നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഇടതുപക്ഷവും മുഖ്യമന്ത്രിയും മലപ്പുറം ജില്ലയെ നിരന്തരം അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന വ്യാജാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റവും ജനപിന്തുണയും കണ്ട് പരാജയഭീതി പൂണ്ടവർ അപകടകരമായ വികലധാരണയിൽ നിന്നോ മനഃപൂർവം സത്യത്തെ തമസ്കരിച്ചു കൊണ്ടോ അസത്യപ്രസ്താവനകൾ വിളിച്ചുകൂവി കമ്മ്യൂണിസ്റ്റുകാരുടെ മലപ്പുറം വിരുദ്ധത സ്ഥാപിച്ചെടുത്തുവെന്ന മട്ടിൽ വോട്ടർമാർക്കിടയിൽ ആശങ്ക പരത്തുകയും അങ്ങനെ ന്യൂനപക്ഷ ഏകീകരണം വോട്ടുകളാക്കി മാറ്റി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് വ്യാമോഹിക്കുകയുമാണ്. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെ പ്രസംഗത്തിലാണ് ആരോപണമുന്നയിച്ചത്. 1969 ജൂൺ 16ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നെടുത്ത ഭൂഭാഗങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് ഇഎം എസ് സർക്കാർ മലപ്പുറം രൂപീകരിച്ച കാലം മുതൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും പാകിസ്ഥാൻ ചാരന്മാരെ വളർത്തുന്നതിനുമായുള്ള ‘മാപ്പിളസ്ഥാനെ‘ന്നും രാജ്യത്തിന്റെ തെക്കുഭാഗത്ത് അപകടകാരിയായി വളർന്നുകൊണ്ടിരിക്കുന്ന ‘കൊച്ചുപാകിസ്ഥാനെ‘ന്നുമുള്ള വർഗീയ ധ്രുവീകരണത്തിനുതകുന്ന മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ്, കേരളത്തിന്റെ ജനാധിപത്യ‑മതേതര ഘടനയ്ക്കുമേൽ ആഘാതമേല്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിൽ നടത്തുന്ന പൊറാട്ടു നാടകം അത്യന്തം സഹതാപാർഹമാണ്.
ജനസംഘത്തോടൊപ്പം ചേർന്ന് മലപ്പുറം രൂപീകരണത്തെ ശക്തമായി എതിർത്തുകൊണ്ട് ‘കുട്ടിപ്പാക്കിസ്ഥാനെ‘ന്നു വിളിച്ച് ആര്യാടൻ മുഹമ്മദിന്റെയും എം പി ഗംഗാധരന്റെയും നേതൃത്വത്തിൽ വഴിക്കടവിൽ നിന്നും പൊന്നാനിയിൽ നിന്നുമായി രണ്ടു ജാഥകൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ് പാരമ്പര്യം മറന്നിട്ടില്ല കേരളം. മലപ്പുറം ജില്ലാ വിരുദ്ധ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ കേളപ്പൻ നടത്തിയ ഒരു പ്രസംഗം ഇങ്ങനെയായിരുന്നു: “മലപ്പുറം ജില്ലയിൽ വളരെ നീളത്തിൽ കടൽക്കരയുണ്ട്. കടൽത്തൊഴിലാളികൾ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. അവർ ഇന്നുതന്നെ പാകിസ്ഥാനുമായി കച്ചവടം നടത്തുന്നുണ്ട്. ഇവിടത്തെ പൊലീസുകാർക്ക് അത് തടുക്കാൻ സാധിച്ചിട്ടില്ല. മേലിൽ ഒട്ടും സാധ്യവുമല്ല. രാജ്യരക്ഷാപരമായ ഇക്കാരണം കൊണ്ടാണ് ഞാൻ ജില്ലയെ എതിർക്കുന്നത്. ഇപ്പോൾ കളക്ടറും മറ്റും ഹിന്ദുക്കൾ ആണെങ്കിലും അടുത്തുതന്നെ തല്‍സ്ഥാനങ്ങളിൽ മാപ്പിളമാർ കയറിക്കൂടും” (ചന്ദ്രിക, ജൂൺ 7, 1969).
രാജ്യസ്നേഹമെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ആർഎസ്എസിന്റെ ആഖ്യാനം ഏറ്റുപാടി ഭൂരിപക്ഷ വർഗീയ വികാരത്തെ എത്ര സമർത്ഥമായിട്ടാണ് ഇവിടെ അദ്ദേഹം അവതരിപ്പിക്കുന്നത് എന്ന് നോക്കുക. അധിനിവേശത്തിന്റെ കാലൊച്ചകൾ മുഴങ്ങിയ നാളുകളിൽ കോളനിവല്‍ക്കരണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ തദ്ദേശീയർക്കൊപ്പം നിലകൊണ്ട് പറങ്കിപ്പടയെ വിറപ്പിച്ച ഷെയ്ഖ് സൈനൂദ്ദീൻ മഖ്ദൂമിനെപ്പോലുള്ളവരുടെ ഇതിഹാസോജ്വല പോരാട്ടങ്ങളുടെയും ആത്മസമർപ്പണത്തിന്റെയും ചരിത്രപാരമ്പര്യം പേറുന്നവർക്കെതിരെയാണ് ഇല്ലാക്കഥകളിലൂടെയും വിദ്വേഷ ചർച്ചകളിലൂടെയും അപഖ്യാതി പ്രചരിപ്പിക്കാൻ ശ്രമിച്ചത്.
“ഊപ്പർ ദേഖോ, മസ്ജിദ് മസ്ജിദ്.
സാംനെ ദേഖോ, മസ്ജിദ് മസ്ജിദ്.
പീഛേ ദേഖോ, മസ്ജിദ് മസ്ജിദ്.
പൂരെ പൂരെ മസ്ജിദ് മസ്ജിദ്’.
അന്ന് ജനസംഘം വിളിച്ച അത്യന്തം പ്രകോപനവും ആഭാസകരവുമായ ഈ മുദ്രാവാക്യത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകിയ കോൺഗ്രസിന്റേത് പൊതുസമൂഹത്തിന്നിടയിൽ ഭയവും വിദ്വേഷവും വളർത്തി രക്ഷകഭാവം സ്ഥാപിക്കാനുള്ള ഹിഡൻ അജണ്ട തന്നെയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഹിന്ദു’ പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം മലപ്പുറം ജില്ലയെ അപമാനിച്ചുവെന്ന ആരോപണമാണ് ഇപ്പോൾ കൂടുതലായി ഉയർന്നു കേൾക്കുന്നത്. 2024 സെപ്റ്റംബർ 29ന് മുഖ്യമന്ത്രി ആ പത്രത്തിന്റെ ലേഖികയുമായി ഡല്‍ഹിയിൽ നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതല്ലാത്ത പരാമർശം പുറത്തുവരികയും തുടർന്ന് അത്യന്തം ഗുരുതരമായ പിശക് സംഭവിച്ചതായി അംഗീകരിച്ച് പത്രം ഒക്ടോബർ രണ്ടിന് ഖേദപ്രകടനം നടത്തുകയും ചെയ്തതും വിഷയത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ദുഷ്പ്രചരണങ്ങൾ പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തി അപഹാസ്യരായതും കേരളം കണ്ടതാണ്.
മലപ്പുറം ജില്ലയെയോ ജനതയെയോ അപകീർത്തിപ്പെടുത്തുന്ന യാതൊരുവിധ പരാമർശങ്ങളും പ്രവർത്തനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ നിന്നോ ഇടത് നേതാക്കളിൽ നിന്നോ ഉണ്ടായിട്ടില്ല. രൂപീകരണത്തിനുശേഷമുള്ള അഞ്ച് പതിറ്റാണ്ടുകളിൽ മലപ്പുറത്തെച്ചൂണ്ടി ഉത്തരേന്ത്യൻ ജനതയെ ഭീതിപ്പെടുത്താറുള്ള സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ ആശയപരമായ പ്രതിരോധമാണ് ഇടതുപക്ഷം എന്നും സൃഷ്ടിച്ചിട്ടുള്ളത്. മസ്തിഷ്കഭ്രമം സംഭവിച്ച കുബുദ്ധികളുടെ വ്യാജാരോപണങ്ങൾ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചമച്ചിട്ടുള്ള വ്യാഖ്യാനമെന്നതിനപ്പുറം അധിനിവേശ വിരുദ്ധസമരങ്ങളുടെ സ്മരണകളിരമ്പുന്ന ദേശത്ത് വിഷലിപ്തമായ ആശയങ്ങൾ വഴി വിധ്വംസക പ്രചരണങ്ങൾക്ക് മണ്ണൊരുക്കുക കൂടി ചെയ്യുന്നതാണ്. മുമ്പ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട്, സ്ഫോടക വസ്തു കടിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മേനകാ ഗാന്ധിയുടെ വിദ്വേഷ പ്രചരണം ഓര്‍ക്കേണ്ടതാണ്. വിഭാഗീയത ശക്തിപ്പെടുത്താനുതകും വിധം വെറുപ്പുല്പാദിപ്പിക്കുന്ന പ്രചാരവേല നടത്തി തങ്ങൾക്ക് അനഭിമതരായ ജനവിഭാഗത്തെ നിരന്തരം കളങ്കിതരായി പ്രഖ്യാപിക്കുകയും അവർക്കെതിരായ വർഗീയ വികാരം ആളിക്കത്തിക്കുകയും ചെയ്യുന്ന ഫാസിസത്തിന്റെ പതിവുകാഴ്ച മാത്രമായിരുന്നു അത്. കുറ്റകൃത്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം മലപ്പുറത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും തലയിൽ കെട്ടിവയ്ക്കുന്ന ഏറ്റവും നികൃഷ്ടമായ നീക്കമാണ് അന്ന് മേനക നടത്തിയത്.
അതുപോലെ തന്നെ ജില്ലാ അടിസ്ഥാനത്തിലും ജനസംഖ്യാനുപാതികമായും പരിശോധിച്ചാൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മലപ്പുറം സംസ്ഥാനത്ത് പ്രഥമ സ്ഥാനത്തല്ലെന്ന വസ്തുത നിലനിൽക്കെ വ്യക്തികൾ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ജില്ലയെ താറടിക്കുന്നതിന്റെയും മതപരമായ മുദ്ര ചാർത്തുന്നതിന്റെയും ഗൂഢലക്ഷ്യം പകൽ പോലെ വ്യക്തമാണ്. റംസാൻ നോമ്പ് കാലത്ത് മലപ്പുറം ജില്ലയിൽ ഇതര വിഭാഗക്കാരുടെ ഹോട്ടലുകൾ തുറക്കാൻ അനുവദിക്കുന്നില്ലെന്ന സംഘ്പരിവാർ നുണ പ്രചരണവും വർഗീയ വികാരം ആളിക്കത്തിക്കുന്നതിന് വേണ്ടി ചില കേന്ദ്രങ്ങൾ കാലങ്ങളോളം നടത്തിയിരുന്നതാണ്.
എന്നാൽ നോമ്പു കാലത്ത് തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുകയും ഇക്കാലയളവിൽ പ്രവർത്തിച്ചതിന്റെ പേരിൽ ഹോട്ടലുടമകൾക്ക് ഏതെങ്കിലും തരത്തിൽ പ്രയാസം നേരിട്ടതായി നാളിതുവരെ ഒരു പരാതിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് സാക്ഷ്യപ്പെടുത്തിയിരുന്നു.
ഗുരുവായൂരപ്പ സ്തുതിഗീതങ്ങളായ നാരായണീയത്തിന്റെ കർത്താവ് മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെയും ജ്ഞാനപ്പാനയുടെ കർത്താവ് പൂന്താനം നമ്പൂതിരിയുടെയും ആധുനിക മലയാളത്തിന്റെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെയും മഹാകവി വള്ളത്തോൾ നാരായണമേനോന്റെയും മണ്ണാണ് മലപ്പുറം. കേരളത്തിൽ നല്ലൊരു വിഭാഗം ജനങ്ങൾക്കും യാഥാർത്ഥ്യം ബോധ്യപ്പെടുമെങ്കിലും വർഗീയവാദികൾ പ്രചരിപ്പിക്കുന്ന വിനാശകരമായ ആശയങ്ങൾക്ക് ഉത്തരേന്ത്യയിൽ ചെറുതല്ലാത്ത സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നത് നാം കാണാതെ പോകരുത്. ജാതി — മത ഭേദമന്യേ ജനങ്ങൾ ഐക്യത്തോടെ വസിക്കുന്ന പ്രദേശത്തെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭൂമികയായി മാത്രം ചിത്രീകരിക്കുക വഴി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കാവുന്ന സംഘ്പരിവാർ പ്രചരണങ്ങൾക്ക് കോൺഗ്രസിന്റെ മലപ്പുറം വിരുദ്ധ നിലപാടുകൾ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഇതര വീക്ഷണങ്ങളോടുള്ള വെറുപ്പും അസഹിഷ്ണുതയും മുഖമുദ്രയാക്കുന്ന ഫാസിസം അതിന്റെ പ്രഖ്യാപിത നയമായ സങ്കുചിതവാദത്തെ നിരന്തരം സമൂഹത്തിൽ ഉല്പാദിപ്പിക്കാൻ ശ്രമിക്കുമ്പോൾ, മതനിരപേക്ഷ മൂല്യങ്ങളുയർത്തിക്കൊണ്ടുള്ള പ്രതിരോധത്തിലൂടെ അതിനെ ചെറുത്തുതോല്പിച്ച ചരിത്രമാണ് മലപ്പുറത്തിന്റേത്. കേരളത്തിന്റെ മതേതര പാരമ്പര്യത്തെ അപകീർത്തിപ്പെടുത്തുന്നതും സാംസ്കാരിക പൈതൃകത്തെ കളങ്കപ്പെടുത്തുന്നതുമായ പ്രവണതകൾക്കെതിരെ എന്നും ശക്തമായി നിലകൊണ്ട മലപ്പുറം ജില്ലയുടെ രാഷ്ട്രീയ പ്രബുദ്ധത ജൂൺ 23ന് കോൺഗ്രസ് നേതൃത്വം നിലമ്പൂരിലൂടെ തിരിച്ചറിയുക തന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.