ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) പരിമിതികൾ മറികടന്നുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും പൊതുവിതരണത്തിന്റെ ആനുകൂല്യം സാധ്യമായ അളവിൽ ലഭ്യമാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. വിപുലമായ ഈ പ്രവർത്തന ശൃംഖലയിൽ സ്വാഭാവികമായും പലവിധ പ്രശ്നങ്ങളും ചില ഘട്ടങ്ങളിൽ ഉയർന്നുവരാറുണ്ട്. അവയെ യഥാസമയം അഭിസംബോധന ചെയ്യുകയും പരിഹരിക്കുകയും ചെയ്തുകൊണ്ടാണ് കേരള സർക്കാർ മുന്നോട്ട് പോയിട്ടുള്ളത്. ഇതിന്റെ അംഗീകാരം എന്ന നിലയിലാണ് മികച്ച പൊതുവിതരണ സംവിധാനത്തിനുള്ള പുരസ്കാരം കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുള്ളത്. എൻഎഫ്എസ്എ കരാറുകാർ ഈ മാസം ആദ്യം മുതൽ വാതിൽപ്പടി വിതരണത്തിൽ നിസഹകരണം കാണിക്കുന്നുണ്ട്. തങ്ങൾക്ക് ലഭിക്കാനുള്ള കുടിശിക പൂർണമായും നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 2024 സെപ്റ്റംബർ മാസത്തെ 40 ശതമാനം തുകയും ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കുടിശികയുമാണ് അവർക്ക് നൽകുവാനുള്ളത്. ഇതിനായി സർക്കാർ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒക്ടോബറിലെ കുടിശിക പൂർണമായും നവംബറിലെ കുടിശികയുടെ പകുതിയും ഇതിൽ നിന്ന് കൊടുത്തുതീർക്കാൻ കഴിയും.
സംസ്ഥാനത്തെ 53 ശതമാനം വരുന്ന മുൻഗണനാ വിഭാഗങ്ങൾക്ക് റേഷൻ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഗതാഗത കൈകാര്യ ചെലവുകളുടെയും അനുബന്ധചെലവുകളുടെയും 17 ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ വഹിക്കുന്നത്. ബാക്കി ഭാഗവും മുൻഗണനേതര വിഭാഗങ്ങൾക്ക് റേഷൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ പൂർണമായും സംസ്ഥാന സർക്കാരാണ് വഹിച്ചുപോരുന്നത്. പ്രതിമാസം 23 കോടി രൂപ ഇതിന് ആവശ്യമായി വരും. അതിൽ 17 കോടി ഗതാഗത കരാറുകാർക്ക് നൽകേണ്ടതാണ്. ഈയിനത്തിൽ 247.19 കോടി രൂപ സപ്ലൈകോയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കുവാനുണ്ട്. 2024–25 വർഷത്തെ ബജറ്റിൽ 260.8 കോടി ഇതിനായി നീക്കിവയ്ക്കുകയുണ്ടായി. ഇപ്പോൾ അനുവദിച്ച 50 കോടി ഉൾപ്പെടെ ഈ വർഷം ആകെ 251.18 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്.
റേഷൻ വിതരണത്തിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചു പോരുന്ന സപ്ലൈകോ ഈ ചെലവുകൾ സ്വന്തം ഫണ്ടിൽ നിന്നും വഹിക്കുകയും പിന്നീട് സംസ്ഥാന സർക്കാർ പ്രതിപൂരണം ചെയ്ത് പോകുകയുമായിരുന്നു. ദുരിത കാലഘട്ടങ്ങളിലും തുടർന്നും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും അവശ്യ വസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനും വേണ്ടി നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനം ചെറുതല്ലാത്ത സാമ്പത്തിക പ്രയാസമാണ് സപ്ലൈകോയ്ക്ക് സൃഷ്ടിച്ചത്. അത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം ഫണ്ടിൽ നിന്ന് കരാറുകാർക്ക് അതതു സമയം തുക കൊടുക്കാൻ കഴിയാതെ വന്നിട്ടുള്ളത്.
കേരളത്തിന്റെ തനത് വിഭവസ്രോതസുകൾ നിയമപരമായി ഇല്ലാതാക്കുകയും കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തെ നേരിടുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള സാമ്പത്തിക അച്ചടക്ക നടപടികൾ ഫണ്ടിന്റെ യഥാസമയമുള്ള ലഭ്യതയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കരാറുകാർക്ക് നൽകാനുള്ള ബാക്കി തുക ഈ മാസം തന്നെ പൂർണമായും കൊടുത്തു തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന് ആധാരമായി ഉന്നയിച്ചിട്ടുള്ള വിഷയങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഇവരുടെ നിലവിലുള്ള വേതന പാക്കേജ് 2018ലാണ് നിലവിൽ വന്നത്. അത് കാലോചിതമായി പരിഷ്കരിക്കുന്നതിന് സർക്കാർ മൂന്നംഗ സമിതിയെ നിയോഗിക്കുകയും, സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിൻമേൽ റേഷൻ വ്യാപാരി സംഘടനകളുമായി ഈ ആഴ്ച തന്നെ ചർച്ച നടത്തും.
കേന്ദ്ര സർക്കാർ നയമായ ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ ആണ് റേഷൻ വ്യാപാരി സംഘടനകളെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വിഷയം. പൊതുവിതരണ സംവിധാനത്തെ പാടെ ഇല്ലാതാക്കിക്കൊണ്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്ന ഈ പദ്ധതി പോണ്ടിച്ചേരിയിലും ചണ്ഡീഗഢിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിക്കഴിഞ്ഞു. പദ്ധതി നടപ്പിലായാല്‍ റേഷൻ വ്യാപാരികളെ മാത്രമല്ല ചുമട്ട് തൊഴിലാളികളടക്കം ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജനവിഭാഗങ്ങളെയാകെ പ്രതികൂലമായി ബാധിക്കും. ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ഇ പോസ് മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനും വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ റേഷൻ വിതരണത്തിനായി ഐടി മിഷനെയാണ് ഓതന്റിക്കേഷൻ യൂസർ ഏജൻസിയായി ചുമതലപ്പെടുത്തിയിരുന്നത്. തിരക്ക് കൂടുന്ന സമയങ്ങളിൽ സെര്‍വറിലെ ശേഷിക്കുറവ് മൂലം സാങ്കേതിക തകരാറുകൾ ഉണ്ടായതിനാൽ ഉന്നതതല യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഓതന്റിക്കേഷൻ യൂസർ ഏജൻസിയുടെ സേവനം ഏർപ്പെടുത്തി. ഐടി മിഷന്റെ സെർവറിലുള്ള മുഴുവൻ ഡാറ്റയും അത്യാധുനിക ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലേക്ക് മൈഗ്രേറ്റ് ചെയ്തു. കൂടാതെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ സോഫ്റ്റ്‌വേർ ആപ്ലിക്കേഷൻസും സെർവർ ആപ്ലിക്കേഷൻസും ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കാര്യമായ സാങ്കേതിക തകരാറുകൾ ഒന്നും തന്നെ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ഒരാൾക്ക് പോലും റേഷൻ മുടങ്ങുന്ന സാഹചര്യം നാളിതുവരെ ഉണ്ടായിട്ടില്ല. പ്രതിമാസം ശരാശരി 82 ലക്ഷം കുടുംബങ്ങൾ തങ്ങളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നു. മുൻഗണനാ വിഭാഗത്തിൽ 98.5 ശതമാനം ആളുകൾ പ്രതിമാസം റേഷൻ വാങ്ങുന്നുണ്ട്. അപൂർവഘട്ടങ്ങളിലെങ്കിലും സാങ്കേതിക തകരാറുകളിലോ മറ്റ് അസാധാരണ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ അതതു മാസത്തെ വിഹിതം തൊട്ടടുത്ത മാസത്തിന്റെ ആദ്യദിനങ്ങളിൽ കൂടി വാങ്ങാൻ അനുമതി നൽകാറുണ്ട്. ഈ മാസം ഇതുവരെ ഒമ്പത് ദിവസങ്ങളിൽ മാത്രം വിതരണം നടന്നപ്പോൾ സംസ്ഥാനത്തെ 31 ശതമാനം ഗുണഭോക്താക്കളും റേഷൻ കൈപ്പറ്റിക്കഴിഞ്ഞു.
മാസത്തിന്റെ അവസാനത്തെ ദിനങ്ങളിലാണ് 45 മുതൽ 50 ശതമാനം വരെ ഗുണഭോക്താക്കൾ റേഷൻ കൈപ്പറ്റുന്നത് എന്നതിനാൽ ഇത് മികച്ച നിലയിലുള്ള വിതരണമാണ്. ഈ സാഹചര്യത്തിലും സംസ്ഥാനത്തെ റേഷൻ വിതരണം താറുമാറായിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. റേഷൻ ഗുണഭോക്താക്കളിൽ അനാവശ്യമായ ഭീതിയും അരക്ഷിതത്വവും സൃഷ്ടിക്കുവാനും രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുവാനും മാത്രമേ ഇത്തരം വാര്‍ത്തകള്‍ സഹായിക്കുകയുള്ളൂ. റേഷൻ വിതരണം മുടങ്ങി എന്ന നിലയ്ക്കുള്ള തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളിൽ നിന്ന് ഏവരും വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.