July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കള്ളക്കടത്തുകാരുടെ ‘നല്ലകാലം’; സമരക്കാരുടെ ലക്ഷ്യമെന്ത്?

Janayugom Webdesk
July 11, 2020

വിയാർ

സംസ്ഥാനത്ത് സമരങ്ങൾ പൊടിപൊടിക്കുകയാണ്. കൊറോണ വൈറസിനുപോലും പുല്ലുവില നൽകുന്ന പ്രതിഷേധക്കൂട്ടങ്ങൾ. കോൺഗ്രസും യൂത്ത് കോൺഗ്രസും ബിജെപിയും യുവമോർച്ചയും യൂത്ത് ലീഗും ആർഎസ്എസും എസ്ഡിപിഐയും പീരങ്കിക്കുഴലിൽനിന്നുചീറ്റുന്ന വെള്ളത്തെ ചെറുക്കാൻ കൈകോർത്ത് നിൽക്കുന്നു. പീരങ്കിവെള്ളത്തിൽ ഈറനണിഞ്ഞിട്ടും അത്യാവേശമാണവരിൽ. പുതുപെണ്ണിന്റെ കരം പിടിക്കാന്‍ കിട്ടിയ പുയ്യാപ്ലയുടെ പുഞ്ചിരിയും ചിലര്‍ക്കുണ്ട്. ഇപ്പോ തെരഞ്ഞെടുപ്പ് നടത്തിയാൽ ഏഷ്യാനെറ്റും സീ ന്യൂസും നടത്തിയ സർവെ വൃഥാവിലാവുമെന്നാണ് സമരക്കാരുടെ മനം. പിണറായി വിജയൻ സർക്കാരും എൽഡ‍ിഎഫും കേരളം വിട്ടോടേണ്ടിവരുമത്രെ. അത്ര ആസൂത്രിതമായും ഗൗരവത്തോടെയുമാണ് ഇത്യാദി പ്രസ്ഥാനങ്ങളും അവർക്ക് കൂട്ടിന് മനോരമയുമെല്ലാം സ്വർണ്ണക്കടത്തിനെയും സ്വപ്നയെയും കൈകാര്യം ചെയ്യുന്നത്.

കേന്ദ്ര സർക്കാരിന്റെ കീഴിലെ കസ്റ്റംസും വരാനിരിക്കുന്ന എൻഐഎയുമെല്ലാം ചികയുന്നത് ഇതിൽ സംസ്ഥാന സർക്കാരിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ്. സമരങ്ങളും ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളും മാത്രമല്ല, ചെന്നിത്തലയും കെ സുരേന്ദ്രനും പറയുന്നതുപോലും കേട്ടാൽ, ഏതൊരാൾക്കും തോന്നുക രാജ്യത്തെയാകെ ഞെട്ടിച്ച് സ്വർണം കടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെന്നപോലെയാണ്. അന്തിച്ചർച്ചകളുടെ അശ്ലീലത മൊത്തം ഈവിധത്തിലാണ്. ആങ്കർമാരും വിധിയെഴുതുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന്. ചർച്ചയിൽ പങ്കെടുക്കുന്ന ഈ പുത്തൻകൂട്ടുകെട്ട് നേതാക്കളുടെയെല്ലാം ആവശ്യവും സമരം നയിക്കുന്നവരുടെ മുദ്രാവാക്യവും ‘മുഖ്യമന്ത്രി രാജിവയ്ക്കണം’ എന്നാണ്. ഇങ്ങനെ രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സർക്കാരിന്റെയും അതിന് കുടചൂടുന്ന ഇവിടത്തെ പ്രതിപക്ഷത്തിന്റെയും അമ്പരപ്പുളവാക്കുന്ന നീക്കത്തിൽ ആഹ്ലാദിക്കുന്നതും രക്ഷപ്പെടുന്നതും വമ്പൻ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണ്.

ജനങ്ങളുടെ സംശയവും അവർക്ക് അറിയേണ്ടതും എന്താണെന്ന് അവർക്കുവേണ്ടി ചോദിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സർക്കാരും മാത്രമാണ്. സ്വർണം ആര് കൊടുത്തുവിട്ടു? ആര്‍ക്ക് വേണ്ടിയാണ്? ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടത്. കേസിന്റെ ഈ മെറിറ്റിലേക്ക് ഇതുവരെ സമരമോ മുദ്രാവാക്യമോ ഇതിന്റെ പേരിലുള്ള നേതാക്കളുടെ പ്രസ്താവനകളോ എത്തിയിട്ടില്ല. രമേശ് ചെന്നിത്തല, കെ സുരേന്ദ്രൻ, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, വി മുരളീധരൻ തുടങ്ങി ധീരന്മാരും മാന്യരുമായ നേതാക്കളെല്ലാം ഇതുവരെ മസാല ചേർത്ത് പറഞ്ഞതെല്ലാം സ്വപ്ന എന്ന ഒരു സ്ത്രീയിലൊതുങ്ങിക്കൂടുകയാണ്. ഇവർക്കെല്ലാം ബുദ്ധി ഉപദേശിക്കുന്ന മ‑മ പത്രം പോലും സ്വർണക്കടത്തിനെ എത്ര ഗൗരവത്തിലാണെടുത്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസത്തെ അവരുടെ എഡിറ്റോറിയൽ തെളിയിച്ചു. ”ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രങ്ങളും ഫോൺ കോൾ വിവരങ്ങളുമൊക്കെ നിരത്തി എൽഡിഎഫ് നേതാക്കൾ ഉന്നയിച്ച വിമർശനങ്ങൾ ആരും മറന്നിട്ടില്ല. അതേ മാനദണ്ഡം ആവർത്തിക്കപ്പെട്ടാൽ എത്രമാത്രം വേദനയുളവാക്കുമെന്നു തിരിച്ചറിയാൻ കൂടിയുള്ളതാണ് ഈ സന്ദർഭം. അഴിമതിമുക്ത കേരളമെന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയ സർക്കാർ ആ വാഗ്ദാനത്തോട് എത്രമാത്രം നീതിപുലർത്തിയെന്നു സ്വയം പരിശോധിക്കാനുള്ള സമയവുമാണിത്”.

മനോരമ എഡിറ്റോറിയൽ ഇങ്ങനെ പറഞ്ഞുതരുമ്പോൾ മലയാളമറിയുന്നവർ അതിനെ ഏത് അർത്ഥത്തിൽ വായിച്ചെടുക്കണമെന്ന് മനസിലാവുന്നില്ല. എഡിറ്റോറിയൽ പറഞ്ഞതുപോലെയാണ് ഉമ്മൻചാണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയും. ‘സ്വർണക്കടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളൊരു സ്ത്രീയാണെന്നറിഞ്ഞപ്പോൾ സോളാർ കേസ് ഓർമ്മയിൽ വന്നു’ എന്നാണ് മുൻ മുഖ്യമന്ത്രി പറഞ്ഞത്. സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നേതാക്കളുമായും ബന്ധപ്പെട്ട പഴയ ചരിത്രങ്ങൾ സംഭവബഹുലമാണ്. അന്ന് ഉമ്മൻചാണ്ടിയുടെ ഓഫീസിലെ പ്രധാനികളിൽ പലരും സോളാർ കേസിലെ ആരോപണ വിധേയയോട് നിരന്തരമായി ഫോണിൽ സംസാരിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും സകലരെയും സംരക്ഷിച്ച് കൂടെ നിർത്തിയ ഉമ്മൻചാണ്ടി, ഇന്ന് സ്വപ്നയെന്ന പുതിയ താരത്തെ മുഖ്യമന്ത്രിക്കൊപ്പം ചേർത്തുകെട്ടാൻ നോക്കുന്നത് പകയുടെ രാഷ്ട്രീയം പയറ്റുന്നതിന്റെ ഭാഗമായി മാത്രമാണ്.

അന്നത്തെ ഇക്കിളിക്കഥകളുടെ ഓര്‍മ്മകളെ ഉമ്മൻചാണ്ടി വീണ്ടും മലയാളികളുടെ ഓർമ്മയിലേക്കെത്തിച്ചത് ദൈവത്തെ കൂട്ടുപിടിച്ചാണെന്നത് വിചിത്രം. സ്വപ്ന എന്ന ഒരു സ്ത്രീയെ മാത്രം മുന്നിൽനിർത്തി ഒരു രാജ്യാന്തര സ്വർണക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് ഇവരുടെ ശ്രമമെന്ന് കരുതുന്നുവരേറെയാണ്. സരിതാ നായരുടെ ‘സോളാർ കച്ചവടം’ പോലെയല്ല കോടാനുകോടി വിലമതിക്കുന്ന സ്വർണം രാജ്യത്തിന്റെ ആഭ്യന്തര ഇടനാഴി വഴി വമ്പന്മാർ കടത്തിക്കൊണ്ടുപോന്നിരിക്കുന്നത്. ഈ കൊള്ളസംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി നിരന്തരബന്ധമുണ്ടായിരുന്ന ഐഎഎസുകാരനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയെ ആ സ്ഥാനത്തുനിന്ന് മാറ്റുകയും സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്കും ആഭ്യന്തര, ധനമന്ത്രിമാർക്കും കത്തയയ്ക്കുകയും ചെയ്തു.

ഒരു സർക്കാരിന്റെ ഉത്തരവാദിത്വം എന്ന നിലയ്ക്കാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. കസ്റ്റംസും വിമാനത്താവളത്തിലെ മറ്റ് ഉദ്യോഗസ്ഥവൃത്തങ്ങളും എല്ലാം കേന്ദ്ര സർക്കാരിന്റെ കീഴിലാണെന്നത് ഇപ്പോൾ ഒരുമെയ്യായ് സമരം നടത്തുന്ന കോൺഗ്രസിനും ബിജെപിക്കും എസ്ഡിപിഐക്കും ലീഗിനും അറിയാം. എന്നാൽ, സ്വപ്ന എന്ന കൊള്ളസംഘത്തിന്റെ ഇടനിലക്കാരിയുമായി ആർക്കെല്ലാം ബാന്ധവം ഉണ്ട് എന്നതിലാണ് കോൺഗ്രസിന്റെയും കേന്ദ്ര സർക്കാരിന്റെയും ഗവേഷണം. കോവിഡ് കാലത്ത് ഇടതുപക്ഷ സർക്കാരിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള വിശ്വാസ്യത ഏതുവിധേനയും തകർക്കണം. കമ്മ്യൂണിസമെന്ന ശത്രുവിനെ നിഗ്രഹിക്കണം. ഈ രണ്ട് അജണ്ടയിലാണ് കോൺഗ്രസ്-ബിജെപി-എസ്ഡിപിഐ‑ലീഗ് സമരമുന്നണിയുടെ പുതിയ പ്രയാണം. സ്വർണക്കടത്തിന്റെയും സമരങ്ങളുടെയും അവസ്ഥ പരിശോധിച്ച് ഇന്റർനെറ്റിൽ കയറിയാൽ സ്വപ്നയുടെയും സംസ്ഥാന മുഖ്യമന്ത്രിയുടെയും ചിത്രങ്ങളാണ് അധികവും.

വളരെ ആസൂത്രിതമായ ക്വട്ടേഷൻ പ്രവൃത്തിയാണ് ഇതിന് പിന്നിലും ഉള്ളത്. പ്രത്യേക ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ നീക്കം അവരിലുള്ള വലിയൊരു ഭീതിയുടേതാണ്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ‑നിയമസഭാ തെരഞ്ഞെടുപ്പുകളെയാണ് കോൺഗ്രസ്, ബിജെപി, ലീഗ്, എസ്ഡിപിഐ കൂട്ടുകെട്ട് ഭയക്കുന്നത്. സ്വർണക്കടത്ത് കേസ് ഉടലെടുക്കുംവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ് ഇവർ ഒരുമിച്ചെതിർത്തുകൊണ്ടിരുന്നത്. അതിപ്പോഴും പലരീതിയിൽ തുടരുന്നുമുണ്ട്. അതിനുദാഹരണമാണ് തിരുവനന്തപുരം പൂന്തുറയിലെ സംഭവവികാസങ്ങളിലേക്ക് നയിച്ച കോണ്‍ഗ്രസ് ഇടപെടൽ. ആന്റിജൻ ടെസ്റ്റ് ഗുണകരമല്ലെന്നും സാധാരണ നീരുവീഴ്ചയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ പോലും ഫലം പോസിറ്റീവ് ആകുമെന്നും ആരും അതിന് തയ്യാറാവരുതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റേതായ വാട്സാപ്പ് സന്ദേശമാണ് ഒരു പ്രദേശത്തെയാകെ ഇളക്കിവിട്ടതിന് പിന്നിൽ. സർക്കാർ വിരുദ്ധകലാപം സൃഷ്ടിക്കാനും ഒപ്പം കൂടുതൽ കൂടുതൽ ആളുകളിലേക്ക് കോവിഡ് രോഗം പടർത്തുവാനുമാണ് ഇത്തരം ജനദ്രോഹികള്‍ അകത്തളങ്ങളിലിരുന്ന് ഉന്നം വയ്ക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.