25 April 2024, Thursday

അടിയറവ് വയ്ക്കരുത്, മലയാളത്തെ

എൻ ശ്രീകുമാര്‍
February 21, 2022 6:00 am

ഭാഷ, സാംസ്കാരിക വൈവിധ്യം, ബഹുഭാഷാത്വം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ലോകമാതൃഭാഷാ ദിനാചരണം ഫെബ്രുവരി 21 ന് സാർവദേശീയ തലത്തിൽ സംഘടിപ്പിക്കുന്നത്. ബംഗ്ലാദേശിൽ മാതൃഭാഷയായ ബംഗാളി ഭാഷയെ മറികടന്ന് ഉറുദു ഭാഷ ഭരണഭാഷയാക്കാനുള്ള നീക്കത്തിനെതിരെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ 1952 ൽ നയിച്ച രക്തപങ്കിലമായ ഒരു ഭാഷാ പ്രക്ഷോഭത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ലോകമാതൃഭാഷാ ദിനത്തിൽ മലയാള ഭാഷയുടെ നിലവിലുള്ള അവസ്ഥ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ഗൗരവമുള്ള ചർച്ചകൾ നമ്മുടെ നാട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിന് മലയാള ഭാഷയുടെ ആഴവും പരപ്പും പ്രാചീനതയും തെളിയിക്കുന്നതിനായി അന്ന്, രൂപീകരിച്ച സമിതിയുടെ ഡയറക്ടറും ഭാഷാ പണ്ഡിതനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെ അഭിപ്രായത്തിൽ ക്ലാസിക് ഭാഷാ പദവി ലഭിച്ച ഭാഷകൾക്ക് കേന്ദ്ര സർവകലാശാലകളിൽ പഠന വിഭാഗം തുടങ്ങാനും അന്തർദേശീയ നിലവാരം പുലർത്തുന്ന ഭാഷാ സാഹിത്യ പഠനങ്ങൾക്ക് പുരസ്കാരം ലഭിക്കുന്നതിനും അവസരം ലഭിക്കും. പക്ഷേ, ഇതിന് ആവശ്യമായ നടപടികളൊന്നും ശ്രേഷ്ഠ ഭാഷാ പദവി 2013 ൽ നേടിയ മലയാളത്തിനായി ഇനിയും സ്വീകരിച്ചിട്ടില്ല. നമ്മുടെ ഭാഷയ്ക്ക് ലഭിക്കുന്ന ശ്രേഷ്ഠ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ പോലും നമുക്ക് അലസതയാണ് എന്നു വേണം കരുതാൻ. ഭാഷയുടെ പേരിലുള്ള ഈ ആലസ്യം ഒറ്റപ്പെട്ട കാര്യമല്ല. കേരളത്തിലെ സ്കൂളുകളിൽ മാതൃഭാഷ ഒന്നാം ഭാഷയെന്ന പ്രഖ്യാപനം മാത്രമേ നിലനിൽക്കുന്നുള്ളു. മാതൃഭാഷയായ മലയാളം പഠിക്കാതെ പത്താംതരം പാസാകാനുള്ള അവസരം ഇപ്പോഴും കേരളത്തിലുണ്ട്. സ്കൂൾ ക്ലാസുകളിൽ ഒട്ടുംതന്നെ മലയാളം പഠിക്കാത്തവർക്ക് പോലും കേരളത്തിലെ സ്കൂളുകളിൽ പ്രൈമറി അധ്യാപകരാകുന്നതിനും തടസമില്ല. പ്രൈമറി തലത്തിലെങ്കിലും നിർബന്ധിത പഠന മാധ്യമം മലയാളമാകണമെന്ന് നിഷ്കർഷിക്കാനും കേരളത്തിന് സാധിക്കാതെ പോകുന്നു. പ്രൈമറി ക്ലാസിലെ പാഠപുസ്തകങ്ങളുടെ അവസാന പേജിലെങ്കിലും മലയാളം അക്ഷരമാല അച്ചടിക്കുന്നതിലെന്താണ് കുഴപ്പമെന്ന് കവി കുരീപ്പുഴ ശ്രീകുമാറിന് വ്യസനിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നും നാം ആലോചിക്കണം.

 


ഇതുംകൂടി വായിക്കാം; ‘അക്ഷരമേ, നിന്നെയെനിക്കി‘ക്ഷ’ പിടിച്ചു’


 

ഭാഷ ഒരു സാംസ്കാരികാടയാളമാണെന്നും സാംസ്കാരികതയാണ് ഒരു ജന വിഭാഗത്തിന്റെ സവിശേഷത പ്രതിഫലിപ്പിക്കുന്നതെന്നും അറിയാത്തവരല്ല, മലയാളികൾ. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേയും കർണാടകത്തിലെയും ആന്ധ്രയിലേയും ജനങ്ങൾ അവരുടെ ഭാഷയോടും സംസ്കാരത്തോടും പുലർത്തുന്ന ആഭിമുഖ്യം നമുക്ക് ഒരു പാഠമായി മാറുന്നില്ല. പക്ഷേ നാം അവരെക്കാൾ പരിഷ്കാരികളാണെന്ന് അഭിമാനിക്കുകയും ചെയ്യുന്നു! അമ്മയെ മറന്ന് ജീവിക്കുകയാണെന്ന് നമ്മൾ ബോധപൂർവം മറക്കുകയാണ്.
ഒരു നാടിന്റെ ഭാഷയും സംസ്കാരവും ജീവിത രീതിയും പോറലേൽക്കാതെ സംരക്ഷിക്കേണ്ടത്, ആ നാടിന്റെ വിദ്യാഭ്യാസ പ്രക്രിയയാണ്. എന്നാ ൽ, വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കേവലം തൊഴിലിനു വേണ്ടിയുള്ള ഉപാധി മാത്രമായി സങ്കോചിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. കേരളത്തിന് പുറത്തുള്ള തൊഴിലവസരങ്ങളിലായി നമ്മുടെ കണ്ണു മുഴുവൻ. അതിന് മാതൃഭാഷാപഠനം കൊണ്ട് അത്ര കാര്യമില്ലെന്ന് പൊതുവേ ധരിക്കാനിടയായി. ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്ക് അങ്ങനെയാണ് സംഭവിച്ചത്. വിദേശത്തു നിന്ന് നമ്മുടെ കുട്ടികൾ തിരികെയെത്തി അവരുടെ വാർധക്യ കാലത്തെങ്കിലും ജീവിക്കേണ്ടത് ഈ മലയാളക്കരയിലായിരിക്കുമെന്ന് ആരും ഓർത്തതേയില്ല. അതു മാത്രമല്ല, കേരളത്തിലെ തന്നെ ഏത് സർക്കാർ ഓഫീസുകളിലേക്ക് കയറിച്ചെല്ലാനും അപേക്ഷ നൽകാനും ഇംഗ്ലീഷ് അത്യന്താപേക്ഷിതമായി. ഭരണഭാഷ മാതൃഭാഷയെന്ന് നിഷ്കർഷിക്കുമ്പോഴും പൂർണതോതിൽ മാതൃഭാഷ ഉദ്യോഗസ്ഥർക്ക് സ്വീകാര്യമായിട്ടില്ല, ഇന്നും. കോടതി നടപടികളുടെ ഭാഷയും ഇംഗ്ലീഷിൽ. നമ്മുടെ ജഡ്ജിമാർ സായിപ്പൻമാരാണല്ലോ! സാങ്കേതിക വിദ്യാ വികാസത്തോടെ കമ്പ്യൂട്ടർ അധിഷ്ഠിത വിനിമയങ്ങൾക്കെല്ലാം ആവശ്യം ഇംഗ്ലീഷായി. വിദേശ തൊഴിലും സമ്പത്തും കൊണ്ട് കെട്ടിപ്പടുത്ത ആധുനിക സമൂഹത്തിൽ മലയാളത്തിന് ഒരു സ്ഥാനവും ലഭിച്ചില്ല. ആധുനിക വിജ്ഞാന ശാഖകളുടെ ഭാഷ ഇംഗ്ലീഷായി മാറി. ആശുപത്രിയിൽ ചികിത്സക്കു വേണ്ടിയും ട്രെയിനിൽ യാത്ര ചെയ്യാനും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനും പുതിയ തലമുറയിലെ കമ്പോളങ്ങളിൽ നിന്ന് സാധന സാമഗ്രികൾ വാങ്ങാനും ഉന്നത വിദ്യാഭ്യാസത്തിനുമെല്ലാം ഇംഗ്ലീഷ് ഭാഷയും സംസ്കാരവുമില്ലെങ്കിൽ പ്രയാസമാണെന്ന സ്ഥിതിയായി. ബ്രിട്ടീഷ് ഭരണകർത്താക്കൾ ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ച ഇംഗ്ലീഷ് സംസ്കാരം അവർ വിട്ടുപോയി മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും നമ്മളെ വരിഞ്ഞു മുറുക്കുന്നതല്ലാതെ സ്വതന്ത്രമാക്കുന്നില്ല. ഈ സ്ഥിതിയിൽ ജീവിത പ്രയാസം കുറയ്ക്കാൻ ഇംഗ്ലീഷ് പഠനമാണ് മലയാളത്തേക്കാൾ ഫലപ്രദമെന്ന് ഏതെങ്കിലും മലയാളി ചിന്തിച്ചു പോയതിൽ ആരെയാണ് തെറ്റുപറയാനാവുക?! അങ്ങനെയാണ് എല്ലാവരും വിദേശഭാഷയ്ക്കും സംസ്കാരത്തിനും പിറകേ പായാൻ തുടങ്ങിയത്. എത്രമാത്രം ആ ഭാഷയും സംസ്കാരവും ആർജിച്ചോ അത്രയും നിങ്ങൾ മാന്യന്മാരായി അംഗീകരിക്കപ്പെടുന്ന സമൂഹമായി മാറി, നമ്മുടേത്. നമുക്കു തിരിച്ചു പിടിക്കാനാവാത്തവണ്ണം കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോഴാണ് ആഘാതം നമ്മൾ തിരിച്ചറിയാൻ ശ്രമിക്കുന്നത്. മലയാളത്തിന്റെ ഇന്നത്തെ അവസ്ഥ കവി സോമൻ കടലൂരിന്റെ പൊള്ളുന്ന വാക്കുകളിൽ ഇങ്ങനെയാണ്:
“ഇന്നുമൊരു വൃദ്ധയെ
വഴിവക്കിൽ തള്ളി
മക്കൾ കടന്നു കളഞ്ഞു.
ഓർമ്മ നഷ്ടമായ
ആയമ്മ
ഓടിക്കൂടിയവരോടു
സ്വന്തം പേരു മാത്രം ആവർത്തിച്ചു.
മലയാളം
മലയാളം.”
മക്കൾ പുറംതള്ളിയ ഈ അമ്മയെ പുനരധിവസിപ്പിക്കാനുള്ള തത്രപ്പാടിലാണ് മലയാള ത്തിനു വേണ്ടി ഭാഷാ പണ്ഡിതരും, ഭരണകൂടവും ഇപ്പോൾ.
ആഗോളവല്ത്തരണത്തിന്റെ വാണിജ്യ തന്ത്രങ്ങളിൽ ഭാഷയ്ക്കും സംസ്കാരത്തിനും അത്ര വലിയ സ്ഥാനമില്ല. ലോക കമ്പോളത്തിൽ ചരക്കുകൾ യഥേഷ്ടം വിപണനം ചെയ്യുന്നതിനുള്ള പൊതുഭാഷയാണ് ആവശ്യം. ആ വിധം ഇംഗ്ലീഷ് ഭാഷയെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ വക്താക്കൾ പരുവപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ആഭിജാത്യമുള്ള ഇംഗ്ലീഷ് ഒന്നുമല്ലെങ്കിലും ആശയ വിനിമയത്തിനായി സൃഷ്ടിക്കപ്പെട്ട ഉപാധിയായി വർത്തമാന ലോകം അതിന് പരിഗണന നൽകിക്കഴിഞ്ഞു. ആ നിലയ്ക്ക് വിനിമയോപാധിയായൊരു ഇംഗ്ലീഷ് ഭാഷ, പുതിയ ലോക ക്രമത്തിലേക്ക് എന്നേ സന്നിവേശിച്ചു. നമ്മുടെ നാടിനും ഇനി, അത് ഉൾക്കൊള്ളുകയെ രക്ഷയുള്ളു.
പ്രായോഗിക തലത്തിൽ ലോക വിനിമയത്തിനുള്ള ഭാഷയെ പരിഗണിച്ച് നിലനിർത്താൻ ശ്രദ്ധിക്കുകയാണ് അപ്പോൾ അഭികാമ്യം. അല്ലാതെ എതിർത്ത് മാറി നിൽക്കുകയല്ല. നമ്മുടെ വിദ്യാഭ്യാസ രംഗവും പഠന രീതികളും ഈ രൂപത്തിൽ ഇംഗ്ലീഷ് ഭാഷയെ പരിഗണിക്കണം. വിദ്യാലയങ്ങളിൽ അതിനായി മികച്ച രീതിയിൽ ഇംഗ്ലീഷ് ഭാഷാപഠനം അനിവാര്യമായിരിക്കുന്നു എന്ന് നാം തിരിച്ചറിയുന്നുണ്ട്. ഭാഷാ സാഹിത്യ പഠനം പോലെ തന്നെ പ്രായോഗിക വിനിമയത്തിനുള്ള ഭാഷയും വേണം.
ഇംഗ്ലീഷുപോലെ മലയാളികൾക്ക് ഉത്തരേന്ത്യൻ ഭാഷകളും ഒഴിവാക്കാനാവില്ല. ത്രിഭാഷാ പദ്ധതിയാണ് നമ്മുടെ വിദ്യാഭ്യാസ നയത്തിലുള്ളത്. അതിൽ ഹിന്ദി ഭാഷാ പഠനം എത്ര അത്യന്താപേക്ഷിതമാണെന്ന് അന്യഭാഷാ തൊഴിലാളികൾ കേരളത്തിലേക്ക് കൂട്ടത്തോടെ എത്തി, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുമ്പോഴെങ്കിലും നാം തിരിച്ചറിയാതെ പോകരുത്.

 


ഇതുംകൂടി വായിക്കാം; വഴിമാറി നടക്കുന്ന മലയാളം


 

ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പഠിക്കാൻ തീരുമാനിക്കുമ്പോൾ മലയാളത്തോടുള്ള സമീപനം മലയാളികൾ തിരുത്തണം. മറ്റുള്ള ഭാഷകൾ കേവലം ധാത്രി മാരെന്ന് കവി വള്ളത്തോൾ എന്നേ നമുക്ക് പറഞ്ഞു തന്നു. പെറ്റമ്മയുടെ സ്ഥാനത്ത് അവരെ പ്രതിഷ്ഠിക്കരുത് എന്നും. എന്നാൽ പലപ്പോഴും നാമത് മറക്കുന്നു. നമ്മുടെ കുടുംബ സ്വത്തു പോലെ മലയാളത്തെ കാണണം. അതിനെ തഴയരുത്. വലിയ തത്ത്വചിന്തകളും വൈദ്യവും വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗീതവും സാഹിത്യവും ഗണിത ശാസ്ത്രവുമെല്ലാം അനായാസമായി പ്രതിഫലിപ്പിക്കാൻ നമ്മുടെ ഭാഷയ്ക്കാകും. കവി ഡി വിനയചന്ദ്രൻ എഴുതിയിട്ടുള്ളതു പോലെ മലയാളം നല്ല രീതിയിൽ പ്രയോഗിക്കാൻ കഴിയാത്തയാളെ മലയാളി എന്ന് വിശേഷിപ്പിക്കാനാകില്ല. ബാല്യ കൗമാരങ്ങളിൽ തന്നെ മലയാളത്തിന്റെ ചൂടും ചൂരുമറിയാൻ പുതിയ തലമുറയ്ക്ക് കഴിയണം. മലയാളികളായ നമ്മളെ നമ്മളാക്കി നിർത്തുന്നതിന് മലയാള ഭാഷയും സംസ്കാരവും കുട്ടികൾ മുതലുള്ള എല്ലാവരിലും പുലരണം. എല്ലാ മാതൃഭാഷകളും തനിമയോടെ പുലരാനും ആ ഭാഷയിൽ ജീവിക്കുന്ന ജനത വ്യത്യസ്തതയുള്ള സംസ്കാരിക സ്വത്വത്തിന് ഉടമകളായി നിലനിൽക്കാനും ലോകമാതൃഭാഷാ ദിനം ഉദ്ബോധിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.