ലോക സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്നാണ് അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും പ്രചരിപ്പിക്കുന്നത്. 3.9 ലക്ഷം കോടി ഡോളറിന്റെ നാമമാത്രമായ ജിഡിപി മുന്‍നിര്‍ത്തിയാണ് സാമ്പത്തികരംഗത്ത് ഇതൊരു അത്ഭുതമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നത്. പ്രധാനമന്ത്രി എല്ലാ വേദികളിലും തന്റെ ഭരണമികവിലുള്ള ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ഉദ്ഘോഷിക്കുമ്പോള്‍, ഭൂരിപക്ഷം മാധ്യമങ്ങളും ആ ആഖ്യാനങ്ങളെ അതിശയോക്തികലര്‍ത്തിയ തലക്കെട്ടുകളോടെ അവതരിപ്പിക്കുന്നു. ഈ ആഘോഷത്തിമിര്‍പ്പിന് പിന്നിൽ നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമുണ്ട്; ഇത് വരേണ്യവർഗം എഴുതിയതും അവർക്കുവേണ്ടി എഴുതപ്പെട്ടതുമായ ഒരു വളർച്ചാ കഥയാണ്. ഭൂരിപക്ഷം ഇന്ത്യക്കാരും പട്ടിണി, തൊഴിലില്ലായ്മ, കടുത്ത ദാരിദ്ര്യം എന്നിവയാൽ കഷ്ടപ്പെടുകയാണ്. ഔദ്യോഗികമായി വെളിപ്പെടുത്തുന്ന ജിഡിപി കണക്കുകൾ യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതല്ല. ഇന്ത്യയുടെ ഇന്നത്തെ ആളോഹരി വരുമാനം ഏകദേശം 2,800 ഡോളറാണ്. അതായത് പ്രതിവർഷം 2.33 ലക്ഷം രൂപ. വിയറ്റ്നാമിന്റെ 4,300 ഡോളറും ചൈനയുടെ 12,500 ഡോളറുമായി — യഥാക്രമം 3.57 ലക്ഷം, 10 ലക്ഷം രൂപ — ഇത് താരതമ്യം ചെയ്യണം. ആഗോള സാമ്പത്തിക ശക്തിയായി എന്നവകാശപ്പെടുന്നതിന് മുമ്പ് സമാനമോ പിന്നിലോ ആയിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യയെ പിന്നിലാക്കുന്നു. 2.33 ലക്ഷം എന്ന കണക്ക് തന്നെ ഒരു മിഥ്യയാണ്.
രാജ്യത്തെ ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം ആളുകളാണ് ദേശീയ സമ്പത്തിന്റെ 40 ശതമാനം നിയന്ത്രിക്കുന്നത്. അഡാനി, അംബാനി തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള കോർപറേറ്റ് സ്ഥാപനങ്ങളും വൻകിട ബിസിനസ് സ്ഥാപനങ്ങളുമാണ് അവര്‍. ഈ അതിന്യൂനപക്ഷത്തിന്റെ സമ്പത്ത് ഒഴിവാക്കിയാൽ, ഇന്ത്യയിലെ ബാക്കിയുള്ള 140 കോടി ആളുകൾക്ക് ലഭ്യമായ ജിഡിപി ഗണ്യമായി കുറയും. അവശേഷിക്കുന്നത് ഏതാണ്ട് 115 ലക്ഷം കോടിയാണ്. ഇത് പ്രതിവർഷം വെറും 82,000 രൂപ അഥവാ പ്രതിമാസം ഏകദേശം 6,800 രൂപ എന്ന പ്രതിശീർഷ വരുമാനത്തിലേക്ക് നയിക്കുന്നു. കുറച്ചുകൂടി മുന്നോട്ട് പോയി, മേല്‍ത്തട്ടിലുള്ള അഞ്ച് ശതമാനത്തിന്റെ നിയന്ത്രണത്തിലുള്ള 62 ശതമാനം നീക്കം ചെയ്താൽ, രാജ്യത്തിന്റെ വരുമാനമായി അവശേഷിക്കുന്നത് 89 ലക്ഷം കോടിയാണ്. അപ്പോള്‍ പ്രതിവർഷം 67,000 അല്ലെങ്കില്‍ പ്രതിമാസം 5,600 രൂപയില്‍ താഴെയാകും പ്രതിശീര്‍ഷ വരുമാനം. മിക്ക ഇന്ത്യന്‍ പൗരന്‍മാരും അതിജീവിക്കുന്നത് ഈ സാഹചര്യത്തിലാണ്.
നിലവിലുള്ളത് ജനങ്ങൾക്കുവേണ്ടിയുള്ള സമ്പദ്‌വ്യവസ്ഥയല്ല, കൊള്ളലാഭത്തിനും, ആഡംബരത്തിനും, പ്രചരണത്തിനും വേണ്ടിയുള്ള സമ്പദ്‌വ്യവസ്ഥയാണ്. 80 കോടി ആളുകൾ നിലനില്പിനായി സൗജന്യ റേഷൻ പദ്ധതികളെ ആശ്രയിക്കുന്ന ഒരു രാജ്യത്ത്, ആഗോള ജിഡിപി റാങ്കിങ് ആഘോഷിക്കുന്നത് വിചിത്രമായ തമാശയായി മാറുന്നു. സാമ്പത്തിക ശക്തിയെക്കുറിച്ച് ലജ്ജയില്ലാതെ വീമ്പിളക്കുന്ന സർക്കാര്‍, ഒരേസമയം സൗജന്യ റേഷൻ വിതരണം ചെയ്തതിന്റെ ക്രെഡിറ്റ് എടുക്കുന്നത് എങ്ങനെയാണ് ? ജിഡിപി വളർച്ച യഥാർത്ഥമാണെങ്കിൽ, ആരാണ് സൗജന്യ റേഷനുവേണ്ടി കാത്തിരിക്കുന്നത്? ഒന്നുകിൽ രാജ്യം തിളങ്ങുന്നു, അല്ലെങ്കിൽ പട്ടിണിയിലാണ്. ഒരേസമയം ഇത് രണ്ടും ആകാൻ കഴിയില്ല. ഈ വൈരുധ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ, ചോദ്യങ്ങൾ ചോദിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു. എന്നാൽ ശരിയായ ദേശവിരുദ്ധത എന്താണ്: സമ്പത്തിന് മുന്നിൽ വിശപ്പിനെ ചോദ്യം ചെയ്യുന്നതോ, അതോ വിശപ്പിനെ പൂർണമായും അവഗണിക്കുന്നതോ? ബിഹാറിലെ പോഷകാഹാരക്കുറവുള്ള ഒരു കുട്ടിക്കോ മധ്യപ്രദേശിലെ തൊഴിൽരഹിതനായ ബിരുദധാരിക്കോ ജിഡിപി സംഖ്യകൾ ആഹരിക്കാന്‍ കഴിയുമോ? ഉയർന്ന കാര്‍ഷിക ചെലവുകൾ മൂലം തകർന്ന മഹാരാഷ്ട്രയിലെ ഒരു കർഷകന് സമൂഹമാധ്യമ ഭ്രാന്തുകൊണ്ട് തന്റെ കുടുംബത്തെ പോറ്റാൻ കഴിയുമോ? വരുമാനത്തിനപ്പുറം, ഇന്ത്യയുടെ സാമൂഹിക, മാനുഷിക വികസന സൂചകങ്ങളും പ്രതിസന്ധി വെളിപ്പെടുത്തുന്നു. ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് വളരെ പിന്നിലായി മാനവ വികസന സൂചികയിൽ രാജ്യം 134-ാം സ്ഥാനത്താണ്. ആഗോള വിശപ്പ് സൂചികയിൽ 125ൽ 111-ാം സ്ഥാനത്താണ്. രാജ്യത്തെ കുട്ടികളിൽ 35 ശതമാനവും വളർച്ചാ മുരടിപ്പുള്ളവരാണ്. 230 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ബഹുമുഖ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. സ്ത്രീ തൊഴിൽ പങ്കാളിത്തം ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള രാജ്യങ്ങളിലൊന്നാണ്. ആഗോള ലിംഗവിവേചന സൂചികയിൽ 146ൽ 127-ാം സ്ഥാനത്താണ് ഇന്ത്യ. വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യം, ഭക്ഷണം, ഭവന സമത്വം എന്നിങ്ങനെ ജനങ്ങളുടെ യഥാർത്ഥ ജീവിതത്തെ സ്പർശിക്കുന്ന മിക്ക സൂചികകളിലും ഇന്ത്യ ദയനീയമായി പിന്നാക്കം പോയിരിക്കുന്നു. ഇതാണോ “ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ“യുടെ യഥാർത്ഥ മുഖം?
എന്തടിസ്ഥാനമാക്കിയാണ് ഇത്തരം റാങ്കിങ്ങുകള്‍ ആഘോഷമാക്കുന്നത് എന്നതും ചോദ്യമാണ്. 3.9 ലക്ഷം കോടി ഡോളര്‍ എന്ന ജിഡിപി കണക്ക് ഡോളറിന്റെ വിനിമയ നിരക്കിനെ അടിസ്ഥാനമാക്കിയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83 രൂപയായി ഇടിഞ്ഞിരിക്കുന്നു. മൂല്യം 90 രൂപയായി മാറിയാല്‍ ഡോളര്‍ നിരക്കില്‍ കണക്കാക്കുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും ചുരുങ്ങില്ലേ. ഇത് ശക്തമായ സാമ്പത്തിക അടിത്തറയാണോ സൂചിപ്പിക്കുന്നത് ? വളര്‍ച്ചയുടെ തെറ്റായ ധാരണ സൃഷ്ടിക്കുന്ന ജിഡിപി കണക്കുകള്‍ യഥാര്‍ത്ഥത്തില്‍ ദുര്‍ബലവും വിപരീതവുമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഭദ്രമാവുകയല്ല, പകരം കറന്‍സിക്ക് വിലയില്ലാതാവുകയാണ്. രാജ്യത്തിന്റെ വളര്‍ച്ച രൂപയുടെ മൂല്യത്തെ ആധാരമാക്കിയാണെന്ന് മുമ്പ് പറഞ്ഞ പ്രധാനമന്ത്രി, മൂല്യം ഇടിയുമ്പോള്‍ നിശബ്ദത പുലര്‍ത്തുന്നു. ഈ കാപട്യം തികച്ചും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നതാണ്. അത് സർക്കാരിന്റെ പരാജയങ്ങളെ മറയ്ക്കുന്നു. ബിജെപിക്ക് തലക്കെട്ടുകള്‍ നൽകുന്നു. അടിസ്ഥാനമില്ലാത്തതെങ്കിലും വിജയത്തിന്റെ മിഥ്യാധാരണ നൽകുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകർച്ചയിലായിരിക്കുകയും, തൊഴിലില്ലായ്മ വ്യാപകമാവുകയും, പണപ്പെരുപ്പം ദരിദ്രരെ ഏറ്റവും കൂടുതൽ ബാധിക്കുകയും ചെയ്യുന്ന സമയത്ത് ജിഡിപി ആഘോഷമാക്കുന്നത് യാദൃച്ഛികമല്ല. നയങ്ങളെ സഹായിക്കാന്‍, പ്രചരണങ്ങളെ സംരക്ഷിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വെള്ളപൂശലാണ് നടക്കുന്നത്. ബഹുഭൂരിപക്ഷം ജനത ഇതിന്റെ ഇരകളാവുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, തൊഴിലാളികള്‍ സാംക്രമികരോഗങ്ങള്‍ക്കിരയാവുന്നു, കുട്ടികള്‍ക്ക് വിദ്യാഭ്യാസം അന്യമാവുന്നു, തൊഴില്‍സ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ അപ്രത്യക്ഷരാവുന്നു. ഇതൊക്കെ സംഭവിക്കുമ്പോഴും ഒരു ശതമാനം വര്‍ഷാവര്‍ഷം അവരുടെ സമ്പത്ത് ഇരട്ടിയാവുന്നതും നോക്കിയിരിക്കുന്നു. ഇത് വികസന മാതൃകയല്ല, സംഘടിതമായ അവഗണനയും മനഃപൂര്‍വമായ ഒഴിവാക്കലുമാണ്.
ഇന്ത്യ യഥാർത്ഥത്തിൽ ഒരു വന്‍കിട രാഷ്ട്രമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്റെ ഗതി മാറ്റണം. ക്രെഡിറ്റ് ഏജൻസികളെ ആകർഷിക്കുകയോ ആഗോള റാങ്കിങ്ങിൽ മത്സരിക്കുകയോ അല്ല ചെയ്യേണ്ടത്. പകരം ഒരു കുട്ടിയും വിശപ്പോടെ ഉറങ്ങുന്നില്ലെന്നും ഓരോ യുവാവിനും ജോലിയുണ്ടെന്നും മരുന്നിനും ഭക്ഷണത്തിനുമായി ഒരു ഇന്ത്യക്കാരനും അലയേണ്ട അവസ്ഥയില്ലെന്നും ഉറപ്പാക്കുകയാവണം ലക്ഷ്യം. അന്ധമായ കരഘോഷത്തിലല്ല, ആവശ്യപ്പെടുന്ന ഉത്തരങ്ങൾ നല്‍കുന്നതിലാണ് യഥാർത്ഥ ദേശസ്നേഹം. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിലാണ് യഥാർത്ഥ ദേശീയത സ്ഥിതിചെയ്യുന്നത്. അവർക്ക് സമ്പത്ത് ലഭ്യമാക്കുന്നതാണ് യഥാർത്ഥ വളർച്ച. ജിഡിപി ചാർട്ടുകളിലല്ല, മറിച്ച് അന്തസോടെയുള്ള ജീവിതങ്ങളിലാണ് യഥാർത്ഥ വളർച്ച. അതുവരെ, ഈ സമ്പദ്‌വ്യവസ്ഥ അതിന്റെ യഥാർത്ഥ അവസ്ഥയിൽത്തന്നെ തുടരും; കാമ്പിൽ പൊള്ളയും മുകളിൽ മാത്രം തിളങ്ങുന്നതുമായി. പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ നിന്ന് അപകടകരമാംവിധം വിച്ഛേദിക്കപ്പെട്ടതാണ് അത്. കൊട്ടിഘോഷിക്കപ്പെടുന്ന മോഡിയുടെ ‘വികസിത് ഭാരത് @ 2047’ സമൂഹത്തിലെ പാവങ്ങളുടെ ക്ഷേമത്തിന് എങ്ങനെ ഗുണകരമാവുമെന്നത് കൂടി പരിശോധിക്കണം. രാജ്യത്തിന്റെ നിലവിലെ വളര്‍ച്ച ഒരു ചെറിയ ശതമാനത്തിനു മാത്രം ഗുണകരവും ഭൂരിപക്ഷത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതുമാണ്. അസമത്വവും പാരിസ്ഥിതിക നാശവും വിതയ്ക്കുന്ന, ഭൂരിപക്ഷത്തെ അവഗണിക്കുന്ന ഒരു വളര്‍ച്ചയും ആഘോഷിക്കപ്പെടരുത്. ഒരുപിടി ആളുകൾ അനര്‍ഹമായ സമ്പത്ത് ശേഖരിക്കുമ്പോൾ ജനകോടികള്‍ ഭക്ഷണത്തിനായി റേഷനെ ആശ്രയിക്കുന്ന ഒരു രാജ്യത്ത് സാമ്പത്തിക അസമത്വമുണ്ടാക്കുന്ന നയങ്ങള്‍ ഒഴിവാക്കപ്പെടണം. തെറ്റായ മാതൃക ഉപേക്ഷിച്ച് ഒരു പുതിയ പാത രൂപപ്പെടുത്തേണ്ടതുണ്ട്. തുല്യത ഉറപ്പുവരുത്തുന്ന, സാമ്പത്തിക സുസ്ഥിരതയുള്ള, തൊഴില്‍ പ്രദാനം ചെയ്യുന്ന, നീതിയും അന്തസും പ്രദാനം ചെയ്യുന്ന, ജനാധിപത്യ ആസൂത്രണത്തില്‍ വേരൂന്നിയ പദ്ധതികള്‍ ആവിഷ്കരിക്കണം. യഥാര്‍ത്ഥ വികസനത്തിലേക്കുള്ള ചുവടുവയ്പിന്റെ കാലമാണ്, മിഥ്യാധാരണകളുടേതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.