14 June 2025, Saturday
KSFE Galaxy Chits Banner 2

ബഹുവിധങ്ങളായ ലക്ഷ്യങ്ങള്‍

സുശാന്ത് സിങ്
May 13, 2025 4:40 am

2002 വർഗീയ കലാപത്തിൽ ഗുജറാത്ത് കത്തിയെരിഞ്ഞപ്പോൾ, മാധ്യമങ്ങള്‍ നെല്ലും പതിരും വേർതിരിക്കാന്‍ പാടുപെട്ടു. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് അക്രമത്തിൽ തന്റെ സർക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള കടുത്ത ചോദ്യങ്ങൾ നേരിടേണ്ടി വന്നു. കലാപത്തിനുശേഷം രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. സത്യത്തിനും വിശകലനങ്ങള്‍ക്കും ഇടയിലുള്ള വേര്‍തിരിവുകള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. സിനിമകൾ, ഒടിടി ഷോകൾ, ഗോദി മാധ്യമക്കൂട്ടങ്ങള്‍ എല്ലാം ചേര്‍ന്ന് മോഡിയുടെ ഭൂതകാലവും വർത്തമാനവും എല്ലാം കറയറ്റ വീരത്വത്തിന്റെ ഗാഥകളാക്കി പുനർനിർമ്മിക്കുകയാണിപ്പോള്‍. മാധ്യമപ്രചരണങ്ങള്‍ക്ക് മറയ്ക്കാൻ കഴിയാത്തവിധം യാഥാർത്ഥ്യം സുവ്യക്തമാണ്. എങ്കിലും വീരചരിതം പാടി മുന്നേറുകയാണ് ഗോദി മാധ്യമ സംഘം. പഹൽഗാം ഭീകരാക്രമണം ഇത്തരം ചില വിഭജനങ്ങളുടെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ്. കശ്മീർ ‘സാധാരണ’ നിലയിലായെന്നും ഭീകരത ഇല്ലാതാക്കിയെന്നും മോഡി സർക്കാർ പ്രഘോഷിക്കുകയായിരുന്നു. ഗോദി മാധ്യമങ്ങളും സംഘരാഷ്ട്രീയവും അവകാശവാദം ആവർത്തിച്ചു. വിനോദസഞ്ചാരികൾക്കെതിരെ നടന്ന വന്യമായ ആക്രമണം പൂച്ച് പുറത്താക്കി. മോഡി പ്രകീര്‍ത്തനങ്ങള്‍ക്കായി നിർമ്മിച്ച ആഖ്യാനങ്ങളുടെ പരിധികൾ തുറന്നുകാട്ടി. ഇന്ത്യ പാകിസ്ഥാനുമായി സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടികളിലൂടെ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് സ്ഥലങ്ങളിൽ ഇന്ത്യ വ്യോമാക്രമണങ്ങൾ നടത്തി. പഹൽഗാം കൂട്ടക്കൊലയ്ക്കുള്ള സൈനിക പ്രതികരണമായിരുന്നു ഇവയെല്ലാം. രാഷ്ട്രീയവും തന്ത്രപരവുമായ, സൈനിക മാനങ്ങളുള്ള ഒരു ഉന്നതതല നീക്കമായിരുന്നു നടന്നത്. മോഡിയുടെ രാഷ്ട്രീയത്തെക്കുറിച്ചും ചിന്തയെക്കുറിച്ചും രാജ്യത്തിന്റെ സൈനിക പരിമിതികളെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായി. “മോഡിയുടെ മേൽനോട്ടത്തിലാണ് സൈനിക നടപടി മുന്നേറിയത്, രാത്രി മുഴുവൻ പ്രധാനമന്ത്രി നേരിട്ട് ആക്രമണങ്ങൾ നിരീക്ഷിച്ചു”. കഥ പോലെ പറഞ്ഞു മാധ്യമക്കൂട്ടങ്ങള്‍. മോഡിയെ അമാനുഷ നേതാവായി അവതരിപ്പിക്കാനായിരുന്നു പരിശ്രമം. സൈനിക നടപടികളുടെ പൊതുജന സമ്പർക്ക വശം ശ്രദ്ധാപൂർവം തയ്യാറാക്കിയതാണ്. ഓപ്പറേഷന് പേരിട്ടത്, ‘സിന്ദൂർ’. മോഡിയുടെ തീവ്രഹിന്ദുത്വ അടിത്തറയുമായി ബന്ധപ്പെടുത്താനുതകുന്ന പേര് ബോധപൂര്‍വം തെരഞ്ഞെടുത്തത് തന്നെയാണ്. 

‘നീതി നടപ്പാക്കപ്പെടുന്നു’ തുടങ്ങിയ തലക്കെട്ടുകളോടെ മാധ്യമങ്ങളുടെ ആവേശകരമായ സംപ്രേഷണം പൊതുധാരണയെ രൂപപ്പെടുത്താൻ ഉപകരിച്ചു. സങ്കീർണമായ ഒരു സൈനിക ഇടപെടലിനെ മോഡിയുടെ രാഷ്ട്രീയ വിജയമാക്കി മാറ്റി. പഹൽഗാം ആക്രമണം സുരക്ഷയിലും രഹസ്യാന്വേഷണത്തിലും സംഭവിച്ച വ്യക്തമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ, ദേശീയ ശ്രദ്ധ ഓപ്പറേഷൻ സിന്ദൂരിലേക്ക് മാറ്റാനായി. ഇന്റലിജൻസ് പരാജയം സമ്മതിച്ച സർക്കാർ, സാധാരണക്കാരെ സംരക്ഷിക്കാൻ മുന്നറിയിപ്പുകൾ എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന ചോദ്യങ്ങൾ നേരിട്ടെങ്കിലും നിശബ്ദമായിരുന്നു. ആ പരാജയങ്ങൾക്ക് ഉത്തരവാദികളായ ഒരാളെപ്പോലും അവർ കുറ്റപ്പെടുത്തിയില്ല. ജനാധിപത്യ ഉത്തരവാദിത്തം പാലിച്ചിരുന്നെങ്കിൽ, മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കേണ്ടിയിരുന്നു. തന്ത്രപരമായി കാര്യങ്ങളെ മാറ്റിമറിക്കാനായി ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെ മൂടി, ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിലേക്കും കാഴ്ചയിലേക്കും ശ്രദ്ധ മാറ്റി. സുരക്ഷാ വീഴ്ചകളുടെ സൂക്ഷ്മപരിശോധനയും ഉത്തരവാദിത്തവും ഒഴിവാക്കാൻ സർക്കാരിന് അവസരമായി. ഇത്രയും മാരകമായ ആക്രമണത്തിന് കാരണമായ പരാജയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുപകരം, പാകിസ്ഥാനിലും പിഒകെയിലും കേന്ദ്രീകരിച്ച മിസൈൽ ആക്രമണങ്ങളെ പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തികടന്നുള്ള ഭീകരതയ്ക്കുള്ള തിരിച്ചടിയായാണ് സർക്കാർ രൂപപ്പെടുത്തിയത്. ഓപ്പറേഷന്റെ കൃത്യതയും വ്യാപ്തിയും വാർത്തകളിൽ നിറഞ്ഞു. തീവ്രവാദ കേന്ദ്രങ്ങളുടെ നാശത്തിന് ഊന്നൽ നൽകുന്ന ഔദ്യോഗിക പ്രസ്താവനകൾ വ്യാപകമായി. പഹൽഗാമിനുള്ള പ്രതികാരമായി മാത്രമല്ല, 2001 മുതലുള്ള എല്ലാ പ്രധാന ആക്രമണങ്ങൾക്കും നീതി നൽകുന്നതാണ് സിന്ദൂര്‍ എന്നായി അവതരണങ്ങള്‍. എന്നാല്‍ ഇത്തരം പുനർനിർമ്മാണങ്ങള്‍ തന്ത്രപരമായ ഒരു ലക്ഷ്യവും നിറവേറ്റുന്നില്ല. സർക്കാർ തങ്ങളുടെ സഹനത്തിന്റെ നിലപാട് ആഘോഷിക്കുമ്പോൾ, ഒരു പ്രധാന ചോദ്യം ഉത്തരം ലഭിക്കാതെ തുടരുന്നു. നിലവില്‍ പൂര്‍ത്തിയാക്കിയ ആകാശയുദ്ധം ഭാവിയിലെ ആക്രമണങ്ങളെ തടയുമോ? ആഭ്യന്തര പ്രേക്ഷകരെ ലക്ഷ്യംവച്ചുള്ള പ്രതീകാത്മക ആംഗ്യങ്ങൾ മാത്രമാണോ? ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ സൈന്യത്തെയും സുരക്ഷാ സ്ഥാപനങ്ങളെയും ഒഴിവാക്കി ഭീകര കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, മോഡി സർക്കാർ അക്രമത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാതെ നീങ്ങുകയാണ്. ഇന്ത്യയുടെ തിരിച്ചടി താൽക്കാലികമായി ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെ തടസപ്പെടുത്തുന്നുണ്ട്. പാകിസ്ഥാനെ അതിന്റെ തന്ത്രങ്ങൾ പുനഃപരിശോധിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദീർഘകാലാടിസ്ഥാനത്തിൽ അത്തരം പ്രവർത്തനങ്ങൾ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ തടഞ്ഞിട്ടില്ലെന്ന് ചരിത്രം അടിവരയിടുന്നു. പാകിസ്ഥാന്റെ ആണവായുധ ശേഖരം എക്കാലവും ഒരു പ്രതിരോധമായി നിലനിൽക്കുന്നു. ആക്രമണത്തിന്റെയും പ്രതികാരത്തിന്റെയും ചക്രം തകർക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. വാസ്തവത്തിൽ, ഈ ആക്രമണങ്ങൾ “കൃത്യമായതും ആനുപാതികവും ഉത്തരവാദിത്തമുള്ളതും” ആണെന്ന് ആവര്‍ത്തിക്കുന്നതിലും മോഡി ശ്രദ്ധാലുവായിരുന്നു. പ്രത്യാക്രമണങ്ങൾക്ക് പാകിസ്ഥാന്റെ പെരുമാറ്റം മാറ്റാൻ കഴിയുന്നില്ലെങ്കിൽ, അവ ദീർഘകാലാടിസ്ഥാനത്തിൽ പരാജയമാണ്. പാകിസ്ഥാനോടുള്ള മോഡിയുടെ നയത്തിലെ പോരായ്മയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സാമ്പത്തികം, നയതന്ത്രം, ജനങ്ങൾ തമ്മിലുള്ള ബന്ധം, തുടങ്ങി വിവിധ മേഖലകളിൽ ഇടപെടല്‍ വികസിപ്പിക്കുന്നതിനുപകരം, സൈനിക മേഖലയില്‍ മാത്രം ഒതുങ്ങി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത വർധിപ്പിക്കാനാണ് സാധ്യത. പ്രശ്നങ്ങൾ വഷളാകുന്നതിന് മുമ്പ് അവ പരിഹരിക്കുന്നതിന് ഒന്നിലധികം തലങ്ങളിൽ (സർക്കാർ, സൈന്യം) പരിശ്രമം ശക്തമാകണം.

നൂതന യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, പ്രത്യേക പീരങ്കികൾ എന്നിവയുടെ ഉപയോഗം ഉയർന്ന തോതിലുള്ള പ്രവർത്തനക്ഷമതയെ പ്രതിഫലിപ്പിച്ചു. ഇതോടൊപ്പം ദൗര്‍ബല്യങ്ങളും തുറന്നുകാട്ടി. അഞ്ച് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെടുന്നു. എങ്കില്‍ ഇത് 1971ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമ നഷ്ടമായി മാറിയിരിക്കുന്നു. ഇന്ത്യൻ അധികാരികൾ ഏതെങ്കിലും തകർച്ചകൾ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ഓപ്പറേഷൻ സിന്ദൂറിന്റെ രാത്രിയിൽ ഇന്ത്യക്ക് നഷ്ടപ്പെട്ട വിമാനങ്ങളിൽ ഒരു റഫാൽ യുദ്ധവിമാനം ഉള്‍പ്പെട്ടതായി വിദേശ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സ്ഥിരീകരിച്ചാൽ സ്വാഭാവികമായും വലിയ തിരിച്ചടിയാണിത്. ആകാശത്തിലെ മേധാവിത്തം, ഇലക്ട്രോണിക് യുദ്ധം, ശത്രുവിന്റെ വ്യോമ പ്രതിരോധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സൈനിക ഫലം ഇന്ത്യൻ നഷ്ടങ്ങളുടെ യഥാർത്ഥ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു. നിരവധി മുൻനിര പോരാളികളെ നഷ്ടപ്പെട്ടാൽ, അത് പ്രതിരോധ സംവിധാനത്തിന് മങ്ങലേല്പിക്കുകയും എതിരാളികളെ ബലപ്പെടുത്തുകയും ചെയ്യും. പാശ്ചാത്യ സൈനിക പ്ലാറ്റ്ഫോമുകൾക്കെതിരെ ചൈനീസ് ആയുധങ്ങൾ വിജയിക്കുന്നത് ആദ്യമായായിരിക്കും എന്ന വലിയ ആഗോള പശ്ചാത്തലവും ഉണ്ടാകും. തെറ്റായ കണക്കുകൂട്ടലുകൾ ഏകദേശം രണ്ട് ദശലക്ഷം ജനങ്ങളെ ബാധിക്കുന്ന ഒരു യുദ്ധമുന്നണി തുറന്നേക്കാം. അത് ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത വർധിപ്പിക്കും. ഓപ്പറേഷൻ സിന്ദൂർ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുക തുടങ്ങി ചില ധാരണകളെ രൂപപ്പെടുത്തുന്നതിനും ചില സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയായിരുന്നു. ഇന്ത്യൻ മാധ്യമങ്ങൾ ശക്തിയുടെയും ഐക്യത്തിന്റെയും വിവരണങ്ങള്‍ക്ക് പെരുക്കം നല്‍കി മോ‍ഡിയുടെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ നിറവേറ്റി. ശിക്ഷാപരിധികള്‍ വ്യക്തമായിരിക്കുമ്പോഴും തന്ത്രപരമായി സുരക്ഷിത അകലം പുനര്‍നിര്‍ണയിക്കുന്നതിനും പ്രതിരോധം ബലപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. സൈന്യം കരുത്ത് തെളിയിച്ചു. പക്ഷെ വരുംകാലത്തിന്റെ അവസ്ഥ ഇരുഭാഗങ്ങളിലുമുണ്ടായ നഷ്ടങ്ങളെ കേന്ദ്രീകരിച്ചിരിക്കും. യഥാർത്ഥ ആഘാതം എന്ത് സംഭവിച്ചു എന്നതില്‍ മാത്രമല്ല, എന്ത് നഷ്ടപ്പെട്ടു എന്നതിനെയും ആ നഷ്ടങ്ങളെ ഇരുരാജ്യങ്ങളും എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെയും കേന്ദ്രീകരിച്ചിരിക്കും.

(ടെലഗ്രാഫ്)

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.