പൂവറ്റൂര്‍ ബാഹുലേയൻ

May 23, 2021, 4:28 am

കോവിഡ്കാല മരണങ്ങളുടെ ശേഷിപ്പുകള്‍ക്കപ്പുറം

Janayugom Online

ആദ്യംതന്നെ ഒരു സംശയം ഉന്നയിക്കട്ടെ. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുന്നതിനുള്ള പല മാര്‍ഗങ്ങളില്‍ ഒന്നാണല്ലോ സാമൂഹിക അകലം എന്നു പറയപ്പെടുന്നത്. ഈ ഒരു പ്രയോഗം ശരിയാണോ? സാമൂഹിക അകലം എന്ന പദപ്രയോഗത്തെക്കുറിച്ചാണ് പറയുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലും തുടര്‍ന്നും അനേകം സാമൂഹിക തിന്മകളും അനാചാരങ്ങളും സമൂഹത്തില്‍ നടമാടിയിരുന്നു. സതി, ശൈശവവിവാഹം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ഒട്ടേറെ സാമൂഹിക ദുഷിപ്പുകള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ പുരോഗമന‑സാമൂഹിക‑രാഷ്ട്രീയ ശക്തികള്‍ വഹിച്ച പങ്ക് നമുക്കറിവുള്ളതാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തവുമൊക്കെ ഏതെങ്കിലും സമൂഹത്തിനോ സമുദായത്തിനൊക്കെ എതിരായുള്ള സാമൂഹിക ഭ്രഷ്ടുകളായിരുന്നു. അത്തരം വിഭാഗങ്ങള്‍ക്കെതിരെയുള്ള വിവേചനങ്ങളാണ് സാമൂഹിക അകലം എന്നതുകൊണ്ട് വിവക്ഷിച്ചിരുന്നത്. അകറ്റിനിര്‍ത്തപ്പെട്ടവരിലോ അകറ്റിയവരിലോ പരസ്പര അകലങ്ങളുണ്ടാവണമെന്നില്ല. 

ഈ ‘സാമൂഹിക അകലം’ എന്ന പ്രയോഗം വൈറസില്‍ നിന്നും രക്ഷനേടാനുള്ള അകലത്തിനുവേണ്ടി ഉപയോഗിക്കുന്നതില്‍ ശരികേടില്ലേ? സാമൂഹിക അകലമല്ല, ശാരീരിക അകലമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ വേണ്ടത്. അണുക്കള്‍ പകരാന്‍ കഴിയാത്തത്ര നിശ്ചിത അകലം വ്യക്തികള്‍ പരസ്പരം ശാരീരികമായി പുലര്‍ത്തുന്ന അര്‍ത്ഥപ്രയോഗമാണ് വേണ്ടത്. ഒരു സമൂഹത്തെയല്ല അകറ്റുന്നത് എന്നതുകൊണ്ടുതന്നെ ഇത് സാമൂഹിക അകലമല്ല. അതുകൊണ്ട് സാമൂഹിക അകലം എന്ന പ്രയോഗം ഒഴിവാക്കി ‘ശാരീരിക അകലം’ എന്നതിലേക്ക് നമുക്ക് മാറിക്കൂടേ? മറ്റൊരുകാര്യം, കോവിഡ് രോഗം പുതിയ രോഗമായതിനാല്‍ ഇതിനുള്ള ചികിത്സ ആധുനിക വൈദ്യശാസ്ത്രത്തിനു മാത്രമേ നല്കാവൂ എന്ന ആധുനിക വൈദ്യശാസ്ത്ര കാഴ്ചപ്പാട് ശരിയാണോ? ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ കീഴില്‍ ഇപ്പോള്‍ മരുന്ന് കണ്ടെത്തുന്നതുവരെ അലോപ്പതിയില്‍ കോവിഡിനെ ചികിത്സിക്കാന്‍ മരുന്നില്ലായിരുന്നല്ലൊ. ആയൂര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ വൈദ്യശാസ്ത്ര ശാഖകളാകട്ടെ തങ്ങളുടെ കയ്യില്‍ ഫലപ്രദമായ മരുന്നുകളുണ്ടെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊക്കെ അശാസ്ത്രീയമാണെന്നും ആയുഷ് (ആയുര്‍വേദം, യോഗ – നേച്ചറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി) വിഭാഗങ്ങള്‍ക്കൊന്നിനും കോവിഡ് പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിന് അനുവാദം നല്കരുതെന്നും ആധുനിക വൈദ്യശാസ്ത്രം ശാഠ്യം പിടിക്കുന്നതെന്തിനാണ്? 

ആയുഷ് വൈദ്യശാസ്ത്ര വിഭാഗങ്ങള്‍ അംഗീകൃതമല്ലേ? അലോപ്പതിയിലേതുപോലെ സമയദൈര്‍ഘ്യത്തില്‍ ഫിസിയോളജിയും ബയോകെമിസ്ട്രിയും അനാട്ടമിയും ഫാര്‍മക്കോളജിയുമൊക്കെ ഉള്‍ക്കൊള്ളുന്ന അംഗീകൃത വൈദ്യശാസ്ത്രശാഖകള്‍ നിഷിദ്ധമാണോ? ഏതര്‍ത്ഥത്തിലാണ് ഇവ നിഷിദ്ധമാവുന്നത്? ഇവയ്ക്കെതിരെ അയിത്തം കല്പിക്കാനും സര്‍ക്കാരിനു നിര്‍ദ്ദേശം നല്കാനും താക്കീതു നല്കാനുമൊക്കെ ഏതെങ്കിലും വിഭാഗത്തിന് അവകാശമോ അധികാരമോ ഉണ്ടോ? ആയുഷ് വിഭാഗങ്ങളുടെ ചികിത്സാരീതികള്‍കൊണ്ട് കോവിഡ് പോലെയുള്ള രോഗങ്ങള്‍ ഭേദപ്പെടുമെങ്കില്‍ എന്തിനെതിര്‍ക്കണം? കൊറോണ വൈറസ് ഒരു മഹാമാരിയെങ്കില്‍ ഇതിനെ ചെറുക്കുന്നതില്‍ എല്ലാ വിഭാഗങ്ങളുടെയും സഹകരണവും പങ്കാളിത്തവും സ്വീകരിക്കാവുന്നതല്ലെ? അതോ ആയുഷ് വിഭാഗക്കാര്‍ ആരോപിക്കുന്നതുപോലെ ഈ മഹാമാരിയെ വിറ്റു കാശാക്കി തങ്ങള്‍ക്കുള്ള കുത്തക ഉറപ്പിക്കുന്നതില്‍ ചിലര്‍ക്കുള്ള ദുഷ്ടലാക്കാണോ ഇതിനു പിന്നില്‍? എന്തു ചികിത്സകൊണ്ടായാലും ആരു രക്ഷപ്പെട്ടാലും ഇല്ലേലും അതൊന്നും പാടില്ലെന്നും തങ്ങളുടെ ചികിത്സ മാത്രമേ പാടുള്ളൂവെന്നും കാണുന്ന ദുഷ്ടലാക്കാണ് ഇതിനു പിന്നിലുള്ളതെന്ന ആരോപണത്തെ ശരിവയ്ക്കുന്നതല്ലേ ഈ നിലപാട്. ലോകാരോഗ്യ സംഘടനയില്‍ പോലും വമ്പന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേറ്റുകളുടെ സ്വാധീനമുണ്ടെന്നുള്ള ആരോപണമുണ്ട്. 

ഈ വന്‍ ലാഭക്കൊതിയുടെ പിന്നാലെയാണ് പ്രതിരോധ വാക്സിനുകള്‍ക്ക് പല വിലകള്‍ നിശ്ചയിച്ച് സംസ്ഥാനങ്ങളുടെ മേല്‍ ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയമെന്നും കരുതേണ്ടിയിരിക്കുന്നു. എന്തായാലും ഇത്തരമൊരു നിര്‍ണായകവേളയില്‍ കോവിഡ് ചികിത്സയ്ക്ക് ആയൂര്‍വേദവും ഹോമിയോപ്പതിയുമൊക്കെ ഫലപ്രദമെന്നുകണ്ട് ഇവയുടെ ചികിത്സയ്ക്ക് കൂടുതല്‍ നടപടികളെടുക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രിയുടെ നടപടി കാലോചിതവും ധീരോദാത്തവുമാണ്. ഓരോ സീസണിലും സ്ഥിരമായി വരാറുള്ള ചില രോഗങ്ങള്‍ കോവിഡ് വന്നശേഷം ഇല്ലാതാവുകയോ പരിമിതപ്പെടുകയോ ചെയ്യുന്നുവെന്നുള്ളത് കൗതുകകരമായ മറ്റൊരു സംഗതിയാണ്. ഉഷ്ണകാലത്തും ശൈത്യകാലത്തും മഴക്കാലത്തും മഴക്കാല പൂര്‍വകാലത്തുമൊക്കെ വന്നുകൊണ്ടിരുന്ന രോഗങ്ങള്‍ ഇന്നെവിടെ? കൊറോണ വൈറസിന്റെ വ്യാപനത്തില്‍ മറ്റ് സാംക്രമിക രോഗാണുക്കള്‍ കെട്ടടങ്ങിയതാണോ? ഓരോ സീസണിലും എത്രയോ പേരാണ് വിവിധതരം പനി ബാധിച്ച് നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ മാത്രം മരണപ്പെട്ടിരുന്നത്. ആ മരണസംഖ്യകള്‍ ഇന്നെവിടെപ്പോയി? അതോ അത്തരം മരണങ്ങളിലും കോവിഡ് പോസിറ്റീവ് കാണപ്പെട്ട് കോവിഡ് മരണങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണോ? എന്തായാലും പനിപോലെയുള്ള രോഗങ്ങള്‍ ബാധിച്ച് ഓരോ സീസണിലും മരിക്കുന്നവരുടെ എണ്ണം ഇന്ന് നമ്മുടെ നാട്ടില്‍ കോവിഡ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണത്തിലും കൂടുതലാവും. മറ്റ് മാരകരോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരിലും കോവിഡ് കണ്ടെത്തിയാല്‍ അവയും കോവിഡ് മരണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നതും മറ്റൊരുകാര്യം. അടച്ചുറപ്പുകള്‍ക്കപ്പുറം കൊറോണ വൈറസ് വ്യാപനം ഇനിയും നമ്മെ ഷോക്കടിപ്പിക്കുമോ? ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ വച്ചുനോക്കുമ്പോള്‍ അക്കാര്യം ഉറപ്പാണെന്ന് പറയേണ്ടിവരും. ഇങ്ങനെ പോയാല്‍ ഏതുകാലത്ത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്കാനാകും? മറ്റുള്ള വമ്പന്‍ രാജ്യങ്ങള്‍ നടുവൊടിഞ്ഞുവീണപ്പോള്‍ കേമന്മാരെന്നു ഞെളിഞ്ഞ നമ്മളിന്നെവിടെ നില്ക്കുന്നു? അവരൊക്കെ വ്യക്തമായ നയങ്ങളോടെ നടപടികള്‍ സ്വീകരിച്ച് മാസ്ക് അഴിക്കാന്‍ തുടങ്ങുമ്പോള്‍ നാം നമ്മുടെ കഴുത്തില്‍ കുരുക്കിടാന്‍ തുടങ്ങുന്ന അവസ്ഥയിലാവുന്നു. വീമ്പുപറച്ചിലുകള്‍ക്ക് അവധികൊടുത്ത് ക്രിയാത്മകമാവാന്‍ ഇനിയും എത്ര മൗനങ്ങള്‍ വേണ്ടിവരും? 

ഒറ്റ കമ്പനിയിലേക്കൊതുക്കിയ വാക്സിന്‍ നിര്‍മ്മാണ നയം തിരുത്തി കൂടുതല്‍ കമ്പനികളെക്കൊണ്ട് വാക്സിന്‍ നിര്‍മ്മിച്ച് കൃത്യതയോടെ രാജ്യമെമ്പാടും വിതരണം ചെയ്യാന്‍ ഇപ്പോള്‍ ആരുടെ പേറ്റന്റാണ് വേണ്ടത്? കോവിഡ് ചികിത്സയ്ക്ക് പ്രതിരോധ വിഭാഗവും (ഡിആര്‍ഡിഒ) ഡോ. റഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നു വികസിപ്പിച്ച ടു ഡി ഓക്സി — ഡി ഗ്ലൂക്കോസ് (2ഡിജി) മരുന്ന് വലിയ പ്രതീക്ഷയാണ് നല്കുന്നത്. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം വേഗത്തിലാക്കി വ്യാപകമായി ഉല്പാദിപ്പിച്ച് രാജ്യമെമ്പാടും എത്തിക്കാനുള്ള നീക്കവും കാണുന്നില്ല. ആവശ്യമായ വാക്സിനുകള്‍ ലഭ്യമാക്കാതെ സംസ്ഥാനങ്ങളെ വലയ്ക്കുന്ന കേന്ദ്രം ആഗോള ടെന്‍ഡറുകള്‍ വഴി വാക്സിന്‍ എത്തിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് ശ്വാസം മുട്ടിക്കുന്നു. വൈദ്യശാസ്ത്രരംഗത്തെ എല്ലാ അംഗീകൃത ശാഖകളുടെയും സഹകരണത്തോടെ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധവും ചികിത്സയും നടത്തി ആരോഗ്യരംഗത്ത് ഇനിയും മാതൃകയാവാന്‍ കേരളം ശ്രമിക്കുമ്പോള്‍ അത് ലോകം ശ്രദ്ധിക്കുന്നതാവുമെന്ന കാര്യത്തില്‍ സംശയമില്ല.