വിയാര്‍

July 02, 2021, 4:25 am

കോണ്‍ഗ്രസേ… പഞ്ചാബ് ജുദ്ധം തീര്‍ത്തേ തീരൂ

Janayugom Online

അടിമണ്ണിളകിയിട്ടും അധികാരക്കൊതിയന്മാർ കോൺഗ്രസിൽ അടപടലം ആർമ്മാദനൃത്തം ചവിട്ടുകയാണ്. അങ്ങ് വടക്ക് ഇന്ത്യയുടെ തിരുനെറ്റിയായ പഞ്ചാബിൽ കോൺഗ്രസാകെ വെടക്കായിക്കൊണ്ടിരിക്കുന്നു. കാര്യം ക്യാപ്റ്റനാണെങ്കിലും അമരേന്ദർ സിങിന്റെ ബോളെല്ലാം ബൗണ്ടറി കടത്തിവിടുകയാണ് പഴയ കളിവീരൻ നവ്ജ്യോത് സിങ് സിദ്ദു. പഞ്ചാബ്-ഡൽഹി പിച്ചിൽ ഇരുവരും സ്കോർ ഉയർത്താനുള്ള ഓടടാ ഓട്ടത്തിലാണ്. അധികാരമാണ് ഇരുവരുടെയും ലക്ഷ്യം. ആരുടെ വിക്കറ്റ് തെറിക്കുമെന്നത് കണ്ടിരുന്നുതന്നെ കാണണം. ഒരാൾക്ക് മുഖ്യനായി നിലനിൽക്കണം. ഒരാൾക്ക് പിസിസി അധ്യക്ഷനെങ്കിലുമാകണം. 

ഈ കോൺഗ്രസിന്റെ കാര്യം ഇങ്ങനെയൊക്കെത്തന്നെയാണ്. അത് പഞ്ചാബിലായാലും ഡൽഹിയിൽ… അവിടെ കോൺഗ്രസില്ലാതായത് മറന്നു. രാജസ്ഥാനിലായാലും ഇങ്ങ് കേരളത്തിലായാലും കണക്കാണ്. സിദ്ദു ഒന്നാംതരം ക്രിക്കറ്റ് താരമായിരുന്നു. നല്ലകാലത്ത് തന്നെ വിരമിച്ചു. എന്നാലും കളിയുത്സാഹം കളഞ്ഞില്ല. കളിക്കളം നോക്കി ആവേശം തുള്ളുന്ന കമന്ററി പറഞ്ഞ് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ നിന്നിറങ്ങാതെ കുറേക്കാലം നിന്നു. രാഷ്ട്രീയത്തിൽ സജീവമാവുകയും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. റോഡപകടത്തിൽ ഒരാളുടെ മരണത്തെത്തുടർന്ന് കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ എംപി സ്ഥാനം വെടിയേണ്ടിവന്നു. സുപ്രീം കോടതി ഇതേ കേസിൽ കുറ്റവിമുക്തനാക്കി. ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും എംപി സ്ഥാനത്തെത്തുകയും ചെയ്തു. ഇത് സിദ്ദുവിന്റെ രാഷ്ട്രീയപ്പയറ്റിന് മാറ്റുകൂട്ടിയ സംഭവമാണ്. 

പിന്നീടങ്ങോട്ട് കോൺഗ്രസിന്റെ പിച്ചിൽ തിളങ്ങിനിന്നു; ക്രിക്കറ്റിൽ സിക്സർ സിദ്ദു എന്നപോലെ, നാട്ടിൽ ഷെറി പാഞ്ചിയായും സിദ്ദു പാഞ്ചിയായും പലപല പേരുകളിൽ തന്നെ. അങ്ങ് ഡൽഹിയിലെ പിടിപാട് പഞ്ചാബിന്റെ സംഘടനാരാഷ്ട്രീയത്തിൽ പയറ്റാൻ സിദ്ദുവിനായില്ലെന്നത് മറ്റൊരു കഥ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുപ്പത്ത് കയറിയിരിക്കെയാണ് സിദ്ദു കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായി ചേരുന്നത്. അമരീന്ദറിന്റെ മന്ത്രിസഭയിൽ ഇരിപ്പിടം കിട്ടിയെങ്കിലും രണ്ട് വർഷം തികയും മുമ്പേ പിണങ്ങി പടിയിറങ്ങി. അവിടം മുതലാണ് സിദ്ദു രാഷ്ട്രീയ ബാറ്റ് വീശാൻ തുടങ്ങിയത്.
അപ്പോഴും പഞ്ചാബിൽ കേമൻ അമരീന്ദർ തന്നെയായിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് അമരീന്ദർ കൈകൊണ്ട നിലപാട് ഒരർ‍ത്ഥത്തിൽ കേന്ദ്ര സിങ്കം നരേന്ദ്രമോഡിയെത്തന്നെ വിറപ്പിക്കുന്നതായിരുന്നു. അമരീന്ദറിന് ആരെയും പേടിയില്ല. അത് പഞ്ചാബിന്റെ പാരമ്പര്യധൈര്യമാണ്. ദേശീയ സ്വാതന്ത്ര്യപോരാട്ടത്തിൽ ബ്രിട്ടീഷുകാർ പോലും മുട്ടുമടക്കിയ അതേ പഞ്ചാബ് വീര്യം. പക്ഷെ, അമരീന്ദർ അമ്പരന്നിട്ടുണ്ട്. അത് സ്വന്തം കോൺഗ്രസിൽ നിന്നുള്ള പടക്കോപ്പ് കണ്ടുതന്നെ. പടലപ്പിണക്കത്തിന് പഞ്ചാബ് കോൺഗ്രസിന് വേർതിരിവോ ചിട്ടഭംഗിയോ ഒന്നുമില്ല. അതെവിടെയും കാണുന്ന പാരയും പാരഡിയും തന്നെയാണ്. 

മുമ്പ് 121 പേരുടെ മരണത്തിനിടയാക്കിയ പഞ്ചാബ് വിഷമദ്യദുരന്തം ദേശീയ കോൺഗ്രസിനെത്തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു. രാജസ്ഥാനിലെ കോൺഗ്രസിനുമേൽ വിഭാഗീയതയുടെ അണുബോംബ് വർഷിച്ചതിന്റെ പുകപടലങ്ങൾ ഒതുങ്ങും മുമ്പായിരുന്നു ഇത്. അന്ന് ആരാലും കരുതിയതെല്ലാം കോൺഗ്രസ് ഒറ്റക്കെട്ടായി നിന്ന് സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുമെന്നായിരുന്നു. പഞ്ചാബിൽ പക്ഷെ, പുരകത്തുമ്പോൾ കഴുക്കോൽ ഊരാനുള്ള പണിയിലായിരുന്നു മുൻനിര കോൺഗ്രസ് നേതാക്കൾ. ദുരന്തത്തിന്റെ കാര്യകാരണം തിരക്കിയ പഞ്ചാബിലെ കോൺഗ്രസ് നേതാവും എംപിയുമായിരുന്ന പ്രതാപ് സിങ് ബാജ്വ, അമരീന്ദറുമായി പരസ്യയുദ്ധത്തിലായിരുന്നു. വിഷമദ്യം മാത്രമല്ല, അമൃത്സറിൽ ട്രെയിൻ അപകടത്തിൽ 60 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വവും അമരീന്ദറിന്റെ പിടലിക്കിടാനാണ് പ്രതാപ് സിങ് ബാജ്വ ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നുപോലും പറഞ്ഞു, ആ പഹയൻ‍. ആ ദേഷ്യത്തിന് പാർലമെന്റ് അംഗം എന്ന നിലയിൽ പ്രതാപിന് നൽകിയിരുന്ന സംസ്ഥാന സർക്കാരിന്റെ സുരക്ഷ പിൻ‍വലിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭരണം ഇപ്പപ്പോകും എന്ന മട്ടിൽ നിൽക്കുമ്പോഴാണീ പഞ്ചാബ് ഗുസ്തിയെന്നോർക്കണം. ഇതെന്ത് കോൺഗ്രസ്? 

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടവഴിയിലെത്തി. ആ നേരത്ത് നടക്കുന്ന ഈ പൂരക്കളിയിൽ വിയർക്കാനും വിറയ്ക്കാനും ഡൽഹിയിൽ കോൺഗ്രസിന് ആത്മാഭിമാനമുള്ള നേതാക്കളില്ലെന്നത് അവരുടെ ആശ്വാസം. തെരഞ്ഞെടുപ്പിന് മുമ്പേ തമ്മിൽത്തല്ലി ചാവാതിരുന്നാൽ മതിയെന്നത് നമ്മുടെ പ്രത്യാശ. ഈ നാട് കോൺഗ്രസിനെ കരുതി വിലപിക്കുകയാണ്. ആശങ്കപ്പെടുകയാണ്. ഇവരിനി എന്ന് നന്നാകും? ഏതാനും മാസം മുമ്പാണ് പഞ്ചാബിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടന്നത്. കൃത്യമായി പറഞ്ഞാൽ‍ ഫെബ്രുവരിയിൽ. രാജ്യം കർ‍ഷക സമരത്തിന്റെ തീച്ചൂളയിലാണന്ന്. പഞ്ചാബിലെ കർഷകരാണ് സമരം നയിക്കുന്നതിൽ അന്നും ഇന്നും മുന്നിലുള്ളത്. അവരുടെ ആശയും ആശ്രയവുമായി കോൺഗ്രസിനെ മാറ്റിയെടുക്കുന്നതിൽ പഞ്ചാബ് മുഖ്യനായ ക്യാപ്റ്റൻ അമരീന്ദറിന്റെ പങ്ക് ചെറുതൊന്നുമല്ല. കർ‍ഷകരെ കൊല്ലാക്കൊല ചെയ്യുന്ന നിയമങ്ങളെ ചുട്ടെരിക്കുക തന്നെയാണ് ആവശ്യം. അത് പഞ്ചാബിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ അനിവാര്യമായ മുദ്രാവാക്യവുമാണ്. 

കർഷകരെ കേൾക്കാതെ, അവരുടെ ഭാവി തുലയ്ക്കുന്ന നിയമം ആരാണ് കൊണ്ടുവന്നത്, അവർക്ക് തക്കതായ താക്കീതാണ് പഞ്ചാബുകാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ നൽകിയത്. 27 വർഷത്തെ മുന്നണി ബന്ധം ഉപേക്ഷിച്ച് അകാലിദൾ പോയതിന്റെ ക്ഷീണം ബിജെപിയെ ഉലച്ചിരിക്കുകയായിരുന്നു. അതിനുപിറകെയാണ് പഞ്ചാബ് മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകെ കനത്ത തിരിച്ചടി കിട്ടിയത്. പലയിടത്തും അക്കൗണ്ട് തുറക്കാനായില്ല. വീരവാദം മുഴക്കിയ പത്താൻകോട്ടിൽപ്പോലും ബിജെപിയെ ആട്ടിപ്പായിച്ച് കോൺഗ്രസിന് വിജയകിരീടം ചൂടിച്ചു. ഭത്തിന്ധയിലും കപൂർത്തലയിലും മോഗയിലും ഹോഷിയാർപ്പൂരും സംഗ്രൂറും പാട്യാലയിലുമെല്ലാം കർഷകർ കോൺഗ്രസിനെ വിജയത്തേരിലേറ്റി. ഗുർദാസ്‌പൂരിലും ഫിറോസ്‌നഗറിലും മുഴുവൻ സീറ്റും കോൺഗ്രസിന്റെ കൈകളിലെത്തി. അങ്ങനെ കർഷകരുയർത്തിയ ആ ജനരോഷാഗ്നിയിൽ പഞ്ചാബിലെ കോൺഗ്രസ് ശുദ്ധിയോടെ തിരിച്ചുവന്നു. കെട്ടുറപ്പുള്ള തെളിമയാർന്ന പ്രസ്ഥാനമായി പഞ്ചാബ് കോൺഗ്രസ് മാറി- അതുപക്ഷെ എത്രനാൾ നിലനിന്നുവെന്ന് ചോദിക്കരുത്. ഇങ്ങനെയെങ്കിലും കോൺഗ്രസിന് ഒരു കുതിപ്പുണ്ടാകും രക്ഷനേടും എന്ന് കരുതിയവരെല്ലാം ഇന്ന് ഇളിഭ്യരാവുകയാണ്. 

കോൺഗ്രസിൽ വലിയ പ്രതീക്ഷയർപ്പിച്ചാണ് പഞ്ചാബ് ഏക്താ പാർട്ടിയും അവരുടെ മൂന്ന് എംഎൽഎമാരും ഈയിടെ കോൺഗ്രസിൽ ലയിച്ചത്. കോൺഗ്രസിന്റെ പഞ്ചാബ് ഗാഥയിൽ മനം കുളിർന്ന് സാക്ഷാൽ രാഹുൽ ഗാന്ധിയെ നേരിൽക്കണ്ടാണ് ഏക്താ പാർട്ടിയുടെ തലമുതിർന്ന നേതാവ് സുഖ്പാൽ സിങ് ഖൈറയുടെ നേതൃത്വത്തിൽ ഇവരെല്ലാം കോൺഗ്രസായത്. ഇവരെ കോൺഗ്രസിനൊപ്പം ചേർക്കാൻ ഇടനിലക്കാരനായിനിന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മോഹം കണ്ടുള്ള പുറപ്പാടിലായിരുന്നു. ഇങ്ങനെ കർ‍ഷകർ മുതൽ ഏക്തക്കാർ വരെ കോൺ‍ഗ്രസിനെ നല്ല കണ്ണോടെ നോക്കുമ്പോൾ, അതിനകത്തുള്ളവർ കുരുടന്മാരെപ്പോലെ വാളുവീശുകയാണ്.
പഞ്ചാബ് ജുദ്ധം തീർക്കാൻ ഹൈക്കമാൻഡ് മൂന്നംഗ സമിതിയെ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. 2022ലാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ്. അതിനുമുമ്പ് ഈ കൊട്ടുംപാട്ടും തീർത്തില്ലേൽ പഞ്ചാബ് ഹൈക്കമാൻഡിന് പണികൊടുക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ മൗനത്തിലുള്ള സംസ്ഥാനത്തെ ബിജെപി, അമിത്ഷായുടെ കുതന്ത്രങ്ങളെ പ്രതീക്ഷിച്ചിരിപ്പാണ്. പണച്ചാക്ക് കണ്ടാൽ ചുണ്ടുവിറയ്ക്കുന്നവരേ കോൺഗ്രസിലുള്ളൂ എന്ന ഒറ്റക്കാര്യത്തിലാണ് ബിജെപി അവരുടെ രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നത്. ഇന്ന് ആര്, നാളെ ആര് എന്ന് കോൺഗ്രസിലെ തലയെണ്ണി ബിജെപി കാര്യം സാധിക്കും. അവിടേയ്ക്ക് കാര്യങ്ങളെത്തിക്കാതിരിക്കുന്നതിലാണ് ഹൈക്കമാൻഡിന്റെ മിടുക്കിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സുരക്ഷകൂടിയായിരിക്കും ആ മിടുക്കിന്റെ ഫലമെന്നത് കോൺഗ്രസ് ഓർക്കുമായിരിക്കും.