മാർക്സിന്റെ മരണത്തെ തുടർന്ന് എംഗൽസ് എഴുതിയത് ഇങ്ങനെയായിരുന്നു: “മനുഷ്യകുലത്തിന് ഒരു ശിരസ് കുറഞ്ഞു. പക്ഷെ ഈ കാലഘട്ടത്തിലെ ഏറ്റവും മഹനീയവും ശ്രേഷ്ഠവുമായ ശിരസായിരുന്നു അത്”. 1844 ൽ മാഞ്ചസ്റ്ററിൽ നിന്ന് മടങ്ങവെ പാരിസിൽ വച്ചാണ് എംഗൽസ് മാർക്സിനെ കാണുന്നത്. ഓഗസ്റ്റ് 28 ന് പ്ലേസ് ഡൂ പാലസിലെ കഫേ ദിയാ റീജൻസിയിൽ വച്ചായിരുന്നു ലോകരാഷ്ട്രീയത്തെയും തത്വശാസ്ത്രത്തെയും വിശകലനരീതികളെയും മാറ്റി മറിച്ച ആ കൂടിക്കാഴ്ച നടന്നത്. മനുഷ്യ മഹാഭൂരിപക്ഷത്തെയും പ്രപഞ്ച പ്രകൃതിയടക്കം സമസ്ത ജീവജാലങ്ങൾക്കും അവകാശപ്പെട്ട സകലതിനെയും അതിക്രൂരമായി ചൂഷണം ചെയ്യുന്ന മൂലധന വ്യവസ്ഥയുടെ സമസ്ത രൂപങ്ങളെയും തുടച്ചു നീക്കി “അന്യന്റെ ശബ്ദം സംഗീതം പോലെയും, അവന്റെ ചലനങ്ങൾ നൃത്തം പോലെയും” ആസ്വദിക്കാൻ കഴിയുന്ന ഒരു സമൂഹസൃഷ്ടിയെ പറ്റിയുള്ള സ്വപ്നങ്ങൾക്ക് താല്‍ക്കാലിക തിരിച്ചടി ഏൽക്കേണ്ടി വന്നെങ്കിലും മാർക്സും എംഗൽസും വിഭാവനം ചെയ്തതും ലെനിൻ പ്രാവർത്തികമാക്കിയതുമായ സമൂഹ്യവ്യവസ്ഥ മർദിത ജനകോടികളെ ഇന്നും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. ആ സ്വപ്നസാക്ഷാത്ക്കാരത്തിനായുള്ള മനുഷ്യരാശിയുടെ പോരാട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു എന്നാണ് ചരിത്രസംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ആ ലക്ഷ്യസാക്ഷാത്ക്കാരത്തിനുള്ള സൈദ്ധാന്തിക അടിത്തറയാണ് മാർക്സും എംഗൽസും ലോകത്തിന് നൽകിയത്. മാർക്സിസം ഒരു ചിന്താപദ്ധതി എന്ന നിലയിൽ ഇന്നും പ്രസക്തമാവുന്നതിന്റെ കാരണം അതിന്റെ വികസ്വര ക്ഷമതയാണ്. അഗാധമായ ചരിത്രജ്ഞാനവും സൂക്ഷ്മമായ താത്വികാവബോധവും നിതാന്തമായ രാഷ്ട്രീയ ജാഗ്രതയും കൊണ്ട് മുതലാളിത്ത രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമർശനത്തെ മനുഷ്യസമൂഹത്തിന്റെ ഇച്ഛാശക്തിയെ കുറിച്ചു കൂടിയുള്ള മനനമാക്കി മാറ്റാൻ കഴിഞ്ഞുവെന്നുള്ളതാണ് മറ്റു ചിന്തകരിൽ നിന്ന് പലപ്പോഴും മാർക്സിനെ വ്യത്യസ്തമാക്കുന്നത്.
സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കാൻ കഴിയുന്ന ഒരു ഇടപെടൽ എന്നു പറയുന്നത് നിസാരമായ കാര്യമല്ല. മാനുഷിക പ്രവർത്തനങ്ങളെ മറ്റു ജന്തുവർഗങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് വേർതിരിക്കുന്നത് എന്താണെന്ന് മൂലധനത്തിൽ മാർക്സ് ചോദിക്കുന്നുണ്ട്. എട്ടുകാലി വലകെട്ടുന്നതും തേനീച്ച അതിന്റെ കൂടുകൾ നിർമ്മിക്കുന്നതും അവയുടെ അപൂർവമായ ചാരുതയാൽ നെയ്ത്തുകാരെയും ശില്പികളെയും ലജ്ജിപ്പിച്ചേക്കാം. എന്നാൽ ശില്പികളെ തേനീച്ചയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അവർ കെട്ടിടം പണി തീർക്കുന്നതിനു മുന്നോടിയായി അതു മനസിൽ പണിയുന്നു എന്നതാണ്. പ്രകൃതിയിലെ വസ്തുക്കൾക്കുമേൽ മനുഷ്യൻ രൂപമാറ്റം സംഭവിപ്പിക്കുന്നത് തങ്ങൾക്ക് ലക്ഷ്യത്തെ പറ്റിയുള്ള ബോധ്യത്തോടെയാണെന്നാണ് മാർക്സ് പറയുന്നത്. മാർക്സിനെ സംബന്ധിച്ചിടത്തോളം വർഗസമരം എന്നത് ഒരു ധാർമ്മിക പ്രശ്നമല്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സമരം എന്നത് ഒരു ചരിത്ര പ്രക്രിയയാണ്. അത് ഉല്പാദന രീതികളെ ചലനാത്മകമാക്കുന്നു. നിരന്തര സമരമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഇന്നത്തെ ഇന്ത്യയിൽ മാർക്സിസം പ്രസക്തമാകുന്നത് അതുകൊണ്ടാണ്. സംഘ്പരിവാർ നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലിരിക്കുന്നത് തൊഴിലില്ലായ്മ പരിഹരിച്ചിട്ടല്ല. സാമൂഹിക, സാമ്പത്തിക അസമത്വം പരിഹരിച്ചിട്ടുമല്ല. വിലക്കയറ്റം തടഞ്ഞിട്ടല്ല. സ്ത്രീസ്വാതന്ത്ര്യം അനുവദിച്ചിട്ടല്ല, മതകലാപങ്ങളെ ഇല്ലായ്മ ചെയ്തിട്ടല്ല, മറിച്ച് മതദർശനങ്ങളെ ദുർവ്യാഖ്യാനിച്ചും വാല്മീകിയുടെ രാമനെ ആർഎസ്എസിന്റെ രാമനാക്കി മാറ്റിയിട്ടുമാണ്. ചരിത്രത്തെ സത്യസന്ധമായി സമീപിക്കാൻ മാർക്സിസം സഹായകമാകും. സമരമാണ് ചരിത്രം എന്ന് മാർക്സിസ് പറഞ്ഞു തരും. മനുഷ്യനാണ് പ്രപഞ്ചത്തിന്റെ മാനദണ്ഡം എന്ന് മാർക്സ് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയിൽ എങ്ങും ഭയം നിറഞ്ഞിരിക്കുന്നു. അജ്ഞാതമായ കോണുകളിൽ ദുർഘടങ്ങൾ പതിയിരിക്കുന്നു. ഭീതിജനകമായ ഈ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ള പ്രത്യയശാസ്ത്രമാണ് മാർക്സിസം. മാർക്സിസം നിരന്തര മാറ്റത്തിന് വിധേയമാകുന്ന ഭൗതിക യാഥാർത്ഥ്യമാണ്. അതുകൊണ്ടു തന്നെ മാർക്സിസത്തിന് ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തെ മാറ്റാനുള്ള നിരന്തര പോരാട്ടത്തിൽ ഏർപ്പെടാം. പക്ഷെ പോരാട്ടത്തിൽ അണിചേരുന്നവർ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തോട് പൂർണമായ ആത്മാർത്ഥത പുലർത്തുന്നവരാകണം എന്നുമാത്രം.
ഒറ്റയ്ക്കിരിക്കുമ്പോഴും ഒപ്പമുള്ളവരോട് സംവദിക്കുമ്പോഴും തീവണ്ടിയിൽ യാത്രചെയ്യുമ്പോഴും ആശ്രമത്തിൽ കഴിയുമ്പോഴുമൊക്കെ ഗാന്ധി സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും ഗാന്ധി എപ്പോഴും സന്നദ്ധത പ്രകടിപ്പിച്ചു. ആ സവിശേഷതയെ കുറിച്ചാണ് ലൂയി ഫിഷർ 1942 ൽ എഴുതിയത്. “ഗാന്ധിയെ പഠിക്കുമ്പോൾ ലഭിക്കുന്ന ആഹ്ലാദം അതുതന്നെയാണ്. അദ്ദേഹത്തിന്റെ വാക്കിലോ പ്രവൃത്തിയിലോ ഒരിടത്തും കാപട്യമോ ഒളിച്ചുവയ്ക്കലോ പുകഴ്ത്തലോ കണ്ടെത്താൻ സാധിക്കില്ല. ” മഹാത്മാഗാന്ധിയുടെ സമ്പൂർണ കൃതികൾ പുസ്തക പരമ്പരയിലെ 87-ാം വാള്യത്തിലാണ് ആർഎസ്എസിനെ കുറിച്ചുള്ള ആദ്യ പരാമർശം വരുന്നത്. 1947 ഏപ്രിലിൽ ആയിരുന്നു അത്. ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി അന്ന് ഡൽഹിയിൽ പ്രാർത്ഥനായോഗം നടന്നു. ഖുറാൻ വചനങ്ങളെ ഗീതാവാക്യങ്ങളുമായി ചേർത്തു വച്ചുള്ള തന്റെ പ്രഭാഷണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കില്ലെന്ന് കാട്ടി ആർഎസ്എസ് കത്ത് അയച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. എന്നിട്ട് ആർഎസ്എസിനോട് അദ്ദേഹം പറഞ്ഞു: “പൂർണമായും സുതാര്യമല്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും ജനങ്ങളുടെ ജീവനെയോ മതത്തെയോ സംരക്ഷിക്കാനാവില്ല” എന്ന്. 1947 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ വച്ച് ഗാന്ധിയെ അവർ വീണ്ടും കണ്ടപ്പോൾ, “ഉദ്ദേശശുദ്ധിയും ശരിയായ ജ്ഞാനവും ആത്മത്യാഗവുമായി കൂടി ച്ചേരുമ്പോഴേ അത് യഥാർത്ഥത്തിൽ ഫലപ്രദമാവുകയുള്ളൂ” എന്ന് ഗാന്ധി അവരോട് പറഞ്ഞു. ഹിന്ദുമതം ഒരു പ്രത്യേക മതം അല്ലെന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും ഹിന്ദുക്കൾ ഇസ്ലാമിനോട് കലഹിക്കേണ്ട കാര്യമില്ലെന്നും ഗാന്ധി ആർഎസ്എസിനോട് പറയുകയുണ്ടായി. ഗാന്ധിയുടെയും ഗോൾവാൾക്കറിന്റെയും കൂടിക്കാഴ്ചയെ കുറിച്ചുള്ള രേഖകൾ മഹാത്മാഗാന്ധിയുടെ സമ്പൂർണ കൃതികളിലുണ്ട്. ഗാന്ധി ഗോൾവാൾക്കറോട് പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങളുടെ സംഘത്തിന്റെ കരങ്ങൾ രക്തപങ്കിലമാണ്. അപ്പോൾ ഗോൾവാൾക്കർ പറഞ്ഞത്: അത് വാസ്തവമല്ലെന്നും അവരുടെ സംഘടന ആർക്കും എതിരല്ലെന്നും മുസ്ലിം വിഭാഗത്തിന് എതിരല്ലെന്നുമായിരുന്നു.” ഗോൾവാൾക്കർ ഗാന്ധിയോട് പറഞ്ഞത് കളവായിരുന്നു. നവംബർ 15 ന് എഐസിസിയിൽ ഗാന്ധി ശ്രദ്ധേയമായ ഒരു പ്രസംഗം നടത്തി. “കോൺഗ്രസിന്റെ അടിസ്ഥാന സ്വഭാവത്തോട് കൂറു പുലർത്തിക്കൊണ്ട് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒന്നിപ്പിക്കേണ്ടതുണ്ട്. ഈയൊരു ആദർശത്തിനു വേണ്ടിയാണ് കഴിഞ്ഞ ദശകങ്ങളിൽ പ്രവർത്തിച്ചത്” എന്ന് ഉദ്ബോധിപ്പിച്ചു. “സ്വയം സുരക്ഷിതരാണ് എന്ന് മുസ്ലിങ്ങൾക്ക് തോന്നാൻ സാധ്യമായതെല്ലാം ചെയ്യണ“മെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു. “അക്രമവും റൗഡിസവും ഹിന്ദു മതത്തേയോ സിഖ് മതത്തേയോ രക്ഷിക്കില്ല. രാഷ്ട്രീയ സ്വയം സേവക് സംഘത്തെ കുറിച്ച് ഞാൻ പലതും കേൾക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ അവരാണ് എന്നറിയുന്നു. ആയിരം വാളുകളേക്കാൾ ശക്തിയേറിയതാണ് പൊതുജനാഭിപ്രായം എന്ന കാര്യം മറക്കരുത്. കൊലക്കത്തികൾ കൊണ്ട് ഹിന്ദുമതത്തെ രക്ഷിക്കാനാവില്ല. നിങ്ങളിപ്പോൾ സ്വതന്ത്ര ജനതയാണ്. ഈ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കണം. ജാഗ്രതയോടെയും ധൈര്യത്തോടെയും പ്രവർത്തിച്ചാൽ, മനുഷ്യത്വത്തോടെ ഇടപെട്ടാൽ നിങ്ങൾക്ക് സ്വാതന്ത്ര്യം സംരക്ഷിക്കാനാവും. അല്ലെങ്കിൽ ഈ മനോഹര സമ്മാനം കൈകളിൽ നിന്ന് വഴുതിപ്പോകുന്ന ഒരു ദിനം വരും. അങ്ങനെയൊരു ദിനം വരില്ല എന്നാണെന്റെ പ്രതീക്ഷ. പക്ഷെ ഇപ്പോൾ എന്തായി? ആർഎസ്എസ് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു” എന്നദ്ദേഹം പറയുകയുണ്ടായി.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.