20 July 2025, Sunday
KSFE Galaxy Chits Banner 2

മാവോയിസ്റ്റ് ഉന്മൂലനം: മനുഷ്യാവകാശ ലംഘനം

ജയശ്ചന്ദ്രൻ കല്ലിംഗൽ
June 4, 2025 4:40 am

2016 നവംബർ 24നാണ് നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കേരള പൊലീസിലെ തണ്ടർബോൾട്ട് സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. കടുത്ത പ്രമേഹവും രക്ത സമ്മർദവും കാരണം ദേവരാജും ഒരു ശസ്ത്രക്രിയയ്ക്കുശേഷം അജിതയും വിശ്രമത്തിലായിരുന്നുവെന്ന് ഇവരുടെ മരണത്തിനുശേഷം പുറത്തു വന്ന റിപ്പോർട്ടുകളിൽ വ്യക്തമായിരുന്നു. വനത്തിൽ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന തണ്ടർബോൾട്ട് ടീമംഗങ്ങൾക്ക് നേരെ വെടിവച്ചപ്പോഴുണ്ടായ പ്രതിരോധത്തിനിടയിലാണ് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതെന്നതായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ പൊലീസിന്റെ അവകാശവാദം തെറ്റാണെന്നും തീർത്തും ഏകപക്ഷീയമായ വെടിവയ്പായിരുന്നു നിലമ്പൂരിലുണ്ടായതെന്നും പിന്നീട് വ്യക്തമായെങ്കിലും അതിന് ഇന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സംഭവത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ആവശ്യപ്പെടുകയും അഡ്വ. കെ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ഒരു സംഗത്തെ നിയോഗിച്ച് യഥാർത്ഥ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അവർ നടത്തിയ പരിശോധനയിലും അന്വേഷണത്തിലും ഏറ്റുമുട്ടലെന്നത് വ്യാജമായി സൃഷ്ടിച്ച വാർത്തയാണെന്ന കാര്യം സർക്കാരിനെ അറിയിക്കുകയും തുടർ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. ഝാർഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ കുപ്പു ദേവരാജിനെ അറസ്റ്റ് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം ഒരു മാവോയിസ്റ്റ് ഭീകരനായിരുന്നുവെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നുമായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ സംസ്ഥാന പൊലീസിന് വലിയ നിയന്ത്രണങ്ങൾ ഒന്നും ഇല്ല എന്ന് പിന്നീടും ഇതുപോലെ സംഘടിപ്പിച്ച വെടിവയ്പുകളിൽ വ്യക്തമാകുകയും ചെയ്തു. 

കുറ്റവാളികളായ മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കണമെന്നും വെടിവച്ചു കൊല്ലുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വ്യാജ ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കണമെന്നും കഴിഞ്ഞ പാർലമെന്റ് സെഷനിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യസഭാ പ്രതിനിധി പി സന്തോഷ്‌കുമാർ ആവശ്യപ്പെട്ടത് ഈ അവസരത്തിൽ ഓർക്കുകയാണ്. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതിന് പകരം അവരെ ജനാധിപത്യപരമായ ഇടപെടലുകളിലൂടെ പൊതുധാരയിലേക്ക് കൊണ്ടുവരണമെന്നും കുറ്റം ചെയ്തവരെ കണ്ടെത്തി നിയമാനുസൃത വിചാരണകൾക്ക് ശേഷം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്ന ഏക പ്രസ്ഥാനം സിപിഐ ആണ്. നിയമവാഴ്ചയുള്ള രാജ്യത്ത് കുറ്റവാളികളെ ഏകപക്ഷീയമായി വെടിവച്ചു കൊല്ലുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന ശക്തമായ നിലപാടാണ് പാര്‍ട്ടി ഉയർത്തിയിട്ടുള്ളത്. ഇപ്പോഴത്തെ ബിജെപി സർക്കാരും അതിനു മുമ്പ് കോൺഗ്രസ് സർക്കാരും മാവോയിസ്റ്റ് ഉന്മൂലനം അവരുടെ പ്രഖ്യാപിത ലക്ഷ്യമായി ഉയർത്തുകയും അതിനായി പ്രത്യേക സേനയെ നിയോഗിക്കുകയും ചെയ്തു. പ്രത്യേക അധികാരങ്ങളോടെ രൂപീകരിക്കപ്പെട്ട ഈ സേന രാജ്യത്തിന്റെ എല്ലാ നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് മാവോയിസ്റ്റ് എന്ന പേരിൽ നിരവധി നിരപരാധികളെ വ്യാജതെളിവുകൾ തയ്യാറാക്കി ജയിലിലടച്ചു. ഫാദർ സ്റ്റാൻ സാമി ജയിലിൽ അടയ്ക്കപ്പെട്ടത് മാവോയിസ്റ്റ് എന്ന പേരിലാണ്. ഝാർഖണ്ഡിലെയും ഛത്തീസ് ഗഢിലെയും ജയിലിൽ വച്ചുള്ള ക്രൂരമായ പീഡനങ്ങളെ തുടർന്ന് വന്ദ്യവയോധികനായ ആ മനുഷ്യസ്നേഹി മരണത്തിന് കീഴടങ്ങി. കവി വരവര റാവുവും സുധാ ഭരദ്വാജും വിചാരണത്തടവുകാരായി തുടരുന്നു. 

നിരവധി മനുഷ്യരെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ വെടിവച്ചു കൊന്നു. 2010 മുതൽ 21 വരെയുള്ള കാലഘട്ടത്തിൽ തീവ്ര ഇടതുപക്ഷത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ 77 ശതമാനമാണ് കുറഞ്ഞത്. മാവോ ആക്രമണങ്ങളാൽ സിവിലിയന്മാരുടെ മരണം 2010ൽ 1005 ആയിരുന്നത് 2021ൽ 147 ആയി. മാവോയിസ്റ്റുകളുടെ ശക്തി കുറഞ്ഞുവെന്നും പല നേതാക്കളും നിയമനടപടികൾക്ക് വിധേയരാകാൻ തയ്യാറാണെന്നും പ്രഖ്യാപിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ മാവോയിസ്റ്റ് വേട്ട കേന്ദ്ര ഭരണകൂടം തുടരുകയാണ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് തെലങ്കാന — ഛത്തീസ്ഗഢ് അതിർത്തിയിൽ 28 പേരെ മാവോയിസ്റ്റുകളായി പ്രഖ്യാപിച്ച് വെടിവച്ചു കൊന്നത്. അതിൽ മാവോയിസ്റ്റ് നേതാവായി അറിയപ്പെട്ടിരുന്ന ബസവരാജിന്റേതടക്കം എട്ട് പേരുടെ മൃതദേഹം കോടതി വിധി ഉണ്ടായിട്ടുപോലും ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറായില്ല. രാജ്യത്ത് മാവോയിസ്റ്റ് വേട്ട എന്ന പേരിൽ ആദിവാസി ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന യുവാക്കളെ കൊന്നുതള്ളുന്ന പ്രവണത തുടരുകയാണ്. മധ്യേന്ത്യയിലെ പ്രകൃതിവിഭവങ്ങളിൽ കോർപറേറ്റ് കമ്പനികൾ കണ്ണുവച്ചിട്ട് നാളേറെയായി. വനാവകാശ നിയമത്തിൽ ഉൾപ്പെടെ ഖനനത്തിന് അനുകൂലമായ ഭേദഗതികൾ വരുത്തി രാജ്യത്തെ ഗോത്രവിഭാഗങ്ങളുടെ നിലനില്പിനെ കേന്ദ്ര സർക്കാർ അപകടപ്പെടുത്തിയിരിക്കുകയാണ്. വൻകിട കമ്പനികളെയും അവരുടെ ഏജന്റുമാരായ രാഷ്ട്രീയ നേതൃത്വത്തെയും പ്രാദേശിക ഭരണകൂടങ്ങളെയും പ്രതിരോധിക്കുന്ന ആദിവാസി മേഖലയിലെ ഇടതുപക്ഷ പുരോഗമന ആശയ പ്രചാരകരെയാണ് കേന്ദ്രഭരണകൂടം പ്രത്യേകം സേനകളെ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുന്നത്. ഫാ. സ്റ്റാൻ സാമി അദ്ദേഹത്തെ തടങ്കലിൽ ഇട്ടിരുന്ന തലോജ സെൻട്രൽ ജയിലിൽ നിന്നും ജയിൽവാസത്തിന്റെ നൂറാം ദിനം എഴുതിയത് ഇങ്ങനെയാണ്. “ദരിദ്രരായ വിചാരണത്തടവുകാരിൽ പലർക്കും തങ്ങൾക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് അറിയില്ല. അവരുടെ കുറ്റപത്രം അവർ കണ്ടിട്ടുമില്ല. നിയമപരമായ മറ്റ് സഹായം ലഭ്യമാകാതെ വർഷങ്ങളോളം ജയിലിൽ കഴിയുന്നു…” ഈ വാക്കുകൾ അക്ഷരംപ്രതി ശരിയാണ്. ആയിരക്കണക്കിന് നിരപരാധികളാണ് ഇത്തരത്തിൽ വിചാരണ കൂടാതെ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയർന്നുവരേണ്ടതുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.