June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

താമരത്തൊട്ടിലല്ല, വിഷാദ ഭൂമികയാക്കുന്നു

By Janayugom Webdesk
February 12, 2020

സബ് കാ സാത്, സബ് കാ വികാസ്- ഇതാണ് മോഡി സർക്കാരിന്റെ പ്രഖ്യാപിത മുദ്രാവാക്യം. രണ്ടാമതായി പറയുന്നു, കർഷകനെ കൈവിടില്ല, അവന്റെ വരുമാനം ഇരട്ടിയാക്കി താമര തൊട്ടിലിലിൽ ആറാടാൻ കഴിയുന്ന അവസ്ഥയിലെത്തിക്കും. എന്നാൽ പാവപ്പെട്ട കർഷകനെ കഴിഞ്ഞ ആറു വർഷമായി മോഡി സർക്കാർ കൈവിട്ടുവെന്ന് മാത്രമല്ല അവരെ മാനസിക രോഗികളുമാക്കി. ഇതിനുള്ള പ്രകടമായ തെളിവാണ് മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് നടത്തിയ പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. വിദർഭ മേഖലയിലെ 60 ശതമാനം കർഷകരും വിഷാദം ഉൾപ്പെടെയുള്ള മാരകമായ മാനസിക രോഗങ്ങൾക്ക് അടിമപ്പെട്ടുവെന്നാണ് ഇ­ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന്റെ പഠന റിപ്പോർട്ട് അടിവരയിടുന്നത്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ വൈദ്യശാസ്ത്ര പരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കർഷക ആത്മഹത്യകൾ പെരുകുമെന്നാണ് ക്ലിനിക്കൽ എപ്പിഡമോളജി ആന്റ് ഗ്ലോബൽ ഹെൽത്ത് റിപ്പോർട്ട് പറയുന്നത്. ഇത് വിദർഭയുടെ മാത്രം കാര്യമല്ല മറിച്ച് രാജ്യത്തെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പരിച്ഛേദമാണ്. വിദർഭയിലെ 300 കർഷക കുടുംബങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്.

ഇതിൽ 34.7 ശതമാനം കർഷകരും നാഡീവ്യൂഹത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന സോമാറ്റിക് രോഗ ബാധിതരാണ്. 55 ശതമാനം കർഷകരിൽ അകാരണമായ ഉത്ക്കണ്ഠ എന്ന മാനസിക അസ്വാസ്ഥ്യം കണ്ടെത്തി. 7.3 ശതമാനം കർഷകരിൽ എല്ലാറ്റിനും പ്രതിലോമ അഥവാ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സോഷ്യൽ ഡിസ്ഫങ്ഷൻ എന്ന രോഗം കണ്ടെത്തി. 27.7 ശതമാനം പേരിൽ ഗുരുതരമായ വിഷാദരോഗം (ക്ലിനിക്കൽ ഡിപ്രഷൻ) സ്ഥിരീകരിച്ചു. 25000 രൂപയിൽമേൽ കർഷക വായ്പയെടുത്ത ഭൂരിഭാഗം കർഷകരിലുമാണ് വിഷാദരോഗവും അകാരണമായ ഉത്ക്കണ്ഠയും സ്ഥിരീകരിച്ചത്. എന്നാൽ ഈ പ്രശ്നങ്ങൾ കണ്ടെത്താനോ പരിഹരിക്കാനോയുള്ള യാതൊരു നടപടിയും ഇനിയും ഉണ്ടായിട്ടില്ലെന്നത് കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. മാനസിക രോഗത്തിന്റെ ഭാഗമായുള്ള വിഷാദം, കുടുംബത്തിന്റെ സാമ്പത്തിക പ്രാരാബ്ദങ്ങൾ തുടങ്ങിയ ഘടകങ്ങൾ കർഷകരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2018ൽ രാജ്യത്ത് 10,349 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 34.7 ശതമാനം പേരും മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരാണ്. 23.2 ശതമാനം കർഷകർ കർണാടക, 8.8 ശതമാനം തെലങ്കാന, 6.4 ശതമാനം പേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ 12 ജില്ലകളിലെ കർഷകരിലാണ് ഗുരുതരമായ മാനസിക രോഗങ്ങൾ കണ്ടെത്തിയത്.

കർഷകർക്ക് ആവശ്യമായ കൗൺസിലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്യുന്നതിന് 2019ൽ 12,700 പേർക്കാണ് പരിശീലനം നൽകിയത്. എന്നാൽ ഇവരുടെ പ്രവർത്തനങ്ങൾ ആശാവഹമല്ലെന്നാണ് കർഷകരിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വിരൽ ചൂണ്ടുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ കർഷകർ വിഷാദം ഉൾപ്പെടെയുള്ള മാനസിക രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി കർഷകരുടെ ആത്മഹത്യകൾ (സൈക്കോളോജിക്കൽ ഓട്ടോപ്സി) സംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. എന്നാ­ൽ ഇത് പരിഹരിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. സമൂഹത്തിലെ ഒരു ധനികന് വിഷാദ രോഗമെന്ന് പറഞ്ഞാൽ എല്ലാ പേരും ചെവിക്കൊള്ളും. എന്നാൽ പാവപ്പെട്ട കർഷകന് ഈ രോഗം ബാധിച്ചാൽ സർക്കാർ ഉദ്യോഗസ്ഥർ പോലും അംഗീകരിക്കാൻ വിസമ്മതിക്കുന്നു. ആഗോളതലത്തിലും ഇത് തന്നെയാണ് അവസ്ഥ. കർഷകർ, കർഷക തൊഴിലാളികൾ എന്നിവരുടെ മാനസിക ആരോഗ്യം ഗുരുതരമായി വർധിക്കുന്നു. ആഗോള തലത്തിൽ 40 വയസിന് താഴെയുള്ള കർഷകരിൽ 84 ശതമാനം പേരും വിവിധ മാനസിക രോഗങ്ങൾക്ക് അടിമപ്പെട്ടവരാണ്.

ഓരോ വർഷവും ഇതിന്റെ ആധിക്യം വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018ൽ 81 ശതമാനമായിരുന്നത് 2019ൽ 84 ശതമാനമായി വർധിച്ചു. സാമ്പത്തിക അരക്ഷിതാവസ്ഥ, വികലമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയാണ് ഈ തോത് വർധിക്കാനുള്ള കാരണം. കർഷകർ മാത്രമല്ല രാജ്യത്തെ മറ്റ് അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവരുടെ സ്ഥിതിയും ഇതുതന്നെയാണ്. അസംഘടിത മേഖലയിലിലെ തൊഴിലാളികളിൽ 80 ശതമാനം പേരും വിവിധ മാനസിക രോഗങ്ങൾക്ക് അടിമപ്പെട്ടവരാണെന്ന് 2018ലെ ലാൻസെറ്റ് കമ്മിഷൻ ഓൺ മെന്റൽ ഹെൽത്ത് പുറത്തുവിട്ട റിപ്പോർട്ടിലും പറയുന്നു. 20 തൊഴിലാളികളിൽ ഒരാൾ വിഷാദരോഗം ബാധിച്ചതെന്ന കണ്ടെത്തൽ ഏറെ ഉത്ക്കണ്ഠ ഉളവാക്കുന്ന ഒന്നാണ്. മൊത്തം പ്രായപൂർത്തിയായ ജനസംഖ്യയുടെ 15 ശതമാനം പേരും മനോരോഗ ചികിത്സ ആവശ്യമുള്ളവരാണ്. വാസ്തവങ്ങൾ ഇതായിരിക്കെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച 62,398 കോടി രൂപയിൽ നാഷണൽ മെന്റൽ ഹെൽത്ത് പദ്ധതിക്കായി കേവലം 40 കോടി രൂപ മാത്രമാണ് നൽകിയത്. മാനസിക ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ മേഖലയുടെ മൊത്തം വിഹിതത്തിന്റെ 0.06 ശതമാനം മാത്രമാണ് നീക്കിവച്ചത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഒരു ലക്ഷം മാനസിക രോഗികൾക്ക് 0.03 ഡോക്ടറും 0.05 നഴ്സുമാണുള്ളത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 3800 മനോരോഗ വിദഗ്ധരാണുള്ളത്. 13,500 പേരാണ് ആവശ്യമായത്. 20,250 ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ആവശ്യമായിടത്ത് 900 പേർ മാത്രമാണുള്ളത്. സൈക്യായാട്രിക് സോഷ്യൽ വർക്കർമാരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്. രാജ്യത്ത് ആകെയുള്ള 150 ദശലക്ഷം മാനസിക രോഗികളിൽ 85 ശതമാനം പേർക്കും ചികിത്സ കിട്ടുന്നില്ല. ഇതിനുള്ള പ്രകടമായ തെളിവാണ് ആത്മഹത്യകൾ വർധിക്കാനുള്ള കാരണം. രാജ്യത്തെ ജനങ്ങളുടെ മാനസിക ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് 2017ൽ മോഡി സർക്കാർ മെന്റൽ ഹെൽത്ത് കെയർ നിയമം പാസാക്കി. എന്നാൽ ഇത് അനുസരിച്ചുള്ള ഒരു പ്രവർത്തനവും ഇനിയും ഉണ്ടായിട്ടില്ല.

Eng­lish Sum­ma­ry: modi gov­ern­ment donot con­sid­er farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.