയും അതിലുണ്ടായിരുന്ന മുഴുവന്‍ പഴം-പച്ചക്കറി ശേഖരവും മറ്റ് ഭക്ഷ്യ ഉല്പന്നങ്ങളും നശിപ്പിക്കുകയും ചെയ്യാന്‍ സംഘപരിവാറിന് ധെെര്യം കിട്ടി.
കേരളത്തില്‍ നിന്നല്ലെങ്കിലും മലയാളിയായൊരു രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന് ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നതിന്റെ പൊരുള്‍ മുരളീധരന്-കട്ടീല്‍ ബന്ധം അറിയാവുന്നവര്ക്കെങ്കിലും പിടികിട്ടാതിരിക്കില്ല. അതേസമയം സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോര്‍ധാനില്‍ കുടുങ്ങിയ സംവിധായകന് ബ്ലെസിയെയും നടന് പൃഥ്വിരാജിനെയും സംഘത്തെയും സഹായിക്കാന്‍ വി മുരളീധരന് മാത്രമല്ല ബിജെപി എംപി സുരേഷ് ഗോപിയും കുതിച്ചെത്തി. ഇതില്‍ തെറ്റില്ലെങ്കിലും കോവിഡ് ഭീഷണിയെ ഒറ്റക്കെട്ടായി നേരിടുന്നതിന് വിഭാഗീയത തടസമാവില്ലെ? ഇതവിടെ നില്ക്കട്ടെ അഭിമുഖത്തിലേക്കു മടങ്ങാം. ജീന്‍ ഡ്രെയ്സിന്റെ അഭിപ്രായത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോവിഡ് 19 പ്രതിരോധത്തിനായി ഇതിനകം പ്രഖ്യാപിച്ചിരിക്കുന്ന ഒരു കോടി 70 ലക്ഷം സാമ്പത്തിക പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്നാണ്. ഒന്ന്, കണക്കുകളിലെ കൂട്ടലും കിഴിക്കലും ഒക്കെ തീര്‍ന്നാല്‍ ഫലത്തില്‍ ഈ തുക ഒരു കോടി കവിയാനിടയുമില്ല. രണ്ട്, ബിപിഎല്‍ വിഭാഗത്തില്‍പെടുന്ന കുടുംബങ്ങള്‍ക്ക് നിസാരമായൊരു തുക മാത്രമായിരിക്കും കിട്ടുക. പ്രതിമാസം 500 രൂപ മാത്രം. പ്രധാന്‍മന്ത്രി ജന്‍ ധന് യോജന അക്കൗണ്ടുകള്‍ വഴി ഇതെങ്കിലും കിട്ടിയാല്‍ ഭാഗ്യം. അത്ര തന്നെ. മൂന്ന്, അടിയന്തരാവശ്യങ്ങള്‍ക്കുള്ള സഹായത്തെപ്പറ്റി പാക്കേജില്‍ യാതൊരുവിധ പരാമര്‍ശവും കാണുന്നില്ല. അതിഥി തൊഴിലാളികള്‍ എന്ന് കേരള സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുഃസ്ഥിതി ഇതായിരിക്കുമെന്നാണ് ഡ്രെയ്സിന്റെയും നിഗമനം എന്ന് തോന്നുന്നു. ഡ്രെയ്സ് പരാമര്‍ശ വിധേയമാക്കുന്ന കാതലായ മറ്റൊരു വിഷയം പൊതുവിതരണ സംവിധാനത്തിന്റെ സ്ഥിതിയാണ്. സമ്പദ്വ്യവസ്ഥ നിശ്ചലമായിരിക്കുകയും ഭരണകര്‍ത്താക്കളുടെ ശ്രദ്ധ രോഗപ്രതിരോധത്തില്‍ കേന്ദ്രീകരിക്കേണ്ടിവരികയും ചെയ്യുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍, ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും സപ്ലെെ ചെയിന്‍ കൂടി തടസപ്പെടുന്നൊരു സാഹചര്യം നിലവില്‍ വരുമെന്നതിനാല്‍, പിഡിഎസിന്റെ കാര്യക്ഷമത ഉറപ്പാക്കാന്‍ കഴിയാതെവരുമല്ലോ. ലോക്ഡൗണ്‍ ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു പ്രധാന മേഖല മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുവരുന്ന ക്യാഷ് ട്രാന്‍സ്ഫര്‍ അഥവാ ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള പണം കെെമാറ്റം നടപ്പാക്കുന്ന പദ്ധതിയില്‍ വന്നുചേരാനിടയുള്ള വീഴ്ചകളാണ്. സാക്ഷരതാ നിരക്ക് നന്നേ കുറവുള്ള പാവപ്പെട്ട ഗ്രാമീണജനതയ്ക്ക് ‘പേടിഎം’, ‘എടിഎം’ കാര്‍ഡുകളെപ്പറ്റി ശരിയായ ധാരണ ഉണ്ടായിരിക്കില്ല. ഇതിലേക്കായി അവര്‍ സ്വകാര്യ ഏജന്റുമാരെ ആശ്രയിക്കേണ്ടിവരും. അവർക്കാണെങ്കില് ഗുണഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യതകളും ഏറെ. ഒരുപക്ഷെ, ലോക്ഡൗണ്‍ പിന്‍വലിക്കുന്നതുവരെ പണം കെെമാറല്‍ പദ്ധതി മരവിപ്പിച്ചു എന്നു കരുതുക. ഇതും പ്രശ്നത്തിന് പരിഹാരമാവില്ല. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന നിമിഷം മുതല്‍ ഇടപാടുകാരുടെ തള്ളിക്കയറ്റമായിരിക്കും നടക്കുക. ഡിമോണറ്റെെസേഷന് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്ക് കൗണ്ടറുകളും എടിഎമ്മുകളും നേരിടേണ്ടിവന്നതിനു സമാനമായ പ്രതിസന്ധിയായിരിക്കും ഉടലെടുക്കുക. ഏതായാലും ഏതാനും ചില പരിമിതികളുണ്ടെങ്കിലും ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ നടന്നുവരുന്നുണ്ട്.
ചുരുക്കത്തില്‍, പ്രായോഗികത ഉറപ്പില്ലെന്ന് ഇതിനകം ബോധ്യമായ നേരിട്ടുള്ള പണം കെെമാറ്റ പദ്ധതികൊണ്ട് ആര്‍ക്കും പ്രതീക്ഷിച്ച ഒരു നേട്ടവും ഉണ്ടാവില്ല. വര്‍ധിപ്പിച്ച ക്ഷേമപെന്ഷനിനെത്തുടര്ന്ന് കേരളത്തിലുണ്ടായ പെന്‍ഷന്‍കാരുടെ തിക്കും തിരക്കും നാം കണ്ടതാണല്ലൊ. പാക്കേജ് പ്രഖ്യാപനത്തിനുമപ്പുറമുള്ള ഏതാനും അടിയന്തര സ്വഭാവമുള്ള നടപടികള്‍ക്കായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന് ഊന്നല്‍ നല്‍കേണ്ടിയിരുന്നതെന്ന് ഡ്രെയ്സ് അഭിപ്രായപ്പെടുന്നു. ലോക്ഡൗണിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തൊഴിലും വരുമാനവും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ വിശപ്പടക്കാന്‍ വിഭാവനം ചെയ്യുന്ന നടപടികളെപ്പറ്റി ഈ പാക്കേജില്‍ പരാമര്‍ശമില്ല. ലോക്ഡൗണ്‍ പിന്‍വലിക്കപ്പെട്ടതിനുശേഷം നിരവധി സാങ്കേതിക തടസങ്ങള്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം. റേഷന്‍കാര്‍ഡ് ഇല്ലാത്തവരോ, അവ നഷ്ടപ്പെട്ടവരോ, ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവരോ ആയി നിരവധി പേര് ഉണ്ടാകാം. അടിയന്തര സാഹചര്യം നിലവിലിരിക്കെ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും റവന്യൂ അധികാരികളും സംസ്ഥാന ഭരണകൂടങ്ങളും ഇതെല്ലാം അവഗണിച്ച് സഹായം നല്‍കിയേക്കാം. എന്നാല്‍, അതിനുശേഷമോ? ഈ ഘട്ടത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട പ്രളയാനന്തര സഹായം കേന്ദ്രത്തില്‍ നിന്ന് കേരള സര്‍ക്കാരിന് കിട്ടാതിരുന്ന അനുഭവം ഡ്രെയ്സ് പരാമര്‍ശിക്കുകയുണ്ടായില്ല. ഒരുപക്ഷെ, പൊതുവായ പരാമര്‍ശങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കാനായിരിക്കും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവുക. പ്രളയാനന്തര സഹായമെന്ന നിലയില്‍ ഈയിടെ മാത്രമാണ് 544 കോടി രൂപയോളം കേന്ദ്രം കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. നിസാരമായ ഈ തുക തന്നെ എന്ന് ഖജനാവിലെത്തുമെന്ന് ഉറപ്പിക്കാനും കഴിയില്ല. ജിഎസ്ടി വിഹിതത്തിലും 3000 കോടി രൂപയോളം കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ടതായിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിത്യേനയെന്നോണം ആവര്‍ത്തിക്കുന്നുമുണ്ട്. ജിഎസ്ടി വിഷയത്തെ സംബന്ധിച്ചും ഭക്ഷ്യധാന്യശേഖരം കൃത്യമായി സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്നത് സംബന്ധിച്ചും പ്രത്യേക വായ്പാ അനുമതിയുടെ അനിവാര്യതയെപ്പറ്റിയും ഡ്രെയ്സിന്റെ അഭിമുഖത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ സപ്ലെെ ചെയിനില്‍ വിള്ളലുകള്‍ ഉണ്ടാകാത്തവിധം ഉല്പാദനം, വിളവെടുപ്പ്, സംസ്ക്കരണം, വിപണനം, വിതരണം തുടങ്ങിയവ സ്ഥിരമായി ഉറപ്പുവരുത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ് പ്രധാന ഘടകം.
ഇത്തരം ആവശ്യങ്ങള്‍ക്കായി വലിയ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടതായി കേന്ദ്ര‑സംസ്ഥാന‑പ്രാദേശിക ഭരണകൂടങ്ങള്ക്കുണ്ടാവുക സ്വാഭാവികമാണല്ലോ. എന്നാല്‍, ഇതിന്റെ പേരില്‍ മാത്രം ജനങ്ങളെ പട്ടിണിക്കിടാനും തെരുവുകളില്‍ അന്തിയുറങ്ങാനും അനുവദിക്കുക എന്നത് കോവിഡ് 19 ന്റെ ഭീഷണി ഒഴിവാക്കിയതിനുശേഷമുള്ള കാലഘട്ടത്തിലും ഒരു ജനാധിപത്യ ഭരണകൂടത്തിനും ചിന്തിക്കാന്‍ പോലും സാധ്യമല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായൊരു നിര്‍ദേശമാണ് ഡ്രെയ്സിന്റേത്. ‘ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുമെന്ന ഘട്ടമെത്തുമ്പോള്‍, അതില്‍ ഉടനടി ഇടപെടാതിരിക്കാന്‍ കഴിയില്ല.’ സ്വാഭാവികമായും ഇത്തരം അവസരങ്ങളില്‍ ‘ധനകാര്യ വിവേകം സാധാരണഗതിയില്‍ അനുശാസിക്കുന്ന തത്വങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ അര്‍ത്ഥമില്ല.’ കാരണം എന്തെന്നോ? ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ, ഇന്ത്യ നേരിടേണ്ടിവരുക അധിക ഉല്പാദനശേഷിയുള്ളതും അപര്യാപ്തമായ ഡിമാന്ഡിന്റേതുമായ പ്രശ്നങ്ങളായിരിക്കും. ഈ ഘട്ടത്തിലാണ് ഉല്പാദനമേഖലകളിലേക്ക് വന്‍തോതിലുള്ള ധനകാര്യ ഉത്തേജക പാക്കേജിന്റെ അനിവാര്യത അനുഭവപ്പെടുക. കോവിഡ് 19ന് ഇരയായ നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടേതിനേക്കാള്‍ വലിയ പാക്കേജുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ജിഡിപിയുടെ 10 ശതമാനം വരെ വലിപ്പമുള്ള പാക്കേജുകള്‍ വരെ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഇതേ പാത തന്നെ സ്വീകരിക്കേണ്ടിവരും. എന്നാല്‍, കേന്ദ്ര മോഡി സര്‍ക്കാരിന് അതിനുള്ള ശേഷിയും ഇച്ഛാശക്തിയും ഉണ്ടോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.