Tuesday
19 Mar 2019

ദേശീയ പണിമുടക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

By: Web Desk | Thursday 10 January 2019 10:55 PM IST


ബി ശിവരാമന്‍

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടത്തിയ ദേശവ്യാപക പണിമുടക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് പൂര്‍ണ വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന സംവാദത്തിന് യാതൊരു പ്രസക്തിയുമില്ല. ഇരുപത് കോടി തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്ക് രാജ്യാന്തര മാധ്യമങ്ങള്‍ക്ക് പോലും വലിയ തലക്കെട്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അസംഘടിത മേഖലയിലെയും ഫാക്ടറികളിലെയും തൊഴിലാളികളും കര്‍ഷകരും പണിമുടക്കില്‍ പങ്കെടുത്തു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ, തെരഞ്ഞെടുപ്പ് രംഗത്ത് അത്രയൊന്നും ശക്തമല്ലാത്ത രാജ്യത്തെ പത്തോളം വരുന്ന ഇടത് തൊഴിലാളി യൂണിയനുകള്‍ നടത്തിയ പണിമുടക്കിന്റെ വിജയം കുറച്ച് കാണാനാകില്ല.

ബാങ്കിങ്, വാഹന ഗതാഗത, വാര്‍ത്താവിനിമയ മേഖലകളുടെ സജീവ പങ്കാളിത്തം ഈ പണിമുടക്കിന്റെ സവിശേഷതയായി. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നടന്ന പണിമുടക്ക് അഞ്ച് വര്‍ഷമായുള്ള മോഡി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ തൊഴിലാളികള്‍ കടുത്ത അസംതൃപ്തരാണെന്ന പ്രഖ്യാപനമായി.

തൊഴിലാളി പ്രസ്ഥാനങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ ചലനങ്ങളാണ് ഈ പണിമുടക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് ഒരു കാരണം മാധ്യമങ്ങള്‍ തന്നെയാണ്. പല പത്രങ്ങളും ചാനലുകളും ഈ പണിമുടക്കിനെ ഒരു ദേശീയ ബന്ദായി ചിത്രീകരിച്ചു. പൊതുപണിമുടക്കിന് മാത്രമാണ് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നത് എങ്കിലും അത് പലയിടത്തും ബന്ദിന്റെ രൂപം കൈവരിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കര്‍ണാടകയും കേരളവും ആന്ധ്രാപ്രദേശുമെല്ലാം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ കടകള്‍ പോലും അടച്ചിട്ടു. ചെന്നൈ അടക്കമുള്ള മിക്ക നഗരങ്ങളിലും പൊതുഗതാഗതം നിശ്ചലമായി. അമ്പത് ശതമാനത്തിലേറെ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ റോഡ് -റയില്‍ ഗതാഗതം തടഞ്ഞു.

ബാങ്ക് ജീവനക്കാര്‍ അവരുടെ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് ദിവസം പൂര്‍ണമായും പണിമുടക്കി. ഇത് പൂര്‍ണതോതില്‍ പൊതുപണിമുടക്കിന്റേതായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമായി. രാജ്യത്തെ വാണിജ്യ തലസ്ഥാനമായ മുംബൈയിലും പ്രധാന തൊഴിലാളി യൂണിയനുകള്‍ പണിമുടക്കി. തല്‍ഫലമായി നഗരത്തില്‍ പതിനായിരത്തോളം ബസ് സര്‍വീസുകള്‍ തടസപ്പെട്ടു. ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ലെന്ന് മുംബൈയിലെ ഏറ്റവും ശക്തമായ തൊഴിലാളിയൂണിയനായ സര്‍വ ശ്രമിക് സംഘടന്റെ അധ്യക്ഷന്‍ ഉദയ്ഭട്ട് പറഞ്ഞു.

രണ്ട് പതിറ്റാണ്ടായി മുംബൈ ഏറെ മാറി. ഇതിപ്പോള്‍ ഒരു വ്യാവസായിക നഗരമല്ല. നഗരത്തില്‍ നിങ്ങള്‍ക്കിപ്പോള്‍ ഒരു വ്യവസായം പോലും കാണാന്‍ കഴിയില്ല. താനെ വ്യവസായ മേഖലയില്‍ പോലും ഐടി കമ്പനികള്‍ ചുവടുറപ്പിച്ച് കഴിഞ്ഞു. പഴയ വ്യവസായ പ്ലാന്റുകള്‍ പലതും ഐടി കമ്പനികള്‍ കയ്യടക്കിയെന്നും ഉദയ് ഭട്ട് പറയുന്നു. ഇവിടെയുണ്ടായിരുന്ന വ്യവസായങ്ങള്‍ മിക്കതും പൂനെയിലേക്കോ മറ്റ് ജില്ലകളിലേക്കോ പറിച്ച് നടപ്പെട്ടു. അത് കൊണ്ട് തന്നെ പണിമുടക്കില്‍ പങ്കാളികളായത് ബാങ്കിങ്, ടെലികോം, തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരായിരുന്നു. മുനിസിപ്പാലിറ്റി തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായി. മുംബൈയിലെ പൊതുമേഖല ബസ് സര്‍വീസായ ബെസ്റ്റ് ബസുകളിലാണ് മിക്കവരും തൊഴിലിടങ്ങളിലേക്ക് വരുന്നത്. ബെസ്റ്റ് ബസുകള്‍ പണിമുടക്കിയതോടെ ഇവരില്‍ പലര്‍ക്കും ജോലിക്കെത്താനായില്ല. സ്വന്തം വാഹനങ്ങളില്‍ വരുന്ന ജീവനക്കാരുള്ള ഐടി കമ്പനികള്‍ മാത്രം പ്രവര്‍ത്തിച്ചു.

രാജ്യത്തെ അമ്പത് ശതമാനത്തോളം പണം എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും മുംബൈയിലെ ഓഫീസുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവ അടഞ്ഞ് കിടന്നതോടെ രാജ്യത്തെല്ലായിടവും പണമിടപാടുകള്‍ അസാധ്യമായി. അത് കൊണ്ട് തന്നെ ഈ പണിമുടക്ക് വന്‍ വിജയമായെന്നും ഉദയ്ഭട്ട് കൂട്ടിച്ചേര്‍ത്തു. പണമിടമാടുകള്‍ നടന്നില്ലെങ്കില്‍ മുംബൈ പോലൊരു മെട്രോ നഗരത്തില്‍ എങ്ങനെ വ്യവസായം നടക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ബാങ്ക് ജീവനക്കാര്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും തകിടം മറിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കട്ടക്-ഭുവനേശ്വര്‍ മേഖലയില്‍ പൊതുഗതാഗതം പാടെ സ്തംഭിച്ചതായി അവിടെ സന്ദര്‍ശനത്തിലായിരുന്ന ഛത്തീസ്ഗഡിലെ ഖനി തൊഴിലാളി യൂണിയന്‍ നേതാവ് ഗോള്‍ഡി ജോര്‍ജ് പറഞ്ഞു. പകുതിയോളം കടകളും അടഞ്ഞ് കിടക്കുകയായിരുന്നു. ഒഡിഷയില്‍ പൊതുപണിമുടക്ക് ബന്ദായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ ഖനനമേഖല പാടെ സ്തംഭിച്ചു. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ മൊറാദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കും അലിഗഡിലേക്കുമുള്ള ഗതാഗതം തടഞ്ഞതോടെ ഇവിടെയും പണിമുടക്ക് ബന്ദായി മാറി.
തമിഴ്‌നാട്ടില്‍ വ്യവസായ കേന്ദ്രമായ തിരുവോട്ടിയൂര്‍-മണലി മേഖലയില്‍ ചില ചെറുകിട -ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു. അതേസമയം എണ്ണൂര്‍ ഫൗണ്ടറീസ്, അശോക് ലെയ്‌ലാന്‍ഡ്, എംആര്‍എഫ് തുടങ്ങിയ വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിച്ചില്ലെന്ന് അശോക് ലെയ്‌ലാന്‍ഡിലെ ഒരു മുന്‍ ജീവനക്കാരന്‍ കൂടിയായ തൊഴിലാളി നേതാവ് അറിയിച്ചു. പണിമുടക്ക് പൂര്‍ണ വിജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതുച്ചേരിയില്‍ 90ശതമാനം കച്ചവട-വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നതായി അവിടെ നിന്നുള്ള ഒരു തൊഴിലാളി നേതാവ് അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ രണ്ട് ബസുകള്‍ തല്ലിത്തകര്‍ത്തു. പൊതുഗതാഗതം ഇവിടെയും പൂര്‍ണമായും തടസപ്പെട്ടു.
പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് തമിഴ്‌നാട് ചീഫ്‌സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും ജോലിക്കെത്തിയില്ല.

വിദേശങ്ങളില്‍ നിന്ന് പോലും പണിമുടക്കിന് പിന്തുണയുണ്ടായിരുന്നു. 130 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശമയച്ചു.
പണിമുടക്കിന്റെ ഫലം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാകും. ഈ സമരം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ അത്തരത്തിലുള്ളതാണ്. പന്ത്രണ്ട് ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയത്. മോഡിസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, തൊഴില്‍ പരിഷ്‌കാരങ്ങള്‍ അവസാനിപ്പിക്കണമെന്നതാണ് അതില്‍ പ്രധാനം. ഏറ്റവും ചുരുങ്ങിയ പ്രതിമാസ വേതനം 18,000 ആക്കി നിജപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇത് വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് നീതിപൂര്‍വമായ വേതനം ലഭിക്കാന്‍ സഹായകമാകും. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് 600-700 രൂപ വരെ ദിവസവേതനം ലഭിക്കുന്നുണ്ട്. അതേസമയം ആശ, അങ്കണവാടി ജീവനക്കാര്‍ക്ക് അതിന്റെ നാലിലൊന്ന് വരുമാനം പോലും ഇല്ല.

അടുത്തിടെയാണ് അങ്കണവാടി ജീവനക്കാരുടെ വേതനം 1500രൂപയില്‍ നിന്ന് 3500 ആക്കി ഉയര്‍ത്തിയത്. ഗ്രാമങ്ങളില്‍ കാലി മേയ്ക്കുന്ന ബാലന്‍മാര്‍ക്ക് പോലും ദിവസവും 350 രൂപ കിട്ടുന്നുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന അങ്കണവാടി ജീവനക്കാരുടെ ദിവസവരുമാനം വെറും 120 രൂപയാണ്. അതായത് കാലി മേയ്ക്കുന്നവരുടെ മൂന്നിലൊന്ന് മാത്രം. ഇത്തരം വേതന അസമത്വങ്ങള്‍ പുറത്തെത്തിക്കാന്‍ ഈ പണിമുടക്ക് സഹായകമായി.
വേതനമുയര്‍ത്താനും അത് വഴി ഈ മേഖലയില്‍ നീതി കൊണ്ടുവരാനും ഈ സമരം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും വന്നതോടെ അസംഘടിതമേഖലയില്‍ 70 മുതല്‍ 80 ശതമാനം വരെയാണ് തൊഴില്‍നഷ്ടമുണ്ടായത്. തൊഴില്‍നഷ്ടമുണ്ടായവര്‍ക്ക് പാശ്ചാത്യമാതൃകയില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പണിമുടക്ക് മുന്നോട്ട് വയ്ക്കുന്ന മറ്റൊരാവശ്യം. പണമില്ലെങ്കില്‍ വോട്ടും ഇല്ലെന്നതാണ് എഎപി ചില വ്യവസായ മേഖലകളില്‍ ഉയര്‍ത്തിയ പുതിയ മുദ്രാവാക്യം. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. ഭരണകക്ഷിക്ക് നഷ്ടപ്പെടുന്ന ഓരോ തൊഴിലാളിവോട്ടും വലിയ പ്രതിഫലനമാകും സൃഷ്ടിക്കുക. വ്യവസായ മേഖലയിലെ തൊഴിലാളികളുള്ള മണ്ഡലങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. അത് കൊണ്ട് തന്നെ ദേശീയ പണിമുടക്ക് ഉണ്ടാക്കിയ രാഷ്ട്രീയ ചലനം വരുംമാസങ്ങളില്‍ വ്യക്തമാകും.