October 3, 2022 Monday

ഭിക്ഷാപാത്രത്തിലെ കയ്യിട്ടുവാരല്‍

പ്രത്യേക ലേഖകന്‍
July 25, 2022 6:00 am

കാര്‍ഷിക — ദരിദ്രരാജ്യമായ ഇന്ത്യയിലെ ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്ക് പോഷകാഹാരമെന്ന് പറഞ്ഞ് ലഭിക്കാനിടയുള്ള ഏറ്റവും കുറഞ്ഞ ഭക്ഷ്യവസ്തുക്കളില്‍ പ്രധാനപ്പെട്ടത് പാലുല്പന്നങ്ങളാണ്. ഗ്രാമീണ സമ്പദ്ഘടനയില്‍ കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗസംരക്ഷണവും പ്രധാനപ്പെട്ടതാണ്. അതില്‍ തന്നെ പ്രമുഖമാണ് ക്ഷീരോല്പാദനം. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചുതന്നെ ഇന്ത്യയില്‍ എട്ടുകോടി ക്ഷീര കര്‍ഷകരാണുള്ളത്. അതുകൊണ്ടുതന്നെയാണ് ദരിദ്ര ഗ്രാമീണ മേഖലയിലെ പട്ടിണിക്കാരന് എളുപ്പത്തില്‍ ലഭിക്കാവുന്ന അപൂര്‍വം പോഷകാഹാരങ്ങളില്‍ പാലുല്പന്നങ്ങള്‍ പ്രധാനപ്പെട്ടതാകുന്നത്. ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ചവര്‍ക്കറിയാം — വേനല്‍ക്കാലത്ത് പ്രത്യേകിച്ച് — വഴിയോരങ്ങളിലെ പ്രധാന ശീതള പാനീയങ്ങളില്‍ ഒന്ന് ലസിയാണ്. തൈരും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന പാനീയം. ഈ ശീതളപാനീയം ചൂടിന് ആശ്വാസം മാത്രമല്ല, പോഷകവും കൂടിയാണ്. ഉത്തരേന്ത്യയിലെ പ്രിയങ്കരമായ ഈ പാനീയം ഇപ്പോള്‍ നമ്മുടെ കേരളത്തിലും ലഭ്യമാകുന്നുണ്ട്. വകഭേദങ്ങളും രുചിഭേദങ്ങളുമായി ലസി നമ്മുടെ നാട്ടില്‍ ആഡംബരപാനീയമായും മാറിയിട്ടുണ്ട്. എങ്കിലും പാലില്‍നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് പാവപ്പെട്ടവരുടെ പോഷകാഹാരങ്ങളില്‍ — ലസിയുള്‍പ്പെടെ — എല്ലായിനങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്. പക്ഷേ പോഷകക്കുറവും വിളര്‍ച്ചയും നേരിടുന്ന വലിയ വിഭാഗം ജീവിക്കുന്ന രാജ്യത്ത് മറ്റൊന്നും ബാക്കിയില്ലെന്നതിനാല്‍ അവശ്യ പോഷക വസ്തുക്കള്‍ക്കും ചരക്കു സേവന നികുതി ചുമത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രത്തിന്റെ പുതിയ നടപടിയെ കുറിച്ച് ഒരു ഇംഗ്ലീഷ് മാധ്യമമെഴുതിയ കുറിപ്പില്‍ ചോദിക്കുന്നത് പോഷകക്കുറവുള്ള ജനങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് പോഷകാഹാരത്തിന് ആഡംബര നികുതി ചുമത്തുന്നുവോ എന്നാണ്.

കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീകളിലും കുട്ടികളിലുമുണ്ടാകുന്ന വിളര്‍ച്ചയും മതിയായ ഭക്ഷണത്തിന്റെയും പോഷകാഹാരത്തിന്റെയും അഭാവം മൂലം തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏത് പേരിലായാലും നികുതി ചുമത്തുന്നത് മഹാഭൂരിപക്ഷത്തിനും അത് അപ്രാപ്യമാക്കുന്നതിനാണ് ഇടയാക്കുക. കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതലുകളില്ലാത്ത നടപടികളും സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയും ഇപ്പോള്‍തന്നെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയിട്ടുണ്ട്. റഷ്യ — ഉക്രെയ്‌ന്‍ യുദ്ധവും ഇന്ധന വിലയില്‍ ആഗോളതലത്തിലുണ്ടായ വിലക്കയറ്റവും കൂടി ആയപ്പോള്‍ നാണയപ്പെരുപ്പം പാരമ്യത്തിലെത്തുകയും അവശ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തു. ഈ പശ്ചാത്തലം നിലനില്ക്കുമ്പോഴാണ് സാധാരണക്കാരുടെ പോഷകാഹാരമുള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കുള്ള ചരക്കു സേവനനികുതി വര്‍ധന സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന ആശങ്ക ശക്തമാകുന്നത്.
ആഹാരവും ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സൂചികകളിലും ഇന്ത്യക്ക് ഏറ്റവും പിന്‍നിരയിലാണ് സ്ഥാനമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും എത്രത്തോളം നിഷേധിക്കുവാന്‍ ശ്രമിച്ചാലും വസ്തുതയായി നമ്മുടെ മുന്നില്‍ നില്ക്കുകയാണ്. 2021 വര്‍ഷം അടിസ്ഥാനമാക്കി 116 രാജ്യങ്ങളെ പരിഗണിച്ച് തയാറാക്കിയ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101-ാമതായത് ഇവിടെ പട്ടിണിക്കാരുടെ എണ്ണം കുറഞ്ഞതിനാലല്ല. മതിയായ ഭക്ഷ്യ ലഭ്യത, ശിശുമരണ നിരക്ക്, കുട്ടികളുടെ പോഷകാഹാരക്കുറവ് എന്നീ മാനദണ്ഡങ്ങളെ ആസ്പദമാക്കിയാണ് ആഗോള പട്ടിണി സൂചിക തയാറാക്കുന്നത്. 2021ല്‍ ലോകത്താകെ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തില്‍ 15 കോടിയുടെ വര്‍ധനയുണ്ടായി. പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യയിലെ 33 ലക്ഷം കുട്ടികളില്‍ 18 ലക്ഷവും ഗുരുതരമായ അവസ്ഥ നേരിടുന്നവരാണെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടിലുള്ളത്.


ഇതുകൂടി വായിക്കു; വിലക്കയറ്റത്തിന്റെ അമൃതവർഷം | Janayugom Editorial


ജൂലൈ ആദ്യം പുറത്തുവന്ന നാലാമത് എന്‍എഫ്എച്ച്എസിന്റെ കണക്കുകള്‍ പ്രകാരം 55.30 ശതമാനം സ്ത്രീകളും 24.2 ശതമാനം പുരുഷന്മാരും വിളര്‍ച്ചാ രോഗം ബാധിച്ചവരാണ്. കുട്ടികളിലാകട്ടെ 67 ശതമാനത്തിനും വിളര്‍ച്ചാ രോഗമുണ്ട്. മുലപ്പാലൂട്ടുന്ന സ്ത്രീകളില്‍ 61 ശതമാനവും ഗര്‍ഭിണികളില്‍ 52 ശതമാനവും വിളര്‍ച്ചാ രോഗം ബാധിച്ചവരാണ്. ജൂലൈ ഏഴിന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 71 ശതമാനത്തിനും മതിയായ പോഷകാഹാരം അന്യമാണ്. 2020വര്‍ഷത്തെ ആസ്പദമാക്കി തയാറാക്കിയതാണ് ഈ റിപ്പോര്‍ട്ടെന്നത് പ്രത്യേകം ഓര്‍ക്കണം.
പുതിയ ചരക്കു സേവന നികുതി പരിഷ്ക്കാരം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കണക്കനുസരിച്ച് രാജ്യത്ത് ഒരാള്‍ക്ക് പ്രതിദിന ഭക്ഷണച്ചെലവ് ശരാശരി 225 രൂപയാണ്. നാലംഗകുടുംബത്തിന് 900 രൂപ. മാസത്തെ കണക്കെടുക്കുമ്പോള്‍ 27,000 രൂപയാകുന്നു. രാജ്യത്തിന്റെ കുടുംബ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 85 ശതമാനം വരുന്ന ജനസാമാന്യത്തിന്റെ പ്രതിമാസ വരുമാനം 11,000 രൂപ മാത്രമാണ്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഈ വരുമാനം കണക്കാക്കിയാലും ഭക്ഷണച്ചെലവ് പോലും കഷ്ടിയായിരിക്കുമെന്നര്‍ത്ഥം. അവിടെയാണ് പുതിയതായി അ‌ഞ്ചു ശതമാനം ചരക്കുസേവന നികുതി നിരക്കുകൂടി ചേര്‍ന്നിരിക്കുന്നത്. ശരാശരി കണക്കാക്കിയാല്‍ 1,350 രൂപയുടെ അധിക ബാധ്യത സാധാരണ കുടുംബത്തിന്റെ നിത്യ ചെലവില്‍ ഉണ്ടായെന്നാണ് ഇത് വ്യക്തമാക്കുന്നത്.

25 കിലോയില്‍ കുറവ് വസ്തുക്കള്‍ക്കാണ് ഈ നികുതി എന്നതുകൊണ്ടുതന്നെ ഇത് ബാധിക്കുക ഏറ്റവും സാധാരണക്കാരെയാണ്. ചോളം, അരി, പാല്‍ക്കട്ടി, ശര്‍ക്കര എന്നിങ്ങനെ ഒട്ടുമിക്ക വസ്തുക്കള്‍ക്കും നികുതി ബാധകമാകുന്നു. പായ്ക്ക് ചെയ്തവയ്ക്കുമാത്രമെ നികുതിയുള്ളൂ എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇന്ന് ഏറ്റവും ഉള്‍നാടുകളിലുള്ള പലചരക്കു കടകളില്‍ പോലും പായ്ക്ക് ചെയ്ത വസ്തുക്കളാണ് സുലഭമായിട്ടുള്ളതെന്ന വസ്തുത മറച്ചുവച്ചാണ് ഈ ന്യായീകരണം. ഗ്രാമീണ മേഖലകളില്‍ വാങ്ങുന്നവരെ മാത്രമല്ല വില്ക്കുന്നവരെയും ബാധിക്കുമെന്ന് മനസിലാക്കേണ്ടത് അവിടെയാണ്. പലചരക്കു കടകള്‍, സ്വയം സഹായസംഘങ്ങള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവരെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന സ്ഥിതിയുണ്ടാകും.  ചതുര പായ്ക്കുകളിലുള്ള ചില വസ്തുക്കള്‍ക്ക് 18 ശതമാനമാണ് നികുതി നിരക്ക്. ഹോട്ടല്‍ മുറികള്‍, ആശുപത്രി മുറികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 12 ശതമാനവും കത്തികള്‍, പേപ്പര്‍ കട്ടറുകള്‍, പെന്‍സില്‍, ബ്ലേഡ്, ഫോര്‍ക്ക്, തവി, കേക്ക് സെര്‍വറുകള്‍ തുടങ്ങിയവയ്ക്ക് 18 ശതമാനവും നികുതിയേര്‍പ്പെടുത്തിയതും മഹാഭൂരിപക്ഷത്തെയാണ് ബാധിക്കുക.  ഇതുകൊണ്ടാണ് പോഷകാഹാരക്കുറവുള്ള രാജ്യത്ത് പോഷകാഹാരത്തിന് നികുതി എന്ന പ്രയോഗം ഇംഗ്ലീഷ് മാധ്യമം നടത്തിയിരിക്കുന്നത്. അതിസമ്പന്നര്‍ക്കുള്ള കോര്‍പറേറ്റ് നികുതിയുള്‍പ്പെടെ കുറച്ചുകൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് പാവപ്പെട്ടവന്റെ ഭിക്ഷാ പാത്രത്തില്‍ മോഡി സര്‍ക്കാര്‍ വീണ്ടും വീണ്ടും കയ്യിട്ടുവാരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.